Current Date

Search
Close this search box.
Search
Close this search box.

ഇസ്ലാമും യുദ്ധവും

ഇസ്ലാം എന്ന പദത്തിന്റെ പൊരുൾ ശാന്തി എന്നാണ്. മുസ്ലിംകളുടെ അഭിവാദന വാക്യം- അസ്സലാമുഅലൈക്കും എന്നത് സർവ്വർക്കും ശാന്തി നേരുന്ന ഒന്നാണ്. സച്ചരിതർക്ക് പരലോകത്ത് നൽകാനിരിക്കുന്ന ശാശ്വത സ്വർഗ്ഗത്തെ ഖുർആൻ വിശേഷിപ്പിച്ചത് ദാറുസ്സലാം (ശാന്തിഗേഹം) എന്നാണ്. അല്ലാഹുവിന്റെ വിശിഷ്ട നാമങ്ങളിൽ ഒന്ന് അസ്സലാം (ശാന്തിദായകൻ) എന്നാണ്. മറ്റുള്ളവർക്ക് സുരക്ഷ (സലാമത്ത്) ഏകുന്നവനാണ് മുസ്ലിം- നിർഭയത്വമേകുന്നവനാണ് സത്യവിശ്വാസി(മുഅ്മിൻ) എന്നിങ്ങനെ നബി പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈമാനിൽ അന്തർഭവിച്ചിരിക്കുന്ന അംന് (നിർഭയത്വം) ഇസ്ലാമിൽ ഉള്ളടങ്ങിയട്ടുള്ള സലാം (ശാന്തി) എന്നിവ പരിശുദ്ധദീൻ മുന്നോട്ടുവെക്കുന്ന എല്ലാവിധ ചട്ടങ്ങളിലും ചിട്ടകളിലും നിർദ്ദേശങ്ങളിലും എല്ലാമുണ്ട്. അതുകൊണ്ടുതന്നെയാണ് മാനവികതയുടെ ആദി മതവും പ്രകൃതി മതവുമായ പരിശുദ്ധ ഇസ്‌ലാം ഒരു നൂറ്റാണ്ടിൽ താഴെ കാലം കൊണ്ട് ലോകത്ത് മുഴുക്കേ വ്യാപിച്ചത്.ആദർശ തത്വങ്ങളുടെ മേന്മ കൊണ്ടും അതുവഴി സാധിതമായ, അടിമുടി അട്ടിമറിക്കുന്ന വിശുദ്ധ വിപ്ലവത്തിന്റെ വീര്യം കൊണ്ടുമാണീ വ്യാപനം സുസാദ്ധ്യമായത്. ഇതിൽ അസൂയയും അസഹ്യതയും പുലർത്തിയവർ/പുലർത്തുന്നവരാണ് ഇസ്ലാം വാളിന്റെ തണലിൽ പ്രചരിച്ചുവെന്ന് കുപ്രചരണം നടത്തിയതും നടത്തുന്നതും. ഈ കുപ്രചരണത്തെ തള്ളിക്കൊണ്ട് where one can get such a Miraculous sword എന്ന് പരിഹാസപൂർവ്വം ഒരു പാശ്ചാത്യ ചിന്തകൻ ചോദിച്ചത് ചിന്തനീയമാണ്.

ഈ കുപ്രചരണത്തിന് സഹായകമാം വിധം വിശുദ്ധഖുർആൻ വിവർത്തനത്തിലും മറ്റും വിക്രിയകൾ നടത്താൻ പാശ്ചാത്യർ ശ്രമിച്ചിട്ടുണ്ട്. പ്രതിരോധത്തിന് ആദ്യാനുവാദം നൽകിയ സൂറത്തുൽ ഹജ്ജിലെ വാക്യം أُذِنَ لِلَّذِينَ يُقَاتَلُونَ بِأَنَّهُمْ ظُلِمُواۚ وَإِنَّ اللَّهَ عَلَىٰ نَصْرِهِمْ لَقَدِيرٌ എന്ന സൂക്തത്തിലെ ‘യുഖാതലൂന’ എന്ന മജ്ഹൂൽ (passive voice – കർമ്മണിപ്രയോഗം) ആയ ക്രിയാ പദത്തെ മഹ്റൂഫ് (active voice – കർത്തരി പ്രയോഗം) ആയി പരിഭാഷപ്പെടുത്തിയത് ഇത്തരത്തിലുള്ള വിക്രിയയായിരുന്നു. സെയിൽ ഇങ്ങനെ തെറ്റായി വിവർത്തനം ചെയ്തത് അബ്ദുല്ല യൂസഫ് അലി തന്റെ പരിഭാഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

A.J. Arbery തന്റെ koran Interpreted എന്ന വിവർത്തനത്തിലും ഇതേ വികൃയ ചെയ്തിട്ടുണ്ട്. Alfred Guillaume നെ പോലുള്ള ഓറിയന്റെ ലിസ്റ്റ് ഗ്രന്ഥകാരന്മാരും ഇത്തരം അബദ്ധം ഏറ്റു പിടിച്ചിട്ടുണ്ട്. മുഹമ്മദ് മാർമഡ്യൂക്ക്‌ പിക്താളിന്റെ പരിഭാഷയിലും ഈ തെറ്റ് വന്നു കൂടിയിട്ടുണ്ട്.(പിക്താളിന്റെത് അറിയാതെ പിണഞ്ഞ അബദ്ധമാണ് ഒരിക്കലും ബോധപൂർവം ചെയ്തതല്ല). കർമ്മണിപ്രയോഗത്തെ (passive voice ) കർത്തരി പ്രയോഗമാക്കി പരിഭാഷപ്പെടുത്തിയതിലൂടെ കൊല്ലപ്പെട്ടവനെ കൊലപാതകിയാക്കുന്ന വേലയാണ് നടത്തിയത്. യുദ്ധത്തിന് ‘ഖിതാൽ’ എന്നാണ് അറബിയിൽ പറയുക. ‘ജിഹാദ് ‘ എന്നതിന് യുദ്ധം എന്ന് അർത്ഥമില്ല. പക്ഷേ അങ്ങനെ ഒരു അർത്ഥം ഉണ്ടാക്കിയെടുക്കാൻ പലരും ദുരുദ്ദേശപൂർവ്വം യത്നിച്ചു. പരേതനായ എൻ.വി കൃഷ്ണവാര്യർ തന്റെ ഒരു ലേഖനത്തിൽ ജിഹാദിന് അമുസ്ലീങ്ങൾക്കെതിരിലുള്ള പുണ്യ യുദ്ധം എന്ന അർത്ഥം നൽകിയപ്പോൾ അദ്ദേഹത്തിന് ഈയുള്ളവൻ ഒരെഴുത്തയച്ചു. ആയതിന് അദ്ദേഹം നൽകിയ മറുപടി ഓക്സ്ഫോർഡ് ഇംഗ്ലീഷ് ഡിഷ്ണറിയിൽ jihad എന്നതിന് Holy war against infidels എന്നർത്ഥം നൽകിയിട്ടുണ്ടെന്നായിരുന്നു. അറബി ഭാഷയിലുള്ള മതപരമായ പ്രധാന പദത്തിന്റെ അർത്ഥം ഇംഗ്ലീഷ് നിഘണ്ടു നോക്കി ഉറപ്പിക്കുന്നത് ശരിയല്ലെന്നും ഹോമിയോ മരുന്നിന്റെ ഫോർമുല അലോപ്പതി ഗ്രന്ഥത്തിൽ നോക്കി തീരുമാനിക്കാറില്ലെന്നും ഉണർത്തിക്കൊണ്ട് ഞാൻ അദ്ദേഹത്തിന് മറുപടി വീണ്ടും എഴുതി. പണ്ഡിതനായ കൃഷ്ണവാരിയർ പിന്നെ മറുപടി നൽകിയില്ല.

