Current Date

Search
Close this search box.
Search
Close this search box.

പച്ചകുത്തലും കാതുകുത്തും

ear.jpg

ചോദ്യം: പച്ചകുത്തല്‍ നിഷിദ്ധമായ കാര്യമല്ലേ ? അപ്പോള്‍ ശരീരം വേദനിപ്പിച്ചു കൊണ്ട് കമ്മല്‍ പോലുള്ള ആഭരണം ധരിക്കുന്നതിന്റെ ഇസ്‌ലാമിക വിധി എന്താണ്?

മറുപടി : പച്ചകുത്തല്‍ നിഷിദ്ധമാണെന്നതിന് ഖണ്ഡിതമായ തെളിവുണ്ട്. പ്രവാചകന്‍(സ) പറഞ്ഞു: ‘പച്ചകുത്തുന്നവരെയും പച്ചകുത്തപ്പെടുന്നവരെയും അല്ലാഹു ശപിച്ചിരിക്കുന്നു.’ ഇബ്‌നു ഉമര്‍ ഉദ്ധരിച്ച മറ്റൊരു ഹദീസില്‍ പറയുന്നു : ‘ മുടി വെച്ചുകൊടുക്കുന്നവളെയും അത് വെക്കുന്നവളെയും, പച്ചകുത്തുന്നവളെയും പച്ചകുത്തപ്പെടുന്നവളെയും അല്ലാഹു ശപിച്ചിരിക്കുന്നു.’ അല്ലാഹു ശപിച്ചിരിക്കുന്നു എന്ന് പറഞ്ഞതില്‍ നിന്നും നിഷിദ്ധമായ ഒരു കാര്യമാണതെന്ന് മനസിലാക്കാം. അല്ലാഹുവിന്റെ സൃഷ്ടിപ്പില്‍ മാറ്റം വരുത്തുകയാണ് പച്ചകുത്തലിലൂടെ ചെയ്യുന്നത്. മാത്രമല്ല യാതൊരു ആവശ്യവുമില്ലാതെ ശരീരത്തിനേല്‍പ്പിക്കുന്ന പീഡനവുമാണത്.

എന്നാല്‍ ശരീരം തുളച്ച് കൊണ്ട് കമ്മല്‍ പോലുള്ള ആഭരണം ധരിക്കുന്നതിനെ കുറിച്ച് പണ്ഡിതന്‍മാര്‍ക്ക് വ്യത്യസ്ത അഭിപ്രായമാണുള്ളത്. കാത് കുത്തി അതില്‍ ആഭരണം ധരിക്കാന്‍ സ്ത്രീകള്‍ക്ക് അനുവാദമുണ്ടെന്നതാണ് ഭൂരിപക്ഷ മതം. അലങ്കാരങ്ങള്‍ സ്വീകരിക്കുകയെന്നത് സ്‌ത്രൈണ പ്രകൃതത്തിന്റെ ഭാഗമാണ്. അല്ലാഹു പറയുന്നു : ‘ആഭരണമണിയിച്ച് വളര്‍ത്തപ്പെടുന്ന, വാഗ്വാദത്തില്‍ (ന്യായം) തെളിയിക്കാന്‍ കഴിവില്ലാത്ത ഒരാളാണോ (അല്ലാഹുവിന് സന്താനമായി കല്‍പിക്കപ്പെടുന്നത്?)’ (അസ്സുഖുറുഫ് : 18)

നബി(സ)യുടെ കാലത്ത് സ്ത്രീകള്‍ കമ്മല്‍ അണിഞ്ഞിരുന്നതായി കാണാ. ഒരു പെരുന്നാള്‍ ദിവസം നബി(സ) ദാനധര്‍മ്മം ചെയ്യാന്‍ സ്ത്രീകളെ ഉപദേശിച്ച ഹദീസ് ബുഖാരി ഉദ്ധരിച്ചിട്ടുണ്ട്. അപ്പോള്‍ സ്ത്രീകള്‍ അവരുടെ കമ്മലുകളും മാലകളും നല്‍കിയതായി ഹദീസ് വിവരിക്കുന്നു. അവരെ അത്തരം ആഭരണം ധരിക്കുന്നതില്‍ നിന്ന് വിലക്കിയതായി ഹദീസുകളില്‍ കാണാന്‍ സാധിക്കുന്നില്ല.

ശരീരം തുളച്ചുള്ള ആഭരണങ്ങള്‍ ധരിക്കുന്നത് ഇമാം ശാഫിഈയുടെയും ഇബ്‌നുല്‍ ജൗസിയുടെയും അഭിപ്രായത്തില്‍ അനുവദനീയമല്ല. എന്നാല്‍ അതിന് വ്യക്തമായ തെളിവുകളൊന്നും അദ്ദേഹം ഉദ്ധരിച്ചിട്ടില്ല. ഇമാം അബൂഹനീഫയും അഹ്മദ് ബിന്‍ ഹമ്പലും ഇത് അനുവദനീയമാണെന്ന പക്ഷക്കാരാണ്. ആരാധനേതരമായ കാര്യങ്ങളില്‍ നിഷിദ്ധമെന്ന തെളിവില്ലെങ്കില്‍ അത് അനുവദനീയമാണെന്നതാണ് ഇസ്‌ലാമിന്റെ തത്വം. താല്‍ക്കാലിക നേരത്തേക്ക് വളരെ നിസ്സാരമായ ഒരു വേദന മാത്രമേ അതുണ്ടാക്കുന്നുള്ളൂ എന്നതും ശ്രദ്ധേയമാണ്.

അപ്രകാരം മൂക്കിന് ആഭരണം ധരിക്കുന്നതും അനുവദനീയം തന്നെയാണ്. കാത് കുത്തലിന് സമാനമായ ഒരു രീതി തന്നെയാണതും. അത് നിഷിദ്ധമാണെന്ന് കുറിക്കുന്ന തെളിവുകളൊന്നും നിലവിലില്ല. മൂക്ക് കുത്തി ആഭരണം ധരിക്കുന്നത് ഒരു പ്രദേശത്തെ സ്ത്രീകളുടെ സമ്പ്രദായമാണെങ്കില്‍ അത് ചെയ്യുന്നതില്‍ തെറ്റില്ല.

Related Articles