Current Date

Search
Close this search box.
Search
Close this search box.

‘നമ്മുടെ നേതാവ്’; ബിലാല്‍ ഇബ്‌നു റബാഹ് (റ)..!

സ്വഹാബിമാർ-4

അബൂബക്കര്‍ (റ) നെ കുറിച്ച് ഉമര്‍ (റ) പറയുമ്പോഴെല്ലാം അദ്ദേഹം ഒരു കാര്യം പറയാറുണ്ടായിരുന്നു:” അബൂബക്കര്‍ നമ്മുടെ ‘നേതാവിനെ’ മോചിപ്പിച്ച നേതാവാണ്’.

‘നമ്മുടെ നേതാവിനെ’ എന്നതുകൊണ്ട് ഉമര്‍ (റ) ഉദ്ദേശിച്ച ബിലാല്‍ () മഹാനായ വ്യക്തിത്വമായിരുന്നു.

തവിട്ടുനിറമുള്ള, മെലിഞ്ഞ, നീണ്ട ഇടതിങ്ങിയ മുടിയുള്ള, ഇന്നേവരെ എവിടെനിന്നും ഒരു നല്ലവാക്ക് പോലും കേള്‍ക്കാത്ത, എപ്പോഴും നമ്രശിരസ്‌കനാവാന്‍ മാത്രം വിധിക്കപ്പെട്ട ആ മനുഷ്യന്‍ ‘ഞാനൊരു ആഫ്രിക്കക്കാരനാണ്, ഇന്നലെ വരെ ഞാനൊരു അടിമയായിരുന്നു’ എന്ന് കരഞ്ഞുകൊണ്ട് പറയുമായിരുന്നു.

ഒരിക്കല്‍ മറ്റൊരാളുടെ അടിമയായിരുന്ന ആ ആഫ്രിക്കന്‍ വംശജന്‍ ആരായിരുന്നു?

ബിലാലുബ്‌നു റബാഹ്; ദീനിന്റെ മുഅദ്ദിന്‍.

പരിശുദ്ധ ദീനുല്‍ ഇസ്‍ലാമിന്റെ എണ്ണംപറഞ്ഞ അത്ഭുതങ്ങളിലൊന്നാണ് ബിലാല്‍.

അദ്ദേഹത്തെ കുറിച്ചറിയാത്തവരായി ആരുമില്ല. അബൂബക്കറിനെയും ഉമറിനെയും അറിയുന്നത് പോലെ രാജ്യ-ദേശാതിര്‍ത്തികള്‍ക്കപ്പുറം ഇസ്‍ലാം നിലനില്‍ക്കുന്ന കാലത്തോളം ബിലാലും സുപരിചിതനാണ്.

തലമുറകളെത്ര കഴിഞ്ഞാലും കാലമെത്രെ കൊഴിഞ്ഞാലും ആരാണ് ബിലാലെന്ന ചോദ്യത്തിന് ചെറിയ കുട്ടി പോലും പറയുന്ന ഒരുത്തരമുണ്ട്: പുണ്യറസൂലിന്റെ മുഅദ്ദിനാണ് ബിലാല്‍. ആദര്‍ശപാതയില്‍ നിന്നും പിന്തിരിപ്പിക്കാന്‍ യജമാനന്‍ കൂറ്റന്‍ പാറക്കല്ലെടുത്ത് നെഞ്ചില്‍ വെച്ചപ്പോള്‍ ‘അഹദ്..അഹദ്’ എന്നുരുവിട്ടവനാണ് ബിലാല്‍!

ഇസ്‍ലാമില്ലായിരുന്നുവെങ്കില്‍ ഈത്തപ്പന തോട്ടങ്ങളില്‍ യജമാനന്റെ ഒട്ടകങ്ങളെ മേയ്ക്കുന്ന കേവലമൊരു അടിമയായി, ആരോരുമറിയാതെ, ഏതോ ഒരു സമയം മരണപ്പെട്ട്, മറവിയുടെ ആഴങ്ങളില്‍ ബിലാല്‍ മാഞ്ഞുപോകുമായിരുന്നു..

ഇസ്‍ലാം അദ്ദേഹത്തിന്റെ ജീവിതത്തില്‍ വളരെ നിര്‍ണ്ണായക വഴിത്തിരിവായിരുന്നു.

മനുഷ്യകുലത്തില്‍ വിജയം വരിച്ച എത്രയോ പേര്‍; പക്ഷേ അവരുടെ വിജയത്തിന്റെ പൊലിമ കറുത്ത ബിലാല്‍ നേടിയതിനോളം വരില്ലല്ലോ..

ചരിത്രത്തില്‍ ധീരരായ എത്രയോ പേര്‍; പക്ഷേ അവരാരും ബിലാലിനേക്കാള്‍ ധീരരല്ല..

കറുകറുത്ത, താഴ്ന്നവനായ, ജനങ്ങളില്‍ അധമനായിരുന്നയാള്‍ ദീനിലേക്ക് വന്നതോടെ അയാളുടെ നേരെയുള്ള എല്ലാ തൊട്ടുതീണ്ടലും മാറി. ഏറ്റവും ആദരണീയമായ സ്ഥാനത്ത് ബിലാലിനെ പരിശുദ്ധ ഇസ്‍ലാം പ്രതിഷ്ഠിച്ചു.

