Current Date

Search
Close this search box.
Search
Close this search box.

കേരള സ്റ്റോറി എന്ന വ്യാജ സിനിമയും കേരള പൊലീസിൻറെ സഞ്ചാരപഥവും!

2018ലെ സി.പി.എം സംസ്ഥാന സമ്മേളനത്തിൽ (തൃശൂർ) 9 മണിക്കൂർ നീണ്ട, 62 പ്രതിനിധികൾ പങ്കെടുത്ത ചർച്ചയിൽ തുടക്കത്തിൽ തന്നെ ഉയർന്ന പരാതി കേരള പൊലീസിലെ കാവി വത്കരണം സംബന്ധിച്ചായിരുന്നു!

പൊലീസിലെ ആർ.എസ്.എസ് സ്വാധീനത്തെ പറ്റി ദേശാഭിമാനി പത്രം എഴുതിയ എഡിറ്റോറിയലുകൾ മുതൽ ചിന്ത പുറത്തിറക്കിയ സുധീഷ് മിന്നിയുടെ പുസ്തകം മുതൽ സി.പി.ഐയുടെ മുതിർന്ന നേതാവ് ആനി രാജയുടെ പ്രസ്താവന മുതൽ പലതുമുണ്ട് ഉദ്ധരിക്കാൻ! സി.പി.എമ്മിൻ്റെ കേന്ദ്ര വീക്ഷണത്തിനു വിരുദ്ധമായി രണ്ട് യുവ പാർട്ടി മെമ്പർമാർ ഉൾപ്പെടെയുള്ളവരിൽ കരിനിയമം (യു.എ.പി.എ ) ചുമത്തിയതും മാവോയിസ്റ്റ് മുദ്ര ചാർത്തി ഉത്തരേന്ത്യൻ മോഡലിൽ എട്ടു പേരെ വെടിവെച്ചു കൊന്നതും നാം മറന്നിട്ടില്ല!

കേരള പൊലീസ് മൊത്തം കാവി വത്കരിക്കപ്പെട്ടു എന്നൊന്നും ഈ കുറിപ്പുകാരന് അഭിപ്രായമില്ല. അതേയവസരം ചെറിയൊരു ന്യൂനപക്ഷം നമ്മുടെ പൊലീസിനെ കാവിപ്പാളയത്തിലേക്ക് ആട്ടിത്തെളിക്കുന്നതിനെ കണ്ടില്ലെന്നു നടിക്കാനും വയ്യ!

ഏറ്റവും ഒടുവിൽ ദുരൂഹത മുറ്റി നിൽക്കുന്ന എലത്തൂർ ട്രെയിൻ തീവെപ്പു പ്രതി ഷാറൂഖ് സൈഫിയുടെ തീവ്രവാദ ബന്ധം തെളിയിക്കാൻ എ.ഡി.ജി.പി അജിത് കുമാർ, പ്രതിയുടെ ജന്മസ്ഥലമായ, പൗരത്വ വിരുദ്ധ സമരത്തിൻ്റെ പ്രഭവകേന്ദ്രമായ ശാഹീൻ ബാഗ് എന്ന മുസ് ലിം ഭൂരിപക്ഷ പ്രദേശത്തേക്ക് വിരൽ ചൂണ്ടിയതും സാക്കിർ നായികിനു മേൽ ഭീകര മുദ്ര പതിച്ചതുമൊക്കെ നാം കണ്ടതാണ്.

എ.ഡി.ജി.പി ശ്രീജിതിൻ്റെ ജാത്യാഭിമാന പ്രസ്താവന വിവാദമായതും അടുത്തിടെയാണ്. (മുസ് ലിംകൾക്കെവിടെയാണ് തറവാട് ? കേരളത്തിലെ പ്രബല മായ നായർ സമുദായത്തെ മറ്റു സമുദായങ്ങൾ അനുകരിച്ചതിനാലാണ് അവർക്കൊക്കെ തറവാടുണ്ടായത്. എന്നാണല്ലോ ശ്രീജിതിൻ്റെ ഭാഷ്യം! സംഘ് പ്രവർത്തകനായി എന്ന ഒറ്റക്കാരണത്താൽ പാലത്തായി പോക്സോ പ്രതിയെ രക്ഷപ്പെടുത്താൻ ശ്രീജിത് നടത്തിയ വഴിവിട്ട ശ്രമങ്ങളും, നാം മറന്നിട്ടില്ല! )

ബി.ജെ.പിയുടെ കൊടകര കുഴൽപ്പണം, നോട്ടടിയന്ത്രം, വിദ്വേഷ പ്രസംഗങ്ങൾ തുടങ്ങി പൗരത്വ നിഷേധസമരങ്ങളിൽ പങ്കെടുത്തവരുടെ കേസുകൾ എഴുതിതള്ളുമെന്ന വാക്ക് പാലിക്കാത്തതുൾപ്പെടെ പറയാൻ ഏറെയുള്ളതാണ് വിഷയം!

ഇതെല്ലാം ഇപ്പോൾ ഓർക്കാൻ കാരണം പച്ച നുണകളും പരമത വിദ്വേഷവും ഉൽപ്പാദിപ്പിച്ച് കേരളത്തെ അപ്പാടെ പ്രതിക്കൂട്ടിൽ നിർത്തുന്ന സംഘ് സഹയാത്രികരുടെ “കേരള സ്റ്റോറി” എന്ന വ്യാജ സിനിമക്കെതിരെ തമിഴ് മാധ്യമ പ്രവർത്തകൻ ബി.ആർ അരവിന്ദാക്ഷൻ ഉൾപ്പെടെ പലരും പരാതി നൽകിയിട്ടും പരാതിയിൽ കേസെടുക്കാൻ ഡി.ജി.പി അനിൽ കാന്ത് സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകിയിട്ടും പൊലീസ് അനങ്ങാപ്പാറ നയം അനുവർത്തിക്കുന്നു എന്ന വാർത്ത വായിക്കാൻ ഇടയായതുകൊണ്ടാണ്!

ശ്രീ.കെ സച്ചിദാനന്ദൻ, ഡോ: കെ.എൻ പണിക്കർ, പെരുമ്പടവം ശ്രീധരൻ, കൽപറ്റ നാരായണൻ, പി.സുരേന്ദ്രൻ, ഡോ: പി.കെ പോക്കർ, കെ .ഇ എൻ, പ്രഭാവർമ, ഡോ: സി.എസ് ചന്ദ്രിക, സുനിൽ പി.ഇളയിടം, ഭാസുരേന്ദ്രബാബു തുടങ്ങി ഒട്ടേറെ സാംസ്കാരിക പ്രമുഖരും വിവിധ രാഷ്ട്രീയ നേതാക്കളും കലാകാരന്മാരും ഈ വിദ്വേഷ സിനിമക്കെതിരെ പ്രതികരിച്ചിട്ടുണ്ട്.

ഒരു കാര്യം തീർച്ച! രമൺ ശ്രീവാസ്തവയും ടി.പി സെൻകുമാറും ലോക് നാഥ് ബെഹ്റയും “പരിശീലിപ്പിച്ചെടുത്ത” കേരള പൊലീസിനെ ബന്ധപ്പെട്ടവർ കൃത്യവും വ്യക്തവുമായ മാർഗദർശനങ്ങൾ നൽകി നിയന്ത്രിച്ചില്ലെങ്കിൽ നമ്മുടെ പൊലീസ് സേന സമീപ ഭാവിയിൽ തന്നെ യു.പി പൊലീസിൻ്റെ നിലവാരത്തിലേക്ക് നിപതിക്കും!

???? കൂടുതല്‍ വായനക്ക്‌ ????????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles