Current Date

Search
Close this search box.
Search
Close this search box.

കൊലപാതക രാഷ്ട്രീയത്തിലൂടെ ജനാധിപത്യം പുലമ്പുന്നവര്‍

ദൈവത്തിന്റെ സ്വന്തം നാട് എന്നത് കേരളത്തിനു മാത്രം പറയുന്ന പേരല്ല. ലോകത്ത് മറ്റു പല സ്ഥലങ്ങളും ആ പേരില്‍ അറിയപ്പെടുന്നു. ആസ്‌ട്രേലിയ, കാനഡ, ഇംഗ്ലണ്ട്, അമേരിക്ക, ന്യൂസിലന്‍ഡ്, സ്‌കോട്ട്‌ലന്റ്, വെയില്‍സ്, വടക്കന്‍ അയര്‍ലണ്ട് തുടങ്ങിയ രാജ്യങ്ങളിലും പ്രദേശങ്ങളിലും ഇങ്ങിനെ വിളിക്കപ്പെടുന്ന സ്ഥലങ്ങളുണ്ട്. ദൈവം പ്രത്യേകം അനുഗ്രഹിച്ച സ്ഥലം എന്നതാണ് ഈ പേരിന്റെ പിന്നിലെ ഉദ്ദേശ്യം. ചില പ്രത്യേക പ്രകൃതി രമണീയത കൊണ്ടാണ് പല സ്ഥലങ്ങളും അങ്ങിനെ വിളിക്കപ്പെടുന്നത്. 1980 മുതലാണ് കേരളത്തെ ഇങ്ങിനെ വിളിച്ചു തുടങ്ങിയത്. കേരളത്തിലെ ആയുര്‍വേദ ചികിത്സ പ്രകൃതി രമണീയത എന്നിവയെ പുറം ലോകത്തേക്ക് പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള ടൂറിസം റലുമൃാേലി േതിരഞ്ഞെടുത്ത പരസ്യമാണ് പ്രസ്തുത തലക്കെട്ട്.

കേരളം ഇന്ത്യയുടെ മറ്റെല്ലാ സംസ്ഥാനങ്ങള്‍ക്കും മാതൃക എന്നത് നാം അഭിമാനത്തോടെ പറയും. നമ്മുടെ ഉയര്‍ന്ന സാക്ഷരതയും പൊതു സാമൂഹിക ബോധവും അതിനു കാരണമാണ്. നമ്മുടെ സാമൂഹിക മുന്നേറ്റം പോലെ എന്ത് കൊണ്ട് മറ്റു മേഖലകള്‍ വികസിച്ചില്ല എന്നത് സ്വയം ചോദിക്കേണ്ട ചോദ്യമാണ്. കേരളത്തെ പിറകോട്ടു നടത്തുന്നതില്‍ ആരാണ് മുന്‍പന്തിയില്‍ എന്ന ചോദ്യവ്യം നാം ചോദിച്ചു കൊണ്ടിരിക്കണം.

ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഹര്‍ത്താലുകള്‍ ഉണ്ടാവുന്ന പ്രദേശം ഒരു പക്ഷെ കേരളമാകാം. അതിനുള്ള കാരണം പലപ്പോഴും രാഷ്ട്രീയ കൊലകള്‍ തന്നെ. നമ്മുടെ നാട്ടില്‍ നടന്ന കൊലകളില്‍ വലിയ ശതമാനവും രാഷ്ടീയമാണ്. അല്ലെങ്കില്‍ രാഷ്ട്രീയ ലക്ഷ്യം വെച്ച് കൊണ്ട് നടത്തുന്ന കൊലകള്‍. മത സംഘടനകള്‍ അങ്ങിനെ കൊല നടത്തുന്നതായി നമുക്കറിയില്ല. അതെ സമയം എല്ലാവരും ആവശ്യപ്പെടുന്നത് മതത്തെ രാഷ്ട്രീയത്തില്‍ നിന്നും മാറ്റി നിര്‍ത്തണം എന്നതാണ്. മതങ്ങള്‍ പറയുന്നത് മൂല്യങ്ങളെ കുറിച്ചാണ്. ഇന്ന് പല കൊലകള്‍ക്കും കാരണമായി പറയപ്പെടുന്നത് മദ്യവും മയക്കു മരുന്നുകളുമാണ്. മൂല്യം നഷ്ടമായ ഒരു സമൂഹത്തില്‍ ഇത്തരം ദുരന്തങ്ങള്‍ അനിവാര്യമാണ്. അടുത്തിടെ നടന്ന എല്ലാ കൊലകളുടെയും പിന്നില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ പങ്ക് നാം കാണുന്നു. ദൈവത്തിന്റെ നാട് എന്നതില്‍ നിന്നും പിശാചിന്റെ നാട്ടിലേക്ക് കേരളത്തെ കൊണ്ട് പോകുന്നതില്‍ ആര്‍ക്കാണ് കൂടുതല്‍ പങ്കെന്നു നാം കാണാതെ പോകരുത്.

രാഷ്ട്രീയം ഒരു അനിവാര്യതയാണ്. പക്ഷെ അത് നാം ചര്‍ച്ച ചെയ്യുന്ന രീതിയിലല്ല ചര്‍ച്ച ചെയ്യേണ്ടത്. നമ്മുടെ മുഖ പുസ്തകങ്ങളില്‍ നടക്കുന്ന രാഷ്ട്രീയ ചര്‍ച്ചകളുടെ രൂപം നോക്കിയാല്‍ നമുക്കത് മനസ്സിലാവും. ജനകീയ സമരങ്ങളെ ഭീകരവാദം എന്ന് വിളിക്കുകയും യഥാര്‍ത്ഥ ഭീകര പ്രവര്‍ത്തനങ്ങളെ ജനാധ്യപത്യം എന്ന് വിളിക്കുന്ന തമാശയാണ് നാമിപ്പോള്‍ കാണുന്നത്. കേരളം ഭരിക്കുന്ന പാര്‍ട്ടി പലപ്പോഴും ജനകീയ സമരങ്ങളെ അങ്ങിനെയാണ് നേരിട്ടത്. ഫാസിസ്റ്റുകളും ഈ കളരിയില്‍ ഒട്ടും പിറകിലല്ല. ഏതാണ്ടെല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഉന്മൂലന സിദ്ധാന്തം അംഗീകരിച്ചവരാണ്്. അത് തന്നെയാണു നമ്മുടെ നാട് പേരില്‍ ദൈവത്തിന്റെ നാടും ഫലത്തില്‍ അങ്ങിനെ അല്ലാതാവുന്നതും. രാഷ്ട്രീയ പ്രബുദ്ധത എന്നതു നാം ഇനിയും നേടിയിട്ടു വേണം. അന്തി ചര്‍ച്ചകളുടെ നിലവാരം നോക്കിയാല്‍ മനസ്സിലാവും നാം നേടിയെന്നു പറയുന്ന രാഷ്ട്രീയ പ്രബുദ്ധതയുടെ ആഴം മനസ്സിലാക്കാന്‍.

മൂല്യ ബോധമുള്ള രാഷ്ട്രീയമാണ് നാം നേടേണ്ടത്. ഉന്മൂലന സിദ്ധാന്തം ജനാധിപത്യ രീതിയല്ല. അത് ഫാസിസ്റ്റ് രീതിയാണു. നീതിയാണ് ദൈവത്തിന്റെ നിയമത്തിലെ അടിസ്ഥാനം. അതില്ലാതെ വാക്കില്‍ മാത്രം ദൈവം വന്നാല്‍ അത് കൊണ്ട് ആര്‍ക്കും പ്രയോജനമില്ല തന്നെ.

Related Articles