Current Date

Search
Close this search box.
Search
Close this search box.

ക്രൈമിയൻ താത്താർ മുസ്ലിംകൾ : വേരറുക്കപ്പെട്ടൊരു ജനത

 നിലവിൽ റഷ്യ ഉകൈ്റനിൽ നടത്തിക്കൊണ്ടിരിക്കുന്ന അധിനിവേശം രണ്ടര വർഷം പിന്നിട്ടിരിക്കുന്നു. എന്നാൽ, ഈ അധിനിവേശത്തിനും 8 വർഷം മുമ്പ്, 2014 ലെ റഷ്യ-ഉകൈ്റൻ നയതന്ത്ര പ്രശ്നത്തിൽ ഏറ്റവും കൂടുതൽ കടന്നുവന്നിരുന്ന തർക്കമേഖലയാണ് ദക്ഷിണ ഉക്രൈനിലെ സ്വയംഭരണ പ്രദേശമായ ക്രൈമിയ. അന്നാണ് റഷ്യ ഉക്രൈനിൽ നിന്നും ക്രൈമിയ പിടിച്ചെടുത്തതും റഷ്യൻ ഫെഡറേഷനിലേക്ക് കൂട്ടിച്ചേർക്കുകയും ചെയ്തത്.  

കിഴക്ക് അസോവ് കടലിനെയും തെക്ക് പടിഞ്ഞാറ് കരിങ്കടലിനെയും വേർതിരിക്കുന്ന ക്രൈമിയ തന്ത്രപ്രധാന ഉപദ്വീപാണ്. മുപ്പതോളം കിലോമീറ്റർ നീളമുള്ള പെരികോപ് എന്ന പ്രദേശം വടക്ക് ഉക്രൈനുമായും 19 കിലോമീറ്റർ നീളമുള്ള യൂറോപ്പിലെ ഏറ്റവും വലിയ പാലമായ റഷ്യൻ നിർമ്മിത ക്രൈമിയൻ ബ്രിഡ്ജ് റഷ്യയുമായും ക്രൈമിയൻ ഉപദ്വീപിനെ ബന്ധിപ്പിക്കുന്നു. (ഉക്രൈനിലെ റഷ്യൻ അധിനിവേശത്തിനിടെ നിരവധി സ്ഫോടനങ്ങളിൽ ഈ പാലത്തിന് കേടുപാടുകൾ സംഭവിച്ചു.) എന്നാൽ, ക്രൈമിയക്ക് പറയാനുള്ളത്, അതിന്റെ മണ്ണിൽ നൂറ്റാണ്ടുകളുടെ ചരിത്രം സൃഷ്ടിച്ച ക്രൈമിയൻ താത്താർ മുസ്ലിംകളെക്കുറിച്ചാണ്. കാരണം, അന്ദുലുസ് പോലെ മുസ്ലിം ലോകത്തിന് നഷ്ടപ്പെട്ട യൂറോപ്പിലെ മറ്റൊരു മുസ്ലിം രാജ്യമായിരുന്നു ക്രൈമിയ.

ക്രൈമിയൻ താത്താരികൾ 

ഉക്രൈനിൽ ഏറ്റവും കൂടുതൽ മുസ്ലിംകൾ അതിവസിച്ചിരുന്നത് ക്രൈമിയയിലാണ്. അവരാണ് തുർക്കിക് ഭാഷാ കുടുംബത്തിലെ കിപ്ചാക് വിഭാഗത്തിലെ ക്രൈമിയൻ ഭാഷ സംസാരിക്കുന്ന സുന്നികളായ താത്താരികൾ. ക്രൈമിയൻ താത്താരികളുടെ ചരിത്രം ചെങ്കിസ്ഖാന്റെ ക്രൈമിയൻ അധിനിവേശ കാലത്തുനിന്ന് തുടങ്ങുന്നു. 1223 ൽ ക്രൈമിയ പിടിച്ചടക്കിയ മംഗോളിയർ / തത്താരികൾ  ‘ഖിറിം’ പട്ടണത്തെ തലസ്ഥാനമാക്കി ഭരിച്ചു. ഈ കാലത്താണ് ഈ പ്രദേശത്തിന് ക്രൈമിയ (ഖിറിം) എന്ന് നാമകരണം ചെയ്യപ്പെടുന്നത്.  1237 ൽ  ക്രൈമിയ ഗോൾഡൻ ഹോർഡ് ഭരണത്തിന്റെ കീഴിലായി.

ഇസ്ലാമിൻറെ ആവിർഭാവം

അലാവുദ്ദീൻ കൈക്കുബാദ് രണ്ടാമന്റെ പടയോട്ട കാലത്ത് സൽജൂകികളാണ് ക്രൈമിയയിൽ ഇസ്ലാം കൊണ്ടുവന്നത്. ബൈബാർസിന്റെ കാലത്ത് മംലൂകികൾ  ഇവിടെ ആദ്യമായി പള്ളി സ്ഥാപിച്ചു. അദ്ദേഹത്തിന്റെ കാലത്ത് തന്നെ ക്രൈമിയൻ താത്താരികളുമായി കച്ചവടബന്ധവും സ്ഥാപിക്കപ്പെട്ടു.

1257 ൽ ബർകെ ഖാന്റെ ഇസ്ലാമാശ്ലേഷണത്തോടെ താത്താരികൾ ഇസ്ലാമികവൽക്കരിക്കപ്പെട്ടെങ്കിലും, ഗോൾഡൻ ഹോർഡ് ഭരണാധികാരി ഉസ്ബക് ഖാന്റെ ഭരണകാലത്താണ് ക്രൈമിയൻ താത്താരികൾക്കിടയിൽ  ഇസ്ലാം കൂടുതൽ വേരുറച്ചത്.  ഈ കാലത്ത് ക്രൈമിയൻ ഗോത്തുകൾക്കിടയിലും ഇസ്ലാം പ്രചരിച്ചു. ക്രൈമിയ സന്ദർശിച്ച ഇബ്നു ബത്തൂത്ത തന്റെ ‘രിഹ്ല’യിൽ  ഉസ്ബക് ഖാനെ പരിചയപ്പെടുന്നതും അദ്ദേഹത്തിന്റെ ഭരണ മികവിനെ എടുത്തുദ്ധരിക്കുന്നതും കാണാം. 

ക്രൈമിയൻ ഖാനേറ്റ്

ഗോൾഡൻ ഹോർഡിന്റെ പതനത്തിനുശേഷം 1441 മുതൽ 1784 വരെ ക്രൈമിയ ഭരിച്ചിരുന്ന മുസ്ലിം രാജവംശമാണ് ക്രൈമിയൻ ഖാനേറ്റ്. ഖാനേറ്റ് ഭരണം തുടങ്ങി മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ഉസ്മാനി ഇടപെടലുകൾ ക്രൈമിയയിൽ സജീവമായി. 1475 മുതൽ ക്രൈമിയയെ ഒരു ഒട്ടോമൻ സാമന്ത രാജ്യമായി ഖാനുകൾ ഭരിച്ചു. 17-15 നൂറ്റാണ്ടുകളിൽ തന്നെ ഓട്ടോമൻ തുർക്കി ഭാഷാ സംസ്കാരം ക്രൈമിയയിൽ കൂടുതൽ വേരുറച്ചു. അന്ന് ഉക്രൈനിന്റെ പല ഭാഗങ്ങളും ഉസ്മാനികൾക്ക് കീഴിലായിരുന്നു. പ്രസിദ്ധനായ ഒട്ടോമൻ സുൽത്താൻ സുലൈമാൻ ഖാനൂനിയുടെ ഭാര്യ ഹുർറം സുൽത്താൻ ഉക്രൈൻ വംശജയാണ്. 

