Current Date

Search
Close this search box.
Search
Close this search box.

ബന്ദികളും ഇസ്‌ലാമും

കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും മതമായ ഇസ്‌ലാം എല്ലാ മനുഷ്യരോടും കരുണയോടെ പെരുമാറാനാണ് പഠിപ്പിക്കുന്നത്. മുസ്‌ലിങ്ങളോട് യുദ്ധം ചെയ്ത് പരാജയപ്പെടുന്നവരില്‍ നിന്ന് ജീവനോടെ പിടികൂടുന്നവരെയാണ് ബന്ദി എന്ന് പറയുന്നത്. ബന്ദികളോട് വിട്ടുവീഴ്ച ചെയ്യാനാണ് ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നത്. ‘ബന്ദിയെ മോചിപ്പിക്കുക, വിശക്കുന്നവനെ ഊട്ടുക, രോഗിയെ സന്ദര്‍ശിക്കുക’ എന്നാണ് പ്രവാചകന്‍(സ) നല്‍കിയ ഉപദേശം. അടിമകളെ മോചിപ്പിക്കുന്നതിന് വളരെയധികം പ്രോത്സാഹനം നല്‍കിയിട്ടുള്ള ഇസ്ലാം ബന്ധികളോട് വളരെ ഉദാരമായി പെരുമാറാനാണ് കല്‍പ്പിച്ചിട്ടുള്ളത്. ഇതിന് പ്രവാചകന്‍(സ)യുടെ അനുയായികളുടെയും ചരിത്രത്തില്‍ നിന്ന് ധാരാളം ഉദാഹരണങ്ങള്‍ നമുക്ക് വായിച്ചെടുക്കാവുന്നതാണ്.
ഹിജ്‌റ രണ്ടാം വര്‍ഷത്തില്‍ നടന്ന ഒരു ഏറ്റുമുട്ടലില്‍ ഹകം ബിന്‍ കൈസാന്‍, ഉസ്മാന്‍ ബിന്‍ അബ്ദുല്ല എന്നീ രണ്ടു മുശ്‌രിക്കുകള്‍ ബന്ധികളാക്കപ്പെട്ടു. ഇസ്‌ലാമിലെ ആദ്യത്തെ ബന്ധികളായിരുന്നു ഇവര്‍. അവരോട് മുസ്‌ലിങ്ങള്‍ സ്വീകരിച്ച പെരുമാറ്റം ഹകം ബിന്‍ കൈസാന്‍ ഇസ്‌ലാം സ്വീകരിക്കുന്നതിന് കാരണമായി. മക്കയില്‍ മുസ്‌ലിങ്ങളെ കഠിനമായി പീഢിപ്പിച്ചവരോടാണ് ഇത്തരം ഉദാത്തമായ സമീപനം കേവലം രണ്ടു വര്‍ഷത്തിന് ശേഷം സ്വീകരിക്കുന്നത് എന്നത് വളരെ ശ്രദ്ധേയമായ കാര്യമാണ്.
ഇസ്‌ലാമിക ചരിത്രത്തിലെ തന്നെ വലിയ ഒരു സംഭവമായിരുന്നു ബദ്ര്‍. അതില്‍ പിടികൂടിയ ബന്ധികളെ മോചനദ്രവ്യം വാങ്ങി വിട്ടയക്കുകയാണ് ചെയ്തത്. മോചനദ്രവ്യം സ്വീകരിച്ചുവെങ്കിലും അതിനേക്കാള്‍ കര്‍ശനമായ ഒരു നിലപാട് സ്വീകരിക്കുകയുണ്ടായില്ല. നാലായിരം ദീനാര്‍ മോചനദ്രവ്യം നല്‍കിയവരും നാല്‍പത് ഊഖിയ മോചനദ്രവ്യം നല്‍കിയവരും അവരിലുണ്ടായിരുന്നുവെന്നതില്‍ നിന്ന് ഇക്കാര്യം വ്യക്തമാകും. അതിനും സാധിക്കവരോട് എഴുത്തും വായനയും അറിയുമെങ്കില്‍ കുറച്ച് മുസ്‌ലിങ്ങള്‍ക്ക് അത് പഠിപ്പിച്ചു കൊടുക്കുക എന്നതാണ് മോചനദ്രവ്യമായി ആവശ്യപ്പെട്ടത്. എന്നിട്ടും അവശേഷിച്ചവരെ കുറച്ചു വര്‍ഷത്തിന് ശേഷം വിട്ടയച്ചു. മക്കയില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട പ്രവാചകനും അനുയായികളും മക്ക വിജയിച്ചടക്കിയപ്പോള്‍ അവിടത്തെ ബന്ദികളോട് സ്വീകരിച്ച നിലപാട് വളരെ പ്രസിദ്ധമാണ്. ‘നിങ്ങള്‍ പോയ്‌കൊള്ളുക, നിങ്ങള്‍ സ്വതന്ത്രരാണ്’ എന്നാണ് അവരോട് നബി(സ) പറഞ്ഞത്.

