Current Date

Search
Close this search box.
Search
Close this search box.

രാജ്യത്തെ ചീത്ത സ്വഭാവക്കാർ

ഡൽഹി പോലിസ് തന്റെ പേരിൽ ഹിസ്റ്ററി ഷീറ്റ്  തയാറാക്കുന്നതിനെതിരെ ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി എം.എല്‍.എ അമാനത്തുല്ലാഖാന്‍ നല്‍കിയ പരാതി തീര്‍പ്പാക്കിക്കൊണ്ട് ഏപ്രില്‍ 29 ന് സുപ്രീംകോടതി എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നല്‍കിയ നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യമാണ്. സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായി പിന്നാക്ക വിഭാഗത്തില്‍ പെട്ടവര്‍, പട്ടികജാതി, പട്ടിക വര്‍ഗക്കാര്‍ തുടങ്ങിയവരിലെ നിരപരാധികളെ പോലിസിന്റെ ഹിസ്റ്ററി ഷീറ്റില്‍ ഉള്‍പ്പെടുത്തരുതെന്നാണ് ജസ്റ്റിസുമാരായ സൂര്യകാന്തും കെ.വി വിശ്വനാഥും ചേര്‍ന്ന ബെഞ്ച് നിര്‍ദേശിച്ചിരിക്കുന്നത്. അന്യായമായി ടാര്‍ഗറ്റ് ചെയ്യപ്പെട്ടും മുന്‍വിധിയോടെയും ഈ സമൂഹങ്ങളിലുള്ളവര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തപ്പെടുന്ന പ്രവണതയുണ്ടെന്നും കോടതി നിരീക്ഷിക്കുകയുണ്ടായി. അത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാനും ഭരണകൂടങ്ങളോട് കോടതി നിര്‍ദേശിച്ചു.
തന്നെ ചീത്തസ്വഭാവമുള്ളവരിൽ (bad character) ഉള്‍പ്പെടുത്താനും തനിക്കെതിരെ ഹിസ്റ്ററി ഷീറ്റ് ആരംഭിക്കാനുമുള്ള ഡല്‍ഹി പോലിസിന്റെ നീക്കത്തിനെതിരെയാണ് അമാനത്തുല്ലാ ഖാന്‍ പരമോന്നതി കോടതിയിലെത്തിയത്. നേരത്തെ ഇതേ ആവശ്യവുമായി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അമാനത്തുല്ലയുടെ ആവശ്യം കോടതി തള്ളുകയായിരുന്നു.
ഒരു വ്യക്തിയുടെ കുറ്റകൃത്യചരിത്രം, കുറ്റകൃത്യം ചെയ്യുന്ന രീതി, അയാള്‍ക്കെതിരെയുള്ള പോലിസ് നടപടികള്‍, അയാളുടെ ബന്ധങ്ങള്‍, മറ്റുകാര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി പോലിസ് തയാറാക്കുന്നതാണ് ഹിസ്റ്ററി ഷീറ്റ്. സാധാരണ ഗതിയില്‍ കുറ്റക്യത്യങ്ങളെ ട്രാക്ക് ചെയ്യാനും പെട്ടെന്ന് പ്രതികളിലേക്കെത്തിച്ചേരാനും ശ്രദ്ധിക്കേണ്ട മേഖലകള്‍ നിര്‍ണയിക്കാനുമാണ് ഹിസ്റ്ററി ഷീറ്റ് പോലിസ് ഉപയോഗിക്കുന്നത്. ഹിസ്റ്ററി ഷീറ്റുകള്‍ വംശീയ പ്രൊഫൈലിങ്ങിലേക്കും ചില സമുദായങ്ങളോടുള്ള വിവേചനത്തിലേക്കും നയിക്കുന്നുണ്ടെന്ന വിമര്‍ശനം നേരത്തെയുണ്ട്. മറ്റെവിടെയെങ്കിലും സംഭവിക്കാൻ സാധ്യതയുള്ള കുറ്റകൃത്യങ്ങളെ അവഗണിക്കാനും മറച്ചു പിടിക്കാനും ചില പ്രത്യേക വിഭാഗങ്ങളിൽ മാത്രം  പോലിസിൻ്റെ സംശയദൃഷ്ടി കുറ്റവാളികളെ പരതാനും ഹിസ്റ്ററി ഷീറ്റ് കാരണമാകുന്നു. ഈ വിമര്‍ശനങ്ങളെ ഒരിക്കല്‍കൂടി ശരിവെക്കുകയാണ് ഇപ്പോൾ സുപ്രീം കോടതി  ചെയ്തിരിക്കുന്നത്.
അമാനത്തുല്ലാഖാന്റെ സ്‌കൂള്‍ വിദ്യാര്‍ഥികളായ മക്കളുടെ വിശദാംശങ്ങള്‍ വരെ ഡല്‍ഹി പോലിസ് ഷീറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നുള്ളതാണ് കൗതുകമുള്ള കാര്യം. ഹിസ്റ്ററി ഷീറ്റിനെ സംബന്ധിച്ച് പോലിസ് കോടതിയില്‍ ബോധിപ്പിച്ചതാവട്ടെ, കൊലപാതകം, കൊലപാതകശ്രമം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ തുടര്‍ച്ചയായി ഏര്‍പ്പെടുകയും സമൂഹത്തില്‍ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവരെയാണ് ചീത്ത സ്വഭാവക്കാരുടെ പട്ടികയില്‍ പെടുത്തി ഹിസ്റ്ററി ഷീറ്റ് തയാറാക്കുന്നതെന്നാണ്.
എതിരാളികളെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടായാടുന്ന സംഘ്പരിവാര്‍ അജണ്ടയുടെ ഭാഗമെന്ന് പറയാവുന്ന വിധം ഇക്കഴിഞ്ഞ ഏപ്രില്‍ 18 ന് അമാനത്തുല്ലാഖാനെ  എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ. ഡി) അറസ്റ്റ് ചെയ്തിരുന്നു. 2020ല്‍ രജിസ്റ്റര്‍ ചെയ്ത് വഖഫ് സ്വത്ത് മറിച്ചുവിറ്റുവെന്ന കേസിലാണ് അറസ്റ്റ്. ഇതിന്റെ തുടര്‍ച്ചയായാണ്  ഹിസ്റ്ററി ഷീറ്റ് തയാറാക്കാനും ഡല്‍ഹി പോലിസ് ശ്രമിച്ചത്.
പിന്നാക്ക വിഭാഗങ്ങളെയും ന്യൂനപക്ഷങ്ങളെയും പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളെയും മുന്‍ധാരണയോടെ കാണുകയും വിവിധ കേസുകളില്‍ അന്യായമായി ഉള്‍പ്പെടുത്തുകയും ചെയ്യുന്ന ഭരണകൂട നടപടി രാജ്യത്ത് വളരെ വിപുലമായി തന്നെ നടക്കുന്നുണ്ട്. മുസ്‌ലിം സമുദായത്തിന്റെ കാര്യമെടുക്കുക. പേര്, വേഷം, സംസ്‌കാരം എന്നിവയാലുള്ള മുന്‍വിധികള്‍ക്ക് വിധേയരാവുന്നവരാണവർ. അവരുടെ രാജ്യസ്‌നേഹം ചോദ്യം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു. ഞാന്‍ തീവ്രവാദിയല്ല, ഞാൻ ഭീകരവാദിയല്ല എന്ന് ഇടക്കിടെ വിളിച്ചുപറയേണ്ടിവരുന്ന സാഹചര്യം മുസ്ലിം സമുദായത്തിൽ പെട്ടവർക്ക് മാത്രമുള്ളതാണ്. രാജ്യത്തിൻ്റെ ഏതെങ്കിലും ഭാഗത്ത് ചെറുതോ വലുതോ ആയ സ്ഫോടനങ്ങൾ നടന്നാൽ ആ സമുദായം മൊത്തത്തിൽ സംശയത്തിൻ്റെ നിഴലിലാവുന്നു.
ദേശീയ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോയുടെ 2022 ലെ കണക്കനുസരിച്ച് 573220 പേരാണ് രാജ്യത്തെ ജയിലുകളിലുള്ളത്. ശിക്ഷിക്കപ്പെട്ടവരും വിചാരണത്തടവുകാരുമുള്‍പ്പെടെയാണിത്. ഇതില്‍ 30 ശതമാനവും മുസ്‌ലിം സമുദായത്തില്‍ പെട്ടവരാണ്. ആകെ ജയിലിലുള്ളവരുടെ 62 ശതമാനം വിചാരണത്തടവുകാരാണ്. അതിലെ മൂന്നിലൊന്നും മുസ്‌ലിംകളാണ്. ഇന്ത്യയിലെ മുസ്‌ലിം ജനസംഖ്യാനുപാതം 14.2 ശതമാനമായിരിക്കുമ്പോഴാണ് ഇരട്ടിയിലധികം വരുന്ന നിരക്കില്‍ അവര്‍ ജയിലുകളില്‍ കഴിയുന്നത്.
ആസാമില്‍ 30 ശതമാനമാണ് മുസ്‌ലിംകള്‍. ആ സംസ്ഥാനത്ത് ജയിലില്‍ കഴിയുന്നവരില്‍ 49 ശതമാനവും മുസ്‌ലിംകളായ വിചാരണത്തടവുകാരാണ്. അതിൽ 61 ശതമാനമാണ് ശിക്ഷിക്കപ്പെട്ടവര്‍. യുപിയില്‍ 14 ശതമാനമാണ് മുസ്‌ലിം ജനസംഖ്യ. 20 ശതമാനം പേര്‍ ശിക്ഷിക്കപ്പെട്ടവരും 26 ശതമാനം വിചാരണ കാത്തുകഴിയുന്നവരും. ഹരിയാനയിലും ജമ്മു കാശ്മീരിലുമൊക്കെ സമാനമായ സാഹചര്യമാണുള്ളത്. പോലിസ് കേസന്വേഷണം പൂര്‍ത്തിയാക്കുന്നില്ല, അനന്തമായി നീണ്ടുപോകുന്ന വിചാരണ നടപടികള്‍, അഭിഭാഷകരുടെ അലഭ്യത, കേസ് നടത്താനുള്ള സാമ്പത്തിക ശേഷിയില്ലായ്മ എന്നിവയാണ് നീണ്ടുപോകുന്ന വിചാരണത്തടവിനും  പ്രതികൂലമായ കോടതിവിധികള്‍ക്കും കാരണമായി പൊതുവെ പറയപ്പെടാറുള്ളത്.
അവ വസ്തുതകളായിരിക്കെ തന്നെ ഭരണകൂട, ഉദ്യോഗസ്ഥ തലങ്ങളിലെ മനോഭാവമാണ് യഥാര്‍ഥ പ്രശ്‌നം. പോലിസും അന്വേഷണ ഏജന്‍സികളും വിവേചനപരമായും മുന്‍ധാരണയോടെയും മുസ്‌ലിം സമുദായത്തെ സമീപിക്കുന്നു. സമുദായം മൊത്തത്തിൽ തന്നെ  ചീത്ത സ്വഭാവക്കാരിൽ (bad character) ഉൾപ്പെടുത്തപ്പെട്ടിരിക്കുന്നു. ഭിന്നമായ സാഹചര്യമല്ല, ഇതര പിന്നാക്ക, ദലിത്, പട്ടികജാതി, വർഗ വിഭാഗങ്ങൾ നേരിടുന്നത്. ഈ യാഥാര്‍ഥ്യത്തെ ഒരിക്കല്‍ കൂടി ശരിവെക്കുകയും അതൊഴിവാക്കണമെന്നുമുള്ള പ്രസ്താവമാണ് സുപ്രീം കോടതി നടത്തിയിരിക്കുന്നത്.

Related Articles