Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം വനിത: ചരിത്രത്തിലെ പ്രശോഭിത ഏടുകള്‍

മുസ്‌ലിം സ്ത്രീയുടെ അവസ്ഥയില്‍ വിലപിക്കാത്ത പാശ്ചാത്യ ചിന്തകര്‍ വിരളമാണ്. കൃത്യമായ തെളിവുകളുടെയോ പ്രമാണങ്ങളുടെയോ പിന്‍ബലത്തിലല്ല  പശ്ചാത്യന്‍ മീഡിയകളുടെയും ചിന്തകരുടെയും ഈ ഒളിയമ്പുകള്‍ എന്നത് കൗതുകകരമാണ്. എന്നാല്‍ മറ്റു നാഗരികതകളില്‍ നിന്ന് ഭിന്നമായി ഇസ്‌ലാമിക നാഗരികതയില്‍ അവര്‍ അടയാളപ്പെടുത്തിയ രജതരേഖകള്‍ ഇന്നും മായാതെ കിടക്കുന്നു എന്നത് ശ്രദ്ധേയമാണ്.

വിദ്യയഭ്യസിക്കാനൊരു ദിനം:
ഒരു സ്ത്രീ പ്രവാചക സവിധത്തില്‍ വന്നുകൊണ്ട് ആവശ്യപ്പെട്ടു. പുരുഷകേസരികള്‍ വിഞ്ജാനവുമായി മുന്നേറി. ഞങ്ങള്‍ക്ക് വിഞ്ജാനം കരഗതമാക്കാന്‍ ഒരുദിനം താങ്കള്‍ അനുവദിച്ചുതരണം. പ്രവാചകന്‍(സ) അവര്‍ക്ക് ഒരുദിനം അനുവദിച്ചു കൊടുത്തു. (മുസ്‌ലിം)
പ്രവാചക പത്‌നിമാര്‍ വൈജ്ഞാനിക സാമൂഹിക രംഗത്ത് ഉന്നതമായ മാതൃക സൃഷ്ടിച്ചവരാണെന്ന് നിഷ്പക്ഷരായ പശ്ചാത്യന്‍ പണ്ഡിതന്മാര്‍ തന്നെ വിവരിക്കുകയുണ്ടായി. ജര്‍മന്‍ എഴുത്തുകാരിയായ സിഗ്രിഡ് ഹോനിക് വിവരിക്കുന്നു. ‘അറബികളിലെ കുലീന വനിതകളില്‍ ഉന്നതയായിരുന്നു ഖദീജ(റ). പുരുഷന്മാരെപോലെ വിജ്ഞാനവും അനുഭവജ്ഞാനവും കൂടുതലായി സ്വായത്തമാക്കാന്‍ പ്രവാചകന്‍(സ) സ്ത്രീകള്‍ക്ക് അനുമതി നല്‍കുകയുണ്ടായി. വിവിധങ്ങളായ പ്രദേശങ്ങളില്‍ സഞ്ചരിച്ച് സത്രീകള്‍ ശരീഅത്ത് നിയമങ്ങളും വിശദാംശങ്ങളും പഠിക്കുകയും മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കുകയും ചെയ്യുകയുണ്ടായി.’
പ്രവാചക പത്‌നിയും  പണ്ഡിതയുമായ ആഇശയുടെ വിജ്ഞാനത്തെ കുറിച്ച് പ്രഗല്‍ഭമതികള്‍ വിലയിരുത്തിയത് നോക്കൂ. ‘ആഇശയുടെ വിജ്ഞാനവും മറ്റു സ്ത്രീകളുടെ വിജ്ഞാനവും തുലനം ചെയ്യുകയാണെങ്കില്‍ മികച്ചുനില്‍ക്കുക ആഇശയുടെ വിജ്ഞാനമായിരിക്കും’. (സുഹ്‌രി)

കര്‍മശാസ്ത്രത്തില്‍ ഏറ്റവും മികച്ച പണ്ഡിതയായിരുന്നു ആഇശ. ഏറ്റവും സുബദ്ധമായ അഭിപ്രായം രേഖപ്പെടുത്തിയിരുന്നതും ആഇശ തന്നെ. (അത്വാഅ്)
ആഇശയേക്കാള്‍ ഭാഷാനൈപുണ്യമുള്ളവളെ ഞാന്‍ കണ്ടിട്ടില്ല. (മൂസ ബിന്‍ ത്വല്‍ഹ)
സഹാബികളിലെ പ്രമുഖ പണ്ഡിതന്മാര്‍ അനന്തരാവകാശ വിഷയത്തില്‍ ആഇശയെ അവലംബമാക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട് (മസ്‌റൂഖ്)
പ്രവാചക അനുചരന്മാര്‍ വല്ല വിഷയത്തിലും പരിഹാരം തേടി ആഇശയെ സമീപിച്ചാല്‍ കൃത്യമായ മറുപടി ലഭിക്കുമായിരുന്നു (ഉര്‍വതുബിന്‍ സുബൈര്‍)

മുസ്‌ലിം സ്ത്രീകള്‍ വൈജ്ഞാനികരംഗത്ത് ഉത്തുംഗത പ്രാപിക്കുകയുണ്ടായി. അവരില്‍ ഹദീസ് രംഗത്തെ പണ്ഡിതകള്‍, വിശ്വസ്തരായ നിവേദകര്‍ വരെ ഉണ്ടായി. മുഹമ്മദ് ബിന്‍ സഅദ് തന്റെ ത്വബഖാതുല്‍ കുബ്‌റായില്‍ ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്ത എഴുന്നൂറില്‍ പരം വനിതകളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.
സഹാബി വനിതയായ ഉമ്മുദര്‍ദാഅ് പറയുന്നു. ‘എനിക്ക് വല്ല രോഗവും ബാധിച്ചാല്‍ ഞാന്‍ പണ്ഡിതന്മാരുമായി ഒരുമിച്ചിരിക്കുകയും അവരുമായി ചര്‍ച്ചയിലേര്‍പ്പെടുകയും ചെയ്യും. അതോടെ എന്റെ രോഗം സുഖപ്പെടുമായിരുന്നു.’
 
സഈദു ബിന്‍ മുസയ്യബിന്റെ പുത്രിയുടെ പാണ്ഡിത്യം ശ്രദ്ധേയമായിരുന്നു. അവളുടെ ഭര്‍ത്താവ് പിതാവിന്റെ ശിഷ്യനായിരുന്നു. പിതാവിന്റെയടുത്ത് വിജ്ഞാനമാര്‍ജിക്കാനായി പുറപ്പെടാനുദ്ദേശിച്ചപ്പോള്‍ മകള്‍ പറഞ്ഞു. ‘ഇവിടെയിരിക്കൂ! സഈദ് പഠിപ്പിക്കുന്ന കാര്യം ഞാന്‍ നിനക്ക് പഠിപ്പിച്ചുതരാം.’
അഞ്ചാം നൂറ്റാണ്ടില്‍ സ്ത്രീകളുടെ പ്രതാപം എന്നറിയപ്പെട്ട ‘ശഹീദ’ എന്ന ഹദീസ് പണ്ഡിത ജീവിച്ചിരുന്നു. ഹദീസ് നിവേദനം ചെയ്യുന്നതില്‍ വിശ്വസ്തയായിരുന്നു അവര്‍. കയ്യെഴുത്തില്‍ കഴിവ് തെളിയിച്ചിരുന്നു. തൗഹീദിലും ഫിഖ്ഹിലും ഹദീസിലും ഗ്രന്ഥങ്ങള്‍ രചിച്ചിരുന്നു. ബഗ്ദാദ് യൂണിവേഴ്‌സിറ്റിയില്‍ ചരിത്രവും സാഹിത്യവും പഠിപ്പിച്ചിരുന്ന മഹതിക്ക്് ഇസ്‌ലാമിക ചരിത്രത്തില്‍ അവഗാഹവമുണ്ടായിരുന്നതിനാല്‍ അവളുടെ ക്ലാസുകളില്‍ ധാരാളം പണ്ഡിതന്മാര്‍ താല്‍പര്യപൂര്‍വം പങ്കെടുത്തിരുന്നു.

