Current Date

Search
Close this search box.
Search
Close this search box.

മധ്യേഷ്യയില്‍ ആര്‍ക്കാണ് ആധിപത്യം ?

മധ്യേഷ്യയില്‍ ആര്‍ക്കാണ് ആധിപത്യം എന്നതിലേക്കാണ് ഖഷോഗി കൊലപാതകത്തിന്റെ ഗതി മാറി പോകുന്നത്. തുര്‍ക്കി പ്രസിഡന്റും സഊദി രാജകുമാരനും ചെവ്വാഴ്ച നടത്തിയ പ്രഖ്യാപനങ്ങള്‍ അതിലേക്കു വെളിച്ചം വീശുന്നു എന്നതാണ് വിദേശ മാധ്യമ ലോകം വിലയിരുത്തുന്നത്. ഖശോഗിയുടെ കൊലയുമായി ബന്ധപ്പെട്ട് മുന്‍കൂട്ടി തയ്യാറാക്കിയ ക്രൂരമായ കൊലപാതകം എന്നാണു ഉര്‍ദുഗാന്‍ തുര്‍ക്കി പാര്‍ലമെന്റില്‍ പ്രതികരിച്ചത്. അതെസമയം റിയാദില്‍ എണ്ണ കയറ്റുമതിക്കാരുമായി ഒരു യോഗത്തിലായിരുന്നു സഊദി രാജകുമാരന്‍. ‘കുറെ ആളുകളും സ്ഥാപനങ്ങളും പിന്മാറിയിട്ടും പരിപാടി വന്‍ വിജയമായിരുന്നു. കൂടുതല്‍ പണം കൂടുതല്‍ അവസരങ്ങള്‍’ എന്നാണ് രാജകുമാരന്‍ പറഞ്ഞത്. അമേരിക്കയോട് അടുത്ത് നില്‍ക്കുന്ന ഇരു രാഷ്ട്രങ്ങളിലെയും കാര്യത്തില്‍ അമേരിക്ക എന്ത് നിലപാട് സ്വീകരിക്കുന്നു എന്നതും ലോകം ഉറ്റു നോക്കുന്നു.

ലോക രാജ്യങ്ങളുടെ ശക്തമായ ഇടപെടല്‍ ഈ വിഷയത്തില്‍ ഉണ്ടാവണമെന്ന് തുര്‍ക്കി ആവശ്യപ്പെടുന്നു. നേര്‍ക്ക് നേരെ പറയുന്നില്ലെങ്കിലും അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനെ തന്നെയാണ് തുര്‍ക്കി ഉന്നം വെക്കുന്നത്. സല്‍മാന്‍ രാജാവ് ഈ വിഷയത്തില്‍ നിരപരാധിയാണ് എന്ന് കൂടി ഉര്‍ദുഗാന്‍ പറയുന്നു. മധ്യേഷ്യയില്‍ പരിഷ്‌കരണത്തിന്റെ അപ്പോസ്തലനായി ലോകം മുഹമ്മദിനെ കണക്കാക്കുമ്പോള്‍ അതിനെ തടയിടുക എന്നത് കൂടി ഈ പ്രഖ്യാപനം കൊണ്ട് തുര്‍ക്കി ഉദ്ദേശിക്കുന്നു. അതെ സമയം തുര്‍ക്കിയുടെ ആരോപണങ്ങള്‍ മറ്റൊരു രീതിയിലാണ് സഊദി നേരിട്ടത്. രാജ്യത്തിന്റെ സമ്പത്ത് ശക്തമാണെന്നും അത് ലോകത്തിന്റെ മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ നാടിനു പര്യാപ്തമാണെന്നും മുഹമ്മദ് പറയുന്നു. ഉച്ചക്ക് ശേഷം നടന്ന എണ്ണ കയറ്റുമതിക്കാരുടെ യോഗത്തില്‍ അധിക കസേരകളും ഒഴിഞ്ഞു കിടന്നിരുന്നു എന്നും പറയപ്പെടുന്നു.

അതെ സമയം റഷ്യ മുഹമ്മദിനെ പൂര്‍ണമായി പിന്തുണക്കുന്ന നിലപാട് സ്വീകരിക്കുന്നു. മധ്യേഷയിലെ ഏറ്റവും ശക്തനായ ഭരണാധികാരി എന്നാണു സമ്മേളത്തിനു വന്ന റഷ്യന്‍ സ്ഥാനപതി അദ്ദേഹത്തെ വിശേഷിപ്പിച്ചത്. അതെ സമയം ഗാഷോഖിയുടെ കുടുംബത്തെ സൗദി ഭരണകൂടം മരണത്തില്‍ അനുശോചനം അറിയിച്ചു. ഒരു നനഞ്ഞ കൈകൊടുപ്പ് എന്നാണ് ഗഷോഖിയുടെ മകനെ രാജകുമാരന്‍ കണ്ടതുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മധ്യേഷ്യന്‍ രാഷ്ട്രീയത്തില്‍ ആര്‍ക്കാണ് കൂടുതല്‍ കരുത്തും സ്വാധീനവും എന്നിടത്തേക്കാണ് ചര്‍ച്ചകള്‍ നീണ്ടു പോകുന്നത്. ട്രംപ് ഭരണകൂടം ഈ വിഷയത്തില്‍ സഊദിയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ സാധ്യതയില്ല. ഇറാന്‍ ഒരു വിഷയമായി അവര്‍ പറയുന്ന കാലത്തോളം അതിനുള്ള സാധ്യത കുറവാണ് എന്നാണ് നിരീക്ഷകര്‍ കരുതുന്നതും. മുഹമ്മദിന്റെ അധികാരം സഊദിയില്‍ നാള്‍ക്കുനാള്‍ കൂടുതല്‍ ശക്തമായി വരുന്നു. മൂന്നു പേരെ ഉദ്ദേശിച്ചാണ് ഉര്‍ദുഗാന്‍ സംസാരിച്ചത് എന്നാണു മാധ്യമ ലോകം പറയുന്നത്. മുഹമ്മദിനെ കുറ്റപ്പെടുത്തുന്നതിന്റെ കൂടെ തന്നെ ട്രംപിനെയും സല്‍മാന്‍ രാജാവിനെയും പുകഴ്ത്താനും അദ്ദേഹം മറന്നില്ല. കലുഷിതമായ മധ്യേഷ്യന്‍ രാഷ്ട്രീയം കൂടുതല്‍ കലുഷിതമാകുന്നത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. പ്രദേശത്തെ രണ്ടു ശക്തികള്‍ നേര്‍ക്ക് നേരെ വരുമ്പോള്‍ അതുണ്ടാക്കുന്ന ഭവിഷ്യത്തുകള്‍ മാരകമാവും. എന്ത് വിലകൊടുത്തും കൊലപാതകത്തിന്റെ ചുരുള്‍ അഴിക്കണം എന്ന തുര്‍ക്കിയുടെ നിര്‍ബന്ധ ബുദ്ധി ഒരു രാഷ്ട്രീയ കാര്യം കൂടിയാണ് എന്ന് പടിഞ്ഞാറന്‍ ലോകം വിലയിരുത്തുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിദേശ ചാനലുകള്‍ ഖശോഗി വിഷയത്തില്‍ വലിയ പ്രാധാന്യം നല്‍കുന്നു. സഊദിയെ തന്നെയാണ് അവരൊക്കെ ഉന്നം വെക്കുന്നതും. കൊല നടത്താന്‍ പ്രത്യേകമായി ഡോക്ടറെ പോലും കൊണ്ട് വന്നു എന്നതാണ് ആരോപണം. കൊലയുടെ ശേഷം ചര്‍ച്ചയുടെ മര്‍മം ആര്‍ക്കാണ് കൂടുതല്‍ സ്വാധീനം എന്നിടത്തേക്കാണ് പോകുന്നത്.

Related Articles