Current Date

Search
Close this search box.
Search
Close this search box.

ബാക്കി വന്ന ബിരിയാണിപ്പൊതി

biriyani333.jpg

ഇന്നലെ ഓഫീസില്‍ ഇഫ്താര്‍ ആയിരുന്നു. ഓഫീസിന് അയല്‍പക്കത്തുള്ള മറ്റ് സ്ഥാപനങ്ങളിലേയും വീടുകളിലേയും മുഴുവന്‍ പേരേയും വിളിച്ചുള്ള നോമ്പ് തുറ. ഹൃദ്യമായ പരിപാടി. ശേഷം നല്ല ബിരിയാണിയും ഉണ്ടായിരുന്നു. വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ സഹധര്‍മിണിയോട് ഇന്ന് ഓഫീസിലാണ് നോമ്പ് തുറ എന്ന് പറഞ്ഞപ്പോള്‍ അവള്‍ പറഞ്ഞിരുന്നു. ബിരിയാണി ബാക്കി വരികയാണെങ്കില്‍ കഴിഞ്ഞ വര്‍ഷത്തെപ്പോലെ കുറച്ചിങ്ങോട്ട് കൊണ്ട് വരണമെന്ന്. ഇതെന്താ ഒരു സ്‌പെഷ്യല്‍ പറച്ചില്‍ എന്ന് ചോദിച്ചെങ്കിലും അത് വന്നിട്ട് പറയാമെന്നവള്‍ പറഞ്ഞൊഴിഞ്ഞു.

പ്രതീക്ഷിച്ച പോലെത്തന്നെ ഇഫ്താര്‍ പരിപാടിയെല്ലാം കഴിഞ്ഞപ്പോള്‍ അല്‍പം ബിരിയാണി ബാക്കിയുണ്ടായിരുന്നു. അപ്പോള്‍ വീട്ടില്‍ പോവുന്നവരെല്ലാം കുറച്ചെടുത്തു. കൂടെ ഞാനും. കുറച്ചധികം തന്നേയെടുത്തു. വീട്ടിലെത്തി കവര്‍ ഏല്പിച്ചപ്പോള്‍ അവള്‍ മക്കളോടായി ചോദിച്ചു നിങ്ങള്‍ക്കാര്‍ക്കെങ്കിലും ബിരിയാണി വേണോയെന്ന്. ഇപ്പോള്‍ വേണ്ടായെന്ന അവരുടെ മറുപടി ഉടന്‍ വന്നു. അവള്‍ ഉടന്‍ എന്നോട് പറഞ്ഞു. നമുക്കിവിടെ കുറച്ച് പോരേ. അതെടുത്ത് വെച്ച് ബാക്കി അപ്പുറത്തെ വീട്ടിലേക്ക് കൊടുക്കട്ടെ.. അവര്‍ക്കത് വലിയ ഉപകാരമാവും.

ആ വീട്ടില്‍ കൊണ്ട് കൊടുത്തപ്പോള്‍ അവര്‍ പറഞ്ഞെത്രെ.. അവരുടെ വീടിന് രണ്ട് വീട് അപ്പുറത്തുള്ള വീട്ടിലേക്കാണ് ഇപ്പോള്‍ കൂടുതല്‍ ആവശ്യമെന്ന്. ഇതങ്ങോട്ട് കൊടുക്കാം. പക്ഷെ ഈ വീട്ടുകാരെക്കുറിച്ച് നന്നായറിയുന്ന അവള്‍ ഇതിവിടെ തന്നെ ആവട്ടെ.. അവര്‍ക്ക് വേറെ കൊടുക്കാമെന്ന് പറഞ്ഞാണ് തിരിച്ച് വന്നത്. വീട്ടില്‍ എടുത്തുവെച്ചിരുന്ന ബാക്കി ബിരിയാണി കൂടി എടുത്ത് അപ്പോള്‍ തന്നെ കൊണ്ട് കൊടുത്തു.

ആ വീടിനെക്കുറിച്ച് ആര്‍ക്കും ഇത്തരമൊരു ധാരണയുണ്ടാവില്ലായെന്നത് ഉറപ്പാണ്. തരക്കേടില്ലാത്ത വീടുണ്ട് എന്നത് തന്നേയാണ് ഒരു കാര്യം. പിന്നെ ആ വീട്ടുകാരന് ജോലിയുമുണ്ട്. എങ്കിലും അദ്ദേഹത്തിന് കുറച്ച് കാലമായി നല്ല സുഖമില്ലാത്തതിനാല്‍ ശരിക്കും ജോലിക്ക് പോവാനായില്ലാ. മാത്രമല്ലാ മൂന്ന് മക്കളും വിദ്യര്‍ഥികളായതിനാല്‍ സ്‌ക്കൂള്‍ തുറന്നതോടെ മൊത്തത്തില്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലുമായിരുന്നു. പക്ഷെ അവരുടെ പ്രയാസങ്ങള്‍ പുറത്തറിയാതിരിക്കാന്‍ അവര്‍ പരമാവധി ശ്രമിച്ചിരുന്നു എന്നതാണ് സത്യം. അത് കൊണ്ട് തന്നെ സ്‌ക്കൂള്‍ കിറ്റ് വിതരണത്തിലോ റമദാന്‍ റിലീഫിലോ അവര്‍ ഉള്‍പ്പെട്ടില്ലായെന്നതാണ് വസ്തുത.

നമുക്കിടയിലെല്ലാം ഉണ്ടാവും ഇത്തരം കുടുംബങ്ങള്‍. ഉള്ളില്‍ ഒരുപാട് പ്രയാസങ്ങളില്‍ പെട്ടുഴലുമ്പോഴും പുറമെ പുഞ്ചിരിയുമായി നടക്കുന്നവര്‍. അവരുടെ പ്രയാസങ്ങള്‍ പുറത്തറിയാന്‍ ഇഷ്ടപ്പെടാത്തവര്‍. അവരെ കണ്ടെത്തി ആവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കുകായെന്നത് ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. പ്രയാസങ്ങളുള്ളവരാണെന്ന് പുറമെ കാണുന്നവരെ മാത്രമല്ലാ ഒരുപാട് പ്രയാസങ്ങളുണ്ടായിട്ടും പുറമെ അത് പ്രകടിപ്പിക്കാത്തവരെ കൂടി സഹായിക്കാനാവുമ്പോഴേ നമ്മള്‍ നല്‍കുന്ന സഹായ സഹകരണങ്ങള്‍ക്ക് പൂര്‍ണത കൈവരികയുള്ളൂ.

Related Articles