Current Date

Search
Close this search box.
Search
Close this search box.

എന്തുകൊണ്ട് ഇബ്നു അൽ ഹൈത്തം അക്കാദമി പ്രസക്തമാകുന്നു?

ഇസ്ലാമിക നാഗരികതയിലെ സുവർണ്ണ  ഘട്ടം (Golden Age of Islamic Civilization) എന്നറിയപ്പെടുന്ന എട്ടാം നൂറ്റാണ്ട് മുതൽ പതിനഞ്ചാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടത്തിലെ സുപ്രധാനമായ സവിശേഷത എന്തെന്നാൽ, ആ കാലഘട്ടം സർവജ്ഞാനികളായ (Polymaths) പണ്ഡിതന്മാരാൽ സമ്പന്നമായിരുന്നു എന്നതാണ്.ഏതെങ്കിലും ഒരു മേഖലയിൽ കേന്ദ്രീകരിക്കുന്ന ജ്ഞാനാന്വേഷണം എന്ന സമീപനത്തിന് പകരമായി ബഹുമുഖങ്ങളായ മേഖലകളിൽ ജ്ഞാനികളായിരിക്കുക എന്നത് ഇസ്ലാമിക നാഗരികതയിലെ പണ്ഡിതന്മാരുടെ ജീവിത സംസ്കാരമായിരുന്നു.

അത്തരത്തിൽ സർവ്വജ്ഞാനികളായ പണ്ഡിതന്മാരെ പോളിമാത്ത്‌ (Polymath ) എന്നാണ് വിളിച്ചിരുന്നത്. Universal Human അല്ലെങ്കിൽ Having Learned Much എന്നൊക്കെ  അർത്ഥം വരുന്ന ഗ്രീക്ക്-ലാറ്റിൻ പദങ്ങളിലേക്ക് ചേർന്നുനിൽക്കുന്ന പ്രയോഗമാണ് പോളിമാത്ത്‌ (Polymath )എന്നത്. മുസ്ലിം പോളിമാത്തുകളായ പണ്ഡിതന്മാരുടെ വൈജ്ഞാനിക സംഭാവനകൾ  തത്വശാസ്ത്രത്തിൽ, സാമൂഹിക -സാമ്പത്തിക -രാഷ്ട്രീയ ചിന്തകളിൽ,ഗണിതശാസ്ത്രത്തിൽ, ഭൗതികശാസ്ത്രത്തിൽ വൈദ്യശാസ്ത്രത്തിൽ, ആസ്ട്രോണമിയിൽ,കെമിസ്ട്രിയിൽ പ്രകാശ ശാസ്ത്രത്തിൽ (optics) എന്ന് തുടങ്ങി അനവധി മേഖലകളലേക്കാണ് വ്യാപിച്ചുകിടക്കുന്നത്.

ഇബ്നുസ്സീന,അൽ-ഫറാബി, അൽബിറൂനി,ഇബ്നു റുശ്ദ്, ഇബ്നു ഹൽദൂൻ, ഇബ്നുൽ ഹൈതം, ജാബിർ ഇബ്നു ഹയ്യാൻ, അൽ കവാരിസ്മി തുടങ്ങി നിരവധി  സർവ്വജ്ഞാനികളായ മുസ്ലിം പണ്ഡിതന്മാർ ഇസ്ലാമിക നാഗരികതയിൽ ധാരാളമായി സംഭാവന ചെയ്തവരായി നമുക്ക് കാണാൻ സാധിക്കും.അബ്ബാസി ഖിലാഫാത്തിന്റയും മറ്റു ഇസ്ലാമിക ഭരണ വംശങ്ങളുടെയും നിയന്ത്രണത്തിന് കീഴിലുള്ള ഇസ്ലാമിക നാഗരികതയുടെ ഈ സുവർണ കാലഘട്ടത്തിൽ, ബാഗ്ദാദ്, കൈറോ, കൊറദോബ പോലുള്ള നഗരങ്ങൾ പോളിമാത്തുകളായ ഇസ്ലാമിക പണ്ഡിതന്മാരുടെ സംഗമ ഭൂമിയായിരുന്നു. ബാഗ്ദാദ് കേന്ദ്രമായി ആ കാലഘട്ടത്തിൽ പ്രവർത്തിച്ച ബൈത്തുൽ ഹിക്മ എന്ന കേന്ദ്രം മുസ്‌ലിം പോളിമാത്തുകളുടെ വൈജ്ഞാനിക ഉറവിടമായിരുന്നു. ലോക നാഗരികതയ്ക്ക് തന്നെ വലിയ സംഭാവനകൾ നൽകിയ കേന്ദ്രമായി അത് പ്രവർത്തിക്കുകയും ചെയ്തു.

