Current Date

Search
Close this search box.
Search
Close this search box.

ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള എം.സി.എം സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

സാങ്കേതിക/പ്രൊഫഷനല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന മെറിറ്റ് കം മീന്‍സ് (എം.സി.എം) സ്‌കോളര്‍ഷിപ്പിന് സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് അപേക്ഷ ക്ഷണിച്ചു. മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് നൂറു ശതമാനം കേന്ദ്രസര്‍ക്കാര്‍ ഗ്രാന്റോടുകൂടിയ സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നത്. 4407 സ്‌കോളര്‍ഷിപ്പാണ് കേരളത്തിന് അനുവദിച്ചത്. ഇതില്‍ 30 ശതമാനം പെണ്‍കുട്ടികള്‍ക്കാണ്. ഒരു കുടുംബത്തില്‍നിന്ന് രണ്ടിലധികം കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കില്ല. സര്‍ക്കാര്‍ അംഗീകരിച്ച പട്ടികയിലുള്ള കോഴ്‌സുകള്‍ക്ക് ബിരുദ/ബിരുദാനന്തര തലത്തില്‍ ഒന്നാംവര്‍ഷത്തിന് പഠിക്കുന്നവര്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹത. അപേക്ഷ www.momascolership.gov.in വെബ്‌സൈറ്റിലൂടെ പഠിക്കുന്ന സ്ഥാപനങ്ങളിലേക്കാണ് സമര്‍പ്പിക്കേണ്ടത്. സ്ഥാപനമേധാവി ഓണ്‍ലൈന്‍ അപേക്ഷയും ഹാര്‍ഡ്‌കോപ്പിയും പരിശോധിച്ച് സാക്ഷ്യപ്പെടുത്തി സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലേക്ക് അയക്കണം. അപേക്ഷകര്‍ സംസ്ഥാനത്ത് ജനിച്ചവരും 2.5 ലക്ഷത്തിന് താഴെ കുടുംബവാര്‍ഷിക വരുമാനവുള്ളവരുമായിരിക്കണം. വരുമാനം തെളിയിക്കാന്‍ റവന്യൂ അധികാരിയുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഹയര്‍ സെക്കന്‍ഡറി, ബിരുദതലത്തില്‍ 50 ശതമാനം മാര്‍ക്ക് വാങ്ങിയിരിക്കണം. കോഴ്‌സിന് മറ്റു സ്‌കോളര്‍ഷിപ്പും സ്‌റ്റൈപ്പന്റും ഉണ്ടാവരുത്. സ്ഥാപനമേധാവികളും വിദ്യാര്‍ഥികളും ബാങ്ക് എക്കൗണ്ട് നമ്പര്‍ ഐ.എഫ്.എസ്.സി കോഡ് ഉള്‍പ്പെടെ ഹാര്‍ഡ്‌കോപ്പിയില്‍ രേഖപ്പെടുത്തണം. ഓണ്‍ലൈന്‍ അപേക്ഷ നല്‍കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 30ഉം പ്രിന്റഡ് കോപ്പി പഠിക്കുന്ന സ്ഥാപനം വഴി സംസ്ഥാന ഓഫിസില്‍ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ പത്തുമാണ്. സ്‌കോളര്‍ഷിപ്പ് പുതുക്കാന്‍ ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31ഉം ഇവയുടെ പ്രിന്റഡ് കോപ്പി പഠിക്കുന്ന സ്ഥാപനം വഴി സംസ്ഥാന ഓഫിസില്‍ ലഭിക്കേണ്ട അവസാന തീയതി 2013 ജനുവരി പത്തുമാണ്. പ്രിന്റഡ് കോപ്പി അയക്കേണ്ട വിലാസം: സ്‌പെഷല്‍ ഓഫിസര്‍ ഫോര്‍ സ്‌കോളര്‍ഷിപ്പ്, ഡയറക്ടറേറ്റ് ഓഫ് ടെക്‌നിക്കല്‍ എഡ്യുക്കേഷന്‍, ഫോര്‍ട്ട് പി.ഒ, തിരുവനന്തപുരം 695023.

Related Articles