Current Date

Search
Close this search box.
Search
Close this search box.

പ്രവാചക സഖാക്കളും ആധുനിക ഇസ്‌ലാമിക സംസ്‌കാരവും

അറബ്-ഇസ്‌ലാമിക സാംസ്‌കാരിക ചരിത്രത്തില്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ മുപ്പതുകള്‍ക്കും അമ്പതുകള്‍ക്കുമിടയില്‍ ഒരു വഴിത്തിരിവ് രൂപപ്പെട്ടതായി പാശ്ചാത്യന്‍ ഗവേഷകര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പ്രവാചകന്‍ തിരുമേനിയുടെയും അനുചരന്മാരുടെയും ചരിത്രം വീണ്ടെടുക്കാനുള്ള ശ്രമം അറബ്-മുസ്‌ലിം എഴുത്തുകാരന്മാരുടെ ഭാഗത്ത് നിന്ന് സജീവമായി രംഗത്ത് വന്ന കാലഘട്ടമായിരുന്നു ഇത്. ആധുനികതയെ മദ്ഹബായി സ്വീകരിച്ച, പൂര്‍വസൂരികളെക്കുറിച്ച പാരമ്പര്യവായനയെ തിരസ്‌കരിച്ചവരായിരുന്നു ഇവര്‍. ഇന്ത്യ, ഇറാന്‍, ഈജിപ്ത് തുടങ്ങിയ രാഷ്ട്രങ്ങളിലെ എഴുത്തുകാരെയാണ് ഞാനുദ്ദേശിക്കുന്നത്. അപൂര്‍വ്വം ചില അറബ് എഴുത്തുകാരും ഇവരുടെ കൂടെയുണ്ടായിരുന്നു. ഈ പ്രവാഹത്തെക്കുറിച്ച് എന്നെ ഓര്‍മപ്പെടുത്തിയത് ‘ഹിലാല്‍’ മാഗസിന്‍ അബ്ബാസ് മഹ്മൂദ് അഖാദിന്റെ ഇസ്‌ലാമെഴുത്തുകളെക്കുറിച്ച് സംഘടിപ്പിച്ച ചര്‍ച്ചയാണ്. മറ്റൊരു അറബ് സാംസ്‌കാരിക മാഗസിന്‍ ത്വാഹാ ഹുസൈന്റെ ‘ശൈഖാന്‍’ നെക്കുറിച്ച അനുബന്ധം പ്രസിദ്ധീകരിച്ചിരിക്കുന്നു. മൂന്നാമത് ഒരു മാഗസിന്‍ മാസങ്ങള്‍ക്ക് മുമ്പ് മാലിക് ബിന്നബിയുടെ ‘ശുറൂതുന്നഹ്ദയും, അല്ലാമാ മുഹമ്മദ് ഇഖ്ബാലിന്റെ ‘തജ്ദീദു തഫ്കീറിദ്ദീനി ഫില്‍ ഇസ്‌ലാം’  എന്ന ഗ്രന്ഥവും പുനഃപ്രസിദ്ധീകരിച്ചിരിക്കുന്നു. സയ്യിദ് അമീര്‍ അലിയുടെ ‘ഇസ്‌ലാം’, മുഹമ്മദ് അസദിന്റെ ‘നിളാമുല്‍ ഹുക്മ് ഫില്‍ ഇസ്‌ലാം’ തുടങ്ങിയവും അവര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈജിപ്തുകാര്‍ ഈ മേഖലയില്‍ തങ്ങളുടെതായ ഒരു രീതി തന്നെ സ്വീകരിച്ചിട്ടുണ്ടെന്നതാണ് സത്യം. ഇസ്‌ലാമിക സാംസ്‌കാരിക ചരിത്രത്തില്‍ രണ്ട് ദശകങ്ങളിലായി ഒരു ഗ്രന്ഥപരമ്പര തന്നെ രചിച്ചിട്ടുണ്ട് അഹ്മദ് അമീന്‍. ഫജ്‌റുല്‍ ഇസ്‌ലാം, ളുഹല്‍ ഇസ്‌ലാം, ളുഹ്‌റുല്‍ ഇസ്‌ലാം തുടങ്ങിയവ അതിന്റെ ഫലങ്ങളാണ്.