ബന്ദികള്‍ ഇതര സമൂഹങ്ങളില്‍
സ്വന്തം താല്‍പര്യത്തിനായി മറ്റുള്ളവരുടെ അവകാശങ്ങള്‍ ഹനിക്കാന്‍ എന്തും ചെയ്യുന്ന ജൂതവിഭാഗം ബന്ദികളോടും മോശമായ നിലപാടാണ് സ്വീകരിക്കുന്നത്. പഴയ നിയമം പറയുന്നത് കാണുക: ‘നീ ശത്രുക്കളോടു യുദ്ധം ചെയ്‌വാന്‍ പുറപ്പെട്ടിട്ടു നിന്റെ ദൈവമായ യഹോവ അവരെ നിന്റെ കയ്യില്‍ ഏല്പിക്കയും നീ അവരെ ബദ്ധന്മാരായി പിടിക്കയും ചെയ്താല്‍, ആ ബദ്ധന്മാരുടെ കൂട്ടത്തില്‍ സുന്ദരിയായൊരു സ്ത്രീയെ കണ്ടു ഭാര്യയായി എടുപ്പാന്‍ തക്കവണ്ണം അവളോടു പ്രേമം ജനിക്കുന്നുവെങ്കില്‍, നീ അവളെ വീട്ടില്‍ കൊണ്ടുപോകേണം; അവള്‍ തലമുടി ചിരെക്കയും നഖം മുറിക്കയും ബദ്ധവസ്ത്രം മാറുകയും ചെയ്യട്ടെ.’ (ആവര്‍ത്തന പുസ്തകം, അധ്യായം 21: 1012) പഴയകാല വന്‍രാഷ്ട്രങ്ങളായ റോം, പേര്‍ഷ്യ, ഗ്രീക്ക് തുടങ്ങിയവയും വിഭിന്നമായ ഒരു നിലപാടല്ല അടിമകളുടെ കാര്യത്തില്‍ സ്വീകരിച്ചിരുന്നത്. അവരെ വധിക്കുകയോ തങ്ങളുടെ ദൈവങ്ങള്‍ക്ക് ബലിയര്‍പ്പിക്കുകയോ ആയിരുന്നു അവര്‍ ആദ്യം ചെയ്തിരുന്നത്. പിന്നീട് കൊല്ലുന്നതിന് പകരം അവരെ ഉപയോഗപ്പെടുത്തുന്നതിലേക്ക് മാറി. അവരെ അടിമകളാക്കി പ്രയോജനപ്പെടുത്തുകയും വില്‍ക്കല്‍ വാങ്ങലുകള്‍ നടത്തുകയും ചെയ്തു. ഗ്രീക്കിലും പേര്‍ഷ്യയിലും അടിമകളെ അംഗഛേദം നടത്തുകയും കുരിശില്‍ തറക്കുകയും ചെയ്തിരുന്നു. റോമില്‍ അടികളെ കൊല്ലാനുള്ള അധികാരം ഉടമക്കുണ്ടായിരുന്നു. റോമാ സമൂഹത്തില്‍ സ്വതന്ത്രരുടെ മൂന്നിരട്ടി അടിമകള്‍ ഉണ്ടായിരുന്നുവെന്നാണ് ചില ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഇത്തരത്തില്‍ അടിമകളാക്കുന്ന ബന്ധികളെ മൃഗങ്ങളോട് പോരടിപ്പിക്കുകയെന്നത് അവരില്‍ വ്യാപകമായിരുന്ന വിനോദമായിരുന്നു. എ.ഡി 70-ല്‍ അവസാനിച്ച റോം-ജറൂസലേം യുദ്ധത്തില്‍ കുറെ ജൂതന്‍മാരെ ബന്ദികളാക്കി. അവരോട് തങ്ങളുടെ മക്കളെയും ഭാര്യമാരെയും സ്വന്തം കൈകള്‍ കൊണ്ട് തന്നെ കൊല്ലാനാണ് റോം കല്‍പ്പിച്ചത്. ജീവനില്‍ കൊതിയുള്ള ജൂതര്‍ അതനുസരിക്കുകയും ചെയ്തു. അവശേഷിച്ചവരെ നറുക്കെടുത്ത് പരസ്പരം കൊല്ലിച്ചു. ഇത്തരത്തില്‍ അവസാനത്തെ ആളെ വരെ കൊല്ലിച്ചു.