ഇസ്ലാമിക നാഗരികതയുടെ സുവർണകാലഘട്ടത്തിലെ മുസ്‌ലിം പണ്ഡിതന്മാർ വൈജ്ഞാനിക അന്വേഷണത്തിൽ സ്വീകരിച്ച ശൈലിയും രീതിയും എല്ലാ കാലഘട്ടത്തിലും പ്രസക്തമാണ്. ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ സവിശേഷതയായ വിഷയങ്ങളെ തരം തിരിച്ചും വേർതിരിച്ചും പഠിക്കുക എന്ന രീതി (Compartmentalization and Categorisation), അല്ലെങ്കിൽ സ്പെഷ്യലൈസേഷൻ (Specialization) എന്ന രീതി  സാങ്കേതിക വിദ്യയുടെയും, നിർമിത ബുദ്ധിയുടെയും പുതിയ കാലത്ത് ഏറെ പുനരാലോചനകൾക്ക് വിധേയമക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. Interdisciplinary, Multidisciplinary, Cross-disciplinary,Transdisciplinary എന്ന് തുടങ്ങിയ പേരുകളിൽ വ്യത്യസ്ത വൈജ്ഞാനിക മേഖലകൾ പരസ്പരംബന്ധിതമായ സ്വഭാവത്തിൽ വിദ്യാഭ്യാസ സമ്പ്രദായത്തിനകത്ത് പ്രവർത്തിക്കുകയും,പഠിപ്പിക്കപ്പെടുകയും ചെയ്യുന്ന ശൈലി വളർന്നു വരികയാണ്.ഏതെങ്കിലും ഒരു മേഖലയിൽ കേന്ദ്രീകരിക്കാതെ ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് ഒരു പാലം നിർമിച്ചുകൊണ്ട് ഓരോ പഠനമേഖലകളും സ്വയം വളരുകയും മറ്റുള്ള മേഖലകളുടെ വളർച്ചയിൽ പങ്കാളികളാകുകയും ചെയ്യുന്ന രീതിയാണത്. 

ഉദാഹരണത്തിന്, ഒരു മനഃശാസ്ത്ര വിദ്യാർത്ഥിക്ക് സാമൂഹിക ശാസ്ത്രത്തിലും നരവംശ ശാസ്ത്രത്തിലും അറിവുണ്ടെങ്കിൽ മാത്രമാണ് ഉന്നത വിദ്യാഭ്യാസത്തിലും ജോലിയിലും പുതിയ കാലഘട്ടത്തിൽ ശോഭിക്കാൻ സാധിക്കുകയുള്ളു എന്ന് ഇന്ന് ലോകം തിരിച്ചറിയുന്നുണ്ട്. ഇസ്ലാമിക മനഃശാസ്ത്രത്തിൽ താല്പര്യമുള്ള ഒരു വിദ്യാർത്ഥി ഇസ്ലാമും മനഃശാസ്ത്രവും ഒരേ സമയം ആഴത്തിൽ പഠിക്കണം എന്ന ബഹുമുഖ സമീപനം അനിവാര്യമാണ്. കമ്യൂണിറ്റി സൈക്കോളജി സൈക്കോളജിയുടെ ഒരു പഠന മേഖലയാകുമ്പോൾ തന്നെ കമ്മ്യൂണിറ്റിയെകുറിച്ച് ആഴത്തിൽ പഠിപ്പിക്കുന്ന സാമൂഹിക ശാസ്ത്രത്തിലും നരവംശശാസ്ത്രത്തിലും അതുപോലുള്ള മറ്റുമേഖലകളിലും ഒരു സൈക്കോളജി വിദ്യാർത്ഥിക്ക് ആഴത്തിൽ അറിവുണ്ടാകണം. അല്ലാതെയുള്ള വൈജ്ഞാനിക അന്വേഷണങ്ങളും, അതിന്റെ പ്രായോഗിക പരീക്ഷണങ്ങളും ലോകത്ത് വലിയ രീതിയിൽ വെല്ലുവിളിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.

ഇബ്നു അൽ ഹൈത്തം അക്കാദമി

വിദ്യാഭ്യാസ സമ്പ്രദായത്തിലും, വൈജ്ഞാനിക അന്വേഷണത്തിലും വരുന്ന പുതിയ മാറ്റങ്ങളെ ഉൾകൊള്ളാനും മനസിലാക്കാനും സാധിക്കുന്നത്തിന്റെയും വൈജ്ഞാനിക അന്വേഷണത്തിന്റെ രീതിശാസ്ത്രത്തിൽ ഇസ്ലാമിക നാഗരികതയിൽ നിന്നും മാതൃക കണ്ടെത്താൻ ശ്രമിക്കുന്നതിന്റെയും ഭാഗമായാണ് വാദിഹുദ ഗ്രൂപ്പ്‌ ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് അതിന്റെ പുതിയ വിദ്യാഭ്യാസ സംരഭമായ ഇബ്നു അൽ ഹൈത്തം അക്കാദമിക്ക് ജന്മം നൽകിയത്.

ഇസ്ലാമിക നാഗരികതയിൽ മികച്ച സംഭാവനകൾ നൽകിയ മുസ്‌ലിം പോളിമാത്തുകളിൽ സുപ്രധാന സ്ഥാനം വഹിക്കുന്ന ഇബ്നു അൽ ഹൈത്തം എന്ന ലോക ഇസ്ലാമിക പണ്ഡിതന്റെ പേര് തങ്ങളുടെ പുതിയ സംരംഭത്തിന് നൽകുന്നതിലൂടെ  തങ്ങളുടെ ലക്ഷ്യം എന്താണ് എന്ന് വാദിഹുദയും അതിനെ നിയന്ത്രിക്കുന്ന തഅ്ലീമുൽ ഇസ്ലാം ട്രസ്റ്റ്‌ ഭാരവാഹികളും നമുക്ക് മുൻപിൽ വ്യക്തമാക്കുകയാണ്.

ഔദ്യോഗിക യൂണിവേഴ്സിറ്റി വിദ്യാഭ്യാസം നിർവഹിക്കുന്നതിനൊപ്പം ഒരു വിദ്യാർത്ഥിക്ക് ആസ്വദിച്ചുകൊണ്ടും താല്പര്യത്തോടെയും ഇടപഴകാൻ സാധിക്കുന്ന രീതിയിലാണ് ഇബ്നു അൽ ഹൈതം അക്കാദമിയുടെ പഠന പ്രവർത്തനങ്ങൾ. ഇസ്ലാമിക വൈജ്ഞാനിക പ്രവർത്തനത്തിന്റെയും ആത്മീയതയുടെയും പ്രസരണ മാർഗമായ സഹവാസത്തിന്റെ (സുഹ്ബത്) ശൈലിയാണ് ഇബ്നു അൽ ഹൈതം അക്കാദമിയും സ്വീകരിച്ചിരിക്കുന്നത്.

പ്രഥമ അധ്യയന വർഷം പൂർത്തിയാക്കിയ ഇബ്നു അൽ ഹൈതം അക്കാദമി റെസിഡൻഷ്യൽ സ്വാഭാവത്തിലാണ് പ്രവർത്തിക്കുന്നത്. വാദിഹുദയുടെ തന്നെ സ്ഥാപനമായ വാദിഹുദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസ് () എന്ന കണ്ണൂർ യൂണിവേഴ്സിറ്റിക്ക് കീഴിലെ കോളേജിലും സമീപ പ്രദേശത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഡിഗ്രി പി.ജി പഠിക്കുന്ന വിദ്യാർത്ഥികൾക്കും ഇബ്നു അൽ ഹൈതം അക്കാദമിയുടെ റെസിഡൻഷ്യൽ കോഴ്സിൽ ചേരാവുന്നതാണ്. 

