Your Voice

ഞാന്‍ മാറണം, അല്ലെങ്കില്‍…

മൂന്നു പതിറ്റാണ്ട് പല തവണ വിമാനം കയറിയിട്ടും ഇബ്രാഹിംക്കാക്ക് മധുരമുള്ള ചായ കുടിക്കാന്‍ കഴിഞ്ഞില്ല. വിമാനത്തിലെ ചായ മധുരമില്ലാത്തതാകും എന്ന് ഇബ്രാഹിംക്ക കരുതി കാണണം. അവസാനം മരുഭൂമിയില്‍ നിന്നും മടങ്ങി പോകുമ്പോള്‍ ഈ മധുരത്തെ കുറിച്ച് ചോദിക്കണം എന്ന് തന്നെ ഇബ്രാഹിംക്ക ഉറപ്പിച്ചു. മനസ്സില്ലാ മനസ്സോടെ ചോദിച്ചപ്പോഴാണ് തന്റെ മുന്നിലുള്ള വെള്ള കവറില്‍ ഉണ്ടായിരുന്നത് പഞ്ചസാരയാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞത്. പക്ഷെ അത് അവസാനത്തെ യാത്ര ആയത് കൊണ്ട് പിന്നീട് ആ അറിവ് കൊണ്ട് ഇബ്രാഹിംക്കാക്ക് കാര്യമായ ഗുണവും ഉണ്ടായിരിക്കാന്‍ ഇടയില്ല. വാസ്തവത്തില്‍ നാമും അങ്ങിനെയൊക്കെ തന്നെയല്ലേ. ജീവിതത്തിന്റെ മധുരം തൊട്ടടുത്ത് ഉണ്ടായിട്ടും അത് കണ്ടെത്താന്‍ കഴിയുന്നവര്‍ എത്രപേര്‍.

കുടുബം മനോഹരമാണ് എന്നത് പലര്‍ക്കും ഒരു അറിവ് മാത്രമാണ്. കുടുംബത്തിലെ ഇമ്പം കണ്ടെത്താനുള്ള വഴികള്‍ സദസ്സ് സാകൂതം കേട്ടിരുന്നു. ഒപ്പം യാത്ര ചെയ്യുന്ന യാത്രക്കാരനെ പരിചയപ്പെടാതെ യാത്ര സുഖകരമാകില്ല എന്ന് നമുക്കറിയാം. അതെ സമയം ജീവിതകാലം മുഴുവന്‍ ഒപ്പം യാത്ര ചെയ്യേണ്ട ആളെ അറിയാതെയാണ് പലരും യാത്ര ചെയ്തു കൊണ്ടിരിക്കുന്നത് എന്ന അറിവ് പോലും പലര്‍ക്കും ഇല്ല എന്നതാണ് ശരി. നല്ല വ്യക്തി കുടുംബം സമൂഹം രാഷ്ട്രം ലോകം എന്ന ക്രമത്തിലെ ഉന്നതവും പ്രഥമവുമായ ഒന്നാണ് വിവാഹം എന്ന കടമ്പ. നിങ്ങള്‍ എന്തിനു കല്യാണം കഴിച്ചു എന്ന ചോദ്യത്തിന് ആദ്യം എനിക്കു മറുപടി കിട്ടിയില്ല. വിഷയം ‘വിവാഹം പ്രതീക്ഷയും വസ്തുതയും’ എന്ന തലക്കെട്ടില്‍ ആയിരുന്നു. സമാധാനം ലഭിക്കാന്‍ എന്ന് പറഞ്ഞത് അല്ലാഹുവാണ്. അപ്പോള്‍ നാം അതില്‍ സംശയം കരുതിയിട്ടു കാര്യമില്ല. അതെ സമയം നമുക്ക് സമാധാനം ലഭിക്കുന്നില്ല എന്നുള്ളത് നമ്മുടെ മാത്രം പ്രശ്‌നമാണ്. സ്ത്രീയും പുരുഷനും പരസ്പരം തമ്മിലടിച്ചു തകരേണ്ട വൈരുധ്യങ്ങളല്ല പകരം ഒന്നായി ചേരേണ്ട വൈവിധ്യങ്ങളാകുന്നു എന്ന തിരിച്ചറിവ് നമുക്ക് എവിടെയോ നഷ്ടമായി തീര്‍ന്നു. മനുഷ്യനും മനുഷ്യനും തമ്മില്‍ ദൈവത്തിന്റെ പേരില്‍ നടത്തുന്ന ഉടമ്പടിയെ ഇസ്ലാം കല്യാണം എന്ന് വിളിക്കുന്നു. ഇസ്ലാമില്‍ വിവാഹത്തോളം എളുപ്പമായ ഒന്നില്ല. പക്ഷെ ഇന്ന് പ്രാവര്‍ത്തിക രംഗത്ത് നമുക്ക് വിവാഹത്തോളം ബുദ്ധിമുട്ടുള്ള ഒന്നുമില്ല എന്നതാണ് ശരി. ഇന്ന് ഇരു കുടുംബത്തിന്റെയും ബൗദ്ധിക വിഭവങ്ങളുടെ സന്തുലിതാവസ്ഥ എന്ന് നമ്മുടെ ലോകം വിവാഹത്തെ വിശദീകരിക്കുന്നു.

തന്റെ ഇണയുടെ എല്ലാ കാര്യങ്ങളിലുമുള്ള നിലപാടുകള്‍ പരസ്പരം അറിയുക എന്നത് വിജയത്തിന്റെ ഒരു കാരണമായി പറയുന്നു. എന്ന് വെച്ചാല്‍ വിവാഹം എന്നത് നിലപാടുകള്‍ മാറ്റി സ്ഥാപിക്കേണ്ട ഒരിടമായി മാറുന്നു എന്നര്‍ത്ഥം, എനിക്ക് എന്റെ ഇണ എങ്ങിനെ ആകണം എന്നത് പോലെ ഇണക്കു ഞാന്‍ എങ്ങിനെ ആകണം എന്നത് കൂടി അറിയണം എന്ന് സാരം. പിണക്കങ്ങള്‍ വിവാഹ ജീവിതത്തില്‍ പുതിയ ഇണക്കങ്ങള്‍ക്ക് കാരണമാകണം. മനോഹരമായ പൂന്തോട്ടമായി നമുക്ക് കുടുംബത്തെ ഉദാഹരിക്കാം. അതില്‍ എല്ലാ പൂവുകളും മനോഹരമാണ്. പക്ഷെ ഒരു പൂ മറ്റൊരു പൂ പോലെയല്ല. എല്ലാത്തിനും അതിന്റേതായ സൗന്ദര്യവും സൗരഭ്യവുമുണ്ട്. തോട്ടക്കാരന്റെ സ്ഥാനമാണ് പിതാവിന്. അതെ സമയം ചെടികള്‍ക്ക് വേണ്ട വളവും വെള്ളവും നല്‍കേണ്ടത് കുടുംബനാഥയാണ്. തനിക്ക് വേണ്ട വിഭവങ്ങള്‍ മാത്രം ഓരോ ചെടികളും സ്വീകരിക്കുന്നു. അടുത്തുള്ള ചെടി തനിക്കൊരു ശല്യമല്ല പകരം തണലാണ് എന്ന് അത് മനസ്സിലാക്കുന്നു. നമുക്ക് നഷ്ടപ്പെടുന്ന അനുഗ്രഹങ്ങള്‍ ധാരാളമാണ്. അതില്‍ ഒന്നാണ് കുടുംബം. കൂടിയിരിക്കുമ്പോള്‍ ഇമ്പമുള്ള അനുഭവങ്ങള്‍ നഷ്ടപെട്ടാല്‍ പിന്നെ അത് കുടുംബം എന്നതിലപ്പുറം ശ്മാശനമാകും. അവിടെ നിന്നും ഉയരുക ദുര്‍ഗന്ധവും പേടിപ്പിക്കുന്ന നിശ്ശബ്ദ്ദതയുമാണ്. നല്ല കുടുംബത്തിന്റെ അവശിഷ്ടം എന്നത് നല്ല തലമുറയാണ്. കുടുംബം മോശമായാല്‍ പിന്നീട് അവിടെ നിന്ന് വരുന്ന ഉത്പന്നവും മോശമാവുന്നു. നമ്മുടെ തലമുറകളെ എങ്ങിനെ ആക്കണം എന്ന് തീരുമാനിക്കേണ്ടത് നാമാണ്.

എന്റെ ഇഹലോകത്തെ സ്വര്‍ഗമാണ് എന്റെ കുടുംബം. പരലോകത്തും അവര്‍ തന്നെയാണ് എന്റെ അനുഗ്രഹം. നമ്മുടെ കയ്യിലുള്ള സ്വര്‍ഗം നാം അവഗണിക്കുന്നു. പകരം മധുരം തേടി കാലം കളഞ്ഞ ഇബ്രാഹിംക്കമാരായി നമ്മില്‍ അധികവും മാറിയിരിക്കുന്നു. എവിടെയും എന്റെ നിലപാടാണ് പ്രശ്‌നം. ആ നിലപാട് മാറ്റാന്‍ ഒറ്റമൂലികള്‍ ഇല്ല. അതിനു ഞാന്‍ തന്നെ മാറണം. അല്ലെങ്കില്‍ കാലം എന്നെ മാറ്റി കടന്നു പോകും എന്ന ഭയമെങ്കിലും ബാക്കിയാകണം.

Facebook Comments
Show More
Close
Close