Current Date

Search
Close this search box.
Search
Close this search box.

സി.പി.എമ്മിന്റെ പകൽക്കിനാവ്!

1985 ൽ ഷാബാനു കേസ് വിധിയെ തുടർന്ന് സഖാവ് ഇ.എം.എസിൻ്റെ നേതൃത്വത്തിൽ ശരീഅത്തിനെതിരെ കാമ്പയിൻ നടത്തിയ സി.പി.എം ഇപ്പോൾ ഏകസിവിൽ കോഡിനെതിരെ സെമിനാർ നടത്തുന്നു. ഏകസിവിൽ കോഡിന് വേണ്ടി ഘോരഘോരം വാദിച്ചിരുന്ന പാർട്ടി നിലപാട് മാറ്റത്തിന് പറയുന്ന കാരണം പുതിയ വിവാദത്തിന് പിന്നിൽ ബി.ജെ.പി.യുടെ രാഷ്ട്രീയ അജണ്ടയുണ്ട് എന്നതാണ്. ഈ തിരിച്ചറിവ് നല്ലത് തന്നെ. എന്താണ് ഏക സിവിൽ കോഡ് പ്രഖ്യാപനത്തിന് പിന്നിലെ ബി.ജെ.പി.യുടെ രാഷ്ട്രീയ അജണ്ട ? ഒരു വ്യക്തതയുമില്ലാത്ത ഒരു വിഷയം ഉന്നയിച്ചു കൊണ്ട് സമൂഹത്തിൽ ധ്രുവീകരണം സൃഷ്ടിക്കുക. വിവിധ ജനസമൂഹങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുക.

ഏക സിവിൽ കോഡിനെതിരെ കാമ്പയിൻ നടത്തുന്ന സി.പി.എം ചെയ്യുന്നതെന്താണ്? ബി.ജെ.പി ഭരണകൂടം ഒരു വ്യക്തതയും വരുത്തിയിട്ടില്ലാത്ത ഏക സിവിൽ കോഡ് എന്താണ് എന്ന വല്ല ധാരണയും സി.പി.എമ്മിനുണ്ടോ? മുസ്ലിംകളെ സംഘടിപ്പിച്ച് എന്തിനാണ് സി.പി.എം സെമിനാർ നടത്തുന്നത്? ഏക സിവിൽ കോഡ് ഒരു മുസ്ലിം പ്രശ്നമാണ് എന്ന് സി.പി.എം കരുതുന്നുണ്ടെങ്കിൽ ഏക സിവിൽ കോഡിനെതിരെ ശരീഅത്തിൻ്റെ പക്ഷത്ത് അത് നിലയുറപ്പിക്കും എന്നാണല്ലോ അതിനർത്ഥം. സി.പി.എമ്മിൻ്റെ ഭൂതകാലമോ വർത്തമാനമോ അറിയുന്ന ആരെങ്കിലും അങ്ങനെ വിശ്വസിക്കുമോ? അതല്ല, ഏകസിവിൽ കോഡ് ഇന്ത്യയിലെ വിവിധ ജനവിഭാഗങ്ങളെ ബാധിക്കുന്ന ഒരു പൊതു പ്രശ്നമായിട്ടാണ് സി.പി.എം കാണുന്നതെങ്കിൽ എന്തിനാണ് സെമിനാറിൽ നിന്ന് കോൺഗ്രസിനെ മാറ്റി നിർത്തുന്നത്? ഷാബാനു കേസിൽ കോൺഗ്രസ് ഭരണകൂടം മുസ്ലിം വ്യക്തിനിയമത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചപ്പോൾ, ആരിഫ് മുഹമ്മദ് ഖാൻ ഉൾപ്പെടെയുള്ളവരെ മുന്നിൽ നിർത്തിക്കൊണ്ട് ശരീഅത്തിനെതിരെ കാമ്പയിൻ നടത്തുകയായിരുന്നു സി.പി.എം എന്ന ചരിത്രം മറക്കരുത്.

ബി.ജെ.പി.യുടെ അതേ ഭിന്നിപ്പിക്കൽ തന്ത്രമല്ലെ മുസ്ലിം സംഘടനകൾക്കിടയിൽ കുറെക്കാലമായി സി.പി.എം പയറ്റിക്കൊണ്ടിരിക്കുന്നത്? സമസ്ത കെണിയിൽ വീണു. മുസ്ലിം സംരക്ഷണം സ്വയം ചുമലിലേറ്റിയ പാർട്ടിയമ്മാവൻ ലീഗിന് നേരേ നീട്ടിക്കൊടുത്ത ഔദാര്യം ലീഗ് പുറം കാല് കൊണ്ട് തട്ടി മാറ്റി. ശരീഅത്ത് വിവാദത്തിൽ സി.പിഎമ്മുമായി കൊമ്പുകോർത്ത ജമാഅത്തെ ഇസ്ലാമിയെ സെമിനാറിലേക്ക് വിളിക്കും എന്നാരെങ്കിലും കരുതിയോ? വിളിക്കാത്തതിന് കാരണം മതരാഷ്ട്രവാദമാണെന്നും മതമൗലികവാദമാണെന്നും സി.പി.എം ബൗദ്ധിക മണ്ഡലത്തിൽ രണ്ടഭിപ്രായമുണ്ട്. ശരീഅത്ത് വിഷയത്തിൽ ജമാഅത്തിനെക്കാൾ മൂത്ത മൗലികവാദമാണ് ജിഫ്രി തങ്ങൾക്കുള്ളത് എന്ന് പാർട്ടി ബൗദ്ധിക കേന്ദ്രത്തിന് അറിയുമോ? അറിയണമെങ്കിൽ വല്ലതും പഠിച്ചിട്ട് വേണ്ടേ? ശരീഅത്തിനെക്കുറിച്ച് ഞാനൊന്നും പഠിച്ചിട്ടില്ലെ എന്ന് ഇ എം.എസിനെപ്പോലെ കൈമലർത്താതിരിക്കാൻ സെമിനാറിന് മുമ്പ് അൽപം ഹോം വർക്ക് ചെയ്യുന്നത് നല്ലതാണ്. ഇല്ലെങ്കിൽ പണി പാളും.

പൗരത്വ പ്രക്ഷോഭത്തിൽ മുസ്ലിം പെൺകുട്ടികളുടെ ചൂണ്ടുവിരലാണ് സി.പി.എം ഉൾപ്പെടെയുള്ള സോ കോൾഡ് മുഖ്യധാരാ പാർട്ടികളുടെ കണ്ണ് തുറപ്പിച്ചത്. ഏക സിവിൽ കോഡ് വിഷയത്തിൽ സി.പി.എമ്മിനുള്ള ആശയക്കുഴപ്പവും വൈരുദ്ധ്യാത്മകവാദവും മുസ്ലിം നേതൃത്വത്തിനില്ല. ആർക്കെങ്കിലും ആശയക്കുഴപ്പമുണ്ടെങ്കിൽ അത് വഴിയെ മാറിക്കൊള്ളും. തരിമ്പെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ ഈ സൃഗാല രാഷ്ട്രീയം സി.പി.എം അവസാനിപ്പിക്കണം. മുസ്ലിം സമുദായത്തിൻ്റെ ഐക്യു ലവലിനെക്കുറിച്ച് അച്യുതാനന്ദന് മാത്രമല്ല പിണറായി വിജയനും വലിയ തെറ്റിദ്ധാരണകളുണ്ട്. കപട ലോകത്തിലെന്നുടെ കാപട്യം സകലരും കാൺമതാണെൻ പരാജയം.!!

???? കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE

Related Articles