വായനയെ പറ്റിയും തൂലികയെ പറ്റിയും പറയുന്ന ഖുർആനിൽ വാൾ(സൈഫ്) എന്ന പദം പോലുമില്ല. ഇസ്ലാം യുദ്ധം അനുവദിച്ചത് സമാധാന സംസ്ഥാപനത്തിനാണ്; അതും ഒരനിവാര്യ തിന്മ (necessary evil ) എന്ന നിലക്ക്. പക്ഷേ, നമ്മുടെ സമുദായത്തിൽ ചിലരെങ്കിലും ഇസ്ലാമിലെ യുദ്ധചരിത്രം പടപ്പാട്ട് എന്ന പേരിൽ രണോൽസുകത ഉണ്ടാക്കുന്ന വിധത്തിൽ അവതരിപ്പിക്കാറുണ്ട്. ഇതൊരു പക്ഷേ തെറ്റിദ്ധാരണകൾക്ക് ഇടം നൽകിയേക്കാം. കഥാകഥനം നടത്തുമ്പോൾ -ചരിത്രം പറയുമ്പോൾ- കൃത്യമായ സൂക്ഷ്മത പുലർത്താതിരിക്കുന്നത് തെറ്റിദ്ധാരണകൾ പരത്തും. കൂടാതെ ഹദീസ് ഗ്രന്ഥങ്ങളിൽ ജിഹാദ് എന്ന ശീർഷകത്തിനു കീഴിൽ യുദ്ധ സംബന്ധമായ കാര്യങ്ങൾ കൂടുതലായി വരുന്നതും തെറ്റിദ്ധാരണ ഉണ്ടാക്കിയേക്കും. ജിഹാദ് എന്നത് ആദർശ മാർഗത്തിലുള്ള അത്യദ്ധ്വാനമാണ്, അത് യുദ്ധം(ഖിതാൽ)അല്ല. ജിഹാദ് എന്ന വിശദ വിഷയത്തിൽ ചിലപ്പോൾ യുദ്ധം വേണ്ടി വന്നേക്കാം, പക്ഷെ യുദ്ധത്തിന്റെ പര്യായമെന്നോണം ജിഹാദ് ഉപയോഗിക്കാറില്ല. ഖുർആനിൽ ജിഹാദിന് ആഹ്വാനം ചെയ്യുമ്പോൾ ‘ബി അംവാലിക്കും'( സമ്പത്ത് ) ‘വ അൻഫുസിക്കും’ ( ശരീരം) എന്നാണ് മിക്ക സ്ഥലത്തും പറഞ്ഞത്. ജിഹാദുൻ ബിൽ അംവാലിനെ ഖുർആൻ മുന്തിച്ച് ( തഖ്ദീം)പറഞ്ഞത് വളരെ ചിന്തനീയമാണ്- എന്നാൽ പല വിവർത്തകരും ഈ തഖ്ദീം( മുന്തിക്കൽ) പരിഗണിക്കാറില്ല. (ഹാജറൂ വ ജാഹദൂ എന്ന് ഖുർആനിക പ്രയോഗത്തിനും ഇതേരീതിയിലുള്ള സന്ദേശമുണ്ട്). മതപ്രചാരണത്തിന് വാൾ ഉപയോഗിക്കേണ്ടതില്ല. “മതത്തിൽ ബലാൽക്കാരമില്ല” എന്നത് ഇസ്ലാമിന്റെ സുദൃഡ നിലപാടാണ്.

സമാധാനത്തിന്റെ മതമായ ഇസ്ലാമിനെ ഭീകര വൽക്കരിക്കാനുള്ള ശത്രുക്കളുടെ കുൽസിതയത്നങ്ങൾ ക്കെതിരെ നിതാന്ത ജാഗ്രത പുലർത്തേണ്ടതുണ്ട്. ഇസ്രായേലിന്റെയോ അമേരിക്കയുടെയോ ബോംബ് ജൂത ബോംബോ ക്രിസ്ത്യൻ ബോംബോ അല്ല. എന്നാൽ അമേരിക്കയിൽ നിന്ന് വലിയ വില കൊടുത്ത് മുസ്ലിം നാടുകൾ ബോംബ് വാങ്ങിയാൽ അത് ഇസ്ലാമിക് ബോംബാണ്. സമാധാനം എന്നർത്ഥമുള്ള വിശ്വമതത്തിന്റെ നാമത്തെ ബോംബിനോട് ചേർത്തു പറയുന്നത്. “ശ്രീ ബുദ്ധ വിലാസം കാശപ്പ് കട” -butchery- എന്നോ ” ഗാന്ധിജി വൈൻ പാർലർ”എന്നോ പറയുന്നതിനേക്കാൾ വളരെ പരിഹാസ്യമാണ്. എന്നാൽ മക്കയും മദീനയും ഭരിക്കുന്ന മുസ്ലീം രാഷ്ട്രത്തിന്റെ പതാകയിൽ ഖഡ്ഗവും പ്രസ്തുത ഖഡ്‌ഗത്തിന്മേൽ ലാ ഇലാഹ ഇല്ല ല്ലാഹ് എന്ന വിശുദ്ധ വിപ്ലവ വാക്യവും ഉല്ലേഖനം ചെയ്തതും നല്ലവരായ ചില അമുസ്ലിംകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്.

അനിവാര്യഘട്ടത്തിൽ യുദ്ധം ചെയ്യേണ്ടി വന്നാൽ പാലിക്കേണ്ട യുദ്ധ നിയമങ്ങൾ ഇസ്ലാം പഠിപ്പിക്കുന്നുണ്ട്. ആയത് വിശകലനം ചെയ്യുമ്പോൾ ഇസ്ലാം ദീക്ഷിക്കുന്ന ഉദാത്ത നിലപാട് സുഗ്രാഹ്യമാവുക തന്നെ ചെയ്യും.

Related Articles