ബിലാലിനെ പോലെ കറുത്തവര്‍ഗ്ഗക്കാരനായ, പറയാന്‍ കുലമോ കുടുംബമോ ഇല്ലാത്ത, യജമാനനു വേണ്ടിയല്ലാതെ ജീവിതത്തില്‍ ഒരണ പോലും സ്വന്തമായി സമ്പാദിക്കാത്ത ഒരു അടിമ, ജനങ്ങളുടെ സകല കണക്കുകൂട്ടലുകളും തെറ്റിച്ച് ഇസ്‍ലാം സ്വീകരിക്കുന്നു, പ്രവാചകനില്‍ വിശ്വസിച്ച പലരും കൊതിച്ച ഇസ്‍ലാമിലെ ആദ്യ മുഅദ്ദിന്‍ എന്ന പദവിക്കഹര്‍നാവുന്നു..!

ബിലാല്‍ ഇബ്‌നു റബാഹ്..!

അദ്ദേഹത്തിന്റെ മാതാപിതാക്കളും അടിമകളായിരുന്നു. അടിസ്ഥാന അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെട്ട, നാളെയെ കുറിച്ചുള്ള പ്രതീക്ഷകള്‍ പോലുമില്ലാതിരുന്ന ഞെരുങ്ങിയ നാളുകളിലൂടെ കടന്നുവന്നവരാണ് ബിലാല്‍.

മക്കയില്‍ പ്രവാചകന്‍ മുഹമ്മദിനെ കുറിച്ചുള്ള സംസാരം ബിലാലിന്റെ കാതിലുമെത്തി. ആ വിവരം ഒരാള്‍ കൂടി അറിഞ്ഞിരുന്നു, ബിലാലിന്റെ യജമാനന്‍ ഉമയ്യത്ത് ബിന്‍ ഖലഫ്!

ഏറെ അസ്വസ്ഥതയോടെയാണ് ഉമയ്യത്ത് മുഹമ്മദിനെ കുറിച്ച് സംസാരിക്കുന്നത്. എന്നാല്‍ പ്രവാചകനെ കുറിച്ചുള്ള വിവരണം കേട്ട ബിലാലില്‍ പുതിയ മതത്തെ പറ്റി വല്ലാത്ത ഒരുതരം അനുഭൂതിയുളവാക്കി. ഉമയ്യത്തിന്റെയും കൂട്ടാളികളുടെയും ആശങ്ക ജനിപ്പിക്കുന്ന സംസാരങ്ങള്‍ക്കിടയിലും ബിലാല്‍ കേട്ടത് പ്രവാചകനെ കുറിച്ചുള്ള മഹത്വവും അദ്ദേഹത്തിന്റെ സത്യസന്ധതയും വിശ്വസ്തതയുമായിരുന്നു.

അതെ, പ്രവാചകന്‍ മുഹമ്മദ് ‘കൊണ്ടുവന്നതി’ നെ ചൊല്ലി ശത്രുക്കള്‍ പരിഭ്രാന്തരാവാന്‍ തുടങ്ങിയിരിക്കുന്നു!

എന്നിരുന്നാലും അവര്‍ മുഹമ്മദിന്റെ വിശ്വസ്തതയെ കുറിച്ചും പറയുന്നുണ്ട്. അവിടുന്നിന്റെ സ്വഭാവശൈലിയെ കുറിച്ച്, അദ്ദേഹത്തിന്റെ ബുദ്ധികൂര്‍മ്മതയുമെല്ലാം അവര്‍ അംഗീകരിക്കുന്നുമുണ്ട്.

പ്രവാചകന്‍ മുഹമ്മദിനോടുള്ള അവരുടെ കുടിപ്പകയുടെ കാരണങ്ങള്‍ ഇത്രയുമാണ്: പ്രപിതാക്കളുടെ മതത്തോടുള്ള അവരുടെ കൂറാണ് ഒന്നാമത്തേത്. രണ്ട്, ഖുറൈശികളുടെ അപ്രമാദിത്വത്തോടുള്ള ഭയം. അതായത്, അറബ് ഉപദ്വീപിലെ വിഗ്രഹക്കച്ചവടം നിയന്ത്രിച്ചവര്‍ എന്ന നിലക്ക് ഖുറൈശികള്‍ക്ക് ആ പ്രദേശത്ത് ഒരു പൊതുസ്വീകാര്യത ലഭിച്ചിരുന്നു. പ്രവാചകനോടുള്ള അരിശത്തിന്റെ മൂന്നാമത്തെ കാരണം, യഥാര്‍ഥത്തില്‍ പ്രവാചകനോട് എന്നതിനേക്കാള്‍ ബനൂഹാശിം കുടുംബത്തോടായിരുന്നു അവരുടെ കലിപ്പ്. എന്തെന്നാല്‍ അവരില്‍ നിന്നാണല്ലോ ഒരു പ്രവാചകന്‍ ഉണ്ടായത്!

അങ്ങനെയൊരിക്കല്‍ ബിലാലിന്റെ അന്തരാളങ്ങളില്‍ ദിവ്യപ്രകാശം സ്ഫുരിക്കുന്നു. നേരെ റസൂലിന്റെ അടുത്ത് ചെന്ന് ഇസ്‍ലാം സ്വീകരിച്ചു.

ഇസ്‍ലാം സ്വീകരിച്ച വിവരം അദ്ദേഹം ആരോടും പറഞ്ഞിരുന്നില്ല. ബനൂ ജുമഹ് ഗോത്രത്തിലെ കുടില പ്രാമാണിമാര്‍ എന്തിനും തയാറായി ഇരിപ്പുണ്ട്.

തന്റെ ഒരു അടിമ, ഇസ്‍ലാം സ്വീകരിച്ചെന്ന വാര്‍ത്ത ഉമയ്യയുടെ മുഖത്തേറ്റ മാരക പ്രഹരമായിരുന്നു. അപമാന ഭാരത്താല്‍ അയാളുടെ മുഖം കുനിഞ്ഞു.

എത്യോപ്യക്കാരന്‍ അടിമ..അവന്‍ മുഹമ്മദിനെ പിന്‍പറ്റുന്നു..!

ഇന്നതെ സൂര്യാസ്തമനം ഇവന്റെ ഇസ്‍ലാമാശ്ലേഷണത്തിലാവുമല്ലോ..ഉമയ്യ മുറുമുറുത്തു.

എന്നാല്‍ ബിലാലിന്റെ ഇസ്‍ലാം സ്വീകരണം മാത്രമായിരുന്നില്ല, ഖൂറൈശികളുടെ സകല വിഗ്രഹ നിഗ്രഹണങ്ങള്‍ക്കും തുടക്കമിട്ടിട്ടാണ് അന്നത്തെ സൂര്യന്‍ പടിഞ്ഞാറ് അസ്തമിച്ചത്.

പലതരം പീഡനപര്‍വങ്ങളാണ് ബിലാല്‍ (റ) അനുഭവിച്ചത്. പുതിയ വിശ്വാസം കൈവെടിയാന്‍ മണല്‍പരപ്പില്‍ നഗ്നനായി കിടത്തി. പക്ഷേ, വിശ്വാസം വെടിയാന്‍  അദ്ദേഹം ഒരുക്കമായിരുന്നില്ല.

നട്ടുച്ച വെയിലത്ത്, മരുഭൂമി ചുട്ടുപഴുത്ത് നരകമാവുന്ന സമയം, ആളുന്ന മണല്‍പരപ്പിലേക്ക് അവര്‍ ബിലാല്‍ (റ) നെ വലിച്ചെറിയും. അപ്പോള്‍ കഠിനമായ വെയിലത്ത് ചൂടുപിടിച്ച ഭാരമേറിയ കൂറ്റന്‍ പാറക്കല്ല് ഒരുകൂട്ടം ആളുകള്‍ വലിച്ച് കൊണ്ടുവരും. ആ വലിയ പാറക്കല്ല് അദ്ദേഹത്തിന്റെ നെഞ്ചിലും ശരീരമാസകലം വെക്കും.

അതിക്രൂരമായ ഈ ശിക്ഷ നിര്‍ബാധം തുടര്‍ന്നു. തങ്ങളുടെ ഒരു ദൈവത്തിന്റെ പേരെങ്കിലും ഉരുവിട്ടാല്‍ വെറുതെ വിടാമെന്നായി പ്രമാണിവര്‍ഗ്ഗം. പക്ഷേ, തങ്ങളുടെ അടിമയുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ അമ്പേ പരാജയപ്പെടാനായിരുന്നു അവരുടെ വിധി.

ഒരൊറ്റ ദൈവത്തിന്റെ പേര് പറഞ്ഞാല്‍ മതിയായിരുന്നു. ഈമാന്‍ നഷ്ടപ്പെടാതെ തന്നെ തന്റെ ജീവിതം ബിലാലിന് തിരിച്ചുപിടിക്കാമായിരുന്നു.. എന്നാലതും അദ്ദേഹം നിരാകരിക്കുകയാണുണ്ടായത്.

‘അഹദ്..അഹദ്’ എന്ന വാക്കുകള്‍ മാത്രമേ അദ്ദേഹം ഉരുവിട്ടിരുന്നുള്ളൂ..

‘ലാത്തയെയും ഉസ്സയെയും വിളിക്ക്..’ എന്ന് അലറിക്കൊണ്ട് തന്റെ ജീവനെടുക്കാന്‍ വരുന്ന ശത്രുക്കളുടെ മുഖത്ത് നോക്കി ബിലാല്‍ (റ) പറഞ്ഞത് ‘അഹദ്..അഹദ്’ എന്നായിരുന്നു.

‘എന്റെ നാവ് അത് പറയാന്‍ വഴങ്ങുന്നില്ല’ എന്നാണ് അവരോട് അദ്ദേഹം പ്രതികരിച്ചത്.

കഴുത്തില്‍ കയര്‍കെട്ടി മക്കയിലെ തെരുവ് പിള്ളേരോട് ഇവനെയും കൊണ്ട് മക്കയിലെ തെരുവുകളിലൂടെയും മലകളിലൂടെയും വലിച്ചിഴക്കാനാശ്യപ്പെട്ടു. അപ്പോഴും അദ്ദേഹത്തിന്റെ നാവില്‍ നിന്ന് ‘അഹദ്..അഹദ്’ എന്ന വിശുദ്ധ മന്ത്രം മാത്രമാണ് വന്നത്.

രാത്രിയായാല്‍ അവരിങ്ങനെ പറഞ്ഞുപോയി:’ ഞങ്ങളുടെ ദൈവങ്ങളെ കുറിച്ച് എന്തെങ്കിലും നല്ലത് പറ..എന്റെ ദൈവം ലാത്തയും ഉസ്സയുമാണെന്ന് പറ..ഞങ്ങള്‍ നിന്നെ നിന്റെ പാട്ടിന് വിട്ടേക്കാം..നിന്നെ ശിക്ഷിച്ച് ഞങ്ങള്‍ തളര്‍ന്നിരിക്കുന്നു..ഇതിപ്പോ ഞങ്ങള്‍ ശിക്ഷിക്കപ്പെട്ടതു പോലെ ആയല്ലോ..’

തലകുലുക്കി ബിലാല്‍ (റ) ‘അഹദ്..അഹദ്’ എന്ന് പറഞ്ഞുകൊണ്ടേയിരുന്നു.

ഉമയ്യത്തിന് ദേഷ്യവും സങ്കടവും ഒന്നിച്ചുവന്നു. പൊട്ടിത്തെറിച്ച് കൊണ്ട് അയാള് പറഞ്ഞു:’ എടാ വൃത്തികെട്ടവനേ, ഏത് മാരണമാണ് നിന്നെ പിടികൂടിയത്.?

ആര്‍ജ്ജവത്തോടെ അതിനോടും ‘അഹദ്..അഹദ്’ എന്ന വാക്യമേ ബിലാലിന് പറയാനുണ്ടായിരുന്നുള്ളൂ.

പകലിരവുകള്‍ പലതും കടന്നുപോയി. കരിഞ്ഞ മണലിലേക്ക് ബിലാല്‍ (റ) പലതവണ എറിയപ്പെട്ടു. എന്നിരുന്നാലും അങ്ങേയറ്റത്തെ ക്ഷമാലുവായി ധീരതയോടെ അവയെ അദ്ദേഹം നേരിട്ടു.

ഈ വന്യമായ ശിക്ഷ ഒരിക്കല്‍ അബൂബക്കര്‍ (റ) കാണാനിടയായി. അട്ടഹസിച്ചു കൊണ്ട് അദ്ദേഹം അവരോട് പറഞ്ഞു:’ അല്ലാഹുവാണ് തന്റെ റബ്ബെന്ന് പ്രഖ്യാപിച്ചയാളെ നിങ്ങള്‍ കൊന്നുകളയുകയാണോ..’?

ഉമയ്യത്തിനോട് കുപിതനായി അബൂബക്കര്‍ (റ) പറഞ്ഞു:’ ഇവന്റെ വിലയേക്കാള്‍ ഇരട്ടി തരാം. ബിലാലിനെ സ്വതന്ത്രനാക്കണം!’

ബിലാലിനെ ശിക്ഷിച്ച് കൊന്നുകളയുന്നതിനേക്കാള്‍ നല്ലത് ഇരട്ടി വിലക്ക് വില്‍ക്കുന്നതാണെന്ന് ഉമയ്യത്തിനും തോന്നി.

അങ്ങനെ അവര്‍ അബൂബക്കര്‍ (റ) ന് ബിലാലിനെ വിറ്റയുടന്‍ അദ്ദേഹം ബിലാല്‍ (റ) നെ സ്വതന്ത്രനാക്കി.

ബിലാല്‍ ഇബ്‌നു റബാഹ് സ്വതന്ത്ര മനുഷ്യനായിരിക്കുന്നു!

ബിലാല്‍ (റ) നെയും കൊണ്ട് അബൂബക്കര്‍ (റ) മോചനവാര്‍ത്ത അറിയിക്കാന്‍ റസൂല്‍ (സ) യുടെ അടുത്തേക്ക് തിരിച്ചു. പ്രവാചക സന്നിധി അന്ന് ഉത്സവ സമാനമായിരുന്നു..

മദീനയിലേക്ക് പ്രവാചകരും അനുയായികളും ഹിജ്‌റ ചെയ്ത് അവിടെ സ്ഥിരതാമസമാക്കി. ശരീഅത്ത് നിയമങ്ങള്‍ ഓരോന്നായി അവതരിക്കുന്നു. അങ്ങനെ ദീനില്‍ നമസ്‌കാരവും ബാങ്കും നിയമമാക്കപ്പെട്ടു.

എന്നാല്‍ ആരാണ് അഞ്ചുനേരം ബാങ്ക് വിളിക്കുക?

മറ്റാരുമല്ല, ബിലാല്‍!

കഴിഞ്ഞ പതിമൂന്ന് വര്‍ഷക്കാലം നിരന്തര പീഡനങ്ങള്‍ അനുഭവിച്ചപ്പോള്‍ അഹദ്..അഹദ് എന്നുരുവിട്ട അതേ ബിലാല്‍ തന്നെ!

പ്രവാചകന്‍ അദ്ദേഹത്തെ ഇസ്‍ലാമിന്റെ പ്രഥമ മുഅദ്ദിനായി തെരഞ്ഞെടുത്തു.

ബിലാല്‍ (റ) ന്റെ സ്വരമാധുരിയില്‍ ഹൃദയങ്ങളും കാതുകളും ഈമാനികാവേശത്താല്‍ പുളകമണിഞ്ഞു.

ഇസ്‍ലാമിലെ പ്രഥമ പോരാട്ടമായ ‘ബദ്ര്‍’ നടക്കുന്ന സമയം. ഖുറൈശികള്‍ സര്‍വായുധ വിഭൂഷിതരായി വന്ന യുദ്ധമായിരുന്നു ബദ്ര്‍. അവരിലെ എല്ലാ പ്രമുഖരും നേരിട്ട് ഇറങ്ങിയിരുന്നു. ബിലാല്‍ (റ) ഉം ബദ്ര്‍ രണാങ്കണത്തിലുണ്ടായിരുന്നു.

ബിലാല്‍ (റ) ന്റെ മുന്‍ യജമാനന്‍ ഉബയ്യ് ബിന്‍ ഖലഫ് യുദ്ധത്തിനിറങ്ങാതെ മടിച്ചുനില്‍ക്കുകയായിരുന്നു. മാറിനില്‍ക്കുന്ന ഉബയ്യിനെ ചങ്ങാതി ഉഖ്ബത് ബിന്‍ അബീ മുഈത്വ് കൈയോടെ പിടികൂടി. ഉടന്‍ ഉഖ്ബ സ്ത്രീകളുടെ ഒരു അടിവസ്ത്രവുമെടുത്ത് നേരെ ഉബയ്യിന്റെ അടുത്തേക്ക് ചെന്നു. അത് അയാളുടെ കൈകളിലേക്ക് ഇട്ടിട്ട് പറഞ്ഞു:’ ദാ..ഇതും ധരിച്ച് ഇവിടിരുന്നോ..നീ പെണ്ണുങ്ങളുടെ കൂട്ടത്തിലുള്ളതല്ലേ..!’

ദേഷ്യപ്പെട്ടു കൊണ്ട് ഉബയ്യ് അലറി: ‘ ഉഖ്ബാ..നിനക്ക് നാശം!

അങ്ങനെ ഗത്യന്തരമില്ലാതെ ഉബയ്യിന് യുദ്ധത്തിനിറങ്ങേണ്ടി വന്നു.

ബിലാലടക്കമുള്ള നിരപരാധികളായ ഒരുപാട് വിശ്വാസികളെ മര്‍ദ്ദിക്കാന്‍ ഉബയ്യിനെ പ്രോത്സാഹിപ്പിച്ച ആളായിരുന്നു ഉഖ്ബത് ബിന്‍ അബീ മുഈത്വ്.

ഇന്നും ബദ്ര്‍ യുദ്ധത്തിലെ ദ്വന്ദയുദ്ധത്തിനിറങ്ങാന്‍ തന്നെ പ്രോത്സാഹിപ്പിക്കുന്നതും ഉഖ്ബ തന്നെ.

ഉഖ്ബ ഇത്ര രൂക്ഷമായി തന്നെ അപമാനിച്ചില്ലായിരുന്നുവെങ്കില്‍ യുദ്ധത്തിന് ഉബയ്യ് ഇറങ്ങുകയില്ലായിരുന്നു.

അങ്ങനെ ഉഖ്ബയുടെ നിര്‍ബന്ധത്തിന് വഴങ്ങി ഉബയ്യിന് ദ്വന്ദയുദ്ധത്തിനിറങ്ങേണ്ടി വന്നു.

ആരുമായിട്ടാണ് ഉബയ്യ് യുദ്ധം ചെയ്യേണ്ടത്?

ബിലാലുമായി! ശരീരത്തില്‍ ഉബയ്യിന്റെ ചങ്ങലകള്‍ തീക്ഷ്ണമായി പതിച്ച ബിലാലുമായിട്ടാണ് യുദ്ധം.

ബദ്ര്‍ യുദ്ധം ആരംഭിച്ചു. വിശ്വാസികള്‍ ‘അഹദ്..അഹദ്’ എന്ന മുദ്രാവാക്യം മുഴക്കിയാണ് യുദ്ധം ചെയ്യുന്നത്. അത് കേട്ടതും ഉബയ്യിന്റെ ഹൃദയം പിടഞ്ഞു. കണ്ണില്‍ ഇരുട്ടുകയറാന്‍ തുടങ്ങി. ഇതേ വാക്യം, ഇന്നലെ വരെ തന്റെ അടിമ ഭയവിഹ്വലതയോടെ വിളിച്ച വാക്യം, ഇന്നിതാ ഒരു പുതിയ ജനതയുടെ മുദ്രാവാക്യമായി മാറിയിരിക്കുന്നു!

യുദ്ധം അവസാനിക്കാറായി. ഉബയ്യ് പ്രാണരക്ഷാര്‍ത്ഥം ഓടിച്ചെന്ന് അബ്ദുര്‍റഹ്‌മാന്‍ ഇബ്‌നു ഔഫിന്റെ അടുത്ത് ചെന്ന് കീഴടങ്ങി അദ്ദേഹത്തിന്റെ ബന്ദിയായതായി സമ്മതിച്ചു. അബ്ദുര്‍റഹ്‌മാന്‍ ഇബ്‌നു ഔഫ് (റ) അയാളുടെ ആവശ്യം സമ്മതിച്ചു. അദ്ദേഹം ഉബയ്യിനെ ബന്ദികളെ പാര്‍പ്പിച്ച സ്ഥലത്തേക്ക് കൊണ്ടുപോവാനൊരുങ്ങി.

അങ്ങോട്ട് പോകവെ, ബിലാല്‍ (റ) ഇത് കാണാനിടയായി:’നിഷേധികളുടെ നേതാവ്..ഉമയ്യത്ത് ബിന്‍ ഖലഫ്..അയാളെ വിടില്ല ഞാന്‍..’

ഉയര്‍ത്തിപ്പിടിച്ച വാളുമായി ഉബയ്യിന്റെ തല കൊയ്യാന്‍ പാഞ്ഞുവരുന്ന ബിലാലിനെ അബ്ദുര്‍റഹ്‌മാന്‍ ഇബ്‌നു ഔഫ് (റ) തടഞ്ഞു:’ ബിലാലേ..ഇയാള്‍ എന്റെ ബന്ദിയാണ്..’

അബ്ദുര്‍റഹ്‌മാന്‍ ഇബ്‌നു ഔഫ് (റ) നെയും ഉബയ്യിനെയും ഒന്നിച്ച് നേരിടാന്‍ കഴിയില്ലെന്ന് കണ്ട ബിലാല്‍ (റ) അത്യുച്ചത്തില്‍ വിശ്വാസികളെ വിളിച്ചുകൂട്ടി.

ബിലാല്‍ (റ) ന്റെ ശബ്ദം കേട്ടതും മരണമിറ്റു വീഴുന്ന വാല്‍തലപ്പുകളുമായി വിശ്വാസികളുടെ ഒരു പട കുതിച്ചെത്തി. അവര്‍ ഉബയ്യിനെയും അയാളുടെ മകനെയും വളഞ്ഞു. അബ്ദുര്‍റഹ്‌മാന്‍ ഇബ്‌നു ഔഫ് (റ) ന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.

കൊല്ലപ്പെട്ട ഉബയ്യിന്റെ മൃതദേഹത്തിലേക്ക് കുറച്ച് നേരം ബിലാല്‍ (റ) നോക്കിയിരുന്നു. എന്നിട്ട് ‘അഹദ്..അഹദ്’ എന്ന് ഉച്ചത്തില്‍ വിളിച്ചുകൊണ്ട് ഓടിപ്പോയി.

തന്റെ ശരീരത്തിലെ ഒരിഞ്ച് സ്ഥലം പോലും ഇനി ശിക്ഷിക്കാന്‍ ബാക്കിയില്ലാത്ത വിധം ആക്കിത്തീര്‍ത്ത ഉമയ്യത്തിനെ യുദ്ധമല്ലാത്ത മറ്റൊരു സാഹചര്യത്തിലാണ് കണ്ടുമുട്ടിയിരുന്നതെങ്കില്‍ ഇതാവുമായിരുന്നില്ല സ്ഥിതി. ഉറപ്പായും അയാള്‍ തന്നെ വെറുതെ വിടണമെന്ന് അഭ്യര്‍ഥിച്ചേനെ.

എന്നാല്‍ അവര്‍ കാണുന്നത് യുദ്ധത്തിന്റെ ഇടയില്‍ വെച്ചാണ്. മരണം വട്ടമിട്ടു പറക്കുന്ന, ആളുകള്‍ മരിച്ചു വീഴുന്ന, വാളുകളുടെ ശീല്‍ക്കാര ശബ്ദം മാത്രം കേള്‍ക്കുന്ന രണാങ്കണത്തില്‍ വെച്ചായിരുന്നു അവരുടെ സമാഗമം.

കാലം കടന്നുപോയി. പവാചകന്‍ മക്ക കീഴടക്കി. ശാന്തഗംഭീരമായി പതിനായിരക്കണക്കിന് വരുന്ന മുസ്‍ലിംകള്‍ക്കിടയിലൂടെ പ്രവാചകന്‍ മക്കയിലേക്ക് കടന്നുവരുന്നു.

കഅ്ബയിലേക്ക് തലയുയര്‍ത്തി നോക്കി..ഈ പരിശുദ്ധ സ്ഥലത്താണ് കഴിഞ്ഞ വര്‍ഷം ഖുറൈശികള്‍ വിഗ്രഹങ്ങള്‍ കൊണ്ട് നിറച്ചത്!

സത്യം വന്നിരിക്കുന്നു..മിഥ്യ തകര്‍ന്നു.

ഇന്ന് മുതല്‍ ഒരു ഉസ്സയും ലാത്തയുമില്ല..ആളുകള്‍ ഇനി ഒരു കല്ലിന്റെയും മുന്നില്‍ തലകുനിക്കില്ല..

സര്‍വജ്ഞനും വലിയവനും ഏകനുമായ അല്ലാഹുവിനെയല്ലാതെ വേറാരെയും ജനം ആരാധിക്കില്ല.

റസൂല്‍ കഅ്ബയിലേക്ക് പ്രവേശിച്ചു. കൂടെ ബിലാലുമുണ്ട്.

അവിടെ അമ്പുകള്‍ കൊണ്ട് ഭാഗ്യപരീക്ഷണം നടത്തുന്ന ഇബ്‌റാഹീം നബിയുടെ വിഗ്രഹം കൊത്തിവെച്ചത് പ്രവാചകന്‍ കാണാനിടയായി. കോപിഷ്ഠനായി പ്രവാചകന്‍ പറഞ്ഞു:’ അവര്‍ക്ക് നാശം, നമ്മുടെ വന്ദ്യപിതാവ് അമ്പുകള്‍ കൊണ്ട് ഭാഗ്യം നോക്കുന്നയാളായിരുന്നില്ല. ഇബ്‌റാഹീം യഹൂദനോ നസ്രാണിയോ ആയിരുന്നില്ല. എന്നാല്‍ അദ്ദേഹം ശുദ്ധമനസ്ഥിതിക്കാരനും അല്ലാഹുവിന് കീഴ്‌പെട്ടവനും ആയിരുന്നു. അദ്ദേഹം ബഹുദൈവാരാധകനായിരുന്നില്ല.’

കഅ്ബയുടെ മുകളില്‍ കയറി ബാങ്ക് വിളിക്കാന്‍ പ്രവാചകന്‍ (സ) ബിലാല്‍ (റ) നോട് ആവശ്യപ്പെട്ടു.

മക്കയില്‍ ബിലാലിന്റെ ബാങ്കൊലി മുഴങ്ങി. എത്ര ചേതോഹരമായ കാഴ്ച!

മക്കയിലെ ജനജീവിതം സ്തബ്ധമായ നിമിഷം. വിശ്വാസികളുടെ പാരസ്പര്യം നിശബ്ദമായ കുളിര്‍കാറ്റ് കണക്കെ അവിടെയാകെ തളംകെട്ടി.

വീടകങ്ങളിലിരുന്ന ബഹുദൈവാരാധകര്‍ക്ക് കാര്യങ്ങളോരോന്നായി ബോധ്യപ്പെടുന്നുണ്ടായിരുന്നു..

ഈ മുഹമ്മദിനെയും ഇവന്റെ കൂട്ടാളികളെയും തന്നെയല്ലേ ഇന്നലെ നമ്മള്‍ ഇവിടെ നിന്നും പുറത്താക്കിയത്?

ഇവന്റെ കൂടെയാണോ പതിനായിരക്കണക്കിന് വിശ്വാസികള്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്..?

ഈ മുഹമ്മദ് തന്നെയാണോ നമ്മളെ നോക്കി ” പൊയ്‌ക്കോളൂ..നിങ്ങള്‍ സ്വതന്ത്രരാണ്’ എന്ന് പറഞ്ഞത്?

ബിലാല്‍ (റ) ദേഷ്യത്തോടെ ഖുറൈശികളുടെ വിഗ്രഹങ്ങള്‍ തന്റെ കാലുകള്‍ കൊണ്ട് ചവിട്ടിത്തകര്‍ക്കുന്നത് കഅ്ബയുടെ മുറ്റത്തിരുന്ന് പ്രമാണിമാരായിരുന്ന അബൂസുഫ്‌യാനും, അത്താബ് ബിന്‍ ഉസൈദും ഹാരിസ് ബിന്‍ ഹിശാമും നോക്കിനിന്നു. ബിലാല്‍ (റ) വിഗ്രഹം തകര്‍ക്കുമ്പോള്‍ ആ വിഗ്രഹധൂളികള്‍ക്കിടയിലൂടെ അദ്ദേഹത്തിന്റെ ബാങ്കൊലി പ്രതിധ്വനിക്കുന്നുണ്ടായിരുന്നു. അത് മക്കയുടെ ചക്രവാളങ്ങളിലൂടെ പുതുവസന്തം കണക്കെ പരിലസിച്ചു.

ഇസ്‍ലാം സ്വീകരിക്കാനുള്ള ചായ്‌വ് മൂവരും പ്രകടിപ്പിക്കുന്നുണ്ട്.

പ്രവാചകന്‍ കഅ്ബയില്‍ നിന്നും തിരികെ വന്നപ്പോള്‍ മൂന്നുപേരെയും വഴിയില്‍ കണ്ടു. അദ്ദേഹത്തിന്റെ കണ്ണുകളില്‍ ദിവ്യപ്രകാശം സ്ഫുരിക്കുന്നുണ്ടായിരുന്നു. വന്‍വിജയം നേടിയ സന്തോഷത്തില്‍ അവരുടെ മുഖത്തേക്ക് നോക്കി പ്രവാചകന്‍ (സ) പറഞ്ഞു:’ നിങ്ങള്‍ പരസ്പരം പറഞ്ഞതൊക്കെ ഞാനറിഞ്ഞു’

കുറച്ച് നേരം അവരുമായി സംസാരിച്ചു. അപ്പോഴേക്കും ഹാരിസും അത്താബും ഇസ്‍ലാം സ്വീകരിച്ചു.

അവര്‍ രണ്ടുപേരും ബിലാല്‍ (റ) നെ ഹൃദ്യമായി സ്വീകരിച്ചു.

മക്കയിലേക്ക് കടന്നുവന്നപ്പോള്‍ പ്രവാചകന്‍ (സ) നടത്തിയ പ്രഭാഷണം അവരില്‍ വലിയ സ്വാധീനമാണ് ചെലുത്തിയത്.

‘ ഹേ ഖുറൈശികളേ, ജാഹിലിയ്യത്തിന്റെ എല്ലാ അപ്രമാദിത്വങ്ങളും അല്ലാഹു ഇല്ലാതാക്കിയിരിക്കുന്നു. ജനങ്ങളെല്ലാം ആദമില്‍ നിന്നാകുന്നു. ആദമാവട്ടെ, മണ്ണില്‍ നിന്നും’

നബി (സ) യുടെ കൂടെയാണ് ബിലാല്‍ (റ) ജീവിച്ചിരുന്നത്. അദ്ദേഹത്തോടൊപ്പം കാര്യങ്ങള്‍ കണ്ടും അറിഞ്ഞും ബിലാല്‍ (റ) മനസ്സിലാക്കി. ബാങ്ക് വിളിച്ചും ദീനിന്റെ അടയാളങ്ങള്‍ക്ക് അദ്ദേഹം പുതുജീവന്‍ നല്‍കി.

 

പ്രിയ റസൂല്‍ വഫാത്തായി. ഖലീഫയായി അബൂബക്കര്‍ (റ) സ്ഥാനമേറ്റു.

ഒരിക്കല്‍ ഖലീഫയുടെ അടുക്കല്‍ ചെന്ന് ബിലാല്‍ (റ) ഒരു ആവശ്യം ഉന്നയിച്ചു.

‘അല്ലയോ തിരുദൂതരുടെ ഖലീഫാ..അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലെ ജിഹാദാണ് ഏറ്റവും പുണ്യപ്രവൃത്തി എന്ന് ഞാന്‍ കേട്ടിട്ടുണ്ടല്ലോ..’

അബൂബക്കര്‍:’ താങ്കള്‍ എന്താണുദ്ദേശിക്കുന്നത് ബിലാല്‍?’

ബിലാല്‍:’ മരണം വരെയും അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിലയുറപ്പിക്കാനാണ് എനിക്കാഗ്രഹം’

അബൂബക്കര്‍ (റ) : ‘അപ്പോള്‍ ആരാണ് ബാങ്ക് വിളിക്കുക?’

ബിലാല്‍ (റ) ന്റെ കണ്ണുകള്‍ സജലങ്ങളായി : ” റസൂലില്ലല്ലോ.. ഞാനിനി ആര്‍ക്കുവേണ്ടിയും ബാങ്ക് വിളിക്കില്ല’.

അബൂബക്കര്‍ (റ) : താങ്കളിവിടെ നില്‍ക്കണം ബിലാല്‍..ഞങ്ങള്‍ക്ക് വേണ്ടി താങ്കള്‍ ബാങ്ക് വിളിക്കണം’

ബിലാല്‍ (റ) : ‘ താങ്കള്‍ക്ക് വേണ്ടിയാണ് എന്നെ പിടിച്ചുനിര്‍ത്തുന്നതെങ്കില്‍ താങ്കള്‍ക്ക് അതാവാം. ഇനി അല്ലാഹുവിന് വേണ്ടയാണ് എന്നെ പിടിച്ചുനിര്‍ത്തുന്നതെങ്കില്‍ താങ്കളെന്നെ പോവാന്‍ അനുവദിക്കണം.’

അബൂബക്കര്‍ (റ) :’ അല്ലാഹുവിന് വേണ്ടി താങ്കളെ ഞാന്‍ വിട്ടയക്കുകയാണ്’

പണ്ഡിതന്മാര്‍ക്കിടയില്‍ ഈ സംഭവവുമായി ബന്ധപ്പെട്ട് അഭിപ്രായാന്തരമുണ്ട്. ചിലര്‍ പറയുന്നത്, അദ്ദേഹം ശാമിലേക്ക് പോയെന്നും അവിടെ കഴിയുകയായിരുന്നു എന്ന് പറയുന്നുണ്ട്. എന്നാല്‍ മറ്റൊരു വിഭാഗം പറയുന്നത്, അബൂബക്കര്‍ (റ) ന്റെ കാലത്ത് മദീനയില്‍ കഴിഞ്ഞുവെന്നും ഖലീഫാ ഉമര്‍ (റ) ന്റെ കാലത്താണ് ശാമിലേക്ക് യാത്രപോയെതെന്നുമാണ്.

ഏതായാലും പില്‍ക്കാലത്ത് ബിലാല്‍ (റ) തന്റെ ശിഷ്ടജീവിതം പ്രവാചകനെ കാണണമെന്ന ഉല്‍കടലമായ മോഹത്തോടെ റസൂലിനിഷ്ടപ്പെട്ട ആരാധനകളും ഇബാദത്തുകളുമായി കഴിഞ്ഞുകൂടി.

പഴയതുപോലെ ബിലാല്‍ (റ) ബാങ്ക് ഉച്ചത്തിലല്ല വിളിക്കുന്നത്. ‘അശ്ഹദു അന്ന മുഹമ്മദന്‍ റസൂലുല്ലാഹ്’ എന്ന് പറയാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. അത് പറയുമ്പോള്‍ ബിലാലിന് പ്രവാചകനോടൊത്തുള്ള ഓര്‍മ്മകള്‍ തിരയടിച്ചുവരും. കണ്ണുനീരിനാല്‍ വാക്കുകള്‍ ഗദ്ഗദങ്ങളാവും.

അന്നായിരുന്നു ബിലാല്‍ (റ) അവസാനമായി ബാങ്ക് വിളിച്ചത്. അമീറുല്‍ മുഅ്മിനീന്‍ ഉമര്‍ (റ) ശാം സന്ദര്‍ശിക്കാന്‍ വന്ന സമയം. മദീനയിലെ വിശ്വാസികള്‍ ശാമില്‍ നിന്ന് വരുമ്പോള്‍ ബിലാല്‍ (റ) നെ കൂട്ടിക്കൊണ്ടുവരണമെന്ന് ഖലീഫയോട് ആവശ്യപ്പെട്ടിരുന്നു. ഒരു നമസ്‌കാരത്തിനെങ്കിലും ബിലാലിന്റെ ബാങ്ക് കേള്‍ക്കാന്‍!

ഖലീഫാ ഉമറിന്റെ ആവശ്യപ്രകാരം ബിലാല്‍ (റ) വന്നു. നമസ്‌കാരത്തിന്റെ സമയമായിരിക്കുന്നു..എല്ലാവരും ബിലാലിന്റെ ബാങ്കൊലിക്കായി കാത്തുനില്‍പ്പാണ്..

അങ്ങനെ ബിലാല്‍ (റ) ബാങ്ക് വിളിച്ചു. പ്രിയപ്പെട്ട പ്രവാചകരെയും അവിടുന്നിന്റെ ചാരത്ത് ബാങ്ക് വിളിക്കുന്ന ബിലാലിനെയും സ്വഹാബത്തിന് ഓര്‍മ്മ വന്നു. സ്വഹാബികളൊന്നടങ്കം പൊട്ടിക്കരഞ്ഞു. അവരാരും ഇതുപോലെ കരഞ്ഞിട്ടുണ്ടായിരുന്നില്ല. ഏറ്റവുമധികം തേങ്ങിക്കരഞ്ഞത് ഖലീഫാ ഉമര്‍ (റ) ആയിരുന്നു!

 

അങ്ങനെ ശാമില്‍ വെച്ച് അദ്ദേഹം ആഗ്രഹിച്ചത് പോലെ തന്നെ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ കര്‍മനിരതനായിരിക്കെ വഫാത്തായി.

ആദര്‍ശമാര്‍ഗ്ഗത്തിലെ ധീരരില്‍ ധീരനായ ബിലാല്‍ ഇബ്‌നു റബാഹ് എന്നവരുടെ സ്മരണയാല്‍ ഡമസ്‌കസിലെ മണല്‍തരികള്‍ രോമാഞ്ചം കൊള്ളുന്നുണ്ടാവണം!

 

സ്വഹാബിമാർ-3

വിവ: മുഖ്‍താർ നജീബ്

Related Articles