Current Date

Search
Close this search box.
Search
Close this search box.

സഞ്ചാരിയായ ഇബ്‌നു ബത്തുത്ത

മൊറോക്കയിലെ ടാന്‍ജിയര്‍ എന്ന നഗരത്തില്‍ സാധാരണ കുടുംബത്തിലാണ് അബൂ അബ്ദുല്ല മുഹമ്മദ് ബിന്‍ ബത്തൂത്ത 1304 ഫിബ്രുവരിയില്‍ പിറന്നത്. ഇസ്‌ലാമിക നിയമ പണ്ഡിതനായ ഇബ്‌നു ബത്തൂത്ത ഒരു ന്യായാധിപനാണെങ്കിലും പ്രസിദ്ധനായ ഒരു സഞ്ചാരിയായിട്ടാണ് അറിയപ്പെടുന്നത്. തന്റെ മുപ്പത് വര്‍ഷത്തെ സാഹസികമായ സഞ്ചാരത്തിനിടയില്‍ ഏകദേശം 1,17000 കി.മീ താണ്ടുകയുണ്ടായി. ആ കാലത്തെ എല്ലാ ഇസ്‌ലാമിക രാജ്യങ്ങളും ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ വടക്കും പടിഞ്ഞാറും ഭാഗത്തുള്ള രാജ്യങ്ങള്‍, കിഴക്കന്‍ യൂറോപ്പ്, പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍, ഇന്ത്യാ ഉപഭൂഖണ്ഡം, മദ്ധ്യേഷ്യ, ദക്ഷിണപൂര്‍വ്വേഷ്യ, ചൈന തുടങ്ങിയ പ്രദേശങ്ങള്‍ സഞ്ചരിച്ച ഇബ്‌നു ബത്തൂത്ത സമകാലീനനായ മാര്‍ക്കോ പോളോ സഞ്ചരിച്ചതിലും കൂടുതല്‍ ദൂരം യാത്ര ചെയ്യുകയുണ്ടായി.

1355-ാം ആണ്ടില്‍ രചന പൂര്‍ത്തിയാക്കിയ തുഹ്ഫത്തുന്നള്ളാര്‍ ഫീ ഗറാഇബില്‍ അംസാര്‍ വ അജാഇബില്‍ അസ്ഫാര്‍ എന്ന ലോക നഗരങ്ങളെ പറ്റിയും വിസ്മയ യാത്രകളെ പറ്റിയും ചിന്തിക്കുന്നവര്‍ക്കുള്ള സമ്മാനം എന്ന് അര്‍ഥമുള്ള പുസ്തകം യാത്ര എന്നര്‍ഥം വരുന്ന രിഹ്‌ല എന്നാണറിയപ്പെടുന്നത്. പതിനാലാം നൂറ്റാണ്ടിലെ ലോകപരിതസ്ഥിതികളെ കുറിച്ചുള്ള നല്ല ഒരു ചിത്രം ഇതിലൂടെ ലഭിക്കും.

ഇബ്‌നു ബത്തൂത്തയുടെ യാത്രകള്‍:
1325-ലാണ് ഇബ്‌നു ബത്തൂത്ത തന്റെ യാത്രക്ക് തുടക്കം കുറിക്കുന്നു.
പ്രഥമ ഘട്ടം:
കോണ്‍സ്റ്റാന്‍ഡിനോപ്പിള്‍, തുനീഷ്യ, അലക്‌സാന്‍ഡ്രിയ, ട്രിപ്പോളി, ഈജിപ്ത്, ഫലസ്തീന്‍, സിറിയ, ഡമസ്‌കസ് എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷം ഹജ്ജ് കര്‍മം നിര്‍വ്വഹിക്കുന്നതിനായി മക്കയിലേക്ക് തിരിച്ചു. പിന്നീട് തന്റെ യാത്ര സംഘത്തോട് വിടപറഞ്ഞ് ടൈഗ്രീസ് നദി കടന്ന് ബസറയിലേക്ക് പോയി.
രണ്ടാം ഘട്ടം:
മെസപ്പെട്ടോമിയയിലെ നജഫ്, ബസറ, മൊസൂള്‍, ബഗ്ദാദ്, ആഫ്രിക്കയിലെ മോഗഡിഷു, മൊംബാസ്സ, സന്‍സിബാര്‍, കില്‍വ തുടങ്ങിയ സന്ദര്‍ശിച്ചതിന് ശേഷം വീണ്ടും ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കുന്നതിനായി മക്കയിലേക്ക് തിരിച്ചു. വിവിധ ഭാഷകള്‍ പഠിക്കുന്നതിനും വിശ്രമത്തിനുമായി രണ്ട് വര്‍ഷത്തോളം മക്കയില്‍ ചിലവഴിച്ചു.
മൂന്നാം ഘട്ടം:
1332-ല്‍ ആരംഭിച്ച ഈ യാത്ര യമന്‍, ഒമാന്‍, ബഹ്‌റൈന്‍, സിറിയ, ഏഷ്യാമൈനര്‍, ഇന്ത്യ, മാലദ്വീപ്, സിലോണ്‍, കിഴക്കന്‍ ഏഷ്യ ചൈന എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ശേഷം വീണ്ടും ഇന്ത്യ, പേര്‍ഷ്യ, മെസപ്പെട്ടോമ്യ, സിറിയ, ഈജിപ്ത് വഴി ടാന്‍ജിയയില്‍ മടങ്ങിയെത്തി.
വീണ്ടും ആഫ്രിക്കന്‍ യാത്ര തിരിച്ച ഇബ്‌നു ബത്തൂത്തയെ മൊറോക്കോ സുല്‍ത്താന്‍ ഉയര്‍ന്ന ബഹുമതികള്‍ നല്‍കി തന്റെ അതിഥിയായി അവിടെ താമസിപ്പിച്ചു. അദ്ദേഹത്തിന്റെ പ്രേരണയാലാണ് ഇബ്‌നു ബത്തൂത്ത രിഹ്‌ല എന്ന ഗ്രന്ഥം രചിച്ച് തുടങ്ങിയത്.

ഇബ്‌നു ബത്തൂത്ത ഇന്ത്യയില്‍:
ഡല്‍ഹി സുല്‍ത്താനായ മുഹമ്മദ് ബിന്‍ തുഗ്ലക്കിന്റെ കാലത്താണ് അഫ്ഗാനിസ്ഥാനിലെ ബലൂചിസ്ഥാന്‍ വഴി ഇന്ത്യയിലെത്തിയത്. മുസ്‌ലിം ലോകത്തെ പുതിയ രാജ്യമായിരുന്ന ഡല്‍ഹിയില്‍ തന്റെ ഭരണം ദൃഢമാക്കുന്നതിന് തുഗ്ലക്ക് പല ഇസ്‌ലാമിക പണ്ഡിതരേയും ഡല്‍ഹിയിലേക്ക് വരുത്തിയിരുന്ന കാലമായിരുന്നു അത്. ഇബ്‌നു ബത്തൂത്തയുടെ പാണ്ഡിത്യത്തെയും ലോകപരിചയത്തെയും മാനിച്ച് അദ്ദേഹത്തിന് തുഗ്ലക്ക് ന്യായാധിപസ്ഥാനം നല്‍കി.

ഇബ്‌നു ബത്തൂത്ത കേരളത്തില്‍:
1342-ല്‍ ചൈനയിലേക്കുള്ള സ്ഥാനപതിയായി നിയമിതനായ ഇബ്‌നു ബത്തൂത്ത അവിടേക്കുള്ള യാത്ര മദ്ധ്യേ ഗ്വാളിയോര്‍, ചന്ദ്രഗിരി, ഉജ്ജയിന്‍, സഹാര്‍, സന്താപ്പൂര്‍, ഹോണാവര്‍, ബാര്‍ക്കൂര്‍, മംഗലാപുരം വഴി കേരളത്തിലെത്തി. അന്ന് കോഴിക്കോട്, കൊല്ലം തുറമുഖങ്ങളില്‍ നിന്ന് മാത്രമേ ചൈനയിലേക്ക് കപ്പലുകള്‍ പുറപ്പെട്ടിരുന്നുള്ളൂ.
1342 ഡിസംബര്‍ 29-ന് ഇബ്‌നു ബത്തൂത്ത ഏഴിമലയിലും, 1343 ജനുവരി 1-ന് പന്തലായനിയും, 1343 ഡിസംബര്‍ 31-ന് ധര്‍മ്മടവും, 1344 ജനുവരി 2-ന് കോഴിക്കോടും, 1344 ഏപ്രില്‍ 7-ന് കൊല്ലത്തും സന്ദര്‍ശിച്ചു.

