Current Date

Search
Close this search box.
Search
Close this search box.

ക്രൈസ്തവ സയണിസം പ്രധാന വില്ലൻ 

വിഖ്യാത രാഷ്ട്രീയ സാമൂഹിക ചിന്തകൻ പ്രഫ: നൈനാൻ കോശി ക്രൈസ്തവ സയണിസത്തെ വിലയിരുത്തിയതിൻ്റെ സംഗ്രഹം ഇങ്ങനെ വായിക്കാം: “ക്രൈസ്തവ സയണിസം എന്ന പദപ്രയോഗം കേരളത്തിൽ വളരെ പരിചിതമാണെന്ന് തോന്നുന്നില്ല. അത് രക്തദാഹത്തിൻ്റെ പ്രത്യയശാസ്ത്രമാണ്. ക്രൈസ്തവ സയണിസം അമേരിക്കൻ വിദേശനയത്തിൽ പ്രത്യക്ഷമായ സ്വാധീനം ചെലുത്തുന്നു. അമേരിക്കയുടെ സാമ്രാജ്യത്വ പദ്ധതികളെ പിന്താങ്ങുന്നു.

ചരിത്രം പരിശോധിച്ചാൽ പശ്ചിമേഷ്യയിൽ മതേതര ജനാധിപത്യ സാധ്യതകളെ തകർത്തത് ഇസ്രായേലിൻ്റെ രൂപവത്കരണമാണെന്നു കാണാം. രണ്ടാം ലോകയുദ്ധത്തിനു മുമ്പ് പശ്ചിമേഷ്യയിൽ ഒരു മതേതര പ്രസ്ഥാനം ഉണ്ടായിരുന്നു. മുസ് ലിംകളും ക്രിസ്ത്യാനികളും ജൂതന്മാരും അടങ്ങിയത്.

2011 സെപ്തംബർ 11 നു ശേഷമാണ് ഇസ് ലാമോഫോബിയ വാഷിങ്ടണിൻ്റെ ഔദ്യോഗിക നയമായതെന്ന് പറയാമെങ്കിലും ശീതസമരം അവസാനിച്ചപ്പോൾ തന്നെ ഇതിന് ബോധപൂർവം രൂപം നൽകിയിരുന്നു. സോവിയറ്റ് യൂണിയൻ്റെ തിരോധാനത്തെത്തുടർന്ന് അതുവരെയുണ്ടായിരുന്ന കമ്യൂണിസമെന്ന ശത്രു അപ്രത്യക്ഷമായി. പാശ്ചാത്യ രാഷ്ട്രങ്ങൾക്ക് പുതിയൊരു ശത്രുവിനെ ആവശ്യമായിത്തീർന്നു. കമ്യൂണിസം വിടവാങ്ങിയ വേദിയിൽ ഇസ്‍ലാമിനെ പ്രതിഷ്ഠിച്ചു.

മുഖ്യധാരാ ക്രിസ്തുമതം എന്ന് അറിയപ്പെടുന്നതിൽ പഴയ, പുതിയ നിയമങ്ങളുടെ ഏറ്റവും വിദ്രോഹകരമായ വക്രീകരണമാണ് ക്രൈസ്തവ സയണിസം. ക്രൈസ്തവ സയണിസത്തിൻ്റെ പ്രത്യയശാസ്ത്രം ക്രിസ്തു ഉപദേശിച്ചതും കാട്ടിത്തന്നതുമായ സ്നേഹത്തിനു വിരുദ്ധമാണ്. വിദ്വേഷമാണ് സ്നേഹമല്ല ക്രൈസ്തവ സയണിസത്തിൻ്റെ സവിശേഷത. ക്രിസ്തുവിൻ്റെ പരമമായ സന്ദേശം അനുരഞ്ജനത്തിൻ്റെതും സമാധാനത്തിൻ്റെതുമാണ്. അതിനെതിരെയുള്ള ദൈവശാസ്ത്ര ദുർവ്യാഖ്യാനമാണ് ക്രൈസ്തവ സയണിസം.

ജനാധിപത്യമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇസ്രായേലിനുള്ളിലെ നയം അപ്പാർത്തീഡിൻ്റെ പൂർണ രൂപമാണ്. ഇസ്രായേൽ ജനാധിപത്യ രാജ്യമല്ലെന്ന് ഇത് തെളിയിക്കുന്നു. ഇസ്രായേലിനുള്ളിലെ ഫലസ്തീനികൾ ക്രൂരമായ വിവേചനത്തിൻ്റെ ഇരകളാണ്. അവർക്ക് ഭൂമിക്കും വെള്ളത്തിനും വിദ്യാഭ്യാസത്തിനുമുള്ള അവകാശങ്ങൾ നിഷേധിച്ചിരിക്കുന്നു.

അതിർത്തികളില്ലാത്ത രാഷ്ട്രമാണ് ഇസ്രായേൽ. ഭരണഘടനയിൽ അതിർത്തി നിർവചിക്കപ്പെട്ടിട്ടില്ല. ഹമാസിനോട് ഇസ്രായേൽ ആവശ്യപ്പെടുന്നത് ഇസ്രായേൽ രാഷ്ട്രത്തെ അംഗീകരിക്കണമെന്നാണ്. ഏതതിർത്തിക്കുള്ളിൽ? ഈ ചോദ്യത്തിന് അമേരിക്കയും യു.എന്നുമൊന്നും ഉത്തരം നൽകുന്നില്ല. അപകടകരമായ ഈ അനിശ്ചിതാവസ്ഥ ഉണ്ടാക്കുന്നതിൽ ക്രൈസ്തവ സയണിസത്തിന് വലിയ പങ്കുണ്ട്.

ക്രൈസ്തവ സയണിസം ഫലസ്തീൻ ക്രിസ്ത്യാനികളെയും വല്ലാതെ ദ്രോഹിച്ചിട്ടുണ്ട്. അവരിൽ ഭൂരിഭാഗവും ഫലസ്തീനിൽ നിന്ന് പോയിക്കഴിഞ്ഞു.

ഭീകരവാദവിരുദ്ധ യുദ്ധമെന്ന പേരിൽ പ്രസിഡൻ്റ് ബുഷ് സാമ്രാജ്യത്വ യുദ്ധം പ്രഖ്യാപിച്ചപ്പോൾ പറഞ്ഞത് ഇത് ഒരു കുരിശുയുദ്ധമാണെന്നായിരുന്നു. അങ്ങനെ മുസ്‍ലിം തീവ്രവാദികൾ എന്നു വിളിക്കപ്പെട്ടവർ ജിഹാദിസ്റ്റുകളായി. കുരിശിൻ്റെയും ജിഹാദിൻ്റെയും ശരിയായ അർഥങ്ങൾ വിസ്മരിക്കപ്പെട്ടു.

ഹിന്ദുത്വത്തിൻ്റെ ദേശീയത-രാഷ്ട്ര സങ്കൽപങ്ങളും ക്രൈസ്തവ സയണിസത്തിൻ്റെ ദേശീയത – രാഷ്ട്ര സങ്കൽപങ്ങളും തമ്മിലുള്ള സാമ്യം ശ്രദ്ധേയമാണ്”

( വി.എ. മുഹമ്മദ് അശ്റഫ് രചിച്ച ക്രൈസ്തവ സയണിസം അധിനിവേശത്തിൻ്റെ പ്രത്യയശാസ്ത്രം എന്ന ഗ്രന്ഥത്തിന് ഡോ: നൈനാൻ കോശി എഴുതിയ അവതാരികയിൽ നിന്ന്)

കൂടുതൽ വായനക്ക്‌ : https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles