Current Date

Search
Close this search box.
Search
Close this search box.

ഇസ്ലാമിക സമൂഹത്തിന്റെ ഭരണഘടനാ ആഘോഷകാലമാണ് വിശുദ്ധ റമദാൻ

ബനൂ ഇസ്രായീൽ സമൂഹത്തിനെതിരെയുള്ള കുറ്റപത്രമാണ് വിശുദ്ധ ഖുർആനിലെ സൂറത്തുൽ ബഖറയുടെ സിംഹഭാഗവും. ലോകജനതക്ക് സന്മാർഗ്ഗ ദൗത്യത്തിന്റെ ചരിത്രപരമായ ഉത്തരവാദിത്തം ഏൽപ്പിക്കപ്പെട്ട സമൂഹം അതിന്റെ നിർവഹണത്തിൽ കുറ്റകരമായ അനാസ്ഥ പുലർത്തി എന്നതുമാത്രമല്ല സ്വയം സവർണ്ണ അസ്തിത്വം അവകാശപ്പെടുകയും വംശീയ അഹംബോധത്തിന്റെ അപ്പൊസ്തലന്മാരായി ചമയുകയും ചെയ്തതാണ് വിശുദ്ധ ഖുർആന്റെ നിശിതവിമർശനം ക്ഷണിച്ചു വരുത്തിയത്. കുറ്റപത്രം വായിച്ചുകേൾപ്പിക്കുക മാത്രമല്ല, ലോകനേതൃ പദവിയിൽനിന്ന് പുറംതള്ളുക വഴി കടുത്ത നിന്ദ്യത അവരിലേക്ക് അടിച്ചേൽപിക്കുകയും ചെയ്തു എന്നതാണ് അതിന്റെ പരിണതി.

വിശുദ്ധ ഖുർആനിൽ റമദാൻ എന്ന പദം ഉപയോഗിച്ചിരിക്കുന്ന ഒരേയൊരിടം കൂടിയാണ് സൂറ അൽ ബഖറ.
മനുഷ്യർക്കാകമാനം മാർഗദർശകമായും സുവ്യക്തമായ സന്മാർഗ പ്രമാണങ്ങളായും സത്യാസത്യങ്ങളെ വേർതിരിച്ചു കാണിക്കുന്ന ഉരകല്ലായും ഖുർആൻ അവതരിച്ച മാസമാകുന്നു റമദാൻ (അൽ ബഖറ 185) സൂറ അൽ ബഖറയിലൂടെ അല്ലാഹു മുന്നോട്ടുവെക്കുന്ന മഹത്തായ അധ്യാപനങ്ങളുമായി ഇഴപിരിയാത്ത ബന്ധമുണ്ടെന്നതാണ് ഈ സൂക്തത്തെ പ്രസ്തുത അധ്യായത്തിൽതന്നെ അല്ലാഹു ചേർത്തുവെച്ചിരിക്കുന്നതെന്ന് സൂക്ഷ്മമായി പരിശോധിച്ചാൽ മനസ്സിലാക്കാം.

അന്ത്യപ്രവാചകനായി നിയോഗിക്കപ്പെട്ട മുഹമ്മദ് (സ) തങ്ങളിൽ പെട്ടവനല്ലെന്ന ഒറ്റകാരണമായിരുന്നു അദ്ദേഹത്തെ അംഗീകരിക്കുന്നതിൽനിന്ന് മദീനയിലെ ജൂതന്മാരെ തടഞ്ഞത്. പ്രവാചകൻമാർ നിയോഗിക്കപ്പെടാൻ അർഹതയുള്ള ഏക ജനവിഭാഗം തങ്ങളാണെന്ന മിഥ്യാധാരണ അവരെ അത്രമേൽ ചൂഴ്ന്നുനിന്നിരുന്നു.

തങ്ങളുടെ വംശമേൽക്കോയ്മയുടെ വേരുകൾ ആഴ്ന്നുകിടക്കുന്ന പരമ്പരയിലേക്ക് തന്നെ ആ സമൂഹത്തിന്റെ ശ്രദ്ധയെ അല്ലാഹു നിരന്തരം ക്ഷണിക്കുന്നത് നമുക്ക് കാണാം. ഇസ്രായീലിന്റെ (യഅ്ഖൂബ് നബിയുടെ) വംശപരമ്പരയാണ് എന്നതാണല്ലോ അവർ ഊറ്റംകൊണ്ടിരുന്ന വസ്തുത. അദ്ദേഹത്തിന്റെ മരണവേളയിൽ പിതാവിനോട് അവർ നടത്തിയ വാഗ്ദത്തം പരാർശിച്ചുകൊണ്ട് ആ 12 പേരും ഇബ്‌റാഹീമീ മില്ലത്ത് മുറുകെ പിടിച്ചവരായിരുന്നെന്നും ഇബ്‌റാഹീമും ഇസ്മാഈലും ഇസ്ഹാഖും പുണർന്ന പാതയിൽ തങ്ങൾ നിലകൊള്ളുമെന്നും ഉറച്ച നിലപാട് സ്വീകരിക്കുന്നതായും കാണാം. (അൽ ബഖറ 133) ഇസ്മാഈലിന്റെ കാര്യത്തിൽ ജൂതന്മാർ വച്ചുപുലർത്തിയ നിലപാടായിരുന്നില്ല യഅ്ഖൂബിന്റെ മക്കളുടേത് എന്ന് സൂചിപ്പിക്കുകയായിരുന്നു അല്ലാഹു. യഅ്ഖൂബിന്റെ പിതാവായ ഇസ്ഹാഖിനെ പരാമർശിക്കുന്നതിമുമ്പ് ഇബ്‌റാഹീമിന് തൊട്ടുടനെ ഇസ്മായീലിനെ ചേർത്തുപറഞ്ഞ് അദ്ദേഹത്തോടുള്ള ആദരവ് പ്രഖ്യാപിക്കുകയായിരുന്നു അവർ.

സൂറത്തുൽ ബഖറയിലെ മറ്റൊരു പരാമർശം ഖിബ് ല മാറ്റവുമായി ബന്ധപ്പെട്ടതാണ്. 127ാമത്തെ സൂക്തത്തിൽ ഇബ്‌റാഹീമും ഇസ്മാഈലും ചേർന്ന് കഅ്ബക്ക് അസ്ഥിവാരമിട്ടത് സൂചിപ്പിക്കുമ്പോഴും ജൂതന്മാരുടെ കൂടി പ്രപിതാവ് ഇബ്‌റാഹീമും ഇസ്മാഈലുമായുള്ള പൊക്കിൾകൊടി ബന്ധത്തിന്റെ ദൃഢത ഖുർആൻ ഉറപ്പു വരുത്തുന്നുണ്ട്. ബനൂഇസ്‌റാഈൽ സമൂഹത്തിനുള്ള കൃത്യമായ മറ്റൊരു സൂചന കൂടി അത് ഉൾക്കൊള്ളുന്നുണ്ട്. ലോകനേതൃത്വം ഇസ്ഹാഖിന്റെ വംശപരമ്പരയിൽനിന്ന് ഇസ്മാഈലീ പരമ്പരയിലേക്ക് കൈമാറ്റം ചെയ്യപ്പെടാൻ പോകുന്നു എന്നതാണത്. അധികം വൈകാതെ തന്നെ ആ പ്രഖ്യാപനം വരികയും ചെയ്തു.

