Current Date

Search
Close this search box.
Search
Close this search box.

സ്ത്രീവിരുദ്ധതയിലാണ് മലയാള സിനിമ നിലനില്‍ക്കുന്നത്

film.jpg

‘വെള്ളമടിച്ച് തിരിഞ്ഞ് പാതിരായ്ക്ക് വീട്ടില്‍ വന്നു കയറുമ്പോള്‍ ചെരിപ്പൂരി കാലുമടക്കി ചുമ്മാ തൊഴിക്കാനും തുലാവര്‍ഷ രാത്രികളില്‍ ഒരു പുതപ്പിനടിയില്‍ സ്‌നേഹിക്കാനും എന്റെ കുഞ്ഞുങ്ങളെ പെറ്റു പോറ്റാനും ഒടുവില്‍ ഒരു നാള്‍ വടിയായി തെക്കെപറമ്പിലെ പുളിയന്‍മാവിന്റെ വിറകിന്നടിയില്‍ എരിഞ്ഞു തീരുമ്പോള്‍ നെഞ്ചു തല്ലിക്കരയാനും എനിക്കൊരു പെണ്ണിനെ വേണം.’ ഇത് പറയുന്നത് ചില്ലറക്കാരനല്ല, ‘നരസിംഹം’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ നായകന്‍ മോഹന്‍ ലാല്‍. ഐ.എ.എസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ആള്‍, മൂന്ന് എം.എസ്.സി ബിരുദമെടുത്ത നായികയോട് തന്റെ ഭാര്യാ സങ്കല്‍പം പ്രഖ്യാപിച്ചതാണിത്! ഇത് ഒരു ഉദാഹരണം മാത്രം.

‘ഒരു റേപ്പങ്ങട് വെച്ചു തന്നാലുണ്ടല്ലോ. പത്തു മാസം വയറും ചുമന്ന്…” മീശമാധവനിലെ ദിലീപ്.
‘ഞാന്‍ തെറ്റ് ചെയ്തു, എന്റെ മദ്യത്തിന്റെ ലഹരിയില്‍ ചെയ്തു പോയതാ. പക്ഷെ അവളോ, അവളൊന്നുറക്കെ കരഞ്ഞിരുന്നെങ്കില്‍ ഞാന്‍ ഉണര്‍ന്നേനെ…’ എന്ന് ബലാത്സംഗത്തെ ന്യായീകരിക്കുന്ന ഹിറ്റ്‌ലറിലെ സോമന്‍.
അധ്യാപികയെ കണ്ണിറുക്കിക്കാണിക്കുകയും രാത്രി മദ്യപിച്ച് ലേഡീസ് ഹോസ്റ്റലില്‍ അതിക്രമിച്ചു കയറി അവരെ ക്ലോറോഫോം കൊണ്ട് മയക്കി തട്ടിക്കൊണ്ടുപോവുകയും ചെയ്യുന്ന ‘സീനിയേഴ്‌സി’ലെ മനോജ് കെ.ജയന്‍.

ഇത് സംബന്ധിച്ച് പഠിക്കാന്‍ ശ്രമിച്ചപ്പോള്‍ ഡയലോഗുകള്‍ പലതും മാന്യമായ ഒരു വേദിയില്‍ ഉദ്ധരിക്കാന്‍ പറ്റിയതല്ലെന്നും പല രംഗങ്ങളെ കുറിച്ചും പരാമര്‍ശിക്കാനേ സാധ്യമല്ലെന്നും ബോധ്യപ്പെട്ടു. പഴയ ദുശ്ശാസനനെ പോലെ സ്ത്രീയെന്നാല്‍ വെറും ശരീരമാണെന്നും അവള്‍ എവിടെയും വസ്ത്രാക്ഷേപം ചെയ്യപ്പെടേണ്ടവളാണെന്നും നമ്മുടെ മുഖ്യധാരാ സിനിമക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നു. സ്ത്രീകളുടെ ചലനങ്ങളെപ്പോലും ലൈംഗികോത്തേജനോപാധിയാക്കുന്ന ഹീനമായ ആണ്‍കോയ്മയുടെ അതിനീചമായ ചെയ്തികളാണ് ലോകസിനിമകളില്‍ പൊതുവെയും മലയാള സിനിമയില്‍ സവിശേഷമായും നാം കണ്ടു കൊണ്ടിരിക്കുന്നത്.

തുഞ്ചന്‍ പറമ്പില്‍ നടന്ന മാധ്യമം’ ലിറ്റററി ഫെസ്റ്റി ‘ല്‍ എം.മുകുന്ദന്റെ സാന്നിധ്യത്തിലുണ്ടായ മഞ്ജുവാര്യര്‍ – ഭാഗ്യലക്ഷ്മി സംവാദത്തിനിടെ ശ്രോതാക്കളുടെ ഭാഗത്തു നിന്നും ‘മലയാള സിനിമയിലെ പെണ്ണുടലി’നെ കുറിച്ച് ഒട്ടനേകം ചോദ്യങ്ങളുയര്‍ന്നിരുന്നു. ഒതുക്കിപ്പറഞ്ഞാല്‍, ദിലീപ് എന്ന ഒരു നടന്‍ അകത്തായതുകൊണ്ടോ, ‘അമ്മ’യുടെ വക്താക്കള്‍ കളം മാറ്റിച്ചവിട്ടിയതുകൊണ്ടോ, നടികള്‍ക്കായി പുതിയൊരു താരസംഘടന ഉദയം ചെയ്തത് കൊണ്ടോ, സ്ത്രീകളോടുള്ള സമീപനത്തില്‍ നേരത്തേ തന്നെ വില്ലന്‍ പരിവേഷമുള്ള ഗണേശും മുകേഷും രാജിവെച്ചതുകൊണ്ടോ തീരുന്നതല്ല പ്രശ്‌നം.

മറിച്ച് സ്ത്രീയും ആത്മാഭിമാനമുള്ളവളാണെന്നും അവളുടെ ശരീരം കച്ചവടം ചെയ്യുന്നതിന്റെ പേരല്ല സിനിമയെന്നും പ്രഖ്യാപിക്കാന്‍ അധികൃതര്‍ തയ്യാറുണ്ടോ എന്ന കാര്യമാണ് കേരളീയര്‍ക്ക് അറിയേണ്ടത്. കാതലായ ഈ വിഷയത്തെ അഭിമുഖീരിക്കാതെയുള്ള ഏത് പുറം ചികിത്സയും ഫലം ചെയ്യില്ല തന്നെ.

Related Articles