ഇന്ത്യയില്‍ ബന്ദികളാക്കിയിരുന്നവരെ സാമൂഹ്യവ്യവസ്ഥയില്‍ നാലാം കിടക്കാരായിട്ടാണ് കണ്ടിരുന്നത്. ശ്രൂദര്‍ എന്നപേരില്‍ പാര്‍ശവല്‍കരിക്കപ്പെട്ട വിഭാഗമാണവര്‍. മൃഗങ്ങളോട് പെരുമാറുന്നതിനേക്കാള്‍ മോശമായിട്ടാണവരോട് പെരുമാറിയിരുന്നത്. അറബികളും ഇസ്‌ലാമിന് മുമ്പ് ബന്ദികളായി പിടിക്കപ്പെടുന്നവരെ വധിക്കുകയോ അടിമകളാക്കുകയോ ചെയ്യുന്ന രീതിയാണ് സ്വീകരിച്ചിരുന്നത്.
ലോകത്ത് യുദ്ധങ്ങള്‍ വ്യാപകമായപ്പോള്‍ അതില്‍ കൊല്ലപ്പെടുന്നവരും ബന്ദികളാക്കപ്പെടുന്നവരും ധാരാളം ഉണ്ടായി. വിവിധ സമൂഹങ്ങള്‍ ബന്ധികളോട് സ്വീകരിച്ചിരുന്ന നിലപാടിനെ കുറിച്ച് നാം മനസിലാക്കി. ബന്ദികള്‍ക്ക് അവകാശങ്ങല്‍ ആദ്യമായി വകവെച്ചു കൊടുത്തത് ഇസ്‌ലാമാണ്. ആരെയെല്ലാം ബന്ദിയാക്കാം എന്നതിന് വ്യവസ്ഥകളും നിബന്ധനകളുമത് മുന്നോട്ട് വെച്ചു. ബന്ദികളുടെ സംരക്ഷണത്തിനായിട്ടാണ് അവയെല്ലാം സ്വീകരിച്ചിട്ടുള്ളത്. യുദ്ധത്തിന് വരുന്നവരെ മാത്രമേ ബന്ദിയാക്കാന്‍ ഇസ്ലാം അനുവാദം നല്‍കുന്നുള്ളൂ, അതും യുദ്ധം അവസാനിക്കുന്നത് വരെ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. അല്ലാഹു പറയുന്നു: ‘അതിനാല്‍ യുദ്ധത്തില്‍ സത്യനിഷേധികളുമായി ഏറ്റുമുട്ടിയാല്‍ അവരുടെ കഴുത്ത് വെട്ടുക. അങ്ങനെ നിങ്ങളവരെ കീഴ്‌പ്പെടുത്തിയാല്‍ അവരെ പിടിച്ചുകെട്ടുക. പിന്നെ അവരോട് ഉദാരനയം സ്വീകരിക്കുകയോ മോചനമൂല്യം വാങ്ങി വിട്ടയക്കുയോ ചെയ്യുക. യുദ്ധം അവസാനിക്കുന്നതുവരെയാണിത്.’ (മുഹമ്മദ്:4) ബന്ദികളോട് നല്ലരൂപത്തില്‍ പെരുമാറാന്‍ നബി(സ)യും കല്‍പ്പിച്ചിട്ടുണ്ട്. ബനൂഖുറൈദയില്‍ നിന്നും പിടികൂടിയ ബന്ദികളെ വെയിലത്ത് നിര്‍ത്തിയത് കണ്ടപ്പോള്‍ അവര്‍ക്ക് ശരീരം തണുക്കുന്നത് വരെ വെള്ളം കൊടുക്കാനും വിശ്രമിക്കാനനുവദിക്കാനും കല്‍പ്പിക്കുകയാണ് പ്രവാചകന്‍(സ) ചെയ്തത്. അക്രമിക്കപെടുന്നവന് നീതി ലഭ്യമാക്കലും ജനങ്ങളെ നേര്‍വഴിയില്‍ നയിക്കലും ജനങ്ങളെ അന്ധകാരത്തില്‍ നിന്നും പ്രകാശത്തിലേക്ക് നയിക്കലുമാണ് ഇസ്ലാം വന്നതിന്റെ ലക്ഷ്യം. നീതിയുടെ കാരുണ്യത്തിന്റെയും ദര്‍ശനമായ ഇസ്‌ലാം ബന്ദികളോട് കരുണയോടെ വര്‍ത്തിക്കാനാണ് കല്‍പ്പിക്കുന്നത്. ‘ആഹാരത്തോട് ഏറെ പ്രിയമുള്ളതോടൊപ്പം അവരത് അഗതിക്കും അനാഥക്കും ബന്ധിതന്നും നല്‍കുന്നു.’ എന്നത് പുണ്യവാന്‍മാരുടെ വിശേഷണമായിട്ടാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്.
