ചോദ്യം- ഞാന്‍ ഒരു സര്‍ക്കാര്‍ കോണ്ട്രാക്റ്റര്‍ ആണ്. റോഡുകളും കലിങ്കുകളും ഉണ്ടാക്കലാണ് മേഖല. ഞങ്ങള്‍ക്ക് ടെണ്ടര്‍ ലഭിക്കാനായി ഒരുപാട് കടമ്പകളും ചെലവുകളും ഉണ്ട്. അതില്‍ പെട്ടതാണ് പല കാര്യങ്ങള്‍ക്കായി നാല്‍കേണ്ടി വരുന്ന ഗ്യാരണ്ടി ഡെപ്പോസിറ്റുകള്‍. ടെണ്ടര്‍ സംഖ്യയുടെ നിശ്ചിത ശതമാനമാണ് ഇങ്ങനെ നല്‍കേണ്ടി വരുന്നത്. പ്രൊജക്റ്റ് പൂര്‍ത്തിയായ ശേഷമേ ഈ സംഖ്യ തിരികെ ലഭിക്കൂ. എന്നാല്‍ ഈ സംഖ്യക്ക് പലിശയിനത്തില്‍ ഒരു സംഖ്യ സര്‍ക്കാരില്‍ നിന്ന് ലഭിക്കും. അതും കൂടി ചേരുമ്പോഴാണ് സര്‍ക്കാര്‍ നിശ്ചയിക്കുന്ന ലാഭം ഞങ്ങള്‍ക്ക് കിട്ടുക. ഇങ്ങനെ കിട്ടുന്ന പലിശസംഖ്യ ഞങ്ങളുടെ സര്‍ക്കാരുമായി ബന്ധപ്പെട്ട ചെലവുകളുമായി തട്ടിക്കിഴിക്കാന്‍ പറ്റുമോ എന്നതാണ് ചോദ്യം?
ഉത്തരം- ജീവിതായോധനത്തിന് വേണ്ടി അധ്വാനിക്കുകയും സമ്പാദിക്കുകയും വേണമെന്നത് നിര്‍ബന്ധമാണ്. അലസതയും യാചനയും ഇസ്ലാം അനുവദിക്കുന്നില്ല. അതുപോലെ തന്നെ നിര്‍ബന്ധമാണ്, സമ്പാദന മാര്‍ഗം ഹലാല്‍ (അനുവദനീയം) ആയിരിക്കണം എന്നുള്ളതും. കച്ചവടവും കോണ്ട്രാക്ടിംഗ് ജോലികളുമൊക്കെ അനുവദനീയമായ സമ്പാദ്യമാര്‍ഗങ്ങളാണ്. എന്നാല്‍ ഏതിലും ഹറാം (അനനുവദീയത) കടന്നുകൂടാന്‍ വളരെ സാധ്യതയുള്ള കാലത്താണ് നാം ജീവിക്കുന്നത്. അതിനാല്‍ തന്നെ അതികഠിനമായ ജാഗ്രത ആവശ്യമുണ്ട്. ഏത് രാജ്യത്താണോ ഒരു മുസ്‌ലിം ജീവിക്കുന്നത്, ആ നാടിന്‍റെ നിയമങ്ങളും മാര്‍ഗനിര്‍ദേശങ്ങളും സ്വീകരിക്കല്‍ അവന്‍റെ ബാധ്യതയാണ്. രാജ്യം നടപ്പാക്കുന്ന ടാക്സുകളും ഫീസുകളും നിയമലംഘനത്തിനുള്ള ഫൈനുകളും മറ്റും അടക്കല്‍ ഇതില്‍ പെടുന്നതാണ്. ഒരു സ്ഥാപനം ആരംഭിക്കുമ്പോള്‍ അതിനുള്ള ലൈസന്‍സും അനുമതി പത്രങ്ങളും മറ്റും ആവശ്യമാണ്. അതിനുള്ള ചെലവുകള്‍ അടിസ്ഥാന ചെലവില്‍ പെട്ടതും സകാത്തില്‍ നിന്ന് ഒഴിവുമാണ്. ടെണ്ടര്‍ ലഭിക്കുവാനോ, ബില്‍ഡിംഗ് വാടകക്ക് എടുക്കുമ്പോള്‍ നല്‍കുന്ന ഡെപ്പോസിറ്റോ ഒക്കെ ആ സംരംഭത്തിന്‍റെ പ്രാരംഭ ചെലവില്‍ വരുന്നതാണ്.
പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള വസ്തുക്കളിലാണ് മുസ്‌ലിം സകാത്ത് നല്കാന്‍ ബാധ്യസ്ഥന്‍. ഗ്യാരണ്ടി ആയി നല്‍കുന്ന സംഖ്യ താല്‍ക്കാലികമായി അയാളുടെ ഉടമസ്ഥതയില്‍ നിന്ന് മാറുന്നതിനാല്‍, അത് തിരികെ ലഭിക്കുന്ന കാലം വരെ ആ സംഖ്യക്ക് അയാള്‍ സകാത്ത് നല്‍കേണ്ടതില്ല. അതില്‍ നിന്ന് കാലാകാലങ്ങളില്‍ ലഭിക്കുന്ന പലിശ ഹറാം ആണ്. അത് അയാള്‍ക്ക് ഒരു നിലക്കും ഉപയോഗിക്കല്‍ ഹലാല്‍ ആവുകയില്ല. അങ്ങനെ പലിശ ഇനത്തില്‍ ലഭിക്കുന്ന സംഖ്യ സര്‍ക്കാരിന് കൊടുക്കേണ്ടി വരുന്ന ഫീസ് ഇനത്തിലേക്ക് വകയിരുത്താനും പാടില്ല. ഫീസുകള്‍ അടക്കലും മറ്റും താങ്കളുടെ ബാധ്യതയാണ്; പലിശ താങ്കളുടെ സ്വന്തമോ അവകാശമോ ഹലാലോ അല്ല.
താങ്കള്‍ക്ക് നേര്‍ക്കുനേരെ പ്രയോജനം ലഭിക്കാത്ത കാര്യങ്ങള്‍ക്കൊ, അടുത്ത ബന്ധുക്കള്‍ അല്ലാത്തവരുടെ ആവശ്യങ്ങള്‍ നിവൃത്തിക്കാനോ വേണ്ടി ആ പണം പ്രയോജനപ്പെടുത്താം. ആ പലിശ സംഖ്യയും കൂടി ചേര്‍ത്താണ് സര്‍ക്കാര്‍ ലാഭം കണക്കാക്കുന്നത് എന്നത് പലിശ സ്വീകരിക്കാനുള്ള ന്യായമല്ല. ലാഭത്തില്‍ അത്രയും കുറവ് വരും എന്നല്ലാതെ നഷ്ടത്തില്‍ ആവുന്നില്ലല്ലോ. നഷ്ടത്തില്‍ ആവുണെങ്കില്‍ പോലും പലിശ സ്വീകരിക്കാന്‍ പാടില്ല. സമ്പാദനത്തിന് മറ്റ് മേഖലകള്‍ കണ്ടെത്തുകയാണ് വേണ്ടത്.
🪀കൂടുതൽ വായനക്ക് 👉🏻: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW