Current Date

Search
Close this search box.
Search
Close this search box.

സഞ്ചാരസാഹിത്യം: വളര്‍ച്ചയും ഉല്‍ഭവവും

യാത്രകള്‍ക്ക് മനുഷ്യ ചരിത്രത്തോളം പഴക്കമുണ്ട്. സ്വര്‍ഗീയാരാമത്തില്‍ നിന്ന് ഭൂമിയിലേക്കുള്ള യാത്രയാണ് മനുഷ്യന്റെ പ്രഥമ യാത്ര. ‘നാം കല്‍പിച്ചു: ‘എല്ലാവരും ഇവിടം വിട്ട് പോകണം’എന്നഖുര്‍ആനിക സൂക്തം ഇതിലേക്ക് സൂചന നല്‍കുന്നു.

അറബികളുടെ ചക്രവാളങ്ങളിലേക്കുള്ള യാത്ര പുരാതന കാലത്ത് തന്നെ കടല്‍ മാര്‍ഗത്തിലൂടെയായിരുന്നു. കാരണം അവരുടെ ദേശത്തിന്റെ മൂന്ന് ഭാഗവും സമുദ്രത്താല്‍ വലയം ചെയ്യപ്പെട്ടതായിരുന്നു. കച്ചവടത്തിനും ഉല്ലാസത്തിനും വേണ്ടിയായിരുന്നു അവരുടെ മിക്ക യാത്രയും. അവരുടെ യാത്രകള്‍ അവര്‍ എവിടെയും രേഖപ്പെടുത്തി വെച്ചിട്ടില്ലെങ്കിലും മൂന്നാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട യാത്രാ വിവരണ ഗ്രന്ഥങ്ങളില്‍ അതിനുള്ള തെളിവുകള്‍ കാണാവുന്നതാണ്. സാഹസികമായ നിരവധി യാത്രകള്‍ ഇതിനു മുമ്പ് തന്നെ അവര്‍ നടത്തിയിരുന്നു.നൂറ്റാണ്ടുകളിലെ സഞ്ചാര സാഹിത്യ സംരംഭങ്ങളിലൂടെയുള്ള എത്തി നോട്ടം അതിനാല്‍ തന്നെ പ്രധാനമാണ്.

ഹിജ്‌റ മൂന്നാം നൂറ്റാണ്ട്:-
ഈ കാലയാളവില്‍ രേഖപ്പെടുത്തിയ ഏറ്റവും പുരാതന യാത്ര സലാമുത്തര്‍ജുമാന്റെതാണ്. ചൈനയില്‍ അലക്‌സാണ്ടര്‍ നിര്‍മിച്ച യഅ്ജൂജ്-മഅ്ജൂജിന്റെ നാട്ടിലെ കോട്ട കാണാന്‍ ഖലീഫ വാസിഖ് ഒരു സംഘത്തെ നിയോഗിച്ചിരുന്നു. അന്നത്തെ സഞ്ചാരികളില്‍ പ്രമുഖനാണ് ഇബ്‌നു വഹബുല്‍ ഖുറശി. അദ്ദേഹം ചൈനീസ് ഭരണാധികാരിയെ കണ്ടുമുട്ടിയതായും സമ്മാനമായിക്കൊണ്ട് പ്രവാചകന്മാരുടെ ചിത്രം പ്രദര്‍ശിപ്പിച്ചതായും പറയപ്പെടുന്നു. ഇറാഖിലെ കച്ചവടക്കാരില്‍ പ്രമുഖനായ താജിര്‍ സുലൈമാന്‍ ആ കാലത്തെ മറ്റൊരു സഞ്ചാരിയായിരുന്നു. ഇന്ത്യന്‍ സമുദ്രത്തിലൂടെ ശാന്ത സമുദ്രവും കടന്നാണ് ചൈനയിലേക്ക് യാത്ര പോയത്. ചൈനയില്‍ നിന്നും ഇന്ത്യയില്‍ നിന്നും ചരക്കുകള്‍ അറേബ്യയിലേക്ക് കടത്തുക എന്ന പ്രതീക്ഷയിലായിരുന്നു ആ യാത്രകള്‍. സമുദ്രത്തിലൂടെ ചൈനയിലേക്കുള്ള യാത്ര ഹിജ്‌റ 237-ല്‍ രചിച്ച തന്റെ ഗ്രന്ഥത്തില്‍ അദ്ദേഹം വിവരിക്കുന്നുണ്ട്. സമുദ്ര സഞ്ചാര യാത്രയിലെ ഏറ്റവും പുരാതന വിവരണമാണത്. അതിനെ തുടര്‍ന്നു നിരവധി സഞ്ചാരികള്‍ യാത്ര ആരംഭിക്കുകയുണ്ടായി. മുഹമ്മദ് ബിന്‍ മൂസാ അല്‍ മുന്‍ജിം, യഅ്ഖൂബി, ഇബ്‌നു ഖുര്‍ദാദാബ, ഇബ്‌നു റുസ്ത, ഇബ്‌നുല്‍ ഫഖീഹ് തുടങ്ങിയവര്‍ അവരില്‍ പെട്ടവരാണ്.

ഹിജ്‌റ നാലാം നൂറ്റാണ്ട്:-
മുസ്‌ലിം സൈന്യത്തിന്റെ നിരന്തരമായ വിജയത്തെ തുടര്‍ന്ന് ഇസ്‌ലാമിക ആശയങ്ങള്‍ ലോകത്തിന്റെ നാനാ ഭാഗത്തേക്കും വ്യാപിപ്പിക്കാനുള്ള പരിശ്രമങ്ങള്‍ ഉണ്ടായി. സൈന്യം എത്തിപ്പെടാത്ത പ്രദേശങ്ങളില്‍ കച്ചവട സംഘങ്ങള്‍ ഈ ദൗത്യം ഏറ്റെടുക്കുകയുണ്ടായി. ലോകത്തിന്റെ നാനാ ഭാഗത്തും മുസ്‌ലിങ്ങളുടെ എണ്ണം വര്‍ദ്ധിക്കുകയുണ്ടായി. അവര്‍ക്ക് ഇസ്‌ലാമിക അധ്യാപനങ്ങള്‍ പകര്‍ന്നു നല്‍കുന്നതിനായി ബാഗ്ദാദില്‍ നിന്നും ദീനി പ്രബോധക സംഘത്തെ അയച്ചുകൊടുക്കാന്‍ അവര്‍ ആവശ്യപ്പെടുകയുണ്ടായി. പ്രസ്തുത ആവശ്യാര്‍ഥം നിരവധി യാത്രകള്‍ ഉണ്ടായി. ബള്‍ഗേറിയന്‍ രാജാവ്, ഖലീഫ മുഖ്തദിറിനോട് ഒരു സംഘത്തെ അയച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടത് ഇതിനുദാഹരണമാണ്. തദനുസൃതമായി ഇബ്‌നു ഫദ്‌ലാന്റെ നേതൃത്വത്തില്‍ ഒരു പ്രതിനിധി സംഘത്തെ ഖലീഫ അയക്കുകയുണ്ടായി. അദ്ദേഹം തന്റെ ഉത്തരവാദിത്തം ഭംഗിയായി നിര്‍വ്വഹിക്കുകയും യാത്രാവിവരണം തയ്യാറാക്കുകയും ചെയ്തു. പത്തൊമ്പതാം നൂറ്റാണ്ടില്‍ ചില ഓറിയന്റലിസ്റ്റുകള്‍ ഗ്രന്ഥരൂപത്തില്‍ അവ പ്രസിദ്ധീകരിക്കുകയുണ്ടായി. ഈ കാലയളവില്‍ പ്രസിദ്ധരായ നിരവധി സഞ്ചാരികള്‍ രംഗത്ത് വരുകയുണ്ടായി. അബൂസൈദുല്‍ ബുല്‍ഖീവാ, ഖുദ്ദാമതു ബിന്‍ ജാഫര്‍, മസ്ഊദി, ഇബ്‌നു ഹൂഖല്‍, അബൂദലഫ്, മസ്അര്‍ ബിന്‍ മുഹല്‍ഹല്‍, മുഖദ്ദസി, മഹ്‌ലബി, ബസറഖ് ബിന്‍ ശഹരിയാര്‍ തുടങ്ങിയവര്‍ ഇതില്‍ പെട്ടവരാണ്. സഞ്ചാര മേഖലയില്‍ ഇവര്‍ക്കെല്ലാം സ്വന്തമായ സംഭാവനകള്‍ ഉണ്ട്.

ഹിജ്‌റ അഞ്ചാം നൂറ്റാണ്ട്:-
അറബികളിലെ ഏറ്റവും പ്രശസ്ത സഞ്ചാരിയായ അല്‍ ബിറൂനി യാത്ര ആരംഭിച്ചത് ഈ നൂറ്റാണ്ടിലാണ്. അറബികളിലെ പ്രമുഖ തത്വശാസ്ത്രജ്ഞരില്‍ ഒരാളുമാണദ്ദേഹം. സുല്‍ത്താന്‍ മഹ്മൂദ് ഗസ്‌നവിയോടൊപ്പം ഇന്ത്യയിലേക്കുള്ള പുറപ്പാടില്‍ പങ്കു ചേരുകയും നാല്‍പതോളം വര്‍ഷം ഗവേഷണ നിരീക്ഷണങ്ങളില്‍ ഏര്‍പ്പെടുകയുമുണ്ടായി. ‘തഹ്ഖീഖു മാ ലില്‍ ഹിന്ദ് മിന്‍ മഖൂല, മഖ്ബൂലതുന്‍ ഫില്‍ അഖ്ല്‍ ഔ മര്‍ദൂല’ എന്നത് ഈ മേഖലയിലുള്ള അദ്ദേഹത്തിന്റെ സംഭാവനയാണ്. ഇതിനെ തുടര്‍ന്ന് നിരവധി അറബി സഞ്ചാരികള്‍ നാനാ ഭാഗത്തും സഞ്ചരിക്കുകയുണ്ടായി. ഇബ്‌നു ബത്‌ലാന്‍, അബൂ ഉബൈദ് അല്‍ ബഖരി തുടങ്ങിയവര്‍ ഈ മേഖലയില്‍ പെട്ടതാണ്. ഇവരെല്ലാം യാത്രാവിവരണങ്ങളും തയ്യാറാക്കിയിട്ടുണ്ട്.

ഹിജ്‌റ ആറാം നൂറ്റാണ്ട്:-
ഈ കാലഘട്ടത്തിലെ പ്രശസ്തനായ സഞ്ചാരിയാണ് ഇദ്‌രീസി അബൂ അബ്ദുല്ല മുഹമ്മദ്. അഞ്ചാം നൂറ്റാണ്ടില്‍ സ്‌പെയിനില്‍ ആധിപത്യം ചെലുത്തിയ ബനൂ ഹമീദ് വിഭാഗത്തില്‍ പെട്ടയാളാണദ്ദേഹം. സ്‌പെയിന്‍, മൊറോക്കോ, ഈജ്പ്ത്, ശാം, ഏഷ്യാമൈനര്‍ തുടങ്ങിയ രാഷ്ട്രങ്ങള്‍ അദ്ദേഹം സഞ്ചരിക്കുകയുണ്ടായി. ‘നുസ്ഹതുല്‍ മുശ്താഖ് ഫീ ഇഖ്തിറാഖുല്‍ ആഫാഖ്’ എന്നത് അദ്ദേഹത്തിന്റെ സഞ്ചാര സാഹിത്യ കൃതിയാണ്. ഈ കാലത്തെ സഞ്ചാര സാഹിത്യകാരന്മാരില്‍ പ്രമുഖനാണ് അബൂബക്കര്‍ ബിന്‍ അല്‍ അറബി, അബൂ ഹാമിദുല്‍ അന്‍ദുലൂസി, ഉസാമ ബിന്‍ മുന്‍ഖദ്, ഇബ്‌നു ജുബൈര്‍, ഹുറൈവി തുടങ്ങിയവര്‍.

ഹിജ്‌റ ഏഴാം നൂറ്റാണ്ട്:-
ഈ നൂറ്റാണ്ടിലെ പ്രമുഖനായ അറബ് സഞ്ചാരിയാണ് അബ്ദുല്ലത്തീഫ് ബഗ്ദാദി. ഇദ്ദേഹത്തിന് ഭാഷ, തത്വശാസ്ത്രം, വൈദ്യശാസ്ത്രം, ദീനീ വിഞ്ജാനങ്ങള്‍ എന്നിവയില്‍ വലിയ സംഭാവനകളുണ്ട്. അദ്ദേഹത്തിന്റെ സഞ്ചാര സാഹിത്യ കൃതിയാണ് ‘അല്‍ ഇഫാദതു വല്‍ ഇഅ്തിബാറു ഫില്‍ ഉമൂരില്‍ മുശാഹദതു വല്‍ ഹവാദിസുല്‍ മആനിയ്യതു ബി അര്‍ദി മിസ്ര്‍’. യാഖൂതുല്‍ ഹംരി, ഇബ്‌നു സഈദുല്‍ അന്‍ദുലുസി, അബ്ദരി തുടങ്ങിയവര്‍ അന്നത്തെ പ്രമുഖ സഞ്ചാരിയാണ്.

ഹിജ്‌റ എട്ടാം നൂറ്റാണ്ട്:-
ആഗോള തലത്തില്‍ തന്നെ അറിയപ്പെടുന്ന പ്രമുഖ സഞ്ചാരിയായ ഇബ്‌നു ബത്തൂത്ത ജീവിച്ചത് ഈ കാലഘട്ടത്തിലാണ്. ഇരുപത്തിയാറ് വര്‍ഷത്തോളം തന്റെ ജീവിതം സഞ്ചാരത്തിനായി അദ്ദേഹം വിനിയോഗിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ സഞ്ചാര സാഹിത്യ കൃതിയാണ് ‘ തുഹ്ഫതുന്നള്ളാര്‍ ഫീ ഗറാഇബുല്‍ അംസാര്‍ വ അജാഇബുല്‍ അസ്ഫാര്‍’. ഇബ്‌നു ജുസീ ആണ് അദ്ദേഹത്തില്‍ നിന്ന് ഇത് കേട്ടെഴുതിയത്. സോഷ്യോളജിയുടെ ഉപഞ്ജാതാവായ ഇബ്‌നുഖല്‍ദൂന്‍ മറ്റൊരു സഞ്ചാരിയാണ്. ‘അത്തഅ്‌രീഫു ബി ഇബ്‌നു ഖല്‍ദൂന്‍ വ രിഹ്‌ലതുഹു ശര്‍ഖന്‍ വ ഗര്‍ബന്‍’ എന്നത് അദ്ദേഹത്തിന്റെ സഞ്ചാര സാഹിത്യ കൃതിയാണ്. അബൂല്‍ ഫിദാഅ്, തീജാനി എന്നിവര്‍ ഈ കാലഘട്ടത്തിലെ സഞ്ചാരികളാണ്.

വിവ: അബ്ദുല്‍ ബാരി കടിയങ്ങാട്

Related Articles