പ്രവാചകാ, നിന്റെ മുഖം മാനത്തേക്ക് ആവർത്തിച്ചുയരുന്നത് നാം കാണുന്നുണ്ട്. ശരി, നാം നിന്നെ നീ ഇഷ്ടപ്പെടുന്ന ഖിബ് ലയുടെ ദിക്കിലേക്ക് തിരിക്കുകയാണ്. അതിനാൽ, മസ്ജിദുൽഹറാമിന്റെ വശത്തേക്ക് മുഖം തിരിക്കുക. ഇനി നിങ്ങൾ എവിടെയായിരുന്നാലും ആ ഭാഗത്തേക്ക് മുഖം തിരിച്ച് നമസ്‌കരിക്കുക (അൽ ബഖറ 144). ഇത് വെറുമൊരു ദിശാമാറ്റം എന്നതിലപ്പുറം ലോകനേതൃത്വം കൈയേൽക്കുന്ന മുസ്ലിം സമൂഹത്തിന്റെ തലസ്ഥാനമായി മക്കയെ പ്രഖ്യാപിക്കലാണെന്ന് മനസ്സിലാക്കിയവരിൽ മുൻപന്തിയിലുണ്ടായിരുന്നു ബനൂഇസ്‌റാഈൽ.
‘നമസ്‌കാരത്തിൽ മുമ്പഭിമുഖീകരിച്ച ഖിബ് ലയിൽനിന്ന് അവരെ പെട്ടെന്നു തെറ്റിച്ചുകളഞ്ഞതെന്ത്? (അൽ ബഖറ 142) എന്ന ചോദ്യത്തിൽതന്നെ അവരുടെ അങ്കലാപ്പ് വ്യക്തമായിരുന്നു. ലോകത്ത് തങ്ങൾക്കുണ്ടായിരുന്ന പദവി എന്നെന്നേക്കുമായി നഷ്ടപ്പെടുകയാണന്ന് അവർ തിരിച്ചറിയുകയായിരുന്നു.

അടുത്തതാണ് ഈ ദിശയിലെ സുപ്രധാനമായ മറ്റൊരു പ്രഖ്യാപനം.
ഇവ്വിധം നാം നിങ്ങളെ (മുസ്ലിംകളെ) ഒരു മിതസമുദായമാക്കിയിരിക്കുന്നു (അൽ ബഖറ 143). നിങ്ങളെ ഏറെ ഉത്തരവാദിത്തങ്ങളുള്ള മറ്റൊരു സമുദായമാക്കിയിരിക്കുന്നുവെന്നർത്ഥം. തൊട്ടുടനെ തന്നെ അവർക്കുള്ള ഉത്തരവാദിത്തവും അല്ലാഹു നിർണ്ണയിച്ചുകൊടുക്കുന്നു.
നിങ്ങൾ ലോക ജനങ്ങൾക്ക് സാക്ഷികളാകുന്നതിനു (Role Model) വേണ്ടി; ദൈവദൂതൻ നിങ്ങൾക്ക് സാക്ഷിയാകാൻ വേണ്ടിയും. അതായത്, നേരത്തെ ബനൂ ഇസ്‌റായീൽ സമൂഹത്തിന് നിർണയിച്ചുകൊടുത്തതും പൂർത്തീകരിക്കുന്നതിൽ അവർ വീഴ്ച വരുത്തുകയും ചെയ്തിട്ടുള്ള ലോകജനതയുടെ സന്മാർഗ്ഗത്തിന്റെ ഉത്തരവാദിത്തം ഇനി മുതൽ നിങ്ങളുടെ ചുമതലയായിരിക്കും എന്ന കല്പന ഈ സൂക്തത്തിലൂടെ അല്ലാഹു പൂർത്തീകരിച്ചുനൽകുന്നു.

