Current Date

Search
Close this search box.
Search
Close this search box.

ഇറാനെ ഇളക്കിമറിച്ച് റൊണാള്‍ഡോ; സൗദി-ഇറാന്‍ ബന്ധത്തില്‍ പുതിയ വഴിത്തിരിവാകുമോ ?

തെഹ്‌റാന്‍: സൗദി ക്ലബായ അല്‍നസ്‌റിന്റെ ഗ്ലാമര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കഴിഞ്ഞ ദിവസം ഇറാനിലെത്തിയതിന്റെ വാര്‍ത്തകളും ചിത്രങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ഇറാന്‍ ക്ലബുമായുള്ള മത്സരത്തിന് ചൊവ്വാഴ്ച തെഹ്‌റാനിലെത്തിയ ക്രിസ്റ്റിയാനോയെ നേരില്‍ കാണാനായി നൂറുകണക്കിന് ഇറാന്‍ ഫുട്‌ബോള്‍ ആരാധകരാണ് തെരുവിലുടനീളം അണിനിരന്നത്.

എഎഫ്സി ചാമ്പ്യന്‍സ് ലീഗ് മത്സരത്തിന്റെ ഭാഗമായി ഇറാന്റെ ഔദ്യോഗിക ഫുട്‌ബോള്‍ ക്ലബായ പെര്‍സെപോളിസ് എഫ്സിക്കെതിരായ മത്സരത്തിനു വേണ്ടിയാണ് താരം ഇറാനിലെത്തിയത്. ചൊവ്വാഴ്ച അടച്ചിട്ട ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിന് അല്‍ നസ്ര്‍ വിജയികളായി. തിങ്കളാഴ്ച തെഹ്‌റാന്‍ വിമാനത്താവളത്തിന് പുറത്ത് അല്‍ നസറിലെ റൊണാള്‍ഡോയുടെ ജഴ്‌സിയണിഞ്ഞെത്തിയ ആരാധകര്‍ ടീം ബസിന് ചുറ്റും കൂടി. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

തെഹ്റാന്‍ മുനിസിപ്പാലിറ്റി നഗരം റൊണാള്‍ഡോയെയും സഹതാരങ്ങളെയും സ്വാഗതം ചെയ്യുന്ന ബാനറുകള്‍ കൊണ്ടും കൊടിതോരണങ്ങളാലും അലങ്കരിച്ചിരുന്നു. ഫാര്‍സി, ഇംഗ്ലീഷ്, അറബിക് ഭാഷകളിലായിരുന്നു സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. എന്നാല്‍, പലര്‍ക്കും സൂപ്പര്‍ താരത്തെ ഒരു നോക്ക് കാണാന്‍ പറ്റാത്തത് വലിയ നിരാശയിലാക്കി.

2020ല്‍ ഒരു ഇന്ത്യന്‍ ക്ലബിനെ അപമാനിച്ചുകൊണ്ട് പെര്‍സപോളിസ് ടീം നടത്തിയ സോഷ്യല്‍ മീഡിയ പോസ്റ്റിന് എഎഫ്സിയുടെ ശിക്ഷയായിട്ടാണ് അടച്ചിട്ട സ്‌റ്റേഡിയത്തില്‍ കളിക്കേണ്ടി വന്നത്. കോവിഡ്9 നിയന്ത്രണങ്ങള്‍ നീക്കിയതിന് ശേഷം ക്ലബ്ബിന്റെ ആദ്യ ഹോം മാച്ച് ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് മത്സരമായതിനാലാണ് ക്രൗഡ് ബാന്‍ ഇപ്പോള്‍ നടപ്പിലാക്കിയത്. ശിക്ഷ മറ്റൊരു മത്സരത്തിലേക്ക് മാറ്റണമെന്ന ക്ലബ്ബിന്റെ അഭ്യര്‍ത്ഥന എഎഫ്സി നിരസിച്ചിരുന്നു.

തെഹ്റാനിലെ ആസാദി സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ വെച്ച് റൊണാള്‍ഡോയെ നേരിട്ട് കാണാന്‍ സാധിക്കാത്തതില്‍ പതിനായിരക്കണക്കിന് ആരാധകര്‍ നിരാശരാണ്. അവര്‍ക്ക് മത്സരം ടി.വിയില്‍ കാണേണ്ടി വന്നു.

ഹോട്ടലിലെത്തിയ ക്രിസ്റ്റിയാനോ ഭിന്നശേഷിക്കാരനായ യുവാവിനെയും കൊച്ചുതാരത്തെയും സ്വീകരിക്കുന്നതും അവരോടൊപ്പം ഫോട്ടോക്ക് പോസ് ചെയ്യുന്ന വീഡിയോയും വൈറലായിരുന്നു. അതേസമയം, വര്‍ഷങ്ങളായി ശത്രുതയിലുള്ള രണ്ട് ശക്തികളായ സൗദിയും ഇറാനും തമ്മിലുള്ള മഞ്ഞുരുക്കത്തിന് ക്രിസ്റ്റ്യാനോയുടെയും അന്‍നസ്‌റിന്റെയും സന്ദര്‍ശം വഴിവെക്കുമോ എന്നും രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നുണ്ട്.

 

 

Related Articles