Current Date

Search
Close this search box.
Search
Close this search box.

ആൽഗരിതം മനുഷ്യ ഭാഗധേയത്തിൻ്റെ കടലിരമ്പം!

ഡോ: താജ് ആലുവയുടെ “അസമത്വങ്ങളുടെ ആൽഗരിതം” എന്ന പുസ്തകത്തെപ്പറ്റി:

അന്തരിച്ച ഭൗതിക ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ് കൃത്രിമബുദ്ധിയെ (ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്) സംബന്ധിയായ ഒരു ചോദ്യത്തിനു നൽകിയ ഉത്തരം ഉപസംഹരിച്ചത് ഇങ്ങനെയാണ്: “തെളിച്ചു പറഞ്ഞാൽ, നിർമിത ബുദ്ധി മുഖേന അന്തിമമായി നാം സഹായിക്കപ്പെടുകയാണോ, അപ്രസക്തമാക്കപ്പെടുകയാണോ, അരികു വത്കരിക്കപ്പെടുകയാണോ അതല്ല പരിപൂർണമായി നശിപ്പിക്കപ്പെടുകയാണോ എന്ന് ഇപ്പോൾ അറിയുക സാധ്യമല്ല ”

ഏറെ ഉത്കണ്ഠാ ജനകമാണ് ആൽഗരിത സംബന്ധിയായ അറിവുകളത്രയും! നന്മയുടെ അനന്ത സാധ്യതകൾ ഉള്ളിരിക്കേ തന്നെ അധർമത്തിൻ്റെ കരിനാഗങ്ങൾ പത്തി വിടർത്തുന്ന അഗാധമായ തമസ്സിൻ്റെ ലോകം കൂടി ആൽഗരിതം എന്ന സംജ്ഞ സൂക്ഷിക്കുന്നു!

നവ സാമ്രാജ്യത്വ മുതലാളിത്ത ലോകം പ്രത്യയശാസ്ത്രായുധമായാണ് ആൽഗരിതത്തെയും ആർട്ടിഫിഷ്യൽ ഇൻറലിജൻസിനെയും കാണുന്നത്. അധിനിവേശങ്ങളുടെയും കരാറുകളുടെയും പൂർവ്വകാല മേച്ചിൽപ്പുറങ്ങളിൽ നിന്ന് ഡിജിറ്റൽ യുഗത്തിൻ്റെ ഈ ഉച്ചിയിൽ മനുഷ്യ/ രാഷ്ട്ര സ്വാതന്ത്ര്യങ്ങളുടെ സ്വകാര്യതകളിലേക്ക് ഹോളിവുഡ് തട്ടുപൊളിപ്പൻ സിനിമകളിലെ അന്യഗ്രഹ ജീവികളെപ്പോലെ നുഴഞ്ഞു കയറുകയാണിപ്പോൾ അധികാരിവർഗം. അവർക്ക് തണലൊരുക്കാൻ ഇസ്രായേലീ വംശവെറിയരുടെ “പെഗസസ് ” പോലുള്ള ആകാശ ചാരൻമാരും!

സ്വേഛാ ഭരണകൂടങ്ങളുടെയും കോർപ്പറേറ്റ് ഭീമന്മാരുടെയും ദുരുപയോഗ സാധ്യതകളിൽ ഒതുങ്ങുന്നില്ല ആൽഗരിതത്തിൻ്റെ ചിലന്തിവലകൾ! അത് എന്തുമാത്രം വ്യാപകമാണെന്നറിയാൻ ഈ ഗ്രന്ഥം ചർച്ച ചെയ്യുന്ന വിഷയ വൈവിധ്യം ശ്രദ്ധിക്കുക:

ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (പുതു) ലോകം നിർമിക്കുമോ? നശിപ്പിക്കുമോ?, ഡേറ്റ കൊളോണിയലിസം അഥവാ പുത്തൻ അധിനിവേശം, ഫേസ് ബുക്ക് പേര് മാറാത്ത ആൽഗരിതങ്ങൾ, വരുന്നു..ഡീപ് ഫേക്കുകളുടെ കാലം, ജനാധിപത്യത്തിലെ പുതിയ നാട്ടുനടപ്പുകൾ, സ്മാർട്ടാകുന്ന വിവര ചോരണങ്ങൾ, വിഷം വമിക്കുന്ന “ദേശ സുരക്ഷാ ” ചാനലുകൾ, സോഷ്യൽ മീഡിയ ആശയമോ ആശയക്കുഴപ്പമോ?, ബനാന റിപ്പബ്ലിക്കിലെ വിശുദ്ധ ഗോസായിമാർ, നിർഭയ മാധ്യമ പ്രവർത്തനത്തിനൊരു നിറ കൈയടി, കറുത്തവനെതിരെ മുഖം തിരിക്കുന്ന നീതി, വംശീയതയുടെ കറുപ്പും വെളുപ്പും നിറഞ്ഞാടുന്ന കളിയരങ്ങ്, വംശവെറിയുടെ അത്യാചാരങ്ങൾ ഒരു ഇസ് റായേലി ദക്ഷിണാഫ്രിക്കൻ താരതമ്യം..

ആൽഗരിതം സമ്മാനിക്കുന്ന ഉന്നത സാങ്കേതിക വിദ്യകളിലൂടെ നമുക്ക് നമ്മെയും ലോകത്തെയും മാറ്റിപ്പണിയാം എന്ന കാര്യത്തിൽ പക്ഷാന്തരമില്ല. അതേസമയം താജ് ആലുവ ഈ പുസ്തകത്തിൻ്റെ ആമുഖത്തിൽ ഉദ്ധരിക്കുന്ന പ്രമുഖ അമേരിക്കൻ നിയമജ്ഞൻ ബ്രയാൻ സ്റ്റീവൻസ് പറഞ്ഞതുപോലെ “നമ്മൾ സാങ്കേതികമായി ഉയരുന്നതിലല്ല, ദരിദ്രരോടും പാർശ്വവത്കരിക്കപ്പെട്ടവരോടും തടവുകാരോടുമൊക്കെ എങ്ങനെ പെരുമാറുന്നു എന്നതാണ് പ്രധാനം”

ആൽഗരിതത്തിൻ്റെയും കൃത്രിമബുദ്ധിയുടെയും വക്രീകരണങ്ങൾ എങ്ങനെ തടയും? എന്ന ചോദ്യത്തിനും ഈ പുസ്തകം ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്. നിതാന്തമായ രാഷ്ട്രീയ ജാഗ്രത പാലിക്കലാണ് അതിൽ മുഖ്യം. നിലവിലുള്ള ഭരണസംവിധാനങ്ങളിൽ സുരക്ഷിത നിയമനിർമാണങ്ങൾക്ക് സമ്മർദ്ദം ചെലുത്തണം, എല്ലാ ഡിജിറ്റൽ ഇടപാടുകളിലും അതീവ സൂക്ഷ്മത ഉണ്ടായിരിണം. ( ചെരിപ്പട്ടു മാത്രം നടക്കുക) എന്നിങ്ങനെ…

ടി.ടി ശ്രീകുമാറിൻ്റെ പ്രൗഢമായ അവതാരിക ഗ്രന്ഥത്തിന് മാറ്റ് കൂട്ടുന്നു. “വിഷയത്തോട് നൂറ് ശതമാനവും നീതി പുലർത്തുന്ന കൃതി ” എന്ന സർട്ടിഫിക്കറ്റാണ് ടി.ടി താജിന് നൽകുന്നത്. ഡോ: താജ് ആലുവ കാലഘട്ടത്തിൻ്റെ വലിയൊരു രാഷ്ട്രീയ ദൗത്യമാണ് ഏറ്റെടുത്തതെന്നും ടി.ടി ശ്രീകുമാർ നിരീക്ഷിക്കുന്നു. അദ്ദേഹത്തിൻ്റെ വരികൾ:

“ആൽഗരിതമെന്നത് സമകാല ലോക യാഥാർഥ്യത്തിൻ്റെ ഏറ്റവും സൂക്ഷ്മമായ ദുരൂഹതയാണ്. ഒരേ സമയം നമ്മുടെ ജീവിതത്തിൻ്റെ രഹസ്യാത്മകതയും അതിൻ്റെ അഭൂതപൂർവമായ സുതാര്യതയുമായി നിലകൊള്ളുന്ന അജ്ഞേയതയുടെ പേരു കൂടിയാണ് അതെന്നതാണ് പരമാർഥം. ഡിജിറ്റൽ യുഗത്തിൻ്റെ ഈ സാങ്കേതിക മുദ്ര പതിയാത്തതായി ഒന്നും അവശേഷിക്കുന്നില്ല എന്നു പറഞ്ഞാൽ അതിശോക്തിയല്ല. താജ് ആലുവ ധൈര്യപൂർവം കടന്നു ചെല്ലുന്നത് ഇന്ന് അതെക്കുറിച്ചു നിലനിൽക്കുന്ന ഭീതികളുടെയും സംഭ്രമങ്ങളുടെയും അനിവാര്യതകളുടെയും അന്വേഷണത്തിൻ്റെ തുറസ്സിലേക്കാണ്.അതുയർത്തുന്ന സമസ്യകളും ആകുലതകളും ഇഴ പിരിച്ചു പരിശോധിക്കുന്ന രാഷ്ട്രീയ ദൗത്യമാണ് അദ്ദേഹം ഏറ്റെടുത്തിരിക്കുന്നത് ”

“അസമത്വങ്ങളുടെ ആൽഗരിതം” മാർക്കറ്റിലെത്തിക്കുന്നത് ഐ.പി.എച്ചാണ്.

കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles