Current Date

Search
Close this search box.
Search
Close this search box.

മനുഷ്യന്‍ മൃഗങ്ങളുടെ മുന്നില്‍ തല കുനിക്കണമോ ?

മാംസം ഭക്ഷിക്കുകയും പാല്‍ കുടിക്കുകയും ചെയ്യുന്ന മൃഗങ്ങളുടെ മൂത്രവും കാഷ്ഠവും മാലിന്യമാണ് എന്നാണ് ഇസ്ലാമിന്റെ കാഴ്ചപ്പാട്. എന്നാണ് എനിക്ക് മനസ്സിലായത്. പ്രവാചകന്‍ തന്നെ ഏതോ ചില ആളുകളോട് അസുഖത്തിന് ഒട്ടക മൂത്രം കുടിക്കാന്‍ പറഞ്ഞതായി നബി വചനമുണ്ട് എന്ന് കേട്ടിട്ടുണ്ട്. അതാണ് ശരിയെങ്കില്‍ പശുവിന്റെ മൂത്രത്തിന്റെ പേരിലും ചാണകത്തിന്റെ പേരിലും നിങ്ങള്‍ എന്തിനു സംഘ പരിവാറിനെ കുറ്റപ്പെടുത്തണം. ബലിമൃഗം ബഹുമാനിക്കപ്പെടണം എന്നല്ലേ ഇസ്ലാമും പറയുന്നത് ?

ഇന്നലെയാണ് ഈ ചോദ്യം ഒരു സഹോദരന്‍ ചോദിച്ചത്. പശുവിനോടും അതിന്റെ മൂത്രത്തോടും ചാണകത്തോടും കാണിക്കുന്ന അതിരറ്റ ഭക്തിയുടെ പേരില്‍ പലപ്പോഴും സംഘ പരിവാര്‍ പഴി കേള്‍ക്കുന്നു എന്നതാണ് ചോദ്യം. സംഭവം ശരിയാണ് മാംസം തിന്നുകയും പാല്‍ കുടിക്കുകയും ചെയ്യുന്ന ജീവികളുടെ മൂത്രവും കാഷ്ഠവും മാലിന്യമാണ് എന്നതാണ് ഇസ്ലാമിന്റെ കാഴ്ചപ്പാട്. എന്നാല്‍ അതും നിഷിദ്ധമാണ് എന്ന് പറയുന്നവരും മതത്തില്‍ തന്നെയുണ്ട്. കേരളക്കരയില്‍ പ്രസിദ്ധമായ ചിന്താ ധാര (ഇമാം ഷാഫി അവര്‍കളുടെ ചിന്താ ധാരയാണ് ഉദ്ദേശിച്ചത്) പ്രകാരം എല്ലാം വിസര്‍ജ്യങ്ങളും നിഷിദ്ധമാണ്. അത് മറ്റൊരു വിഷയമാണ്. പശുവിന്റെ കാഷ്ഠവും ഒട്ടകത്തിന്റെ മൂത്രവും എന്നതിനേക്കാള്‍ പ്രസക്തമായ മറ്റു പലതുമുണ്ട്.

പശുവും ഒട്ടകവും കേവല മൃഗമാണ് എന്നതാണ് ഇസ്ലാമിന്റെ നിലപാട്. മൃഗങ്ങള്‍ മനുഷ്യരുടെ താഴെ മാത്രമേ വരൂ. ദൈവത്തിനടുത്ത് ഏറ്റവും ആദരിക്കപ്പെട്ട ജീവി മനുഷ്യനാണ്. ആ മനുഷ്യന്‍ തന്റെ സൃഷ്ടാവിന്റെ മുന്നില്‍ മാത്രമാണ് തല കുനിക്കേണ്ടത് എന്നതാണ് ഇസ്ലാമിന്റെ കാഴ്ചപ്പാട്. അതെ സമയം പശു ഒരു മൃഗം എന്നതിനേക്കാള്‍ അത് ആരാധ്യയാണ് എന്നതാണ് അപ്പുറത്തുള്ള നിലപാട്. പ്രവാചകന്‍ ഒട്ടക മൂത്രവും പാലും കുടിക്കാന്‍ പറഞ്ഞു എന്ന ഹദീസിനെ മനസ്സിലാക്കിയാല്‍ തന്നെ അതൊരു ഭക്തിയുടെ പേരിലായിരുന്നില്ല.

അതൊരു ചികിത്സ രീതി എന്ന നിലയിലാണ് പറഞ്ഞത്. അപ്പോഴും ഒട്ടകം ഒരു മൃഗം മാത്രമാണ്. അതെ സമയം നമ്മുടെ നാട്ടില്‍ പലര്‍ക്കും പലതും മനുഷ്യരേക്കാള്‍ മേലെയാണ്. അവരുടെ കണക്കില്‍ പശു മൂത്രവും ചാണകവും ഭക്തിയുടെ അടയാളമാണ്. പശു മൂത്രത്തിലും ചാണകത്തിലും എന്തെങ്കിലും തരത്തിലുള്ള ഔഷധ ഗുണമുണ്ടോ എന്ന് തീരുമാനിക്കേണ്ടത് ശാസ്ത്രമാണ്. അങ്ങിനെ ഉണ്ടെങ്കില്‍ അത് ശാസ്ത്രീയമായി ഉപയോഗപ്പെടുത്താമോ എന്നതും അവരാണ് തീരുമാനിക്കേണ്ടത്. അതെസമയം പശു എന്ന മൃഗത്തോടുള്ള ഭക്തി കാരണമാണ് പലരും ഗോമൂത്രവും ചാണകവും വിശുദ്ധമായി കാണുന്നത്. പശുവിനു ഒരു മൃഗം എന്നതില്‍ നിന്നും കവിഞ്ഞ സ്ഥാനം നല്‍കുന്നിടത്താണ് ഇസ്ലാമും മറ്റു ദര്‍ശനങ്ങളും വ്യത്യസ്തമാകുന്നത്. ഭൂമിയിലെ ദൈവിക സൃഷ്ടികളില്‍ മനുഷ്യനാണ് ഉന്നതന്‍ എന്ന് ഇസ്ലാമും അതല്ല മൃഗമാണ് ഉന്നതര്‍ എന്ന് പറയുന്നവരും തമ്മില്‍ നടക്കേണ്ട സംവാദം ഗോമൂത്രത്തിന്റെയും ചാണകത്തിനെയും മഹത്വമല്ല. ദൈവം ബഹുമാനിച്ച മനുഷ്യന്‍ അവനു വേണ്ടി സൃഷ്ടിച്ച മൃഗങ്ങളുടെ മുന്നില്‍ തലകുനിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ മാത്രമാണ്.

ബലിമൃഗങ്ങളെ ആരും ആരാധിക്കുന്നില്ല. അതും ബലി നല്‍കാനുള്ളതാണ്. അതിന്റെ മാംസവും ആളുകള്‍ ഭക്ഷിക്കുന്നു. അതിന്റെ മാംസവും രക്തവും ദൈവത്തില്‍ എത്തുന്നില്ല പകരം നിങ്ങളുടെ സൂക്ഷ്മത മാത്രമാണ് ദൈവത്തിങ്കല്‍ പരിഗണിക്കപ്പെടുക എന്നതാണ് ഇസ്ലാമിന്റെ നിലപാട്. ആത്യന്തികമായി എന്തിനാണോ മൃഗങ്ങള്‍ സൃഷ്ടിക്കപ്പെട്ടത് അതിനു വേണ്ടിയാണ് ഇസ്ലാം മൃഗങ്ങളെ ഉപയോഗിക്കുന്നത്. അതെ സമയം മനുഷ്യരുടെ വിഷമങ്ങള്‍ മൃഗങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുക എന്നത് മനുഷ്യന്റെ വില കുറക്കലാണ്. മനുഷ്യന്‍ അവനെക്കാള്‍ ഉന്നതനായവന്റെ മുന്നില്‍ മാത്രം തല കുനിക്കുന്നു. അവരില്‍ ഉന്നതരായ പ്രവാചകരുടെ മുന്നില്‍ പോലും അവര്‍ ഭക്തി കാണിക്കില്ല. ഇത് കേവലം മൂത്രത്തിന്റെയും ചാണകത്തിന്റെയും വിഷയമല്ല. നിലപാടിന്റെ വിഷയമാണ്.

Related Articles