Current Date

Search
Close this search box.
Search
Close this search box.

യേശു ദൈവപുത്രനോ? ദൈവദൂതനോ?

“മർയമിൻ്റെ മകൻ ഈസാ പറഞ്ഞതും ഓർക്കുക: ഇസ്റായേൽ വംശമേ, ഞാൻ അല്ലാഹുവിങ്കൽ നിന്ന് നിങ്ങളിലേക്ക് നിയോഗിക്കപ്പെട്ട ദൂതനാകുന്നു. എനിക്ക് മുമ്പ് ആഗതനായിട്ടുള്ള തോറയെ സത്യപ്പെടുത്തുന്നവനാകുന്നു. എനിക്കു ശേഷം വരാനിരിക്കുന്ന അഹ്മദ് എന്ന് പേരുള്ള ദൈവദൂതനെ ക്കുറിച്ച് സുവിശേഷ മറിയിക്കുന്നവനും ” (ഖുർആൻ: 61:6)

ശഹീദ് അലി ശരീഅത്തിയുടെ ഭാഷയിൽ കുടിലുകളിൽ നിന്ന് കൊട്ടാരങ്ങളിലേക്ക് പ്രബോധന/ വിമോചന ദൗത്യവുമായി കടന്നു വന്നവരായിരുന്നു പ്രവാചകന്മാർ. ഈ സുവർണ ശൃംഖലയിൽ ചെങ്കടൽ തീരത്തെ ഇല്ലായ്മകളിൽ നിന്ന് റോമാ സാമ്രാജ്യത്വ-പൗരോഹിത്യ കൂട്ടുകെട്ടിൻ്റെ അധർമങ്ങൾക്കെതിരെ പട നയിച്ച മഹാപ്രവാചകനായിരുന്നു യേശു (ഈസ)

പിതാവില്ലാതെ പിറന്നു വീണ അത്ഭുതകരമായ തിരുപ്പിറവിയാണ് യേശുവിൻ്റേതെന്ന് ബൈബിൾ എന്ന പോലെ ഖുർആനും പറയുന്നു. എന്നാൽ അതൊരിക്കലും “ദൈവപുത്രൻ” എന്നതിനുള്ള സാക്ഷ്യമല്ല. എങ്കിൽ ആദി മനുഷ്യനും ഒന്നാമത്തെ പ്രവാചകനുമായ ആദം(അ) ആയിരിക്കണ്ടേ ദൈവപുത്രൻ? എന്ന യുക്തി ഭദ്രമായ ചിന്തയും ഖുർആൻ ഉയർത്തുന്നു: “അല്ലാഹുവിങ്കൽ ഈസയുടെ ഉദാഹരണം ആദമിനെപ്പോലെയാകുന്നു. അല്ലാഹു അവനെ മണ്ണിൽ നിന്ന് സൃഷ്ടിച്ചു. എന്നിട്ട് അതിനോട് പറഞ്ഞു: ഉണ്ടാവുക! അപ്പോൾ അവനുണ്ടായി” (3:59)

മറ്റെല്ലാ ദൈവദൂതന്മാരെയും പോലെ യേശുവും പ്രബോധനം ചെയ്തത് ഏകദൈവാദർശമായിരുന്നു എന്ന് ഖുർആൻ ഖണ്ഡിതമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് ഉപോൽബലകമായ ധാരാളം സൂക്തങ്ങൾ ബൈബിളിലും കാണാം.

എന്നിട്ടും എന്തുകൊണ്ട് യേശു”ദൈവപുത്ര” നായി? ബൈബിൾ പ്രകാരം തന്നെ ദിവ്യത്വത്തിൽ പങ്കാളിത്തം കൽപ്പിക്കുന്ന ഗുരുതര കുറ്റമായ “ത്രിത്വ”മുണ്ടായി?

ഇതു സംബന്ധമായി സയ്യിദ് അബുൽ അഅലാ മൗദൂദി എഴുതുന്നു:
“മിശിഹായുടെ ആദിമ ശിഷ്യന്മാർ അദ്ദേഹത്തെ കേവലം പ്രവാചകനായിട്ടായിരുന്നു കരുതിയിരുന്നത്. ജൂതന്മാരും ക്രിസ്ത്യാനികളും തമ്മിലുള്ള വ്യത്യാസം ക്രിസ്ത്യാനികൾ യേശുവിനെ മിശിഹാ (പ്രവാചകൻ) ആയി അംഗീകരിച്ചു വിശ്വസിച്ചുവെന്നതും ജൂതന്മാർ അദ്ദേഹത്തിൻ്റെ പ്രവാചകത്വ പദവി നിഷേധിച്ചുവെന്നതുമായിരുന്നു. പിന്നീട് സെൻ്റ് പോൾ ഈ സംഘത്തിൽ ചേർന്നതോടെ യേശു അവതരിപ്പിച്ച മതത്തിൽ നിന്ന് തികച്ചും ഭിന്നമായ വിശ്വാസ പ്രമാണങ്ങളോടും നിയമങ്ങളോടും കൂടിയ ഒരു മതമുണ്ടായി! സെൻ്റ് പോളാകട്ടെയേശുവിൻ്റെ ശിഷ്യത്വം ലഭിച്ചാളല്ല.
മൂന്നാം നൂറ്റാണ്ട് അവസാനിക്കുന്നതു വരെ യേശുവിൻ്റെ ദിവ്യത്വത്തെ നിഷേധിക്കുന്ന ധാരാളം ക്രിസ്ത്യാനികൾ ഉണ്ടായിരുന്നു. എന്നാൽ നാലാം നൂറ്റാണ്ടിൻ്റെ ആദ്യത്തിൽ (ക്രി: 325) ചേർന്ന നിഖയ്യ ( Nicaea) കൗൺസിൽ പൗലോസിയൻ വിശ്വാസങ്ങളെ ക്രിസ്തുമതത്തിൻ്റെ ഔദ്യോഗികവും ആധികാരികവുമായ വിശ്വാസ പ്രമാണങ്ങളായി അംഗീകരിച്ചു!” (ജൂതമതവും ക്രിസ്തുമതവും. പേജ്: 298-99)

ഇനി “My Great Love for Jesus Led Me to islam” എന്ന വിഖ്യാത കൃതിയുടെ കർത്താവ് സൈമൺ ആൾഫ്രഡൊ കാരബല്ലോ എഴുതുന്നത് കാണുക: ” അപ്പോസ്തല പ്രവൃത്തികളിൽ (3:13) പറയുന്നു: അബ്രഹാമിൻ്റെയും ഇസ്ഹാഖിൻ്റെയും യാക്കോബിൻ്റെയും ദൈവം, നമ്മുടെ പിതാക്കന്മാരുടെ ദൈവം, തൻ്റെ ദാസനായ യേശുവിനെ മഹത്വപ്പെടുത്തി. ഈ വിവരണത്തിൽ നിന്ന് ഒരു കാര്യം വ്യക്തമായി. ഖുർആൻ മാത്രമല്ല യേശുവിൻ്റെ ദിവ്യത്വത്തെ നിഷേധിക്കുന്നത്. ബൈബിൾ വചനങ്ങളും അതുതന്നെയാണ് ചെയ്യുന്നത്. credo എന്ന ബ്രിട്ടീഷ് ടെലിവിഷൻ ഷോ നടത്തിയ ഒരു കണക്കെടുപ്പിൽ ആംഗ്ലിക്കൻ ചർച്ചിലെ 31 ബിഷപ്പുമാരിൽ 19 പേരും പറഞ്ഞത് യേശു ദൈവമാണെന്നു വിശ്വസിക്കാൻ ക്രിസ്ത്യാനി കൾക്ക് ബാധ്യതയിലല്ലെന്നാണ് ” (യേശുവിനെ സ്നേഹിച്ച ഞാൻ ഇസ് ലാമിലെത്തി. വിവർത്തനം: അശ്റഫ് കീഴുപറമ്പ്. ഐ.പി.എച്ച്)

Related Articles