Current Date

Search
Close this search box.
Search
Close this search box.

ക്രൈസ്തവ സഹോദരങ്ങൾക്ക് ഓർമകൾ ഉണ്ടായിരിക്കണം!

സംഘ് പരിവാറിൻ്റെ വേദപുസ്തകമായ “ബഞ്ച് ഓഫ് തോട്ട്സി”ൽ മുസ് ലിംകൾ കഴിഞ്ഞാൽ തൊട്ടടുത്ത ഇര ക്രിസ്ത്യാനികളാണ്.

ഇക്കാര്യം എഴുതി വെക്കുക മാത്രമല്ല, ആർ.എസ്.എസിൻ്റെ മുഖ്യകാർമികത്വത്തിൽ സംഘ് ഫാഷിസം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഒട്ടേറെ ക്രൈസ്തവ വിരുദ്ധ കലാപങ്ങൾ നടത്തിയിട്ടുമുണ്ട്. ഇതിൽ വലുത് മുഖ്യധാരാ മാധ്യമങ്ങൾ തമസ്കരിച്ച 2008 ലെ കണ്ഡമാൽ (ഒഡീഷ) വംശഹത്യയാണ്. ക്രിസ്ത്യൻ വിരുദ്ധ കണ്ഡമാൽ ആക്രമണത്തിൻ്റെ വ്യാപ്തി ഞെട്ടിക്കുന്നതാണ്. 120 പേർ വധിക്കപ്പെട്ടു. 6,000 വീടുകൾ അഗ്നിക്കിരയായി.60,000 പേർ കുടിയിറക്കപ്പെട്ടു. ജീവൻ രക്ഷിക്കാൻ ആളുകൾക്ക് കാട്ടിൽ അഭയം തേടേണ്ടി വന്നു. ഭയം കാരണം ഇപ്പോഴും 10,000 ത്തോളം ഇരകൾക്ക് കണ്ഡമാലിലെ തങ്ങളുടെ വീടുകളിലേക്ക് തിരിച്ചു ചെല്ലാനായിട്ടില്ല! മറ്റൊരു 10,000 പേർ രാജ്യത്ത് എവിടെയൊക്കെയോ പോയി ജോലി ചെയ്യാൻ നിർബന്ധിതരായി. പെൺകുട്ടികളാണെങ്കിൽ മനുഷ്യക്കടത്തിൻ്റെ ഇരകളാകുന്നു.( ജോൺ ദയാൽ. പ്രബോധനം വാരിക: 26.10.14)

ക്രിസ്ത്യൻ, ദലിത്, ആദിവാസി വിഭാഗങ്ങളെ സാരമായി ബാധിച്ച കണ്ഡമാൽ വംശഹത്യയുടെ ഭീകരത പുറത്തു കൊണ്ടുവന്നത് ബദൽ മാധ്യമങ്ങളാണ്. കന്യാസ്ത്രീകളടക്കം നാൽപ്പതോളം പേർ ബലാത്സംഗത്തിന് ഇരയായി… മുന്നൂറോളം ആരാധനാലയങ്ങൾ തകർക്കപ്പെട്ടു.. ക്രിസ്ത്യാനികളെ തെരഞ്ഞുപിടിച്ചു കൊന്നു.. എന്നിങ്ങനെ ഞെട്ടിക്കുന്ന ഒട്ടേറെ കാര്യങ്ങൾ ഒരു സംഘം വിദ്യാർത്ഥികൾക്കൊപ്പം സംഭവ സ്ഥലം സന്ദർശിച്ച സോളിഡാരിറ്റി നേതാവും ആക്ടിവിസ്റ്റുമായ പി.ബി.എം ഫർമീസ് എഴുതിയിട്ടുണ്ട്. (സീബ്ര, വര N കുതിര. ഫറോഖ് ഇർശാദിയ കോളേജ് മാഗസിൻ.2017-18)

“ഇന്ത്യാസ് അലയൻസ് ഡിഫൈൻഡിംഗ് ഫ്രീഡം ” എന്ന സംഘടനയുടെ കണക്കനുസരിച്ച് 2020ൽ രാജ്യവ്യാപകമായി 225 ക്രിസ്ത്യൻ പള്ളികളാണ് തകർക്കപ്പെട്ടത്. തൊട്ടു മുൻപത്തെ വർഷം അത് 218 ആയിരുന്നു. 2020 സെപ്റ്റംബറിൽ ഛത്തീസ്ഗഡിലെ മൂന്നു ഗ്രാമങ്ങളിൽ ക്രിസ്ത്യാനികളെ ആക്രമിച്ചത് നാലായിരത്തോളം വരുന്ന ആർ.എസ്.എസ് / സംഘ് പരിവാർ പ്രവർത്തകരാണ് !

2021 ഒടുവിൽ പുറത്തു വന്ന കണക്കു പ്രകാരം കഴിഞ്ഞ 9 മാസത്തിനിടെ രാഷ്ട്രത്തിൻ്റെ വിവിധ ഭാഗങ്ങളിൽ 300 ക്രിസ്ത്യൻ ആരാധനാലയങ്ങൾ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഈദൃശ നശീകരണ പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുന്നുണ്ടെന്നു മാത്രമല്ല വൈദികരും കന്യാസ്ത്രീകളും രാജ്യവ്യാപകമായി കയ്യേറ്റങ്ങൾക്കും മാനഭംഗങ്ങൾക്കും ഇരയാവുന്നുമുണ്ട്.

ദക്ഷിണേന്ത്യയും സുരക്ഷിതമല്ല. കർണാടകയിൽ ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങൾ രൂക്ഷമാണ്. താരതമ്യേന ശാന്തം എന്നു കരുതുന്ന കേരളത്തിൽപ്പോലും പലവട്ടം വൈദികർ / പ്രേഷിതർ ആക്രമിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ ഒളവണ്ണയും മാമ്പുഴക്കാടും മരാമൺ കൺവെൻഷൻ നടക്കുന്ന മണൽതിട്ടയുടെ കൽകെട്ടുകൾ തകർത്തതുമൊന്നും നാം മറന്നിട്ടില്ല!

എന്നാൽ ദൗർഭാഗ്യമെന്നു പറയട്ടെ, തങ്ങളുടെ അനുയായികൾ നിരന്തരമായ അക്രമങ്ങൾക്കും അനീതികൾക്കും ഇരയാവുമ്പോഴും ബന്ധപ്പെട്ട സഭാപിതാക്കൾ, അപൂർവ്വം ചിലരൊഴികെ മൗനം പാലിക്കുകയും ഒപ്പം ബി.ജെ.പി നേതൃത്വവുമായി ചങ്ങാത്തം കൂടാൻ ധൃതിപ്പെടുകയും ചെയ്യുന്നു!!

2021 ൽ പ്രധാനമന്ത്രിയെ സന്ദർശിച്ച മലയാളി കർദ്ദിനാൾമാരുടെ സംഘത്തിന് നരേന്ദ്ര മോദിയോട് പറയാനുണ്ടായത് അന്ന് ജയിലിൽ മരണത്തോട് മല്ലടിച്ചു കൊണ്ടിരുന്ന നിരപരാധിയായ ഫാദർ സ്റ്റാൻ സ്വാമിയെക്കുറിച്ചു പോലുമായിരുന്നില്ല, കേരളത്തിലെ മുസ് ലിംകൾ അനർഹമായ ആനുകൂല്യം പറ്റുന്നതിനാൽ ഇടപെടണം എന്നായിരുന്നു!!

അതേയവസരം 13 വട്ടം കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്നതിന് ജയിലിൽ കിടന്ന അച്ചനും, 16 ക്രിമിനൽ കേസുകളിൽ ഒന്നാം പ്രതിയായ പിതാവിനും പാവപ്പെട്ട കന്യാസ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ടവർക്ക് അഭയം നൽകുന്നതിലും അനീതികൾക്കെതിരെ ശബ്ദിച്ച സിസ്റ്റർ ജസ്മി, ലൂസി കളപ്പുരയ്ക്കൽ പോലുള്ളവരെ അധികാര ദണ്ഡുപയോഗിച്ച് ഒതുക്കുന്നതിലും സഭാ നേതൃത്വങ്ങൾ അശേഷം പിശുക്ക് കാണിക്കുന്നുമില്ല!!

(സംഘ് പരിവാർ അനുകൂല തീവ്ര ക്രിസ്ത്യൻ സംഘടന കാസ മുതൽ ക്രിസ്ത്യൻ കോഡിനേഷൻ കൗൺസിൽ വരെയുള്ളവയും പാലാ ബിഷപ്പുമുതൽ പി.സി ജോർജ് വരെയുള്ളവരും തിടം വെക്കുന്നത് ഉപര്യുക്ത പൗരോഹിത്യ ജീർണതയുടെ അരമനകളുടെ ആശീർവാദത്തിലാണെന്നത് പറയാതെ വയ്യ! )

ഫാഷിസത്തിൻ്റെ കുതന്ത്രങ്ങൾ തിരിച്ചറിയുന്ന പിതാക്കളും അൽമായരും ഇടവകകളും തീരേ ഇല്ലാ എന്നല്ല, അവരിലുള്ള പ്രതീക്ഷ പറ്റേ നശിച്ചിട്ടുമില്ല..! ( 6.5.22 )

Related Articles