Current Date

Search
Close this search box.
Search
Close this search box.

മരിക്കുന്നതിന് മുമ്പ് തന്നെ മരണപ്പെട്ട സോഷ്യലിസ്റ്റ്

സോഷ്യലിസ്റ്റ് ചേരിയില്‍ നിന്നും വലതു പക്ഷ ചേരിയിലെത്തിയ ഏക വ്യക്തിയല്ല ജോര്‍ജ് ഫെര്‍ണാണ്ടസ്. അടിയന്തിരാവസ്ഥ കാലത്തു കയ്യില്‍ വിലങ്ങു അണിഞ്ഞു നില്‍ക്കുന്ന ജോര്‍ജിന്റെ ചിത്രം ഒരാവേശമായിരുന്നു. അധികാരം അദ്ദേഹത്തെയും മത്തു പിടിപ്പിച്ചു. ഒരിക്കല്‍ സമരത്തിന്റെ മുഖമായിരുന്ന ജോര്‍ജ് അവസാനം അറിയപ്പെട്ടത് ശവപ്പെട്ടി കുംഭകോണത്തിലും. ചുരുക്കത്തില്‍ ഒരു കാലത്തു ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ജ്വലിക്കുന്ന താരം അവസാന നാളുകളില്‍ ചെന്ന് വീണത് അഴിമതിയുടെ ചെളിക്കുണ്ടില്‍.

ആദര്‍ശപരമായി സംഘ പരിവാറും സോഷ്യലിസവും ഒന്നിച്ചു വരില്ല. സമൂഹത്തിന്റെ എല്ലാ തരം ഉച്ചനീചത്വങ്ങളും മാറണം എന്നതാണ് സോഷ്യലിസ്റ്റ് ചിന്തയുടെ അടിസ്ഥാനം. സമൂഹത്തെ ഉച്ചനീചത്വങ്ങളില്‍ തളച്ചിടണം എന്നതാണ് സംഘ് പരിവാര്‍ നിലപാട്. ഫെര്‍ണാണ്ടസ് എന്ന വിപ്ലവകാരിയുടെ മാറ്റം അത്ഭുതത്തോടെ മാത്രമേ നമുക്കു കാണാന്‍ കഴിയൂ. രാഷ്ട്രീയ പാര്‍ട്ടികള്‍ കൊടിയുടെ നിറത്തില്‍ മാത്രമല്ല വ്യത്യസ്തരാകുന്നത് എന്നാണു നാം മനസ്സിലാക്കിയത്. ആ നിറ വ്യത്യാസം മറ്റു ചില അടിസ്ഥാനങ്ങളുടെ കൂടി ഭാഗമാണ്. ഇന്ദിരാ ഗാന്ധിയുടെ അടിയന്തിരാവസ്ഥയെ ശക്തമായ നിലയില്‍ എതിര്‍ത്തവരില്‍ ജോര്‍ജും സ്ഥാനം പിടിച്ചിരുന്നു.

ശേഷം സോഷ്യലിസ്റ്റ് ചേരിയുടെ രൂപമായി വന്നതാണ് ജനതാദള്‍. വളര്‍ച്ചയും പിളര്‍പ്പും അതില്‍ നിത്യ സംഭവമായി തീര്‍ന്നു. ഫെര്‍ണാണ്ടസ് സമതാ പാര്‍ട്ടി രൂപീകരിച്ചു. പിന്നീട് അദ്ദേഹത്തെയും പാര്‍ട്ടിയെയും കണ്ടത് സംഘ് പരിവാര്‍ ആലയത്തില്‍. അക്കാലത്താണ് കാര്‍ഗില്‍ യുദ്ധവും അനുബന്ധ കുംഭകോണവും നടന്നത്. എന്തൊക്കെയാണെങ്കിലും അന്ന് സംഘ് പരിവാറിനോട് ഒരു തൊട്ടുകൂടായ്മ ഇന്ത്യന്‍ രാഷ്ട്രീയം കാണിച്ചിരുന്നു. ആ അകലം കുറയ്ക്കുന്നതില്‍ ഫെര്‍ണാണ്ടസ് പോലുള്ളര്‍ നല്‍കിയ സംഭാവന വലുതാണ്. കേവലം ഒരു സഖ്യകക്ഷി എന്നതിലപ്പുറം എന്‍ ഡി എ കണ്‍വീനര്‍ എന്ന സ്ഥാനം വരെ അദ്ദേഹം വഹിച്ചിരുന്നു.

കരുത്തുറ്റ സോഷ്യലിസ്റ്റ് എന്നിടത്തു നിന്നും നിലപാടില്ലാത്ത കാലുമാറ്റക്കാരന്‍ എന്ന പേരിലാണ് അദ്ദേഹം പൊതു രംഗത്തു നിന്നും പോകുന്നത്. പാര്‍ട്ടികള്‍ തമ്മിലുള്ള സൈദ്ധാന്തിക അകലം കുറയുകയും അധികാരവും പദവികളും മാത്രം വലുതായി തീരുകയും ചെയ്താല്‍ ജോര്‍ജ് ഫെര്‍ണാണ്ടസുമാര്‍ ജനിക്കും. ആദര്‍ശ രാഷ്ട്രീയത്തെ വര്‍ഗീയമാക്കുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് ചരിത്രം ചര്‍ച്ച ചെയ്യും. വ്യത്യസ്ത വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന സമയത്തു ഇന്ത്യയുടെ വികസന കുതിപ്പില്‍ ശക്തമായ നിലപാടെടുത്ത മന്ത്രിയാണ് ജോര്‍ജ്, അതിലപ്പുറം മരിക്കുന്നതിന് മുമ്പ് തന്നെ മരണപ്പെട്ടു പോയ ഒരു സോഷ്യലിസ്റ്റ് എന്നതാകും കാലം കരുതിവെച്ച നാമം എന്ന് പറയാനാണ് നമുക്ക് താല്പര്യം.

Related Articles