Current Date

Search
Close this search box.
Search
Close this search box.

ഇമാം അബൂഹനീഫയും തിരുത്തൽ വാദികളും

അഹ് ലുസുന്നതിന്റെ മഹാഗുരുവാണ് ഇമാം അബൂഹനീഫ. അബൂ ഹനീഫ : നുഅ്മാനു ബ്നു സാബിത് ബിൻ മർസുബാൻ അൽ കൂഫി എന്ന് പൂർണ നാമം (AH 80-150 / CE 699 – 767)

ഇസ്ലാമിക സമൂഹത്തിന്റെ ആ പ്രശ്ന സങ്കീർണ്ണ ഘട്ടത്തിലെ പ്രതിവിപ്ലവകാരികളായ ചില ഖവാരിജുകൾ കൂഫയിലും ഉണ്ടായി. അവർ കൂഫയിൽ പ്രത്യേകമായി അബൂ ഹനീഫയെയും സന്ദർശിക്കാൻ വന്നു .
ഉപചാരങ്ങൾക്കു ശേഷം അവരിലൊരുവൻ സംസാരം തുടങ്ങിയത് തന്നെ :
“ശൈഖേ , നിങ്ങൾ പശ്ചാതപിക്കണം ” എന്ന് പറഞ്ഞു കൊണ്ടാണ്
അദ്ദേഹം പറഞ്ഞു: “എല്ലാ അവിശ്വാസങ്ങളിൽ നിന്നും ഞാൻ അല്ലാഹുവിനോട് പശ്ചാത്തപിക്കുന്നു “.

അവരുടെ നേതാവ് : “ആ വർത്തമാനത്തിൽ ശൈഖ് ഞങ്ങളെ ഒന്നു പരിഹസിച്ചത്‌ പോലെ തോന്നുന്നു?”
അബൂ ഹനീഫ : തോന്നുന്നേയുള്ളൂവോ, അതോ
ഉറച്ച അറിവോടെയാണോ ഈ പ്രതികരണം?
നേതാവ് : തോന്നുന്നു എന്നേ തല്ക്കാലം പറയാൻ കഴിയൂ.

അപ്പോൾ ഇമാം ഒരു ആയത് ഓതി:
വിശ്വസിച്ചവരേ, ഊഹത്തിൽ നിന്ന് മിക്കതിനെയും നിങ്ങൾ വർജ്ജിക്കുവിൻ. നിശ്ചയമായും ഊഹത്തിൽ ചിലത് കുറ്റമായിരിക്കും. (49:12)
എന്നിട്ട് പറഞ്ഞു : ഇത് നിങ്ങളുടെ ഭാഗത്തുനിന്നുള്ള പാപമാണല്ലോ ?, എല്ലാ പാപവും നിഷേധമല്ലേ ? അതിനാൽ ആ അവിശ്വാസത്തിന്റെ പേരിൽ ആദ്യം പശ്ചാതപിക്കേണ്ടത് നിങ്ങളല്ലേ ?!
നേതാവ് പറഞ്ഞു: ശൈഖ്, നിങ്ങൾ പറഞ്ഞത് ശരിയാണ്, ഞാൻ പറ്റിപ്പോയ അവിശ്വാസത്തിൽ നിന്നും പശ്ചാത്താപിക്കുന്നു.
ഇതും പറഞ്ഞ് അവർ പെട്ടെന്ന് തന്നെ പടിയിറങ്ങി. കുറച്ചു നാളുകൾക്ക് ശേഷം അദ്ദേഹത്തെ കാണാൻ അവർ വീണ്ടും വന്നു.
ഖിബ്ലയെ അംഗീകരിക്കുന്ന ആരും ചെറുപാപത്താൽ അവിശ്വാസിയാവുന്നില്ല എന്ന
അദ്ദേഹത്തിന്റെ അധ്യാപനത്തെ ചോദ്യം ചെയ്യാനാണവർ ഇത്തവണ വന്നത്.

അവർ വന്നുകൊണ്ട് പറഞ്ഞു: പള്ളിയുടെ മുറ്റത്ത് രണ്ട് ജനാസകൾ കാണുന്നു.
ഒന്ന് കള്ളു കുടിച്ചു , കുടിച്ച ദുഃഖത്താൽ
കള്ളിൽ മുങ്ങിച്ചത്ത ഒരാണിന്റേയും
വ്യഭിചരിച്ച് ഗർഭിണിയാണെന്നറിഞ്ഞപ്പോൾ
ആത്മഹത്യ ചെയ്ത ഒരുപെണ്ണിന്റേയും മൃതശരീരങ്ങൾ . താങ്കളെന്ത് പറയുന്നു ?!

ഉടനെ ഇമാം അവരോടു ചോദിച്ചു:
“അവർ ഏത് മതക്കാരാണ്? യഹൂദരാണോ? ”
അവർ പറഞ്ഞു: അല്ല
ഇമാം : “അവർ ക്രിസ്ത്യാനികളാണോ? ”
അവർ : അല്ല
ഇമാം : ” മജൂസികളായിരിക്കും അല്ലേ ? ”
അവർ : ഏയ് , മജൂസികളുമല്ല.
ഇമാം : ” എന്നാ പറയൂ ,ഏത് മതക്കാരാണവർ? ”
അവർ : അല്ലാഹുല്ലാതെ മറ്റൊരു ഇലാഹില്ലെന്നും മുഹമ്മദ്‌ നബി അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുന്ന മതത്തിൽ നിന്ന്!

