Current Date

Search
Close this search box.
Search
Close this search box.

നികാഹ് : സാമൂഹ്യ സംവിധാനത്തിന്റെ ഇസ്‌ലാമികാടിത്തറ

മുസ്‌ലിം ഉമ്മത്തിന് വിശുദ്ധ ഖുര്‍ആന്‍ നല്‍കുന്ന വിശേഷണങ്ങളില്‍ പ്രസിദ്ധമായത് ‘ഖൈര്‍’ എന്ന പദമാണ്. ഉത്തമമായ സമൂഹം, നന്മയുള്ള സംഘം എന്നൊക്കെ നാമതിനെ മലയാളത്തില്‍ വിശദീകരിക്കാറുണ്ട്. ലോകത്ത് നന്മ കല്‍പിക്കാനും, മൂല്യബോധമുള്ള തലമുറയെ രൂപപ്പെടുത്താനും അല്ലാഹു നിയോഗിച്ച സംഘമാണിതെന്ന് ചുരുക്കം. വിശുദ്ധ ഖുര്‍ആന്‍ നടപ്പാക്കുന്ന നിയമങ്ങളത്രയും മേല്‍പറഞ്ഞ അടിസ്ഥാന ദൗത്യത്തിന് നിലമൊരുക്കുന്നതിന്ന് വേണ്ടിയുള്ളതാണ്. ധര്‍മം, നീതി, നന്മ, മൂല്യം തുടങ്ങി മാനവസമൂഹം ഏകാഭിപ്രായമുള്ള എല്ലാ ആശയങ്ങളുടെയും മൂര്‍ത്തീഭാവമാണ് ഇസ്‌ലാമിക സമൂഹം.