ഈജിപ്ഷ്യന്‍ സാംസ്‌കാരിക നായകനും, രാഷ്ട്രീയ ചിന്തകനുമായിരുന്ന മുഹമ്മദ് ഹുസൈന്‍ ഹൈകലിനും ഇസ്‌ലാമിക ചരിത്രവുമായി ബന്ധപ്പെട്ട് ഗ്രന്ഥങ്ങളുണ്ട്. പ്രവാചകന്‍ തിരുമേനി(സ), അബൂബക്ര്‍, ഉമര്‍ തുടങ്ങിയവരെക്കുറിച്ച് അദ്ദേഹം എഴുതുകയുണ്ടായി. 1952-ജൂലൈ വിപ്ലവത്തിന് മുമ്പുള്ള തന്റെ ഈജിപ്ഷ്യന്‍ അനുഭവങ്ങള്‍ വെച്ച് ഇസ്‌ലാമിക രാഷ്ടത്തിന്റെ രൂപരേഖ അദ്ദേഹം സമര്‍പിച്ചു. കഴിഞ്ഞ നൂറ്റാണ്ടിന്റെ മുപ്പതുകളില്‍ തൗഫീഖുല്‍ ഹകീം പ്രവാചകനെക്കുറിച്ച നാടകം രചിച്ചു. അതേസമയം നാല്‍പത് വര്‍ഷത്തോളം നീണ്ടുനിന്ന രചനാജീവിതവുമായി അബ്ബാസ് മഹ്മൂദ് അഖാദ് മുന്നോട്ട് വന്നു. ‘അബ്ഖരിയ്യതു മുഹമ്മദ്’, ‘അബ്ഖരിയ്യതു സിദ്ദീഖ്’, ‘അബ്ഖരിയ്യതു ഉമര്‍’, ‘സീറതു ഉസ്മാന്‍’, ‘സീറതു അലി’ തുടങ്ങിയവ അദ്ദേഹത്തിന്റെ സംഭാവനകളായിരുന്നു. പിന്നീട് ഇസ്‌ലാമിക പ്രതിനിധാനങ്ങളായ അല്ലാഹു, ഇബ്‌റാഹീം പ്രവാചകന്‍, ജനാധിപത്യം ഇസ്‌ലാമില്‍, ഇസ്‌ലാമിനെക്കുറിച്ച് പറയപ്പെടുന്നത്, ബിലാല്‍ ബിന്‍ റബാഹ് തുടങ്ങിയ വിഷയങ്ങളില്‍ ഗ്രന്ഥരചന നിര്‍വഹിച്ചു. ത്വാഹാ ഹുസൈന്‍ രംഗത്ത് വന്നത് നാല്‍പതുകളിലും അമ്പതുകളിലുമായിരുന്നു. പ്രമുഖരാത്ത സഹാബാക്കളെക്കുറിച്ച ‘അലാ ഹാമിശിസ്സീറ’ ‘അല്‍ ഫിത്‌നതുല്‍ കുബ്‌റാ’, ‘അശ്ശൈഖാന്‍’ തുടങ്ങിയ ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചു. ഈ മഹാന്മാരായ എഴുത്തുകാര്‍ മാത്രമല്ല. ഇസ്‌ലാമിനെക്കുറിച്ചും, പ്രവാചകാനുചരന്മാരെക്കുറിച്ചും എഴുതിയ ധാരാളം പേരുണ്ടായിരുന്നു. അബ്ദുല്‍ ഹമീദ് ജൗദ, മുഹമ്മദ് ഫരീദ് അബൂ ഹദീദ്, അലി അഹ്മദ് ശാകിര്‍, അബ്ദുല്‍ മുതആല്‍ സ്വഈദി തുടങ്ങിയവര്‍ അവരില്‍പെടുന്നു. പക്ഷെ നാമിവിടെ മേലുദ്ധരിച്ച പ്രമുഖരെ മാത്രമെ കൈകാര്യം ചെയ്യുന്നുള്ളൂ. അവര്‍ നയിച്ച പ്രവാഹത്തില്‍ അണിചേരുകയാണ് ഇവര്‍ ചെയ്തത്.

മേലുദ്ധരിച്ച ആധുനിക എഴുത്തുകാര്‍ പുതിയ നവോത്ഥാന തരംഗത്തെയായിരുന്ന പ്രതിനിധീകരിച്ചിരുന്നത്. ഇസ്‌ലാമിനും അതിന്റെ ചരിത്രത്തിനും നേരെയുള്ള ആക്രമണങ്ങള്‍ അവരില്‍ ആശങ്കയുണ്ടാക്കി. ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ഇസ്‌ലാമിക സാന്നിദ്ധ്യം അവര്‍ നേരില്‍ കണ്ടു. അധിനിവേശ ത്തിനും, ആധുനികതക്കും മുന്നില്‍ വ്യതിരിക്തമായി നിന്ന സമ്പൂര്‍ണ ഇസ്‌ലാമിക നവജാഗരണമായിരുന്നു അവിടത്തേത്. വ്യക്തികളെയും, സമൂഹങ്ങളെയും കുറിച്ച ചരിത്രവിശകലനങ്ങള്‍ യൂറോപ്പില്‍ പച്ചപിടിക്കുന്നത് രണ്ട് ലോകയുദ്ധങ്ങള്‍ക്കിടെയുള്ള കാലത്താണ്. സ്വന്തത്തെയും, അസ്തിത്വത്തെയും കുറിച്ച പുതിയ അവബോധത്തിന്റെ ഫലമായിരുന്നു അത്. ആധുനികതയില്‍ പങ്ക് ചേരുകയും അതോടൊപ്പം തങ്ങളുടെ അസ്തിത്വം സംരക്ഷിക്കുകയും ചെയ്യുകയെന്ന ചിന്തയായിരുന്നു ഇതിന് പിന്നില്‍. മേല്‍സൂചിപ്പിച്ച എല്ലാ എഴുത്തുകാരം ഈ പ്രവാഹത്തില്‍ സജീവമാവുകയുണ്ടായി. അവരുടെ പങ്കാളിത്തത്തിന് പലതലങ്ങളുണ്ടായിരുന്നു. ഇസ്‌ലാമിന് വിശേഷമായുള്ള നാഗരികതയെ ആദരിക്കുകയും, അതിന്റെ പ്രശോഭിതമായ സാംസ്‌കാരിക ചരിത്രത്തെയും, മനോഹരമായ വ്യക്തിത്വങ്ങളെയും ആധുനിക സമൂഹത്തിന് മാതൃകയായി അവതരിപ്പിക്കുകയും ചെയ്യുകയെന്നത് അവയില്‍ സുപ്രധാനമായിരുന്നു. ഇസ്‌ലാമിക ചരിത്രത്തിലെയും, സംസ്‌കാരത്തിലെയും പ്രതികൂല വശങ്ങള്‍ ഉന്നയിച്ചു കൊണ്ടിരിക്കുന്ന ഓറിയന്റലിസ്റ്റുകള്‍ക്ക് മറുപടി നല്‍കുകയെന്നത് ഇതിന്റെ മറ്റൊരു മുഖമായിരുന്നു. ആധുനികതയുടെ അനുകൂല ഘടകങ്ങള്‍ ഉപയോഗപ്പെടുത്തേണ്ടതിന്റെ ആവശ്യകത പാരമ്പര്യ പണ്ഡിതര്‍ക്കും, രാഷ്ട്രീയ ഇസ്‌ലാമിസ്റ്റുകള്‍ക്കും മുമ്പില്‍ ബോധിപ്പിക്കുകയെന്നതും ഇതിന്റെ ലക്ഷ്യമായിരുന്നു. പൊതുവായനക്കാരുമായി ബന്ധം സ്ഥാപിക്കുകയും അവരില്‍ സാംസ്‌കാരികവും ചരിത്രപരവുമായ അവബോധം സൃഷ്ടിക്കുകയും ചെയ്യുകയെന്ന ദൗത്യം കൂടി ഈ ഉദ്യമത്തിനുണ്ടായിരുന്നു.

ഇസ്‌ലാമിക ചരിത്രവ്യക്തിത്വങ്ങളിലെ ധീരമനോഭാവങ്ങളും, പോരാട്ടമനസ്സും കേന്ദ്രീകരിച്ചായിരുന്നു അബ്ബാസ് മഹ്മൂദ് അഖാദിന്റെ ചരിത്രരചന. ധൈര്യം, സാഹസികത തുടങ്ങിയവ മത-സാമൂഹിക-രാഷ്ട്രീയ മേഖലകളിലെ ശക്തി എന്ന അര്‍ത്ഥത്തിലായിരുന്നു അദ്ദേഹം പ്രയോഗിച്ചിരുന്നത്. അദ്ദേഹം ആദ്യം എഴുതിയ ‘അബ്ഖരിയ്യത്’ അഥവാ മഹാരഥന്‍ ഒരു മുസ്‌ലിമായിരുന്നില്ല എന്നത് രസകരമാണ്. ജര്‍മന്‍ കവിയായ ഗോഥെയെക്കുറിച്ചാണ് ‘അബ്ഖരിയത് ഗോഥെ’ എന്ന തന്റെ പ്രഥമ ഗ്രന്ഥം അദ്ദേഹം എഴുതിയത്. ചരിത്രവ്യക്തിത്വങ്ങളിലെ മഹാരഥന്മാരെക്കുറിച്ച ഈ പഠന ശൈലി ബ്രിട്ടീഷ് എഴുത്തുകാരനായ തോമസ് കാര്‍ലേല്‍ തന്റെ ‘അല്‍ അബ്താല്‍ വ ഇബാദതുല്‍ ബുതൂല’ എന്ന ഗ്രന്ഥത്തിലൂടെ അടിത്തറയിട്ടതാണ്. അദ്ദേഹത്തെക്കുറിച്ച് അഖാദ് എഴുതുകയും താന്‍ അദ്ദേഹത്താല്‍ സ്വാധീനിക്കപ്പെട്ടതായി വിവരിക്കുകയും ചെയ്തിട്ടുണ്ട്.

ഈ മാര്‍ഗമാണ് പിന്നീട് അഖാദ് തുടര്‍ന്നത്. മഹാരഥന്മാരുടെ മഹത്വം സമൂഹത്തില്‍ സ്വാധീനം ചെലുത്തുന്ന ശക്തി എന്ന അടിസ്ഥാന ആശയത്തെ മുറുകെപിടിച്ച് ചരിത്രവിശകലനത്തിലേക്ക് കടക്കുകയാണ് അദ്ദേഹം ചെയ്തത്. ഉദാഹരണമായി ഉമര്‍, അബൂ ബക്ര്‍, ഖാലിദ്(റ) ഇവരുടെ ശക്തി ഏത് മേഖലയിലാണ് പ്രകടമായത്? ആ മേഖല അല്ലെങ്കില്‍ ആ വ്യതിരിക്തത അവയാണ് അഖാദിനെ സംബന്ധിച്ചിടത്തോളം വ്യക്തികളെ പഠിക്കാനും മനസ്സിലാക്കാനുമുള്ള കീ. വ്യക്തികളിലും സമൂഹങ്ങളിലും കാണപ്പെടുന്ന ഈ വിശേഷണങ്ങളും, ചര്യയുമെല്ലാം പത്തൊമ്പതാം നൂറ്റാണ്ടിലെയും, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെയും സാഹിത്യങ്ങളില്‍ ധാരാളമായുണ്ടായിരുന്ന ഐഡിയോളജിയായിരുന്നു.
എന്നാല്‍ ശക്തിയെയും, വിശേഷണത്തെയും കുറിച്ച ഈ ചിന്തയില്‍ ത്വാഹാ ഹുസൈന് താല്‍പര്യമില്ലായിരുന്നു. അദ്ദേഹം തന്റെ ഇസ്‌ലാമിയ്യാത്തില്‍ അവയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നുമില്ല. പൗരാണിക അറബി സാഹിത്യ ചരിത്രത്തെ കീറിമുറിച്ച് നിരൂപിക്കുകയായിരുന്നു അയാള്‍. സ്‌നേഹത്തിലും, പരസ്പര ബന്ധത്തിലും, ലാളിത്യത്തിലും അധിഷ്ഠിതമായ തന്റെ ഇസ്‌ലാമിയ്യത്തില്‍ മേല്‍പറഞ്ഞ കാര്‍ക്കശ്യം അദ്ദേഹം പുലര്‍ത്തിയില്ല. വളരെ റൊമാന്റികായ നൈര്‍മല്യമാണ് അബൂ ബക്‌റി(റ)ന്റെയും മറ്റ് സാഹസികരായ പ്രവാചകാനുചരരുടെയും വ്യക്തിത്വത്തില്‍ അദ്ദേഹം ഇഷ്ടപ്പെടുന്നത്. തങ്ങള്‍ വിശ്വസിക്കുന്ന അടിസ്ഥാനങ്ങള്‍ക്കും ചിന്തകള്‍ക്കും വേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്യുന്നവര്‍! കഠിനമായ ക്ലേശങ്ങള്‍ അനുഭവിക്കുമ്പോഴും മനുഷ്യത്വവും, സ്‌നേഹവും, മറ്റുള്ളവര്‍ക്ക് മുന്‍ഗണനയും നല്‍കുന്നവര്‍! അതിശക്തനായി അഖാദ് വിശദീകരിച്ച ഉമറിനെക്കുറിച്ച് അദ്ദേഹത്തിനറിയുക നമസ്‌കാരത്തിലും, ഏകാന്തതയിലും പൊട്ടിക്കരയുന്ന, ചെറിയവരോടും വലിയവരോടും വിനയം കാണിക്കുന്ന, ഉത്തരവാദിത്തത്തെക്കുറിച്ച് ആശങ്ക പുലര്‍ത്തുന്ന, ഇഹലോകത്തിന് വേണ്ടി പോരാടുന്നതിനെ വെറുക്കുന്ന വ്യക്തിത്വമെന്ന നിലക്കാണ്. അങ്ങനെയാവുമ്പോള്‍ ഉമര്‍, ഖാലിദിനെ(റ) സൈന്യാധിപ സ്ഥാനത്ത് നീക്കിയതിന്റെ കാരണം വളരെ വ്യക്തമാണ്. സൈനിക മേഖലയില്‍ പരിജ്ഞാനിയായ ഖാലിദിന്, ഉമറിനുണ്ടായിരുന്ന മേല്‍പറഞ്ഞ ‘ദൗര്‍ബല്യങ്ങള്‍’ ഉണ്ടായിരുന്നില്ല എന്നതായിരുന്നു ആ കാരണം. ത്വാഹാ ഹുസൈന്റെ ഭാഷയില്‍ പ്രശംസനീയമായ ദൗര്‍ബല്യങ്ങളാണവ. സഹാബാക്കള്‍ക്കിടയിലുണ്ടായ ഫിത്‌നയെയും അദ്ദേഹം കൈകാര്യം ചെയ്യുന്നതും ഇപ്രകാരമാണ്. എല്ലാ പ്രവാചക സഖാക്കളും തങ്ങളുടെ ഇജ്തിഹാദിന്റെ അടിസ്ഥാനത്തിലാണ് യുദ്ധത്തില്‍ പങ്കെടുത്തത്. എല്ലാവരും നന്മ മാത്രമാണ് ഉദ്ദേശിച്ചതും. അബദ്ധം സംഭവിക്കുമ്പോള്‍ അവര്‍ പശ്ചാതാപിക്കുകയും പാപമോചനം അര്‍ത്ഥിക്കുകയും ചെയ്യുന്നു. ഉസ്മാന്‍, അലി(റ) എന്നിവരെ ഒരു പോലെയാണ് ത്വാഹാ ഹുസൈന്‍ വിശദീകരിക്കുന്നത്. പ്രവാചകന്‍ തിരുമേനി(സ) വാര്‍ത്തെടുത്ത മാതൃകയായാണ് അവരെ അദ്ദേഹം സമര്‍പിക്കുന്നത്.

അക്കാലത്തെ ഇസ്‌ലാമിയ്യാത്തില്‍ വേറിട്ട് നില്‍ക്കുന്നത് മുഹമ്മദ് ഹുസൈന്‍ ഹൈകലിന്റെ പ്രവാചകനെയും, അബൂ ബക്ര്‍, ഉമര്‍(റ) എന്നിവരെയും കുറിച്ച രചനകളാണ്. ഓറിയന്റലിസ്റ്റുകളുടെ പഠനരീതികളെക്കുറിച്ച് അദ്ദേഹത്തിന് നന്നായി അറിവുണ്ടായിരുന്നു. അതോടൊപ്പം മഹാന്‍മാരായ വ്യക്തിത്വങ്ങളെക്കുറിച്ച് എങ്ങനെ എഴുതണം എന്നതിനെക്കുറിച്ചും അദ്ദേഹത്തിന്നറിയാമായിരുന്നു. അക്കാലത്തെ അറബ് എഴുത്തുകാരുടെ പൊതുശൈലിയില്‍ നിന്ന് മാറി ഭൂമിശാസ്ത്രപരവും, സാമൂഹികവും, സാമ്പത്തികവുമായ ഗവേഷണത്തിലേക്ക് അദ്ദേഹം കടന്നു. ഈ മേഖലകളെല്ലാം പ്രവാചകന്റെയും അനുചരരുടെയും വ്യക്തിത്വങ്ങളെ അനാവരണം ചെയ്യാന്‍ അദ്ദേഹം ഉപയോഗിച്ചു. ഇസ്‌ലാമിയ്യാത്തിലെ എഴുത്തുകാര്‍ക്ക് അപരിചിതമായ വ്യക്തികേന്ദ്രീകൃതമല്ലാത്ത, നിരൂപണ ചരിത്രമെഴുത്തായിരുന്നു അത്. കാരണം അക്കാലത്തെ എഴുത്തുകാര്‍ പൊതുവെ രണ്ട് തരക്കാരായിരുന്നു. വിമര്‍ശനങ്ങളും നിരൂപണങ്ങളുമില്ലാത്ത നിര്‍ജ്ജീവമായ എഴുത്തുകാരും, അനാവശ്യ നിരൂപണം നടത്തുന്നവരും.
അറുപതുകളില്‍ അല്‍അസ്ഹറില്‍ പഠിക്കാന്‍ വേണ്ടി ഞാന്‍ ഈജിപ്ത് സന്ദര്‍ശിച്ചപ്പോള്‍ അഖാദിന്റെ ഇസ്‌ലാമെഴുത്തുകള്‍ക്കും, ഹൈകലിന്റെ രചനകള്‍ക്കും അവിടെ വമ്പിച്ച സ്വീകാര്യതയുണ്ടായിരുന്നു. എന്നാല്‍ ത്വാഹാ ഹുസൈന്റെ ഗ്രന്ഥങ്ങള്‍ പൂര്‍ണമായും തമസ്‌കരിക്കപ്പെട്ടു. ഇസ്‌ലാമിനോടുള്ള അദ്ദേഹത്തിന്റെ സമീപനത്തെക്കുറിച്ചായി ചര്‍ച്ചകള്‍. എന്നാല്‍ കുറച്ച് കാലത്തിന് ശേഷം അവരുടെ ഗ്രന്ഥങ്ങളും പടിക്ക് പുറത്തായി. മുഹമ്മദുല്‍ ഗസ്സാലി, അബ്ദുര്‍റസാഖ് നൗഫല്‍, സയ്യിദ് സാബിഖ്, അന്‍വര്‍ ജുന്‍ദി ഏറ്റവുമൊടുവില്‍ ഡോ. ഖറദാവി തുടങ്ങിയവരുടെ ഉദയത്തോടെയായിരുന്നു അത്.
ഉമ്മത്തിന്റെ ശോഭനമായ ചരിത്രം ഉദ്ധരിച്ച്, ആത്മവിശ്വാസം വീണ്ടെടുക്കാനുള്ള ശ്രമമായിരുന്നു മുപ്പതുകളിലും, അമ്പതുകളിലും ഈജിപ്തില്‍ നടന്നത്. എന്നാല്‍ അറുപതുകളില്‍ ചെറുത്തുനില്‍ക്കുന്ന, സ്വതന്ത്ര അസ്തിത്വമുള്ള ഇസ്‌ലാമിക സമൂഹ നിര്‍മാണമായിരുന്നു എഴുത്തുകാരുടെ ജോലി. ഈ സ്വത്വബോധവും, അതിന് വേണ്ടിയുള്ള പോരാട്ടവും മുസ്‌ലിം ഉമ്മത്തിന്റെ സംസ്‌കാരമായി മാറിയിരിക്കുകയാണ് ഇന്ന്.

വിവ : അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Related Articles