Your Voice

ഏപ്രിൽ ഫൗൾ …

നൂറ്റാണ്ടുകൾക്ക് മുമ്പ് ഫ്രാന്‍സില്‍ തുടങ്ങിയ ആഘോഷമാണ് ലോകം മുഴുവന്‍ വിഡ്ഡി ദിനമായി കൊണ്ടാടുന്നത്. ചരിത്ര താളുകള്‍ പരതിയാല്‍ വളരെ ചെറുതല്ലാത്ത രസകരമായ ഒരു സംഭവത്തില്‍ നിന്നാണ് ഇതിന്‍റെ തുടക്കമെന്ന് മനസിലാകും.

ചാള്‍സ് ഒന്‍പതാമന്‍റെ ഭരണകാലം, പോപ്പായിരുന്ന ഗ്രിഗോറിയന്‍ ഒരു പുതിയ കലണ്ടര്‍, ക്രിസ്തുമത വിശ്വാസികള്‍ക്കായി പ്രാബല്യത്തില്‍ വരുത്തി. ഇത് 1562 ലായിരുന്നു. ഇന്ന് എല്ലാ മതസ്ഥരും ഒരു മനസ്സാക്ഷി കുത്തുമില്ലാതെ തൂക്കിയിടുന്ന ഗ്രിഗോറിയൻ കലണ്ടറിന്റെ ഉത്ഭവ കഥ. പത്തു മാസമുണ്ടായിരുന്ന റോമൻ കലണ്ടറിനെ ഒരു സുപ്രഭാതത്തിൽ 12 മാസത്തിലേക്ക് ചുളുവിൽ സന്നിവേശിപ്പിച്ചതിന്റെ ചതിപ്പെരുന്നാളാണ് ഏപ്രിൽ ഒന്ന്.

Also read: ദൈവവിഭ്രാന്തി അഥവാ കൊറോണക്കാലത്തെ നാസ്തികത

അതുവരെ മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 1 വരെ ഒരാഴ്ച പുതുവത്സരവാരം ആഘോഷിച്ചിരുന്നത്. എന്നാല്‍ ഗ്രീഗോറിയന്‍ കലണ്ടര്‍ അനുസരിച്ച് ജനുവരി 1നാണ് പുതുവത്സരം കൊണ്ട് പോയി സ്ഥാപിച്ചു.

പുതിയ കലണ്ടര്‍ പ്രാബല്യത്തല്‍ വന്നതോടെ പഴയ രീതിയില്‍ ഏപ്രില്‍ 1ന് പുതുവത്സരം ആഘോഷിക്കുന്നവരെ “ഏപ്രില്‍ ഫൂളുകള്‍ ” എന്നു വിളിച്ചു തുടങ്ങി. ഇങ്ങനെ വിളിക്കാന്‍ മറ്റൊരു കാരണം കൂടി ചരിത്രം പറയുന്നുണ്ട്.

അന്നത്തെ കാലത്ത് വാര്‍ത്താവിനിമയ ഉപാധികള്‍ നാമമാത്രമായിരുന്നു. അതിനാല്‍ രാജപരിഷ്കാരങ്ങള്‍ ജനങ്ങളില്‍ എത്തുന്നതിന് വളരെ താമസം നേരിട്ടിരുന്നു. കൂടാതെ യാഥാസ്ഥിതികരായ ചിലര്‍ പുത്തന്‍ പരിഷ്കാരങ്ങളെ ഉള്‍ക്കൊള്ളാന്‍ തയ്യാറായതുമില്ല. അവരാണ് പിന്നീട് ബഹുമാനപുരസ്സരം ഏപ്രില്‍ ഫൂളുകളായി അറിയപ്പെട്ടത്.

18-ാം നൂറ്റാണ്ടോടുകൂടി ഇംഗ്ളണ്ടിലും സ്കോട്ട്ലന്‍ഡിലും ഈ വിഡ്ഡി ആഘോഷത്തിന് പ്രചാരം വര്‍ദ്ധിച്ചു. തുടര്‍ന്ന് ഇംഗ്ളണ്ടിന്‍റെ കോളനികളിലേക്കും ഇവ വ്യാപിച്ചു. അഥവാ അന്നത്തെ കോളനിവൽക്കരണത്തിന്റെ / വിധേയത്വ മനസ്സിന്റെ ബാക്കി പത്രമാണ് നമ്മുടെ നാട്ടിൽ ഇനിയും അവശേഷിക്കുന്ന ഏപ്രിൽ ഫൂൾ.

ഓരോ നാടും അവരുടെ സ്വന്തം തമാശകളും വിഡ്ഡിത്തരങ്ങളുമായി ഏപ്രില്‍ ഫൂള്‍ കളറായി കൊണ്ടാടുന്നു. അന്ന് ജാതിമതപ്രായഭേദമില്ലാതെ ആര്‍ക്കും ആരെയും പറ്റിക്കാമെന്ന ദുഷ്ട ലിബറൽ കോളനിവത്കൃത മനസ് ഈ കൊറോണക്കാലത്തെങ്കിലും ഒഴിവാക്കിയില്ലെങ്കിൽ വിവരമറിയും.

Also read: കോവിഡും പശ്ചിമേഷ്യയിലെ യുദ്ധ ഭീകരതയും

വിശ്വാസികളെന്ന നിലക്ക്  നുണ / അസത്യം / കളവ് എന്നിവയെ കുറിച്ച് പ്രമാണങ്ങൾ എന്തു പറയുന്നു എന്ന് നോക്കാം:-
“കള്ളം പറയുന്നവര്‍ ശപ്തരാണ്’ ( 51: 10), ‘ദുര്‍വ്യയം ചെയ്യുന്ന കള്ളം പറയുന്നവരെ, അല്ലാഹു സന്‍മാര്‍ഗപ്രാപ്തരാക്കുകയില്ല’ ( 40:28)
‘നിനക്ക് ശരിക്കുംഉറപ്പില്ലാത്തിനൊപ്പം നില്‍ക്കരുത്’ ( 17: 36), ‘നിങ്ങള്‍ എന്ത് ഉരിയാടുമ്പോഴും അവിടെ കരുത്തനായ ഒരു നിരീക്ഷകന്‍ ഉണ്ടായിരിക്കും’ ( 50: 18) തുടങ്ങിയ ആയത്തുകളുടെ പ്രമേയം ഉപരിസൂചിത ദുർഗുണമാണ്.
നബി (സ) പറയുന്നു: ‘നുണ തെമ്മാടിത്തത്തിലേക്കും തെമ്മാടിത്തം നരകത്തിലേക്കുംഎത്തിക്കും’. മാത്രമല്ല കളവു പറയുന്നത് കാപട്യത്തിന്റെ അടയാളമായി ഹദീസില്‍ പറയുന്നുണ്ട്. “മിണ്ടിയാല്‍ കളവു പറയുക, വാഗ്ദത്തം ചെയ്താല്‍ അതു ലംഘിക്കുക, വിശ്വസിച്ചാല്‍ വഞ്ചിക്കുക ഇവ മൂന്നും കപടന്റെ ലക്ഷണങ്ങളാണ് ” എന്നാണ് പറയുന്നത്. കപട വിശ്വാസികള്‍ നരകത്തിന്റെ ഏറ്റവും കാഠിന്യമേറിയ അടിത്തട്ടിലാണ് എന്ന് ഖുര്‍ആന്‍ പ്രഖ്യാപിച്ചിട്ടുണ്ട് താനും (4: 145)

കളവിന്റെ കാര്യത്തില്‍ ഏറ്റവും വലിയ അപകടം അറിയാതെയും ഗൗനിക്കാതെയും പറഞ്ഞുപോകുന്ന ചിന്ന നുണകളെത്ര !. അവയിലൊന്ന് ആളുകളെ പറഞ്ഞുപറ്റിക്കാന്‍വേണ്ടി പറയുന്നതാണ്. ഇത് പലപ്പോഴും നമുക്ക് നിര്‍ദ്ദോഷകരമായിതോന്നിയേക്കാം. വാശിപിടിച്ചുനില്‍ക്കുന്ന ഒരു കുട്ടിയെ അനുനയിപ്പിക്കാന്‍ ഉമ്മമാർ (വാപ്പമാരും ) പറയുന്ന നുണകൾ അതിനുദാഹരണമാണ്. ഇത്തരം ഒരു സംഭവം നബി(സ)യുടെ ജീവിതത്തിലുണ്ടായി. ചെറുപ്പകാലത്തെ ഒരനുഭവം അബ്ദുല്ലാഹി ബിന്‍ ആമിര്‍(റ) പറയുന്നു: ഒരിക്കല്‍ നബി(സ) ഞങ്ങളുടെ വീട്ടില്‍ വന്നു. ഞാന്‍ കൂട്ടുകാരോടൊന്നിച്ച് കളിച്ചുനില്‍ക്കുകയായിരുന്നു. എന്നെ എന്റെ ഉമ്മ “നിനക്കൊരുസാധനം തരാം ” എന്നു പറഞ്ഞു വിളിക്കുന്നദ്ദേഹം കണ്ടു. അതുകണ്ട നബി(സ) ഉമ്മയോട് ചോദിച്ചു:’എന്താണ് നിങ്ങള്‍ അവനു കൊടുക്കാന്‍ കരുതിയിരിക്കുന്നത്?’. അതുകേട്ട മാതാവ് : ഞാനവന് ഒരു കാരക്ക നല്‍കാനാണ് ഉദ്ദേശിക്കുന്നത് “എന്നു മറുപടി നല്കി. അപ്പോള്‍ നബി(സ) പ്രതിവചിച്ചു: ‘അങ്ങനെ നിങ്ങള്‍ വല്ലതും കൊടുക്കാൻ ഉദ്ദേശമില്ലെങ്കിൽ നിങ്ങള്‍ അവനോട് പറഞ്ഞത് കളവായി ഭവിക്കുന്നതാണ്’ നാമെല്ലാം ചെന്ന് പതിക്കാറുള്ള മഹാ വീഴ്ചയാണ് നുണയുടെ പേരിലുള്ള ഇത്തരം ഉദാസീനത . ഇതുപോലെ നമ്മിൽ നാമറിയാതെ കൊണ്ടു നടക്കുന്ന ഒരു ദുശ്ശീലമാണ് കേട്ടതെല്ലാം പറഞ്ഞുനടക്കല്‍. നബി(സ) പറഞ്ഞു: ‘കേട്ടതെല്ലാം പറഞ്ഞുനടക്കല്‍ എന്നതു മാത്രംമതി ഒരു മനുഷ്യന് പാപത്തിന്’ ഉദാസീനതയുടെ സാഹചര്യം ഉണ്ടാക്കുന്ന മറ്റൊന്നാണ് ജനങ്ങളെ ചിരിപ്പിക്കാന്‍ വേണ്ടി കളവു തമാശകള്‍ പറയുന്നത്. അങ്ങനെ ചെയ്യുന്നവര്‍ക്ക് നരകശിക്ഷയുണ്ടായിരിക്കുമെന്നും ഹദീസില്‍ കാണാം. കളവുകളുടെ കൂട്ടത്തില്‍ ഏറ്റവും ഗുരുതരമായത് അല്ലാഹുവിന്റെ മേലില്‍ കളവു പറയുന്നതാണ്. അല്ലാഹു പറയുന്നു: ‘അല്ലാഹുവിനുമേല്‍ കളവ് കെട്ടിച്ചമച്ചുണ്ടാക്കുന്നവനേക്കാള്‍ അക്രമി ആരുണ്ട്?’.

Also read: തഹജ്ജുദിലൂടെ നേടുന്ന നാല് കാര്യങ്ങള്‍

അതുപോലെ ഗുരുതരമാണ് നബി(സ)യുടെമേലില്‍ കളവു പറയുന്നതും. നബി(സ) പറഞ്ഞു: ‘എന്റെമേല്‍ ഒരാള്‍ ബോധപൂര്‍വം കളവു പറഞ്ഞാല്‍ അവന്‍ തന്റെ നരകത്തിലെഇരിപ്പിടം തരപ്പെടുത്തിക്കഴിഞ്ഞു’ ഇതൊന്നും നമ്മുടെ പണ്ഡിതന്മാർക്ക് അറിയാണ്ടല്ല.. അല്ലാഹുവിന്റെയും നബിയുടേയും മേലില്‍ കളവു പറയുക എന്നതിന്റെ അര്‍ഥം വിശാലമാണ്. ശരിയായി പഠിക്കാതെ ദീന്‍ കാര്യങ്ങള്‍ പറയുന്നവരും സ്വന്തം താല്‍പര്യങ്ങള്‍ക്കുവേണ്ടി മതവിധികളെ വളച്ചൊടിക്കുന്നവരുമെല്ലാം ഈ ഗണത്തില്‍ പെടും എന്ന് ഈ വിഷയം വിവരിക്കുന്നതിനിടെ വ്യാഖ്യാതാക്കള്‍ പറയുന്നുണ്ട്. മതകാര്യങ്ങള്‍ പറയുമ്പോള്‍ ജാഗ്രത്തായ സൂക്ഷ്മത പുലര്‍ത്തണം. ചെറിയ ന്യൂനത കാരണം ഹദീസുകള്‍ വരെ മാറ്റിവെക്കുന്നത് ഇമാമുകളുടെ പതിവായിരുന്നു. ഇതിനു പിന്നിലുള്ള ന്യായവും കാരണം കളവിന്റെ ഗൗരവത്തെ കുറിച്ചുള്ള അവരുടെ അവബോധം തന്നെയാണ്. കച്ചവടക്കാർ തങ്ങളുടെ ചരക്ക് വിറ്റുപോകാന്‍വേണ്ടി പൊടിപ്പുവെച്ച വര്‍ണ്ണനകള്‍ മാർക്കറ്റിങ് രംഗത്ത് പുത്തരിയല്ലെങ്കിലും ധാർമികമായി അവ കളവാണ്.

അത് സമ്പാദ്യത്തിലെ നന്മ നഷ്ടപ്പെടുത്തിക്കളയും എന്ന് പ്രവാചകൻ(സ) പറഞ്ഞിട്ടുണ്ട്. ഉള്ളതിൽ തൊങ്ങൽ വെച്ചോ വിരുദ്ധമായോ പറയുന്നതെല്ലാം നുണയാണ് എന്ന് നമുക്ക് ചുരുക്കി മനസ്സിലാക്കാം. കള്ളസാക്ഷ്യം വഹിക്കുക, കള്ള സത്യം ചെയ്യുക, പൊങ്ങച്ചത്തിനുവേണ്ടി കളവുള്ള പൊടിപ്പും തൊങ്ങലും ചേര്‍ക്കുക, രണ്ടാളെ തമ്മില്‍ തെറ്റിക്കാന്‍ വേണ്ടി കളവുപറയുക, കാണാത്ത സ്വപ്‌നം കണ്ടുവെന്നു പറയുക. ഇല്ലാത്ത ഡിഗ്രി പറയൽ, പിതാവിന്റെ പേരോ പദവിയോ മാറ്റിപ്പറയൽ , പ്രത്യേക ഗോത്രത്തിലേക്കുള്ള ബന്ധം ഉണ്ടാക്കിപ്പറയൽ തുടങ്ങിയവയെല്ലാം കളവിന്റെ ഇനങ്ങളില്‍പ്പെട്ട ഇൻതിഹാലായി ഹദീസുകൾ എണ്ണിയിട്ടുണ്ട്. അനിവാര്യമായ സാഹചര്യങ്ങളില്‍ മാത്രമാണ് ഇല്ലാത്തത് പറയാൻ അനുമതിയുള്ളൂ.

കളവ് എന്നതിനേക്കാള്‍ ആ സാഹചര്യത്തെയാണ്ഇസ്‌ലാം പരിഗണിക്കുന്നത്. അവ ഏതെന്ന് ഉമ്മു കുല്‍സൂം(റ)യില്‍ നിന്നും ഉദ്ധരിക്കപ്പെട്ട ഹദീസില്‍കാണാം. 1 -യുദ്ധത്തില്‍, 2-രണ്ടു പേര്‍ക്കിടയില്‍ രജ്ഞിപ്പുണ്ടാക്കാനും അനിവാര്യമായ നുണ മാത്രമാണ് അക്കൂട്ടത്തിൽ പൊറുപ്പിക്കപെടുന്നത് എന്ന് ചുരുക്കം. ഇതിലൊന്നും ഏപ്രിൽ ഫൂൾ ഏതായാലും പെടില്ല.

(ഏപ്രിൽ 1 വിഡ്ഡിദിനമല്ല, വഞ്ചനാ ദിനം)

Facebook Comments

അബ്ദുല്‍ ഹഫീദ് നദ്‌വി കൊച്ചി

1975 മാര്‍ച്ച് 22 ന് എറണാകുളം ജില്ലയിലെ മട്ടാഞ്ചേരിയിൽ ജനനം. പിതാവ്: മല്ലികത്തൊടിയിൽ ഉസ്മാൻ. മാതാവ്: സനീറ എ.എ. മദ്‌റസത്തുൽ മുജാഹിദീൻ ഓറിയന്റൽ ഹൈ സ്‌കൂള്‍, കൊച്ചിൻ കോളേജ്, അസ്ഹറുൽ ഉലൂം കോളേജ്, നദ് വത്തുൽ ഉലമാ ലഖ്നോ, ദഅവാ കോളേജ്, ഖത്തര്‍ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പഠനം. ഇസ്‌ലാമിക ശരീഅത്തിലും ഫിഖ്ഹിലും ഉസ്വൂലുല്‍ ഫിഖ്ഹിലും ബിരുദം (ആലിമിയ്യ) വാടാനപ്പളി ഇസ്ലാമിയ കോളേജ് പ്രിൻസിപ്പൽ , അധ്യാപകൻ , സർക്കാർ കരിക്കുലം കമ്മിറ്റി , LPSA ആയിരുന്നു. നിലവിൽ അല്‍ജാമിഅ അല്‍ഇസ്‌ലാമിയ്യ സീനിയർ ലക്ചറർ, HCI ചെയർമാൻ, വിക്ടറി എഡ്യുക്കേഷൻ ട്രസ്റ്റ് മെമ്പർ ,SCERT കരിക്കുലം കമ്മറ്റി അംഗം, അത്തദാമുൻ/ഇസ്ലാം പാഠശാല എഡിറ്റർ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. മലയാളം, അറബി ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ഇസ്ലാമിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. IPH പ്രസിദ്ധീകരിച്ച ബുഖാരി, തിർമുദി , വിജ്ഞാനകോശം, അറബി നിഘണ്ടു എന്നിവയുടെ പരിഭാഷ , എഡിറ്റിങ് , പ്രൂഫ് റീഡിങ് എന്നിവ നിർവ്വഹിച്ചിട്ടുണ്ട്. ഭാര്യ: അൻസ, മക്കള്‍: അസ്വാല അൽഫിയ്യ, അസ്വീൽ അൽഫൈൻ, അമാൻ അസ്ലം.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker