Current Date

Search
Close this search box.
Search
Close this search box.

പേഴ്‌സണണല്‍ ബോര്‍ഡിന്റെ വേറിട്ട ആഹ്വാനം

‘വ്യത്യസ്ത മതവിഭാഗങ്ങള്‍ പുലരുന്ന ഒരു രാജ്യത്താണ് അല്ലാഹു നമുക്ക് ജീവിക്കാന്‍ ഉതവി നല്‍കിയിരിക്കുന്നത്. രാജ്യനിവാസികളില്‍ ബഹുഭൂരിഭാഗം പേരും സമാധാനപ്രിയരും സത്യാന്വേഷികളുമാണ്. സദ്‌വചനങ്ങള്‍ക്ക് കാത് കൊടുക്കാനും അവ സ്വീകരിക്കാനും അവര്‍ തയ്യാറാണ്. ഒരു സമൂഹമെന്ന നിലയില്‍ ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസങ്ങളും തത്വങ്ങളും പ്രവാചകന്‍ തിരുമേനിയുടെ ജീവിത മാതൃകയും ഈ ജനവിഭാഗങ്ങളുടെ മുമ്പാകെ സമര്‍പ്പിക്കാന്‍ നാം ബാധ്യസ്ഥരാണ്. ഒരു ജീവിത വ്യവസ്ഥയെന്ന നിലയില്‍ ഇസ്‌ലാമിനെ പരിചയപ്പെടുത്തുകയും വേണം. ഇന്ന് മുസ്‌ലിം സമുദായം എന്തെല്ലാം പ്രതിസന്ധികളിലൂടെ കടന്നുപോകുന്നുണ്ടോ അതിനെല്ലാം കാരണം ഈ ഉത്തരവാദിത്തം അവഗണിച്ചതാണ്. ഈ ഉത്തരവാദിത്തത്തെ കുറിച്ച് നാം അടിയന്തിരമായി ബോധവാന്‍മാരാകേണ്ട സന്ദര്‍ഭമാണിത്. രാജ്യ നിവാസികള്‍ക്ക് അവരുടെ യഥാര്‍ത്ഥ രക്ഷിതാവിന്റെ അധ്യാപനങ്ങള്‍ പകര്‍ന്നു കൊടുക്കാന്‍ നാം സര്‍വ്വശ്രമങ്ങളും നടത്തിയേ മതിയാവൂ.’

ആള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ബോര്‍ഡ് അതിന്റെ 22-ാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച ഒരു ലഘുലേഖയില്‍ നിന്നെടുത്തതാണ് മേല്‍കൊടുത്ത ഉദ്ധരണി. കഴിഞ്ഞ ഏപ്രില്‍ 20,21,22 തിയ്യതികളില്‍ മുംബൈയിലായിരുന്നു സമ്മേളനം. ചര്‍ച്ച ചെയ്ത വിഷയങ്ങളും സമ്മേളന തീരുമാനങ്ങളും വിശദമായി ആ സമയത്തെ പത്രങ്ങളില്‍ വന്നിട്ടുണ്ട്. സാധാരണ ഗതിയില്‍ ഇന്ത്യന്‍ മുസ്‌ലിങ്ങളുടെ അസ്ഥിത്വവും വ്യക്തിത്വവും പൈതൃകവും സംരക്ഷിക്കാനുതകുന്ന ചര്‍ച്ചകളും തീരുമാനങ്ങളുമാണ് പേഴ്‌സണല്‍ ബോര്‍ഡ് യോഗങ്ങളില്‍ ഉണ്ടാകാറുള്ളത്. ഇത്തവണ ഇക്കാര്യങ്ങള്‍ക്ക് പുറമെ ആശയപരമായ ഒരു പ്രധാന സംഗതി കൂടി സമ്മേളനം ഊന്നിപറഞ്ഞിരിക്കുന്നു. ഇസ്‌ലാമിക പ്രബോധനം (ദഅ്‌വത്തെ ദീന്‍) എന്നതാണ് ആ സംഗതി. ഇതൊരു ആവശ്യമാണ്, എന്നല്ല അനിവാര്യതയും ബാധ്യതയുമാണ് എന്നാണ് പറഞ്ഞിരിക്കുന്നത്. ‘നാം പ്രബോധക സമൂഹമാണ്, ഇസ്‌ലാമിന്റെ അധ്യാപനങ്ങള്‍ രാജ്യനിവാസികള്‍ക്ക് എത്തിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്’ എന്നാണ് ലഘുലേഖയിലെ വാക്യം. രാജ്യ നിവാസികള്‍ക്ക് ഇസ്‌ലാം പ്രബോധനം ചെയ്യണമെന്നും അതിനെ കുറിച്ച തെറ്റിദ്ധാരണകള്‍ നീക്കാന്‍ സര്‍വ്വശ്രമങ്ങളും നടത്തണമെന്നും പേഴ്‌സണല്‍ ബോര്‍ഡ് ഇത്ര ശക്തമായി ഊന്നിപറയുന്നത്. അതിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായിരിക്കും.