ഹദീസ് പണ്ഡിതന്മാര്‍ കരീമ ബിന്‍ത് മുഹമ്മദിനെ ബുഖാരിയുടെ നിവേദക സ്ത്രീകളുടെ നേതാവ് എന്ന് വിശേഷിപ്പിച്ചിരുന്നു. നാബിഅ വൈജ്ഞാനിക അവഗാഹവും പാണ്ഡിത്യവും കാരണം വ്യതിരിക്തയായ മഹതി ആയിരുന്നു. അവരുടെ ക്ലാസില്‍ നിരവധി പണ്ഡിതന്മാര്‍ സന്നിഹിതരായിരുന്നു.
വൈദ്യശാസ്ത്രത്തില്‍ മികച്ച പ്രതിഭയായിരുന്നു ഉമ്മുല്‍ ഹസന്‍ ബിന്‍തുല്‍ ഖാസി. വൈദ്യശാസ്ത്ര ശാഖയില്‍ നൂതനമായ പല വിജ്ഞാനീയങ്ങളും അവര്‍ കണ്ടെത്തുകയുണ്ടായി. മഹതിയുടെ സഹോദരിയും പുത്രിയും വൈദ്യശാസ്ത്രത്തിലും ചികില്‍സാ രംഗത്തും അഗ്രഗണ്യരായിരുന്നു. സ്ത്രീജന്യമായ രോഗങ്ങള്‍ ചികില്‍സിക്കുന്നതില്‍ അവര്‍ക്ക് പ്രത്യേക നൈപുണ്യം ഉണ്ടായിരുന്നു.

ശീറാസിയുടെ മകള്‍ സിത്തുല്‍ ഖുദാത് പ്രശസ്ത വനിതയായിരുന്നു. അവരുടെ ശിഷ്യഗണത്തില്‍ പെട്ടതാണ് ഹാഫിസ് ബിന്‍ നാസിറുദ്ദീന്‍ അദ്ദിമശ്ഖി, ഖാദി ഇമാം അഹ്മദ് ബിന്‍ ഫദ്‌ലുല്ലാഹ് തുടങ്ങിയവര്‍.
ഹിജ്‌റ 571-ല്‍ ജീവിച്ച ഹാഫിളുല്‍ ഉമ്മ എന്നറിയപ്പെട്ട ഇബ്‌നു അസാകിര്‍ തന്റെ പണ്ഡിത ഗുരുക്കരില്‍ എണ്‍പതില്‍ പരം വനിതകള്‍ ഉണ്ടായിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇസ്ലാമിക രാഷ്ട്രത്തിന്റെ കിഴക്കും മധ്യപൗരസ്ത്യ ദേശത്തും ആഫ്രിക്കയിലെ മൊറോക്കോയിലും യൂറോപ്പിലെ സ്‌പെയിനിലുമെല്ലാം മുസ്‌ലിങ്ങള്‍ തങ്ങളുടെ ചക്രവാളം വികസിച്ചിപ്പിച്ചപ്പോള്‍ പുരുഷന്മാരോടൊപ്പം സ്ത്രീകളും അതില്‍ തങ്ങളുടെതായ വൈജ്ഞാനിക സംഭാവനകള്‍ സമര്‍പ്പിച്ചതായി കാണാം.

മുസ്‌ലിം സ്ത്രീകളില്‍ കേവലം കര്‍മശാസ്ത്ര രംഗത്തും മറ്റുമേഖലകളിലും കഴിവ് തെളിയിച്ച പണ്ഡിതകള്‍ മാത്രമല്ല ഉണ്ടായിരുന്നത്. വൈജ്ഞാനിക രംഗത്തെ ഉന്നത പദവി അലങ്കരിച്ച, ഫത്‌വ നല്‍കാനുള്ള അനുമതി നല്‍കാന്‍ യോഗ്യരായ കുലപതികള്‍ തന്നെ ഉണ്ടായിരുന്നതായി കാണാം. വിശ്വോത്തര പണ്ഡിതനായ ഇബ്‌നു ഖല്ലിഖാന് ഇജാസ നല്‍കിയത് ഉമ്മുല്‍ മുഅയ്യദ് സൈനബ് ബിന്‍ത് അശ്ശഅരി എന്ന വനിതയായിരുന്നു. കഥയറിയാതെ ഇസ്‌ലാമിനെ വിമര്‍ശിക്കാനൊരുമ്പെടുന്നവര്‍ ക്രൈസ്തവ ചര്‍ച്ച് സ്ത്രീകളെ അവഗണിച്ച രീതിയും, ഇസ്‌ലാമില്‍ അവര്‍ രേഖപ്പെടുത്തിയ രജതരേഖകളും നിഷ്പക്ഷമായി തുലനം ചെയ്യുന്നത് നന്നായിരിക്കും.

വിവ: അബ്ദുല്‍ ബാരി കടിയങ്ങാട്.

Related Articles