1783 ൽ സാറിസ്റ്റ് റഷ്യ തുർക്കികളിൽനിന്നും ക്രൈമിയ പിടിച്ചെടുത്തതോടെ ഖാനേറ്റ് ഭരണം അവസാനിച്ചു. ഇതാണ് റഷ്യയുടെ ആദ്യത്തെ ക്രൈമിയൻ അധിനിവേശം. റഷ്യൻ ഭരണത്തിൽ ക്രൈമിയൻ മുസ്ലിംകൾ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. അവരുടെ പലായനങ്ങളും ഗണ്യമായി വർദ്ധിച്ചു. തൽസ്ഥാനത്ത് റഷ്യൻ വംശജരെ കൂട്ടമായി കൈ്രമിയയിൽ കുടിയിരുത്തപ്പെട്ടതോടെ വലിയ തോതിൽ ക്രിസ്തീയവത്കരണം അരങ്ങേറി. അങ്ങനെ താതാർ മുസ്ലിംകളുടെ മൃഗീയ ഭൂരിപക്ഷമുണ്ടായിരുന്ന കൈ്രമിയയിൽ 1879  ആവുമ്പോഴേക്കും മുസ്ലിം ജനസംഖ്യ 35 ശതമാനമായി താഴ്ന്നു. 

ക്രൈമിയയും ഇരുപതാം നൂറ്റാണ്ടും

1917 ൽ  ക്രൈമിയയിൽ ‘ക്രൈമിയൻ പീപ്പിൾസ് റിപ്പബ്ലിക്’ പ്രഖ്യാപിക്കപ്പെട്ടെങ്കിലും ഒന്നാം ലോകമഹായുദ്ധത്തിൽ കനത്ത പരാജയമേറ്റുവാങ്ങിയ  സാറിസ്റ്റ് റഷ്യക്കെതിരെ ലെനിന്റെ നേതൃത്വത്തിൽ വിപ്ലവത്തിനിറങ്ങിയ ബോൾഷെവിക്കുകളുടെയും അവരെ എതിരിട്ട റഷ്യൻ പട്ടാളക്കാരുടെയും ഒരു പോരാട്ട കേന്ദ്രമായി ക്രൈമിയ മാറി. അതേസമയം, ക്രൈമിയയിൽ താത്താർ നേതാവ് നുഅ്മാൻ ചെലബി ജിഹാന്റെ നേതൃത്വത്തിൽ ഒരു സ്വതന്ത്ര ക്രൈമിയൻ താത്താർ സ്റ്റേറ്റ് ആവശ്യപ്പെട്ട് നാഷണലിസ്റ്റുകൾ രംഗത്തുവന്നു. 

ഇത് തടഞ്ഞ ബോൾഷെവിക്കുകൾ ചെലബിയെ വധിക്കുകയും ക്രൈമിയൻ തത്താറുകളെ പല മോഹന വാഗ്ദാനങ്ങളും നൽകി റഷ്യൻ വിപ്ലവത്തിലേക്ക് കൊണ്ടുവരാനുള്ള കുത്സിത ശ്രമങ്ങൾ തുടരുകയും ചെയ്തു. പക്ഷേ, വിപ്ലവാനന്തരം സോവിയറ്റ് റഷ്യ വാഗ്ദാനം ലംഘിച്ചുകൊണ്ട് ക്രൈമിയ പിടിച്ചെടുക്കുവാനുള്ള ശ്രമങ്ങൾ നടത്തി. 1920 ൽ വമ്പൻ ചെമ്പട ക്രൈമിയയിൽ നിലയുറപ്പിച്ചപ്പോൾ  അവർക്കെതിരെ തത്താരികൾ ഗറില്ലാ യുദ്ധം നടത്തുകയും ചെയ്തു. പക്ഷേ ശക്തമായ റഷ്യൻ ഉപരോധത്തെ തുടർന്നുള്ള പട്ടിണിയിൽ  ഏകദേശം അറുപതിനായിരം പേർ കൊല്ലപ്പെട്ടു.1921 ൽ ബോൾഷെവിക്കുകൾ ക്രൈമിയയെ സിംഫറപോൾ തലസ്ഥാനമാക്കി ഒരു സ്വയംഭരണ സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കാക്കി മാറ്റി.

റഷ്യൻ ക്രൂരത പിന്നെയും അരങ്ങേറി. റഷ്യൻ വംശജരുടെ അനിയന്ത്രിത കുടിയേറ്റം തടഞ്ഞ ക്രൈമിയൻ തത്താറുകൾക്കെതിരെ റഷ്യ വീണ്ടും ക്രൂരമായ ആക്രമണമുറകൾ പ്രയോഗിച്ചു. പള്ളികളും മദ്രസകളും ലൈബ്രറികളും തകർക്കപ്പെട്ടു. ചിലത് സൈനിക കേന്ദ്രങ്ങളാക്കപ്പെട്ടു. ക്രൈമിയൻ ഭാഷയിലെ അറബിക് ലിപി പിഴുതെറിഞ്ഞ് ആ ഭാഷയെ തുടച്ചുനീക്കാനുള്ള നീക്കങ്ങളുമുണ്ടായി. ക്രൈമിയൻ തത്താർ മുസ്ലിംകളെ ചരിത്രത്തിൽ നിന്നും പൂർണമായി മായ്ച്ചു കളയാനുള്ള നടപടികളായിരുന്നു ഇവയൊക്കെ.

കരിങ്കടലിലേക്ക് തള്ളിനിൽക്കുന്ന തന്ത്രപ്രധാന പ്രദേശമായ ക്രൈമിയക്കുവേണ്ടി രണ്ടാം ലോകമഹായുദ്ധകാലത്ത് ഒരുഭാഗത്ത് നാസി ജർമനിയും മറുഭാഗത്ത് സ്റ്റാലിനും വടംവലി നടത്തിയിരുന്നു. 1941ൽ ജർമനി ക്രൈമിയ പിടിച്ചടക്കി. ജർമ്മനിക്കെതിരെ സോവിയറ്റ് യൂണിയൻ തങ്ങളുടെ സൈന്യത്തിൽ ക്രൈമിയൻ യുവാക്കളെ നിർബന്ധിച്ച് ചേർത്തു. റഷ്യൻ സൈന്യത്തിൽ ചേർന്ന് ജർമൻ അധിനിവേശകർക്കെതിരെ പല ക്രൈമിയൻ മുസ്ലിംകളും പൊരുതിയിരുന്നു. എന്നാൽ, നിഷ്പക്ഷമായി തുടർന്ന ക്രൈമിയൻ സൈന്യത്തിന്റെ വലിയൊരു വിഭാഗത്തെ ജർമ്മനി ക്രൂരമായ മർദ്ദനമുറകൾക്കിരയാക്കി.

കുടിയിറക്കൽ

ക്രൈമിയൻ തത്താർ ചരിത്രത്തിലെ ഏറ്റവും വേദനാജനകമായ സംഭവമാണ്, രണ്ടാം ലോകമഹായുദ്ധാനന്തരം തത്താർ മുസ്ലിംകൾക്കെതിരെ നടന്ന വംശീയ ശുദ്ധീകരണവും സാംസ്കാരിക ഉന്മൂലനവും. ക്രൈമിയൻ തത്താരികൾ തങ്ങൾക്കെതിരെ നാസിജർമ്മനിയുമായി സഹകരിച്ചെന്നും യുദ്ധക്കുറ്റം ചെയ്തുവെന്നും കള്ളമായ ആരോപണങ്ങൾ നടത്തി സോവിയറ്റ് യൂണിയൻ രംഗത്തെത്തി. അവർക്കുള്ള കളക്ടീവ് ശിക്ഷയുടെ ഭാഗമായി മുഴുവൻ തത്താർ മുസ്ലിംകളെയും നാടുകടത്താൻ സ്റ്റാലിൻ ഉത്തരവിട്ടു. ക്രൈമിയയിലെ ജർമൻ പതനത്തിന് ശേഷം 1944 മെയ് 18 മുതൽ 20 വരെയുള്ള രണ്ട് ദിവസങ്ങൾക്കുള്ളിലാണ് വളരെ ധൃതിപ്പെട്ട്  ഈ ക്രൂരകൃത്യം അരങ്ങേറിയത്. 

സ്ത്രീകളും കുട്ടികളും വൃദ്ധരുമടങ്ങുന്ന ഏകദേശം രണ്ടര ലക്ഷം വരുന്ന തത്താർ മുസ്ലിംകളെ  വാഗണുകളിൽ നിറച്ച് ട്രെയിനിൽ അന്ന് സോവിയറ്റ് യൂണിയന്റെ കീഴിലായിരുന്ന ഉസ്ബകിസ്ഥാൻ അടക്കമുള്ള മധ്യേഷൻ രാജ്യങ്ങളിലേക്കും ചിലരെ റഷ്യയിലെ ഉരാൾ പർവ്വതമേഖലയിലേക്കും സൈബീരിയയിലേക്കും നാടുകടത്തി. ഇതിനിടയിൽ പട്ടിണിയിലും പീഡനത്തിലും മരണപ്പെട്ട ആയിരക്കണക്കിന് പേരെ നിഷ്കരുണം ട്രെയിനിൽ നിന്നും വലിച്ചെറിഞ്ഞ് ഒഴിവാക്കുകയാണുണ്ടായത്. ക്രൈമിയയെ 100% സ്ലാവുവൽക്കരിക്കുക എന്ന ദുരുദ്ദേശത്തോടെ വളരെ ആസൂത്രിതമായ നീക്കങ്ങളിലൂടെയാണ് ഈ ഡിപ്പോർട്ടേഷൻ നടത്തിയത്. 

എല്ലാവരും അഗാധനിദ്രയിൽ വീണ പുലർച്ചെ നാലുമണിക്ക് സൈന്യത്തോട് ഭരണകൂടത്തിന്റെ കൽപനയുണ്ടാകുന്നു. പെട്ടെന്ന് തന്നെ സൈന്യം പൊതു വിളംബരം നടത്തുന്നു. ഭക്ഷണം പോലും കൂടെ കരുതാൻ സമയം നൽകാതെ ജനങ്ങളെ നഗരചത്വരങ്ങളിലേക്ക് ആനയിക്കുന്നു. പിന്നീട് ട്രക്കുകളിലാക്കി  അവരെ റെയിൽവേ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും സ്റ്റേഷനിൽ വെച്ച് അവരെ വാഗണുകളിൽ നിറച്ച് നാടുകടത്തുകയും ചെയ്തു. “എല്ലാം പെട്ടെന്നായിരുന്നു. ഉറക്കം കഴിഞ്ഞ് ഞെട്ടി ഉണർന്നപ്പോഴേക്കും നാടും വീടും ഞങ്ങൾക്ക് അന്യമായി.” മജ്ലിസ് ഓഫ് ക്രൈമിയൻ തത്താർസിന്റെ പ്രസിഡന്റായ രിഫാത്ത് ചുബറോവ് പറയുന്നു.

സമാനമായ നാടുകടത്തൽ കിഴക്കൻ  ക്രൈമിയയിലെ അറബാത്തിലും അരങ്ങേറി. റഷ്യക്കും ക്രൈമിയക്കുമിടയിൽ അസോവ് കടലിൽ 80 കിലോമീറ്റർ വീതിയിലും 100 കിലോമീറ്റർ നീളത്തിലമുള്ള ദ്വീപാണ് അറബാത്ത്. വലിയൊരു വിഭാഗം ക്രൈമിയൻ തത്താർ മുസ്ലിംകൾ  അധിവസിച്ചിരുന്ന ഇവിടെ 1944 മെയ് 20 നാണ് മുസ്ലിംകളെ കൂട്ടത്തോടെ നാടുകടത്തിയത്. അറബാത്തിൽ നിന്നും ബോട്ട് മാർഗം റഷ്യയിലേക്ക് പുറപ്പെട്ട അഭയാർത്ഥി ബോട്ട് മുങ്ങി 500 ഓളം മുസ്ലിംകൾ മരണപ്പെടുകയുണ്ടായി.

വലിയൊരു ഡെമോഗ്രഫിക്ക് ചേഞ്ച് അങ്ങനെ ക്രൈമിയയെ ബാധിച്ചു. മുസ്ലിംകളോടൊപ്പം മറ്റു ഗ്രീക്ക്, ബൾഗേറിയൻ, അർമേനിയൻ ന്യൂനപക്ഷങ്ങളും നാടുകടത്തപ്പെട്ടവരിൽ പെടുന്നു.

മടക്കം

1960 കളിൽ സ്റ്റാലിന്റെ പല നയങ്ങളും തള്ളിയ ക്രൂഷ്ചേവിന്റെയും ശേഷം ഗോർബച്ചേവിന്റെയും ഭരണകാലത്ത് നാടുകടത്തപ്പെട്ട ന്യൂനപക്ഷങ്ങളുടെ മടക്കത്തിന് വേണ്ടി പല പദ്ധതികളും ആവിഷ്കരിക്കപ്പെട്ടെങ്കിലും മുസ്ലിംകൾ അതിൽ നിന്നും പുറത്തായിരുന്നു. എന്നാൽ 1967 ൽ ക്രൈമിയൻ തത്താർ മുസ്ലിംകളുടെ നിരപരാധിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു. താത്താറുകൾക്ക് മടക്കം അനുവദിച്ചു കൊണ്ടുള്ള 1989 ലെ സുപ്രീം സോവിയറ്റ് തീരുമാനത്തിൽ തുടങ്ങി, സോവിയറ്റ് യൂണിയൻറെ തകർച്ചയ്ക്ക് ശേഷവും നാടുകടത്തപ്പെട്ട തത്താറുകൾ ക്രമേണയായി ക്രൈമിയയിലേക്ക് തിരിച്ചു വരാൻ തുടങ്ങി.  മാതൃഭൂമിയിലേക്കുള്ള മടക്കവും ഒരു സ്വയംഭരണ റിപ്പബ്ലിക് സ്ഥാപിക്കാനുള്ള അവകാശങ്ങളും ഉയർത്തിപ്പിടിച്ച ഓർഗനൈസേഷൻ ഓഫ് ദി ക്രൈമിയൻ നാഷണൽ മൂവ്മെന്റിന്റെ കീഴിൽ യു.എസ്.എസ്.ആറിൽ തത്താരികൾ  പ്രകടനങ്ങൾ നടത്തി. 

സോവിയറ്റ് യൂണിയൻറെ തകർച്ചക്ക് ശേഷം, 1991 ൽ തത്താരികൾ സ്വയംഭരണം പ്രഖ്യാപിച്ചെങ്കിലും ഭൂരിപക്ഷം വരുന്ന റഷ്യൻ വംശജരുടെ എതിർപ്പുമൂലം അവ അകാല ചരമമടയുകയും തുടർന്ന് സോവിയറ്റിൽ  നിന്നും സ്വതന്ത്രമായ ഉക്രൈനിന്റെ ഭാഗമായി ചേരാൻ അവർ താല്പര്യപ്പെടുകയും ചെയ്തു. അന്ന് ഉക്രൈൻ ക്രൈമിയൻ തത്താരികളുടെ  അവകാശ സംരക്ഷണം ഉറപ്പു നൽകിയിരുന്നു. പക്ഷേ ഉക്രൈൻ ക്രൈമിയയിലെ ഭൂരിപക്ഷത്തെ പ്രീണിപ്പിക്കുന്ന നിലപാട് സ്വീകരിക്കുന്നതായിരുന്നു പിന്നീട് കണ്ടത്. നാടുകടത്തപ്പെട്ട ക്രൈമിയൻ ജനതയുടെ മടക്കം എന്ന വലിയൊരു അവകാശത്തിന് നേരെ ഉക്രൈൻ അനുകൂലമായി പ്രതികരിച്ചില്ലെന്നു മാത്രമല്ല, 2014 ലെ ക്രൈമിയയിലെ റഷ്യൻ അധിനിവേശത്തിനു ശേഷം മാത്രമാണ് ക്രൈമിയൻ തത്താറുകളെ പ്രത്യേക അവകാശങ്ങളുള്ള തദ്ദേശീയ ജനതയായി അംഗീകരിച്ചതു തന്നെ. 

