Current Date

Search
Close this search box.
Search
Close this search box.

ഘര്‍വാപ്പസി വീണ്ടും തല പൊക്കുമ്പോള്‍

ഘര്‍വാപ്പസി ഒരു തുടര്‍ക്കഥയാണ്. അതിനു സവര്‍ക്കര്‍ കാലത്തോളം പഴക്കമുണ്ട്. ബ്രിട്ടീഷ് ഇന്ത്യയില്‍ ഹിന്ദു മതത്തില്‍ നിന്നും പുറത്തു പോയ ചില ബ്രാഹ്മണരെ പരസ്യമായി തന്നെ തിരിച്ചു കൊണ്ടുവന്ന ചരിത്രം നാം വായിക്കുന്നുണ്ട്. ഇപ്പോള്‍ അതിന്റെ ശൈലി മാറി എന്ന് മാത്രം. മതം, വിശ്വാസം,രാഷ്ട്രീയം എന്നതൊക്കെ വ്യക്തിയുടെ സ്വകാര്യതയാണ്. അതില്‍ ഇടപെടാന്‍ ഭരണകൂടത്തിനും നിയമ വ്യവസ്ഥക്കും അവകാശമില്ല എന്നാണു ഭരണഘടന പറയുന്നത്. അതെ സമയം നമ്മുടെ പ്രബുദ്ധ കേരളത്തില്‍ എല്ലാ നിയമങ്ങളെയും വെല്ലുവിളിച്ചു കൊണ്ട് ഘര്‍വാപ്പസി കേന്ദ്രങ്ങള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നു. അതും ഒരിക്കല്‍ നിയമത്തിന്റെ മുന്നില്‍ കുറ്റക്കാരായവര്‍ പുതിയ പേരിലും വിലാസത്തിലും പഴയ പണി തന്നെ ചെയ്യുമ്പോള്‍ അവിടെ നിയമവും ഭരണകൂടവും മൗനികളാവുന്നു.

സംഘ പരിവാറിന് കേരളത്തില്‍ അധികാരമില്ലെങ്കിലും അവരുടെ ഒരു ഇടപെടലിനും സംസ്ഥാനത്ത് കുറവില്ല. നമ്മുടെ ഭരണ ഘടന സ്ഥാപനങ്ങള്‍ പലപ്പോഴും അവര്‍ക്കു പാതയൊരുക്കി നല്‍കുന്നു എന്നതാണ് ശരി. തൃപ്പൂണിത്തറയില്‍ നിന്നും ഒരിക്കല്‍ പൂട്ടിയ സ്ഥാപനത്തിന് കേവലം പേരും അഡ്രസ്സും മാറ്റി അതെ പ്രവര്‍ത്തനം മറ്റൊരിടത്തു തുടരാന്‍ കഴിയുന്നു എന്ന് വന്നാല്‍ നമ്മുടെ സംവിധാനങ്ങള്‍ എത്രമാത്രം നിര്‍ദോഷമാണ് എന്ന് പറയേണ്ടി വരും. ഹിന്ദു മതത്തില്‍ നിന്നും മാറിപ്പോകുന്നവരെ തിരിച്ചു കൊണ്ട് വരാന്‍ അവര്‍ക്ക് അവകാശമുണ്ട്. ഒരു വിശ്വാസത്തില്‍ നിന്നും ഒരാള്‍ പോകുമ്പോള്‍ മറ്റുള്ളവര്‍ക്ക് അതൊരു വേദനയുടെ കഥയാണ്. അതിനു തീര്‍ത്തും ജനാധിപത്യപരമായ രീതികള്‍ തന്നെ ധാരാളം. അതെ സമയം അവരെ പീഡനത്തിന് വിധേയമാക്കി തിരിച്ചു കൊണ്ട് വരിക എന്നതു തീര്‍ത്തും ജനാധിപത്യ വിരുദ്ധവും.

