Current Date

Search
Close this search box.
Search
Close this search box.

ശിരോവസ്ത്രം പുതിയ സംസ്കാരമോ ?

ശിരോവസ്ത്രം എന്ന പുത്തൻ സംസ്കാരം ഒഴിവാക്കിയാൽ ഈ പ്രശ്ങ്ങൾ അവസാനിക്കില്ലേ? ഈ തല മറക്കുന്ന വസ്ത്രരീതി ഈ അടുത്ത കാലത്ത് ഉണ്ടായതല്ലേ?

അല്ല, തല മറക്കുന്ന വസ്ത്രരീതി നൂറ്റാണ്ടുകൾക്ക് മുമ്പേ ഉള്ളതാണ്. ഹൈന്ദവ ഗ്രന്ഥങ്ങളിലും ബൈബിളിലും ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ കാണാം ” സ്ത്രീ ശിരോ വസ്ത്രം ഉപയോഗിക്കുന്നില്ലെങ്കിൽ മുടി മുറിച്ചു കളയട്ടെ , മുടി മുറിച്ച്‌ കളയുന്നതും തല ക്ഷൗരം ചെയ്യുന്നതും അവൾക്ക്‌ ലജ്ജയാണെങ്കിൽ അവൾ ശിരോവസ്ത്രം ധരിക്കട്ടെ ” (1 കൊരിന്ത്യർ 11:6)

പുറത്തിറങ്ങുമ്പോൾ സ്ത്രീകൾ മുഖവും മുൻകൈയും ഒഴികെയുള്ള ഭാഗങ്ങൾ മറക്കണമെന്ന് ഇസ്‌ലാം കൽപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ വിശുദ്ധ ഖുർആനിലും മുഹമ്മദ് നബി തിരുമേനിയുടെ അധ്യാപനങ്ങളിലും കാണാം ( വിശുദ്ധ ഖുർആൻ 24 : 31 ഉം 33 :59 ഉം നോക്കുക)

കഴിഞ്ഞ പതിനാല് നൂറ്റാണ്ടുകളായി മുസ്‌ലിം സ്ത്രീകൾ തല മറച്ചു കൊണ്ടുതന്നെയാണ് ജീവിക്കുന്നത്. ഇതിപ്പോൾ പുതിയതായി ഉണ്ടായി വന്ന ഒരു കാര്യമല്ല എന്നർത്ഥം.

ഉത്തരേന്ത്യയിലും നല്ലൊരു വിഭാഗം ഹൈന്ദവ സ്ത്രീകൾ പണ്ട് മുതലേ തല മറക്കാറുണ്ട്. നരേന്ദ്ര മോദിയുടെ മാതാവ് വരെ തല മറച്ചു നിൽക്കുന്ന ചിത്രങ്ങൾ നാം ധാരാളം കണ്ടിട്ടുണ്ട്.

മതബോധമുള്ള മുസ്‌ലിം സ്ത്രീകൾ എക്കാലത്തും തലമറച്ചു കൊണ്ടുതന്നെയാണ് പുറത്തിറങ്ങിയിരുന്നത്
ഒരു പക്ഷേ കാമ്പസുകളിൽ ഇത് പുതിയതാണ് എന്ന് തോന്നുന്നതാകാം. അതിന് കാരണം വേറെയാണ്. മുസ്‌ലിം പെൺകുട്ടികൾ ധാരാളമായി കാമ്പസുകൾ എത്താൻ തുടങ്ങിയത് ഈ അടുത്ത കാലത്താണ്. അതിലുള്ള അരിശവും വെറുപ്പും ഈ ശിരോവസ്ത്ര വിരോധത്തിൽ നിഴലിച്ചു കാണാം. ശിരോവസ്ത്രം മുസ്‌ലിം പെൺകുട്ടികളെ വിദ്യാഭ്യാസപരമായി പിറകോട്ട് കൊണ്ടുപോവാനുള്ള ശ്രമത്തിന്റെ ഭാഗമാണ് എന്നാണ് ആരിഫ് മുഹമ്മദ് ഖാനെപ്പോലെയുള്ള ആളുകൾ പറയുന്നത്. ശിരോവസ്ത്രമല്ല ശിരോവസ്ത്ര നിരോധമാണ് മുസ്‌ലിം പെൺകുട്ടികളെ വിദ്യാഭ്യാസപരമായി പിന്നോട്ടടിപ്പിക്കുക എന്ന് ആരിഫ് മുഹമ്മദ് ഖാന് അറിയാഞ്ഞിട്ടല്ല. കടുത്ത ശരീഅത്ത് വിരോധിയായ അദ്ദേഹം മനപ്പൂർവം ബിജെപിക്ക് കുട പിടിച്ചു കൊടുക്കുകയാണ്.

എന്നാൽ കേരളത്തിൽ വലിയൊരു വിഭാഗം സ്ത്രീകൾക്ക് മാറു മറക്കാൻ അനുവാദം കിട്ടിയിട്ട് ഒന്ന് രണ്ടു നൂറ്റാണ്ടിലധികമായിട്ടില്ല എന്നത് സത്യമാണ്. ഉയർന്ന ജാതിക്കാരല്ലാത്ത സ്ത്രീകൾക്ക് തല പോയിട്ട് മാറു മറക്കാൻ പോലും അനുവാദമുണ്ടായിരുന്നില്ല. മാറു മറക്കാൻ വേണ്ടി അവർ ക്രിസ്തുമതത്തിലേക്കോ ഇസ്‌ലാം മതത്തിലേക്കോ മാറുകയായിരുന്നു പതിവ്. ടിപ്പു സുൽത്താന്റെ മലബാർ പടയോട്ടം ഇതിന് വലിയ മാറ്റം വരുത്തി. മാറു മറക്കാൻ വേണ്ടി നാടാർ സ്ത്രീകൾ നടത്തിയ ചാന്നാർ ലഹള നടന്നത് പത്തൊമ്പതാം നൂറ്റാണ്ടിലാണ്. എന്ന് വെച്ചാൽ കേരളത്തിലെ വലിയൊരു വിഭാഗം സ്ത്രീകൾ മാറുമറയ്ക്കാൻ തുടങ്ങിയത് പത്തൊമ്പതാം നൂറ്റാണ്ടിന് ശേഷമാണ് എന്നർത്ഥം. ഇനി ‘ഈ മാറുമറക്കൽ കേരളത്തിന് പരിചയമില്ലാത്ത പുത്തൻ ശീലമാണ് അത് നിർത്തലാക്കണം’ എന്നും പറഞ്ഞു വരുമോ ആവോ ഈ പുരോഗമന വാദികൾ!

Related Articles