റഷ്യ ക്രൈമിയ പിടിച്ചടക്കുന്നു

2014 ഫെബ്രുവരി 27ന് റഷ്യൻ അനുകൂല ഉക്രൈൻ പ്രസിഡൻറ് വിക്ടർ യാൻകോവിച്ചിനെ അധികാരഭ്രഷ്ടനാക്കിയ ‘യൂറോ മൈഡൻ’ വിപ്ലവാനന്തരം ക്രൈമിയയിലേക്ക് കടന്ന റഷ്യ അവിടുത്തെ ഭരണകൂടത്തെ അട്ടിമറിക്കുകയും തട്ടിക്കൂട്ടി ഒരു ‘ഹിതപരിശോധന’ പ്രഖ്യാപിച്ച്, ക്രൈമിയയെ റഷ്യയിലേക്ക് കൂട്ടിച്ചേർത്തതായി പ്രഖ്യാപിക്കുകയും ചെയ്തു. ക്രൈമിയൻ ജനസംഖ്യയിൽ ബഹൂഭൂരിപക്ഷം വരുന്ന റഷ്യൻ വംശജരുടെ താൽപര്യങ്ങൾ സംരക്ഷിക്കുക എന്ന ന്യായീകരണമാണ് ക്രൈമിയ പിടിച്ചെടുത്തതിന് റഷ്യക്കുള്ള ന്യായീകരണം. 

പക്ഷേ, ഇതിനെ ഐക്യരാഷ്ട്ര സഭയും മജ്‍ലിസ് അടക്കമുള്ള ക്രൈമിയൻ തത്താർ സംഘടനകളും തള്ളുകയായിരുന്നു. തുടർന്ന് തത്താറുകൾക്കെതിരെ റഷ്യ കൂടുതൽ സാംസ്കാരിക ഉന്മൂലനത്തിന് മുതിർന്നു. തത്താർ മുസ്ലിം വീടുകളിലും സ്ഥാപനങ്ങളിലും റൈഡ് നടത്തി സ്വത്തുവകകൾ കണ്ടുകെട്ടി. അവരുടെ ഭൂമികൾ കയ്യേറി. റഷ്യക്കെതിരെയുള്ള എല്ലാ പ്രയോഗങ്ങളെയും തീവ്രവാദമായി മുദ്രകുത്തി. ഇതുമായി ബന്ധപ്പെട്ട് മുസ്ലിം ലൈബ്രറികളിൽ വരെ റഷ്യൻ സൈന്യം പരിശോധന നടത്തി. റഷ്യ ക്രൈമിയ പിടിച്ചടക്കിയതിന്റെ ഒമ്പതാം വാർഷികത്തോടനുബന്ധിച്ച് മാർച്ച് 18 ന് പുടിൻ ക്രൈമിയയിൽ ഒരു മിന്നൽ സന്ദർശനം നടത്തിയത് വലിയ ചർച്ചയായിരുന്നു.  ഉക്രൈനിലെ യുദ്ധക്കുറ്റങ്ങൾക്ക് പുടിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിപ്പിച്ച ഉടനെയായിരുന്നു ഇത്. 

നിലവിൽ ഭരണ മേഖലയിലും ക്രൈമിയൻ തത്താറുകൾക്ക് പ്രാധിനിത്യമില്ല. അവർക്കിടയിൽ തൊഴിലില്ലായ്മയും രൂക്ഷമാണ്. കടുത്ത വിവേചനമാണ് സർവ്വ മേഖലയിലും അവർ നേരിടുന്നത്. തത്താർ മുസ്ലിംകളെ  പ്രത്യേകം നിരീക്ഷിക്കാൻ ക്രൈമിയൻ  തെരുവുകളിൽ റഷ്യൻ പട്ടാളക്കാർ റോന്തുചുറ്റുന്നതും കാണാം. ക്രൈമിയൻ തത്താർ ഭാഷയ്ക്കും സംസ്കാരത്തിനും വലിയ ശോഷണമാണ് നിലവിൽ റഷ്യൻ ക്രൈമിയയിൽ  സംഭവിച്ചിരിക്കുന്നത്. രണ്ടര മില്യനോളം വരുന്ന ക്രൈമിയൻ ജനസംഖ്യയിൽ വെറും 12 ശതമാനം മാത്രമാണിന്ന് തത്താർ ജനസംഖ്യ. ഒരു കാലത്ത് ഇത് 90 ശതമാനമായിരുന്നു എന്നോർക്കണം. ക്രൈമിയയിലേക്ക് മടങ്ങിവരാൻ കഴിയാത്ത അവരിൽ വലിയൊരു വിഭാഗവും ഉസ്ബെക്കിസ്ഥാനിൽ കഴിയുകയാണ്. 

നാടുകടത്തപ്പെട്ട ക്രൈമിയൻ തത്താർ മുസ്ലികൾ ഇപ്പോഴും സ്വന്തം ഭൂമിയിലേക്ക് മടങ്ങിമടങ്ങിവരാനുള്ള ശ്രമങ്ങളിലാണ്. ഒരു സാമ്രാജ്യത്വ ശക്തിയുടെ താരാട്ടിൽ ചരിത്ര യാഥാർത്ഥ്യത്തോട് അജ്ഞത നടിച്ച് അന്യന്റെ ഭൂമിയിൽ പടുത്തുയർത്തിയ അനീതിയുടെ റഷ്യൻ പ്രതിരൂപങ്ങളെയാണ് ചെന്നു മുട്ടിയ വാതിലുകളിൽ  ക്രൈമിയൻ മുസ്ലിംകളെ എതിരേറ്റത്. യൂറോപ്യൻ നഗര സൗന്ദര്യത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ കുടിലുകളിലും ചെറിയ പാർപ്പിടങ്ങളിലും സ്വന്തം ഭൂമിയിൽ അഭയാർത്ഥികളായി അവർ കഴിഞ്ഞുകൂടുന്നു.

കുടിയിറക്കപ്പെട്ടവരുടെ പുനരധിവാസം, അന്യാധീനപ്പെട്ട  ഭൂസ്വത്തുക്കളിൽ അർഹമായ വിഹിതം,  തത്താർ ഭാഷയെയും സംസ്കാരത്തെയും സംരക്ഷിക്കുക എന്നീ മൂന്ന് ആവശ്യങ്ങളാണ് ഏതു ഭരണകൂടത്തോടും അവർക്ക് സമർപ്പിക്കാനുള്ളത്. വിവേചനങ്ങൾ മാത്രം നേരിടേണ്ടിവന്ന വമ്പിച്ച ചരിത്ര പാരമ്പര്യമുള്ള ഒരു ജനത ഇന്നും അവകാശങ്ങൾക്ക് വേണ്ടി ശബ്ദിക്കുകയാണ്. 

 

References:

  •       Identity of Crimean Tatars- Ülkü Nur Zengin
  •       Crimean Ttars and Russia’s annexation of Crimea-  Filiz Tutku Aydin
  •       Human Security and the caseof Crimean Tatars: A comperative study of Crimean Tatars security        issue under Ukrainian and Russian rule- Kalmar växjö, Linneniversitetet
  •       Abdal Hakim Murad, Ukraine, Islam and the current conflict –  Cambridge Muslim College
  •       Crimean Tatars: Coming Back, documentary Al Jazeera world Crimea Wikipedia
  •       Crimea: Russia’s dark secret, Featured Documentary, Al Jazeera
  •       Tatar Nation, the other Crimea, Vice News
  •       deportation of the Crimean Tatars, Wikipedia
  •       ഇസ്ലാമിക വിജ്ഞാനകോശം ഭാഗം 6

 

Related Articles