Current Date

Search
Close this search box.
Search
Close this search box.

മീഡിയയുടെ ഇരട്ടത്താപ്പ്

‘മീഡിയ ചില പ്രത്യേക സമുദായങ്ങള്‍ക്കെതിരെ കടുത്ത ഇരട്ടത്താപ്പാണ് കാണിക്കുന്നത്. ഈയിടെ അമേരിക്കയിലെ ഒരു ഗുരുദ്വാരയില്‍ നടന്ന വെടിവെപ്പിന് ആസാമില്‍ 70 പേര്‍ കൊല്ലപ്പെട്ട കലാപത്തേക്കാള്‍ കവറേജ് കിട്ടിയത് എന്നെ അത്ഭുതപ്പെടുത്തുന്നു.’ സുബ്രതോ മുഖര്‍ജി എന്നൊരാള്‍(ദല്‍ഹി) എഴുതിയ കത്തിലെ വരികളാണിത് (ഹിന്ദുസ്ഥാന്‍ ടൈംസ്, ആഗസ്റ്റ് 13). അതേ പത്രത്തില്‍ മീഡിയ റിപ്പോര്‍ട്ടിംഗിനെ ന്യായീകരിച്ചുകൊണ്ട് രാജ്ദീപ് സര്‍ദേസായി എഴുതിയ കുറിപ്പിന് (ആഗസ്റ്റ് 10) മറുപടിയായിരുന്നു ആ കത്ത്. ആസാമിലെ വിദൂര പ്രദേശങ്ങളില്‍ മീഡിയക്ക് എത്തിപ്പെടാന്‍ കഴിയാത്തത് കൊണ്ടാണത്രെ റിപ്പോര്‍ട്ട് ശുഷ്‌ക്കമായിപ്പോയത്.രാജ്ദീപിന്റെ മുഴുവന്‍ വാദങ്ങളെയും നിശിതമായി ചോദ്യം ചെയ്യുകയാണ് കത്തിലൂടെ സുബ്രതോ മുഖര്‍ജി. മീഡിയ തീര്‍ത്തും പക്ഷപാതപരമായി നീങ്ങുകയായിരുന്നു എന്ന് സമര്‍ഥിക്കുകയും ചെയ്യുന്നു. ഈ രാജ്ദീപ് സര്‍ദേസായി ആരാണെന്നറിയേണ്ടേ? സി.എന്‍.എന്‍, ഐ.ബി.എന്‍, ഐ.ബി.എന്‍-7 തുടങ്ങിയ ബഡാ ചാനലുകള്‍ നടത്തുന്ന കോര്‍പറേറ്റ് മുതലാളി. വേറെയും ന്യൂസ് ചാനലുകളുണ്ട്. പ്രിന്റ് മീഡീയയിലും നല്ല സ്വാധീനം. കോര്‍പറേറ്റ് മീഡിയയുടെ ആളായതു കൊണ്ട് ഇദ്ദേഹത്തിന്റെ റിപ്പോര്‍ട്ടിംഗ് ശൈലിയും കമന്റുകളും ഊഹിക്കാവുന്നതേയുള്ളൂ.

എന്തിന് രാജ്ദീപ് സര്‍ദേസായിയെ മാത്രം കുറ്റം പറയണം! ഇന്ത്യയിലെ മിക്ക പ്രമുഖ പത്ര പ്രവര്‍ത്തകരും കോര്‍പറേറ്റ് മീഡിയയുമായി ബന്ധമുള്ളവര്‍ തന്നെയല്ലേ. മിക്ക ന്യൂസ് ചാനലുകളും ഹിന്ദി, ഇംഗ്ലീഷ്, പ്രാദേശിക പത്രങ്ങളും നടത്തുന്നത് കോര്‍പറേറ്റ് ഹൗസുകളാണ്. പണം ചുരത്തുന്ന ഒരു വമ്പന്‍ വ്യവസായമാണ് ഇന്ന് മീഡിയ. തങ്ങളുടെ യജമാനന്മാരെ സേവിക്കുക, അതിലൂടെ ലക്ഷങ്ങളും കോടികളും സമ്പാദിക്കുക എന്നതായിരിക്കുന്നു ഇവയില്‍ പ്രവര്‍ത്തിക്കുന്ന പത്രപ്രവര്‍ത്തകരുടെ ലക്ഷ്യം. കേന്ദ്ര – സംസ്ഥാന ഗവണ്‍മെന്റുകള്‍ ഇവരെ വിലയ്‌ക്കെടുത്ത് തങ്ങളുടെ താളത്തിനൊത്ത് തുള്ളിക്കുന്നു എന്നതും സത്യം. പ്രത്യുപകാരമായി പത്രപ്രവര്‍ത്തകര്‍ക്ക് കിട്ടുന്നതോ, കൈ നിറയെ സമ്മാനങ്ങളും (കൈക്കൂലിയാണേ) വിദേശത്തേക്ക് ടൂറുകളും. തങ്ങളുടെ TRP കൂട്ടൂന്നതില്‍ മാത്രമാണ് പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും താല്‍പര്യം. തങ്ങളുടെ വായനക്കാരെയും പ്രേക്ഷകരെയും വര്‍ധിപ്പിക്കുന്ന പരിപാടികളില്‍ മാത്രമേ പത്രങ്ങളും ചാനലുകളും ശ്രദ്ധിക്കുന്നുള്ളൂ. ഓരോ പരിപാടിയും തങ്ങളുടേതായ ഒരു ആംഗിളിലൂടെയാണ് അവര്‍ അവതരിപ്പിക്കുക. ആസാം അവര്‍ക്കോ അവരുടെ ഉപഭോക്താക്കള്‍ക്കോ താല്‍പര്യമുള്ള വിഷയമല്ല, ഏറ്റവും ചുരുങ്ങിയത് ഇപ്പോഴെങ്കിലും. മുംബൈയിലെ ആസാദ് മൈതാനത്ത് ഈയിടെ പ്രതിഷേധ റാലി നടത്തിയവര്‍ ഉയര്‍ത്തിയതും ഇതേ പരാതിയായിരുന്നല്ലോ. പക്ഷേ, ചില സാമൂഹിക ദ്രോഹികള്‍ കയറിക്കൂടി റാലി വഷളാക്കുകയും അങ്ങനെ നിയന്തണം കൈവിട്ടുപോവുകയുമാണ് ഉണ്ടായത്.
മീഡിയയുടെ നിരുത്തരവാദിത്വമോ നിലപാടില്ലായ്മയോ ഒന്നുമല്ല നാം ഇവിടെ വിഷയമാക്കുന്നത്; സുബ്രതോ മുഖര്‍ജിയെപ്പോലുള്ള സാധാരണക്കാരുടെ വികാരങ്ങളാണ്. മീഡിയയുടെ നിരുത്തരവാദിത്വത്തെക്കുറിച്ച് പരാതിപ്പെടുന്ന ലക്ഷക്കണക്കിന് ആളുകളെ നിങ്ങള്‍ക്ക് കാണാം. പ്രിന്റ് മീഡിയയില്‍ എഡിറ്റര്‍ക്കുള്ള കത്തുകള്‍ എന്ന കോളത്തിലാണ് ആ പരാതികള്‍ പ്രത്യക്ഷപ്പെടാറുള്ളത്. രാജ്യത്തെ നിശ്ശബ്ദരാക്കപ്പെട്ട ഈ ജനസമൂഹത്തിന് മീഡിയയുടെ വാര്‍ത്താവതരണത്തെക്കുറിച്ച് മാത്രമല്ല പരാതിയുള്ളത്, വിനോദ പരിപാടികളിലൂടെ അവ സമൂഹത്തിന് നല്‍കുന്ന വികലവും അപകടകരവുമായ സന്ദേശത്തെക്കുറിച്ചും സാമാന്യ ജനം ആശങ്കാകുലരാണ്. പാശ്ചാത്യരെ മുഴത്തിന് മുഴം അനുകരിച്ചുകൊണ്ട് അധാര്‍മികതയും ലൈംഗിക അരാജകത്വവും ചെറുപ്പക്കാര്‍ക്കിടയില്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ് ഇന്ത്യന്‍ മീഡിയ. ഇതാരും പ്രശ്‌നമാക്കുന്നില്ല. ഇതിനെതിരെ ധാര്‍മികരോഷമുള്ളവരാവട്ടെ ഒട്ടും സംഘടിതരുമല്ല. ചില ഗവണ്‍മന്റേതര സംഘങ്ങളുടെ (എന്‍.ജി.ഒ) പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെങ്കിലും അവക്കൊന്നും എവിടെയും കവറേജ് കിട്ടുന്നില്ല. ഇപ്പോഴത്തെ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന് ഏറ്റെടുക്കാവുന്ന ഒരു ദൗത്യമാണിത്. സമൂഹത്തിന്റെ ധാര്‍മിക പരിരക്ഷക്ക് വേണ്ടി വാദിക്കുന്ന ഒരാളാണ് അദ്ദേഹം. എന്തെങ്കിലുമൊക്കെ അദ്ദേഹം ചെയ്യുമെന്ന് തന്നെയാണ് നമ്മുടെ പ്രതീക്ഷ. അണ്ണാ ഹസാരെയുടെ ടീമിനും ബാബാ രാം ദേവിനും ഏറ്റെടുക്കാവുന്ന ദൗത്യവുമാണിത്. മീഡിയക്കെതിരെ തിരിഞ്ഞാലുള്ള അപകടം അവര്‍ തിരിച്ചറിയുന്നുണ്ട് എന്നതും സത്യമാണ്.

(ദഅ്‌വത്ത് ത്രൈദിനം, 23-8-2012)

വിവ: അശ്‌റഫ് കീഴുപറമ്പ്

Related Articles