Current Date

Search
Close this search box.
Search
Close this search box.

അയല്‍നാടുകളിലെ ജനങ്ങളെക്കുറിച്ചാണ് സര്‍ക്കാരിന്റെ ആവലാതി

ലോകത്തുള്ള എല്ലാ ജൂതരെയും ക്ഷണിച്ചു കൊണ്ടാണ് ഇസ്രായില്‍ രാഷ്ട്രം ആരംഭിക്കുന്നത്. അതിനു തുല്യമായ അവസ്ഥയാണ് ഇന്ത്യയുടെ കാര്യത്തില്‍ നമുക്കിപ്പോള്‍ ഓര്‍മ്മ വരുന്നത്. സമീപ രാജ്യങ്ങളിലെ മുസ്ലിംകള്‍ അല്ലാത്തവര്‍ക്ക് വാതില്‍ തുറന്നിടുകയും മുസ്ലിംകളെ ബംഗ്ലാദേശി എന്ന നാമം ചാര്‍ത്തി പുറത്താക്കാനുള്ള ശ്രമവും നടക്കുന്നത് നമ്മുടെ നാട്ടിലാണ്. ഒരു രാജ്യത്തിന്റെ കുടിയേറ്റ നിയമം പൂര്‍ണമായി മതത്തിന്റെ പേരില്‍ നടക്കുന്നു എന്നതാണ് ഇന്നലെ പാര്‍ലിമെന്റില്‍ ഉണ്ടാക്കിയ നിയമം. ഇന്ത്യയുടെ അടുത്ത പ്രദേശങ്ങളില്‍ ഹിന്ദുക്കള്‍ പീഡനമനുഭവിക്കുന്നു എന്നാണു സര്‍ക്കാര്‍ ഭാഷ്യം. അവര്‍ക്ക് മറ്റാരുമില്ല എന്നതും ഒരു കാരണമായി പറയുന്നു. നമ്മുടെ അയല്‍ നാടുകള്‍ അസ്വസ്ഥതയിലാണ്. നമ്മുടെ നാടും. കലാപങ്ങള്‍ ഈ പ്രദേശത്തിന്റെ മുഖമുദ്രയായി മാറിയിരിക്കുന്നു. ഇന്ത്യയില്‍ കലാപങ്ങളുടെ ഇരകളായി മാറുന്നതു പലപ്പോഴും മുസ്ലിം ന്യൂനപക്ഷമാണ്. അല്ലെങ്കില്‍ സമൂഹത്തില്‍ താഴെ നില്‍ക്കുന്നവരാണ്.

സ്വന്തം നാട്ടില്‍ പശുവിന്റെയും മറ്റും പേര് പറഞ്ഞു ജനതയെ പീഡിപ്പിക്കുന്ന അവസ്ഥ കാണാന്‍ കൂട്ടാക്കാത്ത ഭരണ കൂടമാണ് അപ്പുറത്തെ നാട്ടിലെ ജനങ്ങളെ കുറിച്ച് ആവലാതി പറയുന്നത്. കാരണം മറ്റൊന്നുമല്ല അവരുടെ മതം തന്നെ. തികച്ചും വംശീയമാണ് ഈ നിയമ നിര്‍മ്മാണം. ബി ജെപി ഒഴികെ മറ്റെല്ലാ കക്ഷികളും ഏറെക്കുറെ ഈ ബില്ലിനോട് എതിര്‍പ്പ് പ്രകടിപ്പിക്കുന്നു എന്നത് നല്ല സൂചനയാണ്. പീഡനം പാടില്ലാത്ത കാര്യമാണ് അതിനെ മതത്തിനും ജാതിക്കും അപ്പുറം കാണാന്‍ കഴിയണം.

അതെ സമയം മറ്റൊരു ബില്‍ കൂടി ലോകസഭ ഇന്നലെ പാസാക്കി. മുന്നോക്കക്കാര്‍ക്ക് പത്തു ശതമാനം സംവരണം. മൊത്തം അംഗങ്ങളില്‍ മൂന്നു പേര്‍ മാത്രമാണു അതിനെ എതിര്‍ത്തത്. ഭരണ ഘടന ഭേദഗതി കൊണ്ടല്ലാതെ അങ്ങിനെ ഒരു നിയമം ഇന്ത്യയില്‍ നടക്കില്ല എന്നിരിക്കെ തന്നെയാണ് പാര്‍ട്ടികള്‍ ആ ബില്ലിനെ അനുകൂലിച്ചതും. വനിതാ സംവരണ ബില്‍ നമ്മുടെ സഭയില്‍ മുടങ്ങി കിടന്നിട്ടു വര്‍ഷങ്ങള്‍ പലതായി. കാലത്ത് സഭ തുടങ്ങുമ്പോള്‍ ഇല്ലാതിരുന്ന ബില്ലാണ് മണിക്കൂര്‍ കൊണ്ട് ലോക്‌സഭ കടന്നു പോയത്. അപ്പോള്‍ ചിലരുടെ കാര്യത്തില്‍ ചിലര്‍ക്ക് വലിയ താല്പര്യമാണ്. ശാഖാ പരമായ കാര്യങ്ങളില്‍ മാത്രമാണ് നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പലപ്പോഴും അഭിപ്രായ വ്യത്യാസം. അടിസ്ഥാന കാര്യങ്ങളില്‍ അവരെപ്പോഴും ഒന്ന് തന്നെ.

ജനങ്ങള്‍ക്ക് ആവശ്യമായ നിയമം നിര്‍മിക്കുക എന്നതാണ് സഭകളുടെ ഉത്തരവാദിത്തം. ജനാധിപത്യം തീര്‍ത്തും ജനപക്ഷത്ത് നിന്നു വേണം ചിന്തിക്കാന്‍. അതിനു വംശീയമോ ജാതീയമോ ആയ വിവേചനം പാടില്ല. പക്ഷെ നമ്മുടെ സഭകളില്‍ നിന്നും കേട്ട് കൊണ്ടിരിക്കുന്ന പലതും അതിനു വിരുദ്ധമാണ് എന്നത് നമ്മെ ആശങ്കയിലാക്കുന്നു.

Related Articles