Your Voice

ബദ്‌രീങ്ങളെ ജീവിതം കൊണ്ടാണ് അടയാളപ്പെടുത്തേണ്ടത്

നമസ്‌കാരം കഴിഞ്ഞു ഇമാം മൈക്കിലൂടെ വിളിച്ചു പറഞ്ഞു ‘നാളെ അസറിനു ശേഷം ബദ്‌രീങ്ങളുടെ പേരിലുള്ള മൗലീദ് ഉണ്ടാകും. എല്ലാവരും പങ്കെടുക്കുക’. മൗലീദ് എന്ന വാക്കിന്റെ ഭാഷാര്‍ത്ഥം ജനന സമയം, ജനിച്ച സ്ഥലം എന്നൊക്കെയാണ്. പ്രവാചകന്മാരുടെയോ പുണ്യ ആത്മാക്കളുടെയോ പ്രകീര്‍ത്തനങ്ങളാണ് മൗലീദ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരാളെ കുറിച്ച് നല്ലത് പറയാന്‍ പ്രത്യേക സമയമോ ദിവസമോ നോക്കേണ്ട കാര്യമില്ല. പ്രത്യേകിച്ച് ബദരീങ്ങള്‍. വിശ്വാസികളുടെ ഏറ്റവും അടുത്ത് നില്‍ക്കുന്നവരാണ് അവരെന്നും. അവരെ ഓര്‍മിക്കാന്‍ പ്രത്യേക ദിനം എന്നത് ദീനില്‍ നമുക്ക് പരിചിതമായ ഒന്നല്ല. അങ്ങിനെ ഒരു പാരായണ രീതിയൊന്നും ഒന്നാം നൂറ്റാണ്ടില്‍ നാം കണ്ടിട്ടില്ല. അവരെ ആളുകള്‍ സ്മരിച്ചിരുന്നു. ബദ്ര്‍ ശുഹദാക്കളെ അനുസ്മരിച്ച് കുട്ടികള്‍ പാട്ടു പാടിയ സംഭവം പ്രശസ്തമാണല്ലോ ?

ബദ്ര്‍ ഒരു ചരിത്ര ഭൂമിയാണ്. അതൊരു പുണ്യ ഭൂമിയായി ഇസ്ലാം കണക്കാക്കുന്നു എന്ന് പറയാന്‍ നമ്മുടെ പക്കല്‍ തെളിവില്ല. ചരിത്രവും ഭക്തിയും കൂട്ടിക്കുഴക്കുക എന്നത് പുതിയ രീതിയാണ്. ബദ്ര്‍ എന്ത് കൊണ്ട് ഓര്‍മ്മിക്കപ്പെടണം എന്ന് പറഞ്ഞാല്‍ അതിന്റെ പിന്നിലെ ത്യാഗമാണെന്ന് കണ്ടെത്താന്‍ കഴിയും. മദീനയിലെ ഇസ്ലാമിക നവജാഗരണത്തെ ഇല്ലാതാക്കാന്‍ ഇസ്ലാമിന്റെ ശത്രുക്കള്‍ നാനാ ഭാഗത്തു നിന്നും ഒരേ പോലെ മുന്നോട്ടു വന്നു. മക്കയില്‍ നിന്നും മദീനയിലേക്ക് പോയ പ്രവാചകന് ഒരു അഭയാര്‍ത്ഥിയുടെ അവസ്ഥയെ മക്കക്കാര്‍ കണ്ടുള്ളൂ. സ്വന്തം നാട്ടില്‍ നിന്നും ഓടിപ്പോകേണ്ടി വന്ന ഒരാളെ കുറിച്ച് അങ്ങിനെ കരുതാന്‍ മാത്രമേ ആര്‍ക്കും നിര്‍വാഹമുള്ളൂ. പക്ഷെ മക്കക്കാരുടെ പ്രതീക്ഷകള്‍ അസ്ഥാനത്താക്കി മദീനയിലെ പ്രവാചകന്‍ കൂടുതല്‍ കരുത്തനായി അവര്‍ക്കു ബോധ്യപ്പെട്ടു. ആദ്യ ഘട്ടത്തില്‍ തങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന എല്ലാ കുതന്ത്രവും അവര്‍ പയറ്റി നോക്കി. ഫലം കണ്ടില്ല. അത്ര കണ്ടു മദീനക്കാര്‍ പ്രവാചകനെ വിശ്വസിക്കുകയും സ്‌നേഹിക്കുകയും ചെയ്തിരുന്നു.

അവസാനം ബദറില്‍ വെച്ച് മക്കക്കാരും മദീനയിലെ വിശ്വാസികളും നേര്‍ക്കുനേര്‍ ഏറ്റുമുട്ടേണ്ടി വന്നു. മദീനയെ വേരോടെ നശിപ്പിക്കുക എന്ന ദൗത്യവുമായാണ് മക്കക്കാര്‍ അബുല്‍ ഹകമിന്റെ നേതൃത്വത്തില്‍ പുറപ്പെട്ടത്. അവര്‍ തീര്‍ത്തും സര്‍വായുധ സജ്ജരായിരുന്നു. മദീനയുടെ സമകാലിക മുസ്ലിം സമുദായത്തിന്റെ മുഴുവന്‍ ദൈന്യതയും മുസ്ലിം സൈന്യത്തിലും കാണാമായിരുന്നു. ബൗദ്ധിക സജ്ജീകരണങ്ങള്‍ നോക്കിയാല്‍ മക്കക്കാരുടെ മുന്നില്‍ ഒരു നിമിഷം പിടിച്ചു നില്ക്കാന്‍ പോലും മദീനക്കാര്‍ക്കു കഴിയില്ല. അവിടെയാണ് പ്രവാചകന്‍ വിശ്വാസത്തിന്റെ ആയുധം പുറത്തെടുത്തത്. അതായത് പ്രാര്‍ത്ഥന. പ്രവാചകന്റെ ബദ്‌റിലെ പ്രാര്‍ത്ഥന ”അല്ലാഹുവേ, നീ എന്നോട് കരാര്‍ ചെയ്തതു നീ എനിക്ക് പൂര്‍ത്തീകരിച്ചു തരണം. നാഥാ, ഈ ചെറുസംഘം നശിപ്പിക്കപ്പെട്ടാല്‍ നീ പിന്നീടൊരിക്കലും ആരാധിക്കപ്പെടില്ല,’ എന്നായിരുന്നു. അതിനെ കുറിച്ച് ഖുര്‍ആന്‍ പറഞ്ഞത് ‘നിങ്ങള്‍ റബ്ബിനോട് സഹായം തേടിയ സന്ദര്‍ഭം. മറുപടിയായി അവന്‍ അരുള്‍ ചെയ്തു. ഒരായിരം മലക്കുകളെ തുടരെ അയച്ചു ഞാനിതാ നിങ്ങളെ സഹായിക്കുന്നു….’ എന്നാണ്. അതായത് അല്ലാഹുവോടുള്ള പ്രാര്‍ത്ഥനയുടെ പ്രതിഫലനമാണ് ബദ്ര്‍ വിജയം. അതെ സമയം പലരും അതിനു പകരമായി ബദരീങ്ങളോട് ചോദിക്കുന്ന അവസ്ഥയാണ് കണ്ടു വരുന്നതും.

ഇസ്ലാമിന്റെ പേരില്‍ വേറെയും യുദ്ധങ്ങള്‍ നടന്നിട്ടുണ്ട്. ഏതു കൊണ്ട് ബദ്ര്‍ എന്ന ചോദ്യത്തിന് പറയാന്‍ കഴിയുന്ന മറുപടി ഇസ്ലാമിന്റെ സന്നിഗ്ദ ഘട്ടത്തില്‍ എല്ലാം റബ്ബില്‍ ഭരമേല്‍പിച്ചു സഹായിക്കാന്‍ മുന്നോട്ടു വന്നവര്‍ എന്നതാണ്. ബദരീങ്ങളെ കുറിച്ച് പറയുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് കടന്നു വരേണ്ടത് ആ മനക്കരുത്താണ്. ഏതു പ്രതിസന്ധിയിലും അല്ലാഹുവില്‍ പ്രതീക്ഷയും പ്രവാചകനില്‍ വിശ്വാസവും നിലനിര്‍ത്താന്‍ കഴിയുക എന്നത് വലിയ കാര്യമാണ്. സത്യവും അസത്യവും തമ്മിലുള്ള സംഘട്ടനത്തില്‍ സത്യത്തിന്റെ കൂടെ ഉറച്ചു നില്‍ക്കാന്‍ കഴിയുക എന്നത് തന്നെയാണ് ബദരീങ്ങള്‍ നല്‍കുന്ന പാഠം. അത് ബദറെന്ന ഭൂമിയുടെ പുണ്യമല്ല. അവിടെ തന്നെയാണ് ഇസ്ലാമിന്റെ ശത്രുവും മരിച്ചു വീണത്. അദ്ദേഹത്തിന്റെ രക്തവും ആ മണ്ണില്‍ ഒളിച്ചിട്ടുണ്ട്. ബദരീങ്ങളില്‍ അധികവും പിന്നെയും ആ സമൂഹത്തില്‍ ജീവിച്ചിട്ടുണ്ട്. ഇസ്ലാമിനെ വിഷമ ഘട്ടത്തില്‍ സഹായിച്ചു എന്നതിന്റെ പേരില്‍ അവര്‍ക്കു പ്രത്യേക സ്ഥാനം നല്‍കിയിട്ടുണ്ട്. പക്ഷെ ഇന്ന് കാണുന്ന രീതിയില്‍ അവരെ ആരും കൊണ്ടെത്തിച്ചില്ല. ബദ്‌രീങ്ങള്‍ വയറു നിറയെ ഭക്ഷണം കഴിച്ചു ഏമ്പക്കം വിടാനുള്ള കാരണമല്ല. അങ്ങിനെ ഒരു അനുഷ്ഠാനവും ദീനില്‍ നാം കണ്ടില്ല. പകരം നമ്മോടു ആവശ്യപ്പെടുന്നത് ബദ്‌രീങ്ങളുടെ ജീവിത വിശുദ്ധിയും വിശ്വാസവും മുറുകെ പിടിക്കാനാണ്. അതില്‍ സമൂഹം പരാജയപ്പെടുന്നു.

ബദറിന്റെ വിജയവും ഉഹ്ദിന്റെ പരാജയവും സമൂഹം പാഠമാക്കണം. അതിനാണ് അവരുടെ ചരിത്രം ഖുര്‍ആന്‍ പലയിടത്തും എടുത്തു പറയുന്നത്. പ്രവാചകനും സഹാബതും ബദ്‌രീങ്ങളെ സ്‌നേഹിച്ച പോലെ നമുക്കും സ്‌നേഹിക്കാം. അവര്‍ കാണിച്ചു തരാത്ത രീതിയിലുള്ള സ്‌നേഹം നമുക്ക് വേണ്ടെന്നു വെക്കാം. ഒരിക്കല്‍ കൂടി ബദ്ര്‍ ദിനം കടന്നു പോകുമ്പോള്‍ നമുക്ക് പ്രതിജ്ഞ എടുക്കാം. ബദരീങ്ങളെ ജീവിതം കൊണ്ട് നാം അടയാളപ്പെടുത്തുമെന്ന്.

Facebook Comments
Related Articles
Show More
Close
Close