പലപ്പോഴും ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ദുരൂഹമാവും. ഇത് മാത്രമല്ല പല ആത്മീയ കേന്ദ്രങ്ങളും ഇതുപോലെ തട്ടിപ്പും ദുരൂഹതയും നിറഞ്ഞതു തന്നെയാകും. സംഗതി മതത്തിന്റെ പേരിലാകുമ്പോള്‍ സുരക്ഷിതമായി മാറുന്നു. മതം,വിശ്വാസം എന്നിവയുടെ പേരിലായാല്‍ നമ്മുടെ സംവിധാനങ്ങള്‍ക്ക് അവിടേക്കു കടന്ന് ചെല്ലാന്‍ കഴിയില്ല. മാതാ അമൃതാനന്ദ മഠത്തില്‍ നിന്നും കേട്ട കുറെ ദുരന്തങ്ങള്‍ ഇപ്പോള്‍ വാര്‍ത്ത പോലുമല്ല. സമൂഹത്തിലെ ഗുണ്ടാ മാഫിയ സംഘങ്ങള്‍ സുരക്ഷിതയിടം കണ്ടെത്തുന്നത് ഇത്തരം വേദികളിലാണ്. മത വിശ്വാസങ്ങളെ പരസ്യമായി തള്ളിപ്പറയുന്ന കാര്യത്തില്‍ കേരളത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ജനപ്രതിനിധിയുടെ മണ്ഡലത്തില്‍ തന്നെ പഴയ ഘര്‍വാപ്പസി കേന്ദ്രം പുതിയ പേരില്‍ വീണ്ടും തുടങ്ങാന്‍ കഴിയുന്നു എന്നത് തന്നെ ഒരു അത്ഭുതമാണ്. ചൂരനാട് ഘര്‍വാപ്പസി കേന്ദ്രത്തില്‍ നിന്നും ഇന്നലെ ഒരു പെണ്‍കുട്ടി രക്ഷപ്പെട്ട വിവരം നമ്മുടെ കേരളത്തില്‍ വേണ്ടത്ര വാര്‍ത്ത ആയിട്ടില്ല.

ഒരു പുരോഗമന രാഷ്ട്രീയ പാര്‍ട്ടികളും പ്രതികരണവുമായി രംഗത്തു വന്നില്ല. വിഷയത്തിന്റെ മതവും ഒരു കാരണമായി മനസ്സിലാക്കണം. പഴയ കേന്ദ്രത്തിനെതിരെ കേസും അന്വേഷണവും നടന്നു കൊണ്ടിരിക്കെ തന്നെ പുതിയ കേന്ദ്രവുമായി അവര്‍ തന്നെ രംഗത്തു വന്നത് ഒരു കാര്യം സൂചിപ്പിക്കുന്നു. കേരളത്തിലെ മണ്ണ് എന്ത് തട്ടിപ്പിനും പാകപ്പെട്ടിരിക്കുന്നു. അല്ലെങ്കില്‍ നമ്മുടെ നാട്ടിലെ വ്യവസ്ഥകള്‍ ചില ഭാഗത്തേക്ക് മാത്രം ചെരിയുന്നു. കേരളം ഇടതു പക്ഷം ഭരിക്കുന്ന സമയത്തു ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് വല്ലാത്ത ഭീതി ഉണ്ടാക്കുന്നു. പലപ്പോഴും ചിഹ്നങ്ങള്‍ നോക്കിയാണ് കാര്യങ്ങളെ വിലയിരുത്തുന്നത്. ചിലരുടെ കാര്യത്തില്‍ എന്തിനും അന്താരാഷ്ട്ര മാനവും മറ്റു ചിലരുടെ കാര്യത്തില്‍ പെറ്റി കേസ് പോലുമില്ലാത്ത അവസ്ഥയും നാം കണ്ടു വരുന്നു. ഘര്‍വാപ്പസി കേന്ദ്രം തുറന്നു പ്രവര്‍ത്തിച്ചു എന്നതിനേക്കാള്‍ അതിനെ കുറിച്ച് നമ്മുടെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് വേണ്ടത്ര അറിവില്ല എന്ന കാര്യമാണ് നമ്മെ കൂടുതല്‍ ആകുലപ്പെടുത്തേണ്ടത്.

Related Articles