ഇക്കാര്യം നിര്‍വഹിക്കുന്നതിന് പേഴ്‌സണല്‍ ബോര്‍ഡ് എന്ത് പ്രവര്‍ത്തന പരിപാടിയാണ് ആവിഷ്‌കരിച്ചതെന്ന് വ്യക്തമല്ല. ആവിഷ്‌കരിച്ചിട്ടില്ലെങ്കില്‍ അക്കാര്യത്തിനാവണം മുന്തിയ പരിഗണന നല്‍കേണ്ടത്. ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി അതിന്റെ തുടക്കം മുതല്‍ തന്നെ ഈ ഉത്തരവാദിത്വം തിരിച്ചറിയുകയും സാധ്യമാവുന്നത്ര പ്രവര്‍ത്തനങ്ങള്‍ ആ മാര്‍ഗത്തില്‍ നടത്തി വരികയും ചെയ്തിട്ടുണ്ട്. ഏതാനും വര്‍ഷങ്ങളായി നിരവധി വ്യക്തികളും കൂട്ടായ്മകളും ഈ മഹത്തായ ബാധ്യത നിര്‍വഹിക്കാന്‍ മുന്നോട്ട് വരുന്നുണ്ടെന്നത് ആശാവഹമാണ്. പക്ഷെ, കോടിക്കണക്കിന് ജനം ജീവിക്കുന്ന ഈ പ്രവിശാലമായ രാജ്യത്ത് കുറച്ച് വ്യക്തികളോ സംഘടനകളോ ഈ ദൗത്യം ഏറ്റെടുത്ത് മുന്നോട്ട് പോയത് കൊണ്ട് എവിടെയും എത്തുകയില്ല. മറ്റെല്ലാ മുസ്‌ലിം സംഘടനകളും കൂട്ടായ്മകളും കൂടി ഈ രംഗത്തേക്ക് കടന്ന് വരികയും സാധ്യമാവുന്നത്ര സഹായങ്ങള്‍ ചെയ്യാന്‍ തയ്യാറാവുകയും വേണം. മുസ്‌ലിം സമൂഹം കൂട്ടായി ഈ ഉത്തരവാദിത്തം നിര്‍വഹിക്കുന്ന പക്ഷം മാറ്റങ്ങള്‍ ദൃശ്യമാവുമെന്ന് ഉറപ്പ്. പേഴ്‌സണല്‍ ബോര്‍ഡിന്റെ ഈ ആഹ്വാനം എങ്ങനെ പ്രയോഗവല്‍കരിക്കാനാവുമെന്ന് ഓരോ സംഘടനയും ചിന്തിക്കട്ടെ.

(ദഅ്‌വത്ത് ത്രൈദിനം, 2012 ജൂണ്‍ 26)

വിവ: അശ്‌റഫ് കീഴുപറമ്പ്‌

Related Articles