ഇബ്‌നു ബത്തൂത്ത കണ്ട കേരളം;
മുലൈബാര്‍ എന്നാണ് കേരളത്തെ അദ്ദേഹം സൂചിപ്പിച്ചിരിക്കുന്നത്. നിറയെ വൃക്ഷങ്ങളെ കൃഷിയും ഉള്ള ഒരു പ്രദേശമെന്നാണ് ഇബ്‌നു ബത്തൂത്ത കേരളത്തെപ്പറ്റി ആദ്യം രേഖപ്പെടുത്തിയിരിക്കുന്നത്. സഞ്ചാരികളെ ആതിഥ്യമര്യാദയോടെ ഇവിടത്തെ ജനങ്ങള്‍ സ്വീകരിച്ചിരുന്നുവത്രേ. കോഴിക്കോട് എത്തിയ ഇബ്‌നു ബത്തൂത്ത അത് ഒരു മികച്ച തുറമുഖ പട്ടണമെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ലോകത്തിലെ എല്ലാ കോണിലെയുമുള്ള വ്യാപാരികളെയും സഞ്ചാരികളെയും അദ്ദേഹമിവിടെ കണ്ടു. കോഴിക്കോട് നിന്ന് ജലമാര്‍ഗ്ഗം ഇബ്‌നു ബത്തൂത്ത കൊല്ലത്തേക്ക് പുറപ്പെട്ടു. ജനവാസവും കൃഷിയും ഇല്ലാത്ത ഒരു സ്ഥലവും അദ്ദേഹം കണ്ടില്ലത്രേ. വേലി കെട്ടിത്തിരിച്ച കൃഷിയിടത്തിനു നടുവിലായിരുന്നുവേ്രത ഉടമയുടെ വീട്. എല്ലാ വീടുകള്‍ക്കും പടിപ്പുര ഉണ്ടായിരുന്നു. ജനങ്ങളാരും മൃഗങ്ങളെ വാഹനമായുപയോഗിച്ചിരുന്നില്ല. കുതിര സവാരി രാജാവിനു മാത്രമായിരുന്നു. കള്ളന്മാര്‍ക്കും കൊള്ളക്കാര്‍ക്കും കടുത്ത ശിക്ഷ നല്‍കിയിരുന്നതിനാല്‍ മലബാറിലൂടെയുള്ള യാത്ര അത്യന്തം സുരക്ഷിതമായിരുന്നത്രെ. കഴുവേറ്റുക, തിളച്ച എണ്ണയില്‍ കൈമുക്കുക മുതലായ ശിക്ഷാവിധികള്‍ പ്രചാരത്തിലുണ്ടായിരുന്നു. അടിമ വ്യാപാരവും തൊട്ടുകൂടായ്മയും അതിന്റെ എല്ലാ തീവ്രതയോടും കൂടി ആചരിച്ചിരുന്നു. മലബാറിലെ ഏറ്റവും ഭംഗിയുള്ള പട്ടണമായിരുന്നുവത്രെ കൊല്ലം. വലിയ അങ്ങാടികളും ധനാഢ്യരായ കച്ചവടക്കാരും കൊല്ലത്തിന്റെ പ്രത്യേകതയായിരുന്നു. ചൈനയിലേക്കുള്ള യാത്ര ഉപേക്ഷിച്ച് ഇബ്‌നു ബത്തൂത്ത സന്താപ്പൂര്‍ സന്ദര്‍ശിച്ച് വീണ്ടും 1344 ജനുവരി 2ന് കോഴിക്കോട് എത്തി. മൂന്ന് മാസത്തോളം ചാലിയത്ത് താമസിച്ചു.
1344-ല്‍ കോഴിക്കോട് നിന്ന് മാലിദ്വീപിലേക്കു പോയ ഇബ്‌നു ബത്തൂത്ത അവിടെ നിന്നും 1346 ജനുവരി 20-ന് തിരിച്ചു കൊല്ലത്തെത്തി മൂന്ന് മാസത്തോളം അവിടെ താമസിച്ചു. 1346 മെയ് 2-ന് കോഴിക്കോട് നിന്ന് ചൈനയിലേക്കു പോയ ബത്തൂത്ത വീണ്ടും 1347 ജനുവരിയില്‍ കോഴിക്കോട് എത്തി. 1353 ഡിസംബര്‍ 29-ന് മൊറോക്കയിലേക്ക് അദ്ദേഹം യാത്ര തിരിച്ചു.

അവലംബം: കേരളം അറുനൂറ് കൊല്ലം മുമ്പ്-വേലായുധന്‍ പണിക്കശ്ശേരി

Related Articles