ഇമാം: അതു ശരി, ഈ സാക്ഷ്യം
വിശ്വാസത്തിന്റെ എത്രത്തോളം വരും? മൂന്നിലൊന്ന്, കാൽ, അഞ്ചിലൊന്ന് ?!
അവർ : വിശ്വാസം മൂന്നിലൊന്നോ നാലിലൊന്നോ അഞ്ചിലൊന്നൊന്നുമല്ല!
ഇമാം : എന്നാലും പറ, ആ പ്രഖ്യാപനം വിശ്വാസത്തിന്റെ എത്രയാണ്?
അവർ : വിശ്വാസമെന്നാൽ ആ പ്രഖ്യാപനം തന്നെയാണ്.
ഇമാം : അവർ വിശ്വാസികളാണെന്ന് നിങ്ങൾ തന്നെ സ്ഥിരീകരിച്ച മനുഷ്യന്മാരെ കുറിച്ചാണോ
നിങ്ങളുടെ ചോദ്യം?!
അവർ : “അത് നമുക്ക് നിങ്ങളെ വിടാം!
അവര് സ്വർഗത്തിലോ നരകത്തിലോ ?? നിങ്ങളത് പറയീം ”
അവർ ചോദ്യം മാറ്റിപ്പിടിച്ചു
ഇമാം : “അവരെക്കാൾ പാപികളായ ഒരു ജനതയെക്കുറിച്ച് ഇബ്രാഹീം നബി (അ) പറഞ്ഞ കാര്യങ്ങളേ എനിക്കും പറയാനുള്ളൂ ” തുടർന്നദ്ദേഹം ഓതി:

“എന്റെ റബ്ബേ, നിശ്ചയമായും അവർ മനുഷ്യരിൽ നിന്നു വളരെ ആളുകളെ വഴിപിഴപ്പിച്ചിരിക്കുന്നു. അതിനാൽ, എന്നെ ആര് പിൻതുടർന്നുവോ അവൻ എന്റെ കൂട്ടത്തിൽ പെട്ടവനാകുന്നു; ആരെങ്കിലും എന്നോടു അനുസരണക്കേടു കാണിക്കുന്ന പക്ഷം, നീ വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാണ്‌. ”  ( 14:36 )

അവരെക്കാൾ മോശമായ ഒരു ജനതയെക്കുറിച്ച് പ്രവാചകൻ ഈസാ (അ) പറഞ്ഞതെന്താണെന്ന്
കൂടി കേൾക്കൂ : “നീ അവരെ ശിക്ഷിക്കുകയാണെങ്കിൽ തീർച്ചയായും അവർ നിൻറെ ദാസൻമാരാണല്ലോ. നീ അവർക്ക് പൊറുത്തുകൊടുക്കുകയാണെങ്കിൽ നീ തന്നെയാണല്ലോ പ്രതാപിയും യുക്തിമാനും. “( 5:118 )
അവരെക്കുറിച്ച് നൂഹ് നബി (അ) പറഞ്ഞതല്ലാതെ മറ്റൊന്നും പറയാൻ തല്ക്കാലം നിർവാഹമില്ല
“അവർ പറഞ്ഞു: ‘ഈ അധമൻമാരായ ആളുകൾ നിന്നെ പിൻതുടർന്നിരിക്കെ, ഞങ്ങൾ നിന്നെ വിശ്വസിക്കുകയോ?’
അവരുടെ വിചാരണ നടത്തൽ എൻറെ രക്ഷിതാവിൻറെമേൽ അല്ലാതെ മറ്റാർക്കും ബാധ്യതയില്ല. നിങ്ങൾക്ക് ബോധമുണ്ടായിരുന്നുവെങ്കിൽ!’ ( 26: 112-113 )

ഇതുകൂടി ചേർത്ത് പറയട്ടെ
“ജനങ്ങളേ, അല്ലാഹുവിൻറെ ഖജനാക്കൾ എൻറെ പക്കലുണ്ടെന്നു ഞാൻ നിങ്ങളോടു പറയുന്നുമില്ല; ഞാൻ അദൃശ്യകാര്യം അറിയുകയുമില്ല; ഒരു മലക്കാണെന്നു ഞാൻ പറയുന്നുമില്ല; നിങ്ങളുടെ കണ്ണുകൾ അവഗണിച്ചു കൊണ്ടിരിക്കുന്നവരെക്കുറിച്ച് ‘അവർക്കു അല്ലാഹു ഒരു ഗുണവും നൽകുന്നതേയല്ല’ എന്നും ഞാൻ പറയുന്നില്ല.
അവരുടെ സ്വന്തങ്ങളിൽ ഉള്ളതിനെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാണു. നിശ്ചയമായും ഞാൻഅപ്പോൾ അക്രമികളിൽ പെട്ടവൻ തന്നെ യായിരിക്കും.’ ( 11:31 )

ഈ ആയതുകൾ കേട്ടതോടെ ആ ഖവാരിജി യുവാക്കൾ ദുഃഖബോധത്താൽ ആയുധം താഴെയിട്ടു കൊണ്ട് പറഞ്ഞു:
“ഞങ്ങൾ ഉണ്ടായിരുന്ന ആ മതത്തെ ഇതാ ഒഴിവാക്കി, ഇനി മുതൽ നിങ്ങളുടെ ദീനിന് ഞങ്ങൾ കടപ്പെട്ടിരിക്കുന്നു. അല്ലാഹു നിങ്ങൾക്ക് കൃപയും ജ്ഞാനവും അറിവും നൽകി.”

റഫറൻസ് : മനാഖിബ് അബീ ഹനീഫ : , സിയറു അഅ്ലാമി ന്നുബലാ – ഇമാം ദഹബി

Related Articles