Current Date

Search
Close this search box.
Search
Close this search box.

ജനായത്ത കൂടിയാലോചനയിൽ വാർത്തെടുക്കുന്ന ശൂറോക്രസി !

ഈജിപ്റ്റിൽ ഡൻലപ്പിന്റെ കാലത്തും അതിനുശേഷവും ഫ്രാൻസിലേക്കുള്ള ഉപരിപഠന സംഘങ്ങളെ നിയോഗിച്ച കാലം മുതലാണ് ഇസ്‌ലാമും ജനാധിപത്യവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ധാരാളം ചർച്ചകളും വിവാദങ്ങളും സജീവമാവുന്നത്. പാശ്ചാത്യ വ്യവസ്ഥിതിയിലെ ജനാധിപത്യത്തിന്റെ മേന്മകളെ കുറിച്ച് ഇസ്ലാമികലോകത്ത് ആദ്യമായി എഴുതിയത് റിഫാഅ: അൽ ത്വഹ്ത്വാവിയാണ്. ആഗോളരംഗത്ത് ജനാധിപത്യത്തിന് ഒരു പ്രധാന സ്ഥാനമുണ്ടെന്നും, യൂറോപ്പുമായും അമേരിക്കയുമായും ബന്ധപ്പെട്ട ജനാധിപത്യം ലിബറൽ ചിന്തയെ ആശ്രയിച്ചിരിക്കുന്നുവെന്നും ഈജിപ്റ്റിനും മത്സരാധിഷ്ഠിത സംവിധാനമെന്ന നിലക്ക് പരീക്ഷിക്കാവുന്ന ഇസ്ലാമിലെ ശൂറ പോലെയുള്ള മൂല്യങ്ങളോട് ഏറ്റവും അടുത്തുനില്ക്കുന്ന ഒരു സംവിധാനമാണതെന്നും ഗനൂഷി പറയുന്നതിന് എത്രയോ മുമ്പ് അഭിപ്രായപ്പെട്ടയാളാണ് ത്വഹ്ത്വാവി . പതിറ്റാണ്ടുകളായി ഒരാൾ മാത്രം മത്സരിക്കുകയും തെരെഞ്ഞെടുക്കപ്പെടുകയും ചെയ്യുന്ന ഈജിപ്റ്റിൽ ത്വഹ്ത്വാവി അക്കാരണത്താൽ ക്രൂശിക്കപ്പെട്ടു.

ഇസ്‌ലാമിലെ നീതിയുടെയും ശൂറയുടെയും തത്വങ്ങളുമായി താരതമ്യപ്പെടുത്തി ജനാധിപത്യത്തെ ബിൻ നബിയെ പോലെയുള്ള പല മുസ്‌ലിം ചിന്തകരും ജനാധിപത്യത്തോട് യോജിപ്പുള്ള നിലപാട് സ്വീകരിച്ചു. അവർ ശൂറയെ “ഇസ്‌ലാമിന്റെ ജനാധിപത്യം” എന്ന പ്രയോഗത്തിലൂടെ ജനകീയമാക്കി. അവരിൽ അർബകാനെ പോലുള്ളവർ ഇസ്‌ലാമാണ് ജനാധിപത്യത്തോടുള്ള കൂടിയാലോചനാ സമീപനത്തെ സമ്പൂർണ്ണ മാനദണ്ഡമായി പാലിക്കുന്നതെന്നും തെളിയിക്കാൻ ലേഖനങ്ങൾ എഴുതി . കമാലനന്തര തുർക്കിയിൽ ഉയർന്നുവന്ന രാഷ്ട്രീയ പദാവലിയിൽ “യാഥാസ്ഥിതിക ഡെമോക്രാറ്റുകൾ” എന്ന് ഇസ്ലാമിസ്റ്റുകളെ എതിരാളികൾ വിശേഷിപ്പിക്കുക വരെ ചെയ്തു.

Also read: യമനിലെ കുട്ടികൾ നൽകുന്നത് ഒരു മഹാസന്ദേശമാണ്

തുർക്കിയിലെ ഈ രാഷ്ട്രീയ മാറ്റത്തെ പരാമർശിച്ച്, എബ്രഹാം ലിങ്കന്റെ ചിന്തകളും അധ്യാപനങ്ങളും ചേർത്ത് നിയമപരമായി വിവരിച്ച് കൊണ്ട് അമേരിക്കൻ രാഷ്ട്രീയ ദാർശനികൻ നോഹ് ഫെൽ‌ഡ്മാൻ, ഭാവിയിൽ ലോകത്ത് സാധ്യമാവുന്ന രാഷ്ട്രീയരംഗത്തെ മാസ്റ്റർ ചിന്ത എന്ന നിലയിൽ കൂടിയാലോചനയിൽ അധിഷ്ഠിതമായ ജനാധിപത്യ സംവിധാനമെന്ന പ്രയോഗം നടത്തിയത് അദ്ദേഹത്തിന്റെ ഇസ്ലാമും ജനാധിപത്യവും എന്ന ഗ്രന്ഥത്തിൽ കാണാവുന്നതാണ്.

ഇസ്‌ലാമും ജനാധിപത്യവും തമ്മിലുള്ള ഈ നേരിട്ടുള്ള താരതമ്യത്തിന് പോരായ്മകളുണ്ടെന്ന് പല ഇസ്ലാമിസ്റ്റുകളും അഭിപ്രായപ്പെട്ടിരുന്നു. പ്രപഞ്ചത്തെയും ജീവിതത്തെയും കുറിച്ച് സമഗ്രമായ കാഴ്ചപ്പാടുള്ള സമ്പൂർണ്ണവും സംയോജിതവുമായ സംവിധാനമുള്ള ഒരു മതമാണ് ഇസ്‌ലാം. അതിന്റെ മേന്മ അത് തീർത്തും കൂടിയാലോചനയിൽ ( ഗൂഡാലോചനയിലല്ല ) സ്ഥാപിതമാണ് എന്നതാണ്.

ശൂറയാണ് ഇസ്ലാമിക സാമൂഹിക ജീവിതത്തിന് വിവിധവർണ്ണങ്ങളും മാധുര്യവും നല്കുന്നത്.
തേനീച്ച പൂവുകളിൽ നിന്ന് തേൻ ശേഖരിക്കുന്നതിനാണ് ശാറ, ശവറ എന്ന് വിളിക്കുന്നത് തന്നെ. വ്യത്യസ്ഥ അനുഭവങ്ങളുള്ള പലരും ചേർന്ന് അവയിൽ നിന്നും ഉരുത്തിരിയുന്ന തീരുമാനങ്ങൾക്ക് നാനാത്വത്തിൽ ഏകത്വം എക്കാലത്തും നമുക്ക് ദർശിക്കാനാവും.

കുട്ടിയുടെ മുലകുടി നിർത്തുന്നതിൽ പോലും (2:233) കൂടിയാലോചിക്കണം എന്ന് പഠിപ്പിക്കപ്പെട്ടിട്ടുള്ള വേറെ വല്ല ജന സമൂഹവുമുണ്ടോ എന്ന കാര്യം സംശയമാണ്. നബി(സ)യുടെ വിശേഷണമായി ഖുർആനും (3:159) ഹദീസും
(أكثرهم مشورة ) പഠിപ്പിക്കുന്ന സ്വഭാവ ഗുണമാണത്. പേരും പ്രമേയവും ഒന്നായിട്ടുള്ള അപൂർവ്വം ഖുർആൻ അധ്യായങ്ങളിലൊന്നാണ് സൂറ: ശൂറ . {وأمرهم شورى بينهم}الشورى38
ശൂറ എന്നത് മഹാസംഭവങ്ങൾക്ക് മാത്രമല്ല. ഏത് ചെറിയ സംഗതിക്കുമത് വേണമെന്നാണ് ഇസ്ലാമിന്റെ അധ്യാപനം.ശൂറാ ഇല്ലാത്തിടത്ത് ഫൗദാ ( അരാജകത്വം )യാണുണ്ടാവുക എന്നാണ് പണ്ഡിതാഭിപ്രായം. സകലവും അരാജകത്വം നിറഞ്ഞതാവും അത്തരം കുടുംബങ്ങളും ആൾക്കൂട്ടങ്ങളും സമൂഹങ്ങളുമെല്ലാമെന്ന് നാം ഇന്ന് ലോകത്ത് കണ്ട് കൊണ്ടിരിക്കുന്നു.

Also read: ഗാസ; പറഞ്ഞു തീരാത്ത കഥകൾ

യുദ്ധാവസ്ഥയിൽ പോലും വിശ്വാസികൾ പുലർത്തേണ്ട ജനായത്ത മൂല്യമാണ് ശൂറ എന്ന് പഠിപ്പിക്കുന്ന ആദ്യ അടിയന്തിരാവസ്ഥയാണ് ബദ്ർ. തീരുമാനമെടുക്കുന്നതു മുതൽ ക്യാമ്പ് ചെയ്യേണ്ട സ്ഥലം മുതൽ എല്ലാ വിഷയത്തിലും കൂടിയാലോചന ആയിരുന്നു ബദ്ർ ഒന്നടങ്കം . أشيروا علي يا ناس =നിങ്ങളുടെ അഭിപ്രായം പറയൂ എന്ന നിലപാട് യുദ്ധത്തിൽ പോലും നബി (സ) കാത്ത് സൂക്ഷിച്ചിരുന്നുവെന്നർഥം.

അത് കൊണ്ട് അക്കാലത്ത് യാതൊരുവിധ ഫൗദയുമുണ്ടായില്ല. ശൂറ എന്ന നന്മ എന്ന് നഷ്ടമായോ അന്ന് തുടങ്ങി ഖൈറു ഉമ്മത്തിൽ പോലും തമ്മിലടി . ജനാധിപത്യത്തെ ഉത്തരവാദിത്വ പൂർണമാക്കാനും കൂടിയാലോചന അനിവാര്യമാണ്. അഥവാ ജനായത്ത കൂടിയാലോചനയിൽ വാർത്തെടുക്കുന്ന ഒരു ശൂറോക്രസിക്ക് നാം ഇനിയും താമസിക്കരുത്. പതിറ്റാണ്ടുകൾക്കു മുമ്പ് സയ്യിദ് മൗദൂദി തിയോഡെമോക്രസി എന്നു പറഞ്ഞതും കൂടിയാലോചനയിൽ സ്ഥാപിതമായ ഈ ജനായത്തമായിരിക്കും എന്നാണ് കുറിപ്പുകാരൻ മനസ്സിലാക്കുന്നത്.

(സെപ്റ്റം:15 ആഗോള ജനാധിപത്യ ദിനം )

Related Articles