ഒരു ജനസമൂഹം (Nation) എന്ന നിലയിൽ ഇപ്പോൾ ഈ സമൂഹത്തിന് ഒരു നേതാവുണ്ട്, ഒരു തലസ്ഥാനമുണ്ട്, തെരഞ്ഞെടുക്കപ്പെട്ട സമൂഹമെന്ന വിശേഷണമുണ്ട്, നിർവഹിക്കേണ്ട ഭാരമേറിയ ഒരു ഉത്തരവാദിത്തമുണ്ട്. ഇനിയാവശ്യം ഒരു ഭരണഘടനയാണ്. തങ്ങളേൽപിക്കപ്പെട്ട ഉത്തരവാദിത്ത നിർവഹണത്തിന്റെ മാർഗ്ഗം നിർദേശിക്കുന്ന, അതിനുള്ള പ്രമാണങ്ങൾ ഉൾക്കൊള്ളുന്ന, മിഥ്യയെയും തഥ്യയെയും വേർതിരിച്ച് മനസ്സിലാക്കാൻ സഹായകമാകുന്ന ഒരു ഭരണഘടന. ആ ഭരണഘടനയുടെ പ്രഖ്യാപനമാണ് വിശുദ്ധ റമദാനിൽ സംഭവിച്ചത്. റമദാൻ എന്ന പദം ഉപയോഗിച്ച ഒരേയൊരു സ്ഥലത്ത് നോമ്പിനെ പരാമർശിക്കുന്നതിനുമുമ്പ് ഈ ഭരണഘടനയായ ഖുർആനെയും അതിന്റെ സവിശേഷതയെയും ഖുർആൻ എടുത്തുകാട്ടുന്നു. അതായത് ഇസ്ലാമിക സമൂഹം ഭരണഘടന അംഗീകരിക്കപ്പെട്ട് ഉദ്ഘാടനം ചെയ്യപ്പെട്ട മാസമാണ് റമദാൻ എന്നർത്ഥം.

ഭരണഘടന അംഗീകരിക്കപ്പെട്ട ഏതൊരു രാഷ്ട്രത്തിനും പിന്നീടുള്ള വർഷങ്ങളിൽ ആ ദിനം ആഘോഷത്തിന്റെയും പുനരർപ്പണത്തിന്റെയും ദിനമാണ്. ഇന്ത്യ ജനുവരി 26 റിപ്പബ്ലിക് ദിനമാഘോഷിക്കുന്നതുപോലെ, അമേരിക്ക ജൂലൈ നാല് സ്വാതന്ത്ര്യദിനമാചരിക്കുന്നതുപോലെ ഇസ്ലാമിക സമൂഹത്തിന്റെ ഭരണഘടനാ ആഘോഷകാലമാണ് വിശുദ്ധ റമദാൻ. സർവ്വ ലോകത്തിനും റോൾ മോഡലാവുകയെന്ന സർവ പ്രവാചകൻമാരും ഏൽപിക്കപ്പെട്ട ഭാരിച്ച ഉത്തരവാദിത്തത്തിനായി പുനരർപ്പണം ചെയ്യേണ്ട നാളുകൾ. ആ ഉത്തരവാദിത്തം പൂർത്തീകരിക്കുന്നതിൽ വന്നുപെടാവുന്ന ദൗർബല്യങ്ങളെ തിരിച്ചറിഞ്ഞ് ചികിൽസിക്കേണ്ട നാളുകൾ. ഉത്തരവാദിത്ത നിർവഹണത്തിൽ വന്നുപോയിട്ടുണ്ടാകാവുന്ന വീഴ്ചകളെ ഓർത്തെടുത്ത് പരിഹാരം തേടേണ്ട നാളുകൾ. വരും നാളുകളിൽ മനുഷ്യൻ ഇടപെടുന്ന സർവ തലങ്ങളിലും റോൾ മോഡലായി പ്രവർത്തിക്കാമെന്ന പ്രതിജ്ഞ പുതുക്കേണ്ട നാളുകൾ. വിശ്വാസി എന്തിന് നോമ്പെടുക്കണം എന്നതിന്റെ ഉത്തരം പ്രവാചകൻ ഏല്പിച്ചുപോയ ഉത്തരവാദിതത്തെ നിർവഹിക്കാനുള്ള കരുത്ത് നേടുന്നതിനുവേണ്ടി എന്നതാണ്.

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CONOJlYnC05Kslg9NygjM1

Related Articles