യൂണിവേഴ്‍സിറ്റി വിഷയങ്ങൾക്കൊപ്പം ഉൾചേരുന്ന പ്രത്യേകം തയ്യാറാക്കിയ കരിക്കുലവും സിലബസുമാണ് അക്കാദമിയിൽ നടപ്പിലാക്കുന്നത്. ഇസ്ലാമിക വിഷയങ്ങളിൽ അടിസ്ഥാന പഠനം മുതൽ അഡ്വാൻസ്ഡ് ആയ പഠനവും സിലബസിന്റെ ഭാഗമാണ്. ഡിഗ്രി, പിജി തുടങ്ങിയവയ്ക്ക് ശേഷം ലോക നിലവാരമുള്ള യൂണിവേഴ്സിറ്റികളിൽ ഉന്നത പഠനത്തിന് അഡ്മിഷൻ ലഭിക്കാൻ സാധിക്കുന്ന പരിശീലനങ്ങൾ, തൊഴിൽപരമായ സാധ്യതകൾ കണ്ടെത്താനുള്ള പരിശീലനം, ഇംഗ്ലീഷ്, അറബി ഭാഷ പഠനം, വിവിധ മത്സര പരീക്ഷകൾക്കുള്ള പരിശീലനം, അക്കാദമിക ക്രിയാത്മക രചന പരിശീലനം എന്ന് തുടങ്ങിയ പദ്ധതികൾ ഇബ്നു അൽ ഹൈത്തം അക്കാദാമിയുടെ സിലബസിന്റെ ഭാഗമാണ്. ലോകനിലവാരമുള്ള ക്ലാസ്റൂം സൗകര്യങ്ങൾ, ദേശീയ അന്തർ ദേശീയ യൂണിവേഴ്സിറ്റികളിലെ ഫാക്കൾറ്റികൾ നൽകുന്ന ട്രൈനിങ്ങുകൾ, ദേശീയ അന്തർദേശീയ സെമിനാറുകളിൽ പ്രബന്ധം അവതരിപ്പിക്കാനുള്ള പരിശീലനങ്ങൾ, ഗവണ്മെന്റ് പൊതുമേഖല സ്ഥാപനങ്ങൾ, വിവിധ യൂണിവേഴ്സിറ്റികൾ, എൻ.ജി.ഒ കൾ, റിസർച് ഫൌണ്ടേഷനുകൾ തുടങ്ങിയവകൾ സംഘടിപ്പിക്കുന്ന വർക്ക്‌ഷോപ്പുകൾ, ഇന്റേൺഷിപ്പുകൾ തുടങ്ങിയവകളിൽ പങ്കെടുക്കാനുള്ള അവരസങ്ങൾ തുടങ്ങിയവയും ഇബ്നു അൽ ഹൈതം അക്കാദമിയുടെ പഠന പ്രവർത്തനങ്ങളുടെ ഭാഗമാണ്.

അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഇസ്ലാമിക് സ്റ്റഡീസ് അടക്കം നാലോളം ഡിപ്ലോമ കോഴ്‌സുകളും, എൻ.ജി.ഒ മാനേജ്മെന്റ്റ്, മാസ് കമ്മ്യൂണിക്കേഷൻ, ഇസ്ലാമിക് സൈക്കോളജി തുടങ്ങിയ അനുബന്ധ കോഴ്‌സുകളും വിദ്യാർത്ഥികൾക്ക് ഇബ്നു അൽ ഹൈതം അക്കാദമിയിൽ നിന്നും ലഭിക്കുന്നു. കണ്ണൂർ ജില്ലയിലെ പിലാത്തറ വിളയാങ്കോട് എന്ന പ്രദേശത്തെ വാദിഹുദയുടെ വാദിസ്സലാം ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഇബ്നു അൽ ഹൈത്തം അക്കാദമിയുടെ ഡയരക്ടർ മുഹമ്മദ്‌ സാജിദ് നദ്‌വിയാണ്. വാദിഹുദ ഗ്രൂപ്പ്‌ ചെയർമാൻ വി കെ ഹംസ അബ്ബാസ്, മാനേജിങ് ഡയരക്ടർ എസ് എ പി അബ്ദുൽസലാം തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഇബ്നു അൽ ഹൈതം അക്കാദമി അതിന്റെ മുന്നോട്ടുള്ള പ്രയാണം നിർവഹിക്കുന്നത്.

(എഴുത്തുകാരനും, ക്യൂറേറ്ററും കാമ്പസ് അലൈവ് മുൻ എഡിറ്ററുമായ ഷിഹാസ്.എച്ച് നിലവിൽ ഇബ്നു അൽ ഹൈത്തം അക്കാദമിയുടെ ഡെപ്യൂട്ടി ഡയറക്ടറാണ് )

 

Related Articles