ബന്ദികളെ പീഢിപ്പിക്കുന്നത് പേരുകേട്ട ഗ്വാണ്ടനോമോയും അണ്ഡാസെല്ലും നിലനില്‍ക്കുന്ന ലോകത്ത് ബന്ദികളുടെ അവകാശങ്ങള്‍ വകവെച്ചു കൊടുക്കുന്നിടത്താണ് ഇസ്‌ലാം വ്യതിരിക്തമാവുന്നത്. മുസ്‌ലിങ്ങള്‍ക്കിടയില്‍ ഒരു ബന്ദി ഒരിക്കലും വിശക്കുന്നവനാകരുത്. മുസ്‌ലിങ്ങള്‍ ഭക്ഷിക്കുന്ന ഗുണത്തിനും അളവിനും തുല്യമായ ഭക്ഷണം അവര്‍ക്കും നല്‍കാനാണ് ഇസ്ലാം പഠിപ്പിക്കുന്നത്. അവരോട് നല്ല നിലയില്‍ വര്‍ത്തിക്കാന്‍ കല്‍പ്പിച്ച പ്രവാചകന്‍(സ) അവരെ പീഢിപ്പിക്കുന്നത് വിലക്കുകയും ചെയ്തിട്ടുണ്ട്. അതിന് ഉത്തമമായ മാതൃകള്‍ പ്രവാചകാനുചരന്‍മാരും കാണിച്ചു തന്നിട്ടുണ്ട്.

ബന്ദികളുടെ അവകാശങ്ങള്‍
1. സല്‍പെരുമാറ്റം: ദയപൂര്‍വമുള്ള പെരുമാറ്റം, ദ്രോഹിക്കാതിരിക്കല്‍, മാന്യതക്ക് ക്ഷതം വരുത്താതിരിക്കല്‍, ചികിത്സ തുടങ്ങിയ കാര്യങ്ങളെല്ലാം സല്‍പെരുമാറ്റത്തിന്റെ ഭാഗമായിട്ടുള്ള കാര്യങ്ങളാണ്. ഇത്തരം പെരുമാറ്റം ധാരാളം ആളുകളെ ഇസ്‌ലാമിലേക്ക് ആകര്‍ഷിച്ചിട്ടുണ്ട്. യമാമക്കാരുടെ നേതാവായ സുമാമത് ബിന്‍ ഉസാല്‍ ബന്ദിയാക്കപ്പെടുകയും പിന്നീട് അയാളോട് വിട്ടുവീഴ്ച ചെയ്ത് വെറുതെവിട്ടതാണ് അദ്ദേഹത്തെ ഇസ്ലാം സ്വീകരിച്ചതിന് പ്രേരിപ്പിച്ചത്. വലീദ് ബിന്‍ അബില്‍ വലീദ് അല്‍ഖുറശിയും സല്‍പെരുമാറ്റത്തില്‍ ആകൃഷ്ടനായി ഇസ്‌ലാം ആശ്ലേഷിച്ചവരില്‍ പെട്ട വ്യക്തിയാണ്. ബദ്‌റില്‍ ബന്ദിയാക്കപ്പെട്ട അദ്ദേഹത്തെയും പ്രവാചകന്‍(സ)യുടെ സല്‍പെരുമാറ്റം സ്വാധീനിച്ചു.
2. ആഹാരത്തിനുള്ള അവകാശം: ബന്ദികളെ പട്ടിണിക്കിടുന്നത് ഇസ്‌ലാമിന് വിലക്കിയ കാര്യമാണ്. അവര്‍ക്കാവശ്യമായ ഭക്ഷണവും വെള്ളവും കൊടുക്കേണ്ടതുണ്ട്. ബഹുദൈവാരാധകനായ ബന്ദിയാണെങ്കില്‍ പോലും അവന് അന്നം നല്‍കുന്നത് പുണ്യകര്‍മ്മമായിട്ടാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. അതിന് ഇസ്ലാമിക ചരിത്രത്തില്‍ ധാരാളം ഉദാഹരണങ്ങള്‍ കാണാം. ബദ്‌റിലെ ബന്ദികളെ ആദവോടെ പെരുമാറാനും അവര്‍ക്ക് ഭക്ഷണം നല്‍കാനും നബി(സ) കല്‍പ്പിച്ചിരുന്നു. മൃഗങ്ങളെ പോലും പട്ടിണിക്കിടുന്നത് ഗുരുതരമായ തെറ്റായിട്ടാണ് ഇസ്ലാം കാണുന്നത്. ഒരു പൂച്ചയെ കെട്ടിയിട്ട കാരണത്താല്‍ നരകാവകാശിയായ സ്ത്രീയുടെ ചരിത്രം വളരെ സുപരിചിതമാണ്. അത് അല്ലാഹു ആദരിച്ച മനുഷ്യരുടെ കാര്യത്തിലാകുമ്പോള്‍ അതിന്റെ ഗൗരവം പിന്നെയും വര്‍ദ്ധിക്കുന്നു.
3. വസ്ത്രത്തിനുള്ള അവകാശം: ഭക്ഷണം പോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണ് വസ്ത്രവും. തണുപ്പില്‍ നിന്നും ചൂടില്‍ നിന്നുമുള്ള സംരക്ഷിക്കുന്നതും ഔറത്ത് മറക്കുന്നതുമായ വസ്ത്രം ബന്ദിയുടെ അവകാശമാണ്. ഇമാം ബുഖാരി തന്റെ ഹദീസ് സമാഹാരത്തില്‍ ബന്ദികളുടെ വസ്ത്രം എന്ന തലക്കെട്ടില്‍ ഒരു ഭാഗം ചേര്‍ത്തിരിക്കുന്നത് എത്രത്തോളം അതിന് പ്രാധാന്യമുണ്ടെന്ന് വ്യക്തമാക്കുന്നു. ബദ്‌റിലെ ബന്ദികളെ കൊണ്ടു വന്നപ്പോള്‍ അവരുടെ കൂട്ടത്തിലുണ്ടായിരുന്ന അബ്ബാസ് എന്നയാള്‍ക്ക് വസ്ത്രം ഉണ്ടായിരുന്നില്ല. നബി(സ) അബ്ദുല്ലാഹ് ബിന്‍ അബി യഖ്ദിര്‍ എന്ന സഹാബിയുടെ വസ്ത്രം അദ്ദേഹത്തിന് നല്‍കി.
4. വിശ്വാസ സ്വാതന്ത്ര്യം: ബന്ദികള്‍ക്ക് തങ്ങളുടെ മത ചിഹ്നങ്ങളെ കാത്തുസൂക്ഷിക്കാനുള്ള അവകാശം ഇസ്ലാം നല്‍കുന്നുണ്ട്. ബന്ദിതരായിരിക്കെ ഇസ്ലാം സ്വീകരിക്കാന്‍ അവരെ നിര്‍ബന്ധിക്കാവതല്ല. പ്രവചകന്‍(സ)യോ അനുയായികളോ അങ്ങനെ ചെയ്തതായി നമുക്ക് കാണാനാവില്ല. സുമാമത് ബിന്‍ ഉസാല്‍ ബന്ധനത്തില്‍ നിന്ന് മോചിതനായ ശേഷം ഇസ്ലാം സ്വീകരിച്ചപ്പോള്‍ അദ്ദേഹത്തോട് ചോദിച്ചു: ‘എന്തുകൊണ്ട് താങ്കള്‍ മോചിപ്പിക്കപ്പെട്ടതിന് ശേഷം ഇസ്ലാം സ്വീകരിച്ചു?’ ബന്ദിക്കപ്പെട്ടതു കാരണമാണ് ഞാന്‍ ഇസ്ലാം സ്വീകരിച്ചതെന്ന് ഒരാളും കരുതാതിരിക്കാനാണ് അങ്ങനെ ചെയ്തത് എന്നായിരുന്നു അദ്ദേഹമതിന് മറുപടി നല്‍കിയത്.
ബന്ദികളുടെ അവകാശങ്ങള്‍ ഹനിക്കുകയും, അന്യായമായി തടവില്‍ പാര്‍പ്പിക്കപ്പെടുകയും, പീഢിപ്പിക്കപ്പെടുകയും ചെയ്യുന്നവരുടെ എണ്ണം ക്രമാതീതമായി അധികരിക്കുകയും ചെയ്യുന്ന വര്‍ത്തമാന കാലത്ത് മേല്‍സൂചിപ്പിച്ച ഇസ്‌ലാമികാധ്യാപനങ്ങള്‍ പ്രസക്തമത്രെ.

Related Articles