Current Date

Search
Close this search box.
Search
Close this search box.

ജനങ്ങളിൽ ഏറ്റവുമധികം പരീക്ഷണങ്ങൾ നേരിട്ടത് ആർക്കാവും!?

ഖുർആൻ സന്ദേശം - 10

وَٱسۡتَعِینُوا۟ بِٱلصَّبۡرِ وَٱلصَّلَوٰةِۚ وَإِنَّهَا لَكَبِیرَةٌ إِلَّا عَلَى ٱلۡخَـٰشِعِینَ
സഹനവും നമസ്‌കാരവുംകൊണ്ട് നിങ്ങൾ ദിവ്യസഹായം തേടുക. ഭക്തന്മാർ അല്ലാത്തവർക്കൊക്കെ നമസ്‌കാരം വലിയ ഭാരംതന്നെയായിരിക്കും.(അൽ ബഖറ-45)

ഈ ദുനിയാവ് കൃഷിക്കുള്ളതാണ്, വിളവെടുപ്പിനുള്ളതല്ല. പരീക്ഷണത്തിന്റേതാണ്, പ്രതിഫലത്തിന്റേതല്ല. അല്ലാഹു തന്റെ അടിയാറുകളെ പരീക്ഷിക്കുക പലവിധത്തിലുമാവും. സ്നേഹിതന്മാർ നഷ്ടപ്പെടലും സമ്പത്ത് നഷ്ടപ്പെടലും ദ്രോഹിയായ അയൽവാസിയും തെമ്മാടിയായ ഇണയും അക്രമകാരിയായ മാനേജറും, എല്ലാം ദുനിയാവിലെ ഓരോ പരീക്ഷണങ്ങളാണ്. അതിൽ ക്ഷമിക്കുന്നവൻ പരീക്ഷണത്തിൽ വിജയിക്കുകയും അല്ലാത്തവൻ പരാജയപ്പെടുകയും ചെയ്തു!

ഒരു മനുഷ്യനും പരീക്ഷണങ്ങളിൽനിന്ന് ഒഴിവില്ലതന്നെ, പ്രവാചകന്മാർക്കു പോലും അതുണ്ടായിരുന്നില്ലല്ലോ! ജനങ്ങളിൽ ഒരുപക്ഷേ ഏറ്റവുമധികം പരീക്ഷണങ്ങൾ നേരിട്ടത് പ്രവാചകന്മാർ തന്നെയാവും!

ചരിത്രകാരന്മാർ റിപ്പോർട്ട് ചെയ്യുന്നു: ദുൽഖർനൈൻ ബാബിൽ എന്ന സ്ഥലത്തെത്തിയപ്പോൾ ശക്തമായ രോ​ഗം ബാധിച്ചു. തന്റെ മരണം അടുത്തുവെന്നദ്ദേഹം തിരിച്ചറിഞ്ഞു. പെട്ടെന്ന് തന്റെ മാതാവിനെ ഓർമവരികയും മാതാവിനെ സമാധാനിപ്പിക്കേണ്ടതിനെക്കുറിച്ച് ആലോചിക്കുകയും ചെയ്തു. അദ്ദേഹം ചെയ്തത് ഇതായിരുന്നു. വലിയൊരു ആട്ടിൻ കുട്ടിയെ മാതാവിന് അയച്ചു കൊടുത്ത് കൂടെ അദ്ദേഹം തന്റെ വസ്വിയ്യത്ത് എഴുതിവച്ചു. ഞാൻ മരിച്ചുകഴിഞ്ഞാൽ ആ ആടിനെ അറുത്ത് പാചകം ചെയ്ത ശേഷം, ജീവിതത്തിൽ ഒരിക്കൽപോലും പ്രയാസം നേരിടാതിരിക്കുകയോ പ്രിയപ്പെട്ട ഒരാളെയെങ്കിലും നഷ്ടപ്പെടാതിരിക്കുകയോ ചെയ്ത ആരെങ്കിലുമുണ്ടെങ്കിൽ അവർക്ക് എന്റെ വീട്ടിൽ സൽക്കാരമുണ്ടെന്ന് ജനങ്ങൾക്കിടയിൽ വിളംബരം ചെയ്യുക എന്നതായിരുന്നു വസ്വിയ്യത്ത്.

മകന്റെ മരണ വിവരമറിഞ്ഞശേഷം മാതാവ് അപ്രകാരം ചെയ്യുകയും ചെയ്തു. പക്ഷേ, ഒരാൾപോലും ആ സൽക്കാരത്തിന് എത്തിച്ചേർന്നില്ല. ആരെങ്കിലും നഷ്ടപ്പെടുകയോ പ്രയാസങ്ങൾ വല്ലതും സംഭവിക്കുകയോ ചെയ്യാത്ത ആരുമില്ല എന്ന് തീർച്ചയാണല്ലോ! തന്റെ മകൻ തനിക്ക് നൽകാനുദ്ദേശിച്ച സന്ദേശം മനസ്സിലാക്കിയ ആ മാതാവ് മകനുവേണ്ടി പ്രാർഥിച്ചുകൊണ്ട് പറഞ്ഞു: അല്ലാഹു നിനക്ക് അനു​ഗ്രഹം ചെയ്യട്ടെ. ജീവിച്ചിരിക്കുമ്പോഴും മരിച്ചപ്പോഴും നീയെനിക്ക് നന്മചെയ്തവനായി!

വിവ: മുഹമ്മദ് ശാക്കിർ മണിയറ

Related Articles