ഇസ്‌ലാമിലെ നികാഹ് അഥവാ വിവാഹ ഉടമ്പടിയുടെ അടിസ്ഥാനവും ഇത് തന്നെയാണ്. നന്മയെയും മൂല്യത്തെയും കുറിക്കുന്ന സകല പദങ്ങളും വിവാഹത്തെയും നികാഹിനെയും പരാമര്‍ശിക്കുമ്പോള്‍ വിശുദ്ധ ഖുര്‍ആന്‍ പ്രയോഗിച്ചിട്ടുണ്ട്. ഖൈര്‍, മഅ്‌റൂഫ്, ഇഹ്‌സാന്‍, ഇഹ്‌സ്വാന്‍, റഹ്്മത്ത്, സുകൂന്‍, മവദ്ദത്ത്, ഗിനാ തുടങ്ങിയ പദങ്ങള്‍ വിശുദ്ധ ഖുര്‍ആന്‍ പ്രയോഗിച്ചവയാണ്. വിവാഹമോചനത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ പോലും വിശുദ്ധ ഖുര്‍ആന്‍ പ്രയോഗിക്കുന്നത് ഇഹ്‌സാന്‍ അഥവാ ഏറ്റവും നന്നായി വര്‍ത്തിക്കുക എന്ന പദമാണ്. എന്ത് കൊണ്ട് വിശുദ്ധ ഖുര്‍ആന്‍ നന്മയെക്കുറിക്കുന്ന വളരെ അര്‍ത്ഥവത്തായ ഇത്രയധികം പദങ്ങള്‍ പ്രയോഗിച്ചുവെന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്. ഒരു സമൂഹത്തിന് ലഭിക്കേണ്ട സകലനന്മകളുടെയും സ്രോതസ്സാണ് വിവാഹം എന്നത് കൊണ്ടാണത്. ലൈംഗിക ജീവിതവും ഇണചേരലും വ്യവസ്ഥയോടെയാണെങ്കില്‍ മാത്രമെ സമൂഹത്തിന് നിലനില്‍ക്കാന്‍ സാധിക്കുകയുള്ളൂ. ഒരു സമൂഹത്തിന്റെ ധാര്‍മിക നിലവാരത്തെ അടയാളപ്പെടുത്തുന്നത് അവിടത്തെ സദാചാരശീലങ്ങളും വ്യവസ്ഥകളുമാണ്. അതിനാലാണ് പ്രവാചകന്‍ തിരുമേനി(സ) ഇപ്രകാരം പറഞ്ഞത് ‘വിവാഹം കഴിച്ചവന്‍ തന്റെ പകുതി ദീന്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു. അടുത്ത പകുതിയുടെ കാര്യത്തില്‍ അവന്‍ അല്ലാഹുവിനെ സൂക്ഷിക്കട്ടെ’.
തനിക്ക് ആവശ്യമായ ആസ്വാദനം, സന്തോഷം, സുരക്ഷ, സ്‌നേഹം തുടങ്ങിയ എല്ലാ അനുഭവങ്ങളും വിവാഹം മുഖേന അനുവദനീയ മാര്‍ഗത്തിലൂടെ ഒരു മനുഷ്യന് ലഭിക്കുന്നു. മേല്‍പറഞ്ഞ ആഗ്രഹങ്ങളുടെ പൂര്‍ത്തീകരണത്തിന് സ്വീകരിക്കുന്നത് വിവാഹേതര ബന്ധങ്ങളും സംവിധാനങ്ങളുമാകുമ്പോള്‍ അത് സമൂഹത്തിന്റെ നാശത്തിന് കാരണമായേക്കും. അവിവാഹിതനെക്കുറിച്ച പ്രവാചക പരമാര്‍ശം സൂചിപ്പിക്കുന്നത് ഈ യാഥാര്‍ത്ഥ്യത്തിലേക്കാണ് ‘ സല്‍ക്കര്‍മികള്‍ക്ക് വേണ്ടി പിശാച് തെരഞ്ഞെടുക്കുന്ന ഏറ്റവും വലിയാ ആയുധം സ്ത്രീയാണ്. എന്നാല്‍ അവരില്‍ വിവാഹിതരാവട്ടെ അവര്‍ പരിശുദ്ധരും തെറ്റില്‍ നിന്ന് മാറിനില്‍ക്കുന്നവരുമാണ്’.
കുടുംബജീവിതത്തിനും ഇഛാപൂരണത്തിനും മറ്റൊരു സംവിധാനമാണ് മനുഷ്യന്‍ സ്വീകരിക്കുന്നതെങ്കില്‍ ഭൂമിയിലെ ഏറ്റവും വലിയ കുഴപ്പം അത് തന്നെയായിരിക്കുമെന്ന് നബി തിരുമേനി(സ) വ്യക്തമാക്കിയിരിക്കുന്നു. ‘മതബോധവും, സല്‍സ്വഭാവമുള്ള ആരെങ്കിലും നിങ്ങളിലുണ്ടെങ്കില്‍ അവരെ വിവാഹം കഴിപ്പിക്കുവിന്‍. അല്ലാത്തപക്ഷം ഭൂമിയില്‍ ഏറ്റവും കൊടിയ കുഴപ്പം നടമാടുന്നതാണ്’.
ഗ്രീക്ക്-റോമന്‍ നാഗരികതകളുടെ ചരിത്രം മേല്‍പറഞ്ഞതിന് സാക്ഷിയാണ്. കുത്തഴിഞ്ഞ ജീവിത സങ്കല്‍പത്തെതുടര്‍ന്നായിരുന്നുവല്ലോ അവയുടെ പതനം. നിലവിലുള്ള യൂറോപ്യന്‍ നാഗരികത നമുക്ക് മുന്നില്‍ ജീവിക്കുന്ന സാക്ഷ്യമാണ്. കുടുംബ തകര്‍ച്ചയും, ദാമ്പത്യപ്രശ്‌നങ്ങളും, അനാഥരായ മക്കളും അവിടെ സര്‍വസാധാരണമാണ്. തല്‍ഫലമായി രൂപപ്പെട്ട സാമൂഹിക അന്തരീക്ഷവും നാം ദിനേനെ കേട്ടുകൊണ്ടിരിക്കുന്നതുമാണ്. സ്‌നേഹത്തിനും കാരുണ്യത്തിനും വിശ്വാസത്തിനും പകരം വിദ്വേഷവും, വഞ്ചനയും, പരസ്പര സംശയവുമാണ് അവിടെ നടമാടിക്കൊണ്ടിരിക്കുന്നത്. ആസ്വാദനത്തിന്റെ സകല അതിരുകളും ഭേദിച്ചതിന് ശേഷം ഇനിയെന്ത് എന്നത് ഒരു ചോദ്യചിഹ്നമായി അവരുട മനസ്സില്‍ അവശേഷിച്ചിരിക്കുന്നു. ചില ആളുകള്‍ ദൈവത്തിലേക്കും, പള്ളികളിലേക്കും തിരിച്ച് വരുമ്പോള്‍ മറ്റ് ചിലര്‍ അഭയം തേടുന്നത് ആള്‍ദൈവങ്ങളിലേക്കും ആത്മീയ ഗുരുക്കളിലുമാണ്.

സാമൂഹ്യഘടനയുടെ ഭദ്രതയില്‍ ഇത്രത്തോളം പ്രാധാന്യമുള്ള വിഷയമാണ് നികാഹ് എന്നത് കൊണ്ടാണ് അക്കാര്യം പഠിപ്പിക്കുന്നതിന് വേണ്ടി പ്രവാചകന്‍മാരെ നിയോഗിച്ചത്. ആരാധനകളും, സല്‍ഗുണങ്ങളും പഠിപ്പിച്ച പ്രവാചകന്‍മാര്‍ വിവാഹം കഴിക്കുകയും, സന്താനങ്ങളെ വളര്‍ത്തുകയും ചെയ്തിരുന്നുവെന്ന് വിശുദ്ധവേദം (റഅ്ദ് 38) വിശദീകരിക്കുന്നു. മാത്രമല്ല, വിവാഹത്തെ കേവലം പുണ്യമുള്ള കര്‍മം എന്നതില്‍ നിന്നും മഹത്തായ ദൈവിക ദൃഷ്ടാന്തമായാണ് (അര്‍റൂം 21)ഖുര്‍ആന്‍ സമര്‍പ്പിക്കുന്നത്. രണ്ട് വ്യക്തികള്‍ അഥവാ സ്ത്രീയും പുരുഷനും പരസ്പര സമ്മതത്തോടെ നടത്തുന്ന സുദൃഢമായ കരാര്‍ ലോകത്ത് നന്മകള്‍ വിതക്കുന്ന, സമൂഹത്തിന്റെ ഭദ്രത ഉറപ്പ് വരുത്തുന്ന, കരുണയും സ്‌നേഹവും ചൊരിയുന്ന മഹത്തായ ദൃഷ്ടാന്തമാണെന്ന് ചുരുക്കം.

സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധത്തെയും മേല്‍സൂചിപ്പിച്ച ആയത്ത് നിര്‍ണയിക്കുന്നുണ്ട്. അവര്‍ തമ്മില്‍ സംഘട്ടനത്തിന്റെയോ, ശാക്തീകരണ ശ്രമത്തിന്റെ പേരില്‍ പര്‌സപര മത്സരത്തിന്റെയോ ബന്ധമല്ല അത്. മറിച്ച് പരസ്പര വിശ്വാസത്തിന്റെയും, ബഹുമാനത്തിന്റെയും ആദരവിന്റെയും അടിസ്ഥാനത്തിലാണ് വര്‍ത്തിക്കേണ്ടതെന്ന് ‘തന്നില്‍ നിന്ന് സൃഷ്ടിക്കപ്പെട്ട തന്റെ ഇണ’ എന്ന പ്രയോഗം സൂചിപ്പിക്കുന്നു.
കൂട്ടുത്തരവാദിത്തമുള്ള ഘടനയാണ് ദാമ്പത്യം. ഇണയുടെയും തുണയുടെയും അവകാശങ്ങളും ബാധ്യതകളും അവകാശങ്ങളും ധാരാളം പ്രമാണങ്ങളിലൂടെ വിശദീകരിക്കപ്പെട്ട കാര്യമാണ്. ഇക്കാര്യത്തിന്റെ ഗൗരവം സൂചിപ്പിക്കുന്ന ഒരേയൊരു പ്രവാചക വചനം ഇവിടെ ചേര്‍ക്കുകയാണ്. നബി തിരുമേനി(സ) പറയുന്നു ‘നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ കുടുംബത്തോട് ഏറ്റവും നന്നായി വര്‍ത്തിക്കുന്നവനാണ്’. ആണിനും പെണ്ണിനും, ഭാര്യക്കും ഭര്‍ത്താവിനും ഒരു പോലെ ബാധകമാവുന്ന രൂപത്തിലാണ് ഹദീസിന്റെ ഘടന. മുസ്‌ലിം ഉമ്മത്തിലെ ദമ്പതികള്‍, ഭാര്യാ-ഭര്‍ത്താക്കന്മാര്‍ ഈ ഹദീസ് കര്‍മജീവിതത്തിന്റെ അടിസ്ഥാനമാക്കി മാറ്റുന്ന പക്ഷം പുതിയൊരു തലമുറ പിറവി കൊള്ളുമെന്നതില്‍ സംശയമില്ല.

Related Articles