Current Date

Search
Close this search box.
Search
Close this search box.

കമ്പോളവല്‍ക്കരിക്കപ്പെടുന്ന റമദാന്‍

”മറീന കഫേ ഹോട്ടലില്‍ റമദാന്‍ മാസത്തില്‍ പ്രത്യേക ‘റമദാന്‍ ബഫേ’ നടക്കാന്‍ പോകുന്നു. എല്ലാവര്‍ഷവുമെന്ന പോലെ നൂറോളം വിഭവങ്ങള്‍ അണിനിരത്തിയാണ് ഇപ്രാവശ്യവും നോമ്പുതുറ ആഘോഷമാക്കാന്‍ മാരിനോ കഫേ ഒരുങ്ങുന്നത്. നോമ്പുതുറയോടൊപ്പം ഒഴുകിവരുന്ന പതിഞ്ഞ ഗസല്‍ സംഗീതവും മനസ്സിനെ ഭക്തിസാന്ദ്രമാക്കും. മുതിര്‍ന്നവര്‍ക്ക് 1600 രൂപയും കുട്ടികള്‍ക്ക് 800 രൂപയുമാണ് ഒരു നോമ്പുതുറയുടെ ചെലവ്.”

റജബ് മാസത്തിന്റെ അവസാന ദിവസം മലേഷ്യയിലെ ഒരു ദിനപത്രത്തില്‍ വന്ന പരസ്യമാണിത്. റമദാന്‍ അടുക്കുന്തോറും ‘റമദാന്‍’ എന്ന ലേബലില്‍ വസ്ത്രങ്ങളും കാര്‍പ്പറ്റുകളും നിസ്‌ക്കാരപ്പായകളും പഴവര്‍ഗങ്ങളും വിപണിയില്‍ സജീവമാകും. പള്ളിയിലോ വീട്ടിലോ വെച്ച് ലഘുവായ ഭക്ഷണം ഉപയോഗിച്ച് നോമ്പു തുറന്നിരുന്ന റമദാന്‍ നാളുകള്‍ ഇന്ന് നൂറോളം വിഭവങ്ങള്‍ അണിനിരക്കുന്ന ഭക്ഷ്യമേളകളായി മാറിയിരിക്കുന്നു. പ്രവാചകന്‍(സ) നോമ്പു തുറന്നിരുന്നത് ഏതാനും കാരക്കകള്‍ കൊണ്ടായിരുന്നു എന്നത് നമുക്ക് അറിവുള്ളതാണല്ലോ. ഖുര്‍ആന്‍ അവതീര്‍ണമായ പരിശുദ്ധ മാസമാണ് റമദാന്‍. തഖ്‌വ കൈവരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് റമദാനില്‍ നോമ്പു നിര്‍ബന്ധമാക്കിയതും. പ്രവാചകന്‍(സ) പഠിപ്പിച്ചത് പോലെ ആദം സന്തതിയുടെ എല്ലാ പ്രവര്‍ത്തനങ്ങളും അവനുള്ളതാണ്, നോമ്പൊഴികെ. നോമ്പ് അല്ലാഹുവിനുള്ളതാണ്, അതിന് പ്രതിഫലം നല്‍കുന്നതും അവനാണ്.

ആരാധനാകര്‍മങ്ങളില്‍ മുഴുകിക്കൊണ്ടായിരിക്കണം വിശ്വാസികള്‍ തഖ്‌വ കരസ്ഥമാക്കാന്‍ ശ്രമിക്കേണ്ടത്. ഇഫ്താറുകളെ ഭക്ഷ്യമേളകളാക്കി മാറ്റുന്ന കമ്പോളവല്‍ക്കരണത്തിന്റേതായ സംസ്‌കാരം ത്യാഗത്തിന്റെ റമദാന്‍ രാവുകളെ കൂടി കവരരുത്. പ്രവാചകന്‍ പറഞ്ഞത് പോലെ വിശപ്പും ദാഹവുമല്ലാതെ ചിലര്‍ക്ക് റമദാനില്‍ മറ്റൊന്നും ലഭിക്കാറില്ല. പകല്‍ അനുഭവിച്ച വിശപ്പിന്റെയും ദാഹത്തിന്റെയും പകരമായി രാത്രിയെ തീറ്റക്കായല്ല മാറ്റിവെക്കേണ്ടത്. വിശപ്പിലൂടെ ലഭിക്കുന്ന ആത്മീയ ഉണര്‍വിനെ വളര്‍ത്തി രാത്രി നമസ്‌കാരങ്ങളിലും പ്രാര്‍ത്ഥനകളിലും അതിന്റെ ഊര്‍ജം പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്.

ഭക്ഷണത്തിന്റെ ആഘോഷമല്ല റമദാന്‍. അത് നന്മയുടെയും സമര്‍പ്പണത്തിന്റെയും മാസമാണ്. ധൂര്‍ത്തും ദുര്‍വ്യയവും ഭക്ഷണപ്രിയതയും അകറ്റിനിര്‍ത്താനാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. പ്രവാചകന്‍(സ) പഠിപ്പിച്ചു: ”സ്വന്തം വയറിനേക്കാള്‍ മോശമായ ഒരു പാത്രവും മനുഷ്യന്‍ നിറക്കുന്നില്ല”, മനുഷ്യന് തന്റെ ജീവന്‍ നിലനിര്‍ത്താന്‍ കുറഞ്ഞ അളവ് ഭക്ഷണം മതിയാകും. വയറിനെ മൂന്ന് ഭാഗങ്ങളായി തിരിക്കുകയാണെങ്കില്‍ ഒരു ഭാഗം ഭക്ഷണത്തിനും രണ്ടാമത്തെ ഭാഗം വെള്ളവും മൂന്നാമത്തെ ഭാഗം ഒഴിച്ചിടുകയുമാണ് വേണ്ടത്. വയറു നിറയെ തിന്നുക എന്നത് മനുഷ്യന്റെ ദേഹേച്ഛയാണ്. ചിലരാകട്ടെ മൂക്കുമുട്ടെ തിന്നുകയും തറാവീഹ് നമസ്‌കാരങ്ങള്‍ പോലും നിര്‍വഹിക്കാനാവാത്ത വിധം അലസരായിപ്പോകാറുണ്ട്. എന്നാല്‍ ഇസ്‌ലാം അതിനെ നിയന്ത്രിക്കാനും ആരോഗ്യകരമായ ഭക്ഷണരീതിയെ കുറിച്ച് പഠിപ്പിക്കുകയും ചെയ്യുന്നു. നോമ്പ് ഒരു പരിചയാണെന്ന് പഠിപ്പിച്ചത് തിന്മകളില്‍ നിന്നും തെറ്റായ വിചാരങ്ങളില്‍ നിന്നും മാത്രമല്ല, രോഗങ്ങളില്‍ നിന്ന് കൂടിയാണ്. നോമ്പ് ശാരീരികമായി കൂടി മനുഷ്യനെ സംസ്‌കരിക്കുന്നതിനുള്ള ഉപകരണമാണ്.

തീന്‍മേശ നിറയെ ഭക്ഷണപലഹാരങ്ങള്‍ നിരത്തിവെച്ചാണ് പല വീട്ടുകാരും നോമ്പ് തുറക്കാനിരിക്കുന്നത്. എന്നാല്‍ ഈ ഭക്ഷണ വിഭവങ്ങളിലധികവും പാഴായിപ്പോവുകയാണ് പതിവ്. റമദാനില്‍ ഇങ്ങനെ പാഴാകുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ 2 ലക്ഷം ടണ്ണോളം വരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ലോകത്തെ 180 മില്യണ്‍ ജനങ്ങളെ ഭക്ഷിപ്പിക്കാന്‍ ഇത് ധാരാളമാണ് എന്നോര്‍ക്കുക. ലോകത്ത് നിരവധി രാജ്യനിവാസികളും ജനവിഭാഗങ്ങളും വിശപ്പിനാലും ക്ഷാമത്താലും വലയുന്നു എന്നറിഞ്ഞിട്ടും നമ്മുടെ ഭക്ഷണശീലങ്ങളെ നിയന്ത്രിക്കാന്‍ നമുക്കാകുന്നില്ല. നമ്മള്‍ കഴിക്കുന്നത് എത്ര എന്നതിനേക്കാള്‍ എത്ര പാഴാകുന്നു എന്നാണ് ശ്രദ്ധിക്കേണ്ടത്. പാഴാകാത്ത തരത്തില്‍ മിതമായ അളവില്‍ മാത്രം പാകം ചെയ്യുക. തീര്‍ച്ചയായും അല്ലാഹു ധൂര്‍ത്തന്മാരെ ഇഷ്ടപ്പെടുന്നില്ല.

ടി.വി ചാനലുകളും പരിപാടികളും സജീവമാകുന്ന ഒരു സീസണ്‍ കൂടിയായി റമദാന്‍ മാറിക്കൊണ്ടിരിക്കുന്നു. മുന്‍കാലങ്ങളില്‍ റമദാനിലെങ്കിലും ടി.വിയും മറ്റ് വിനോദോപാദികളും നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ റമദാന്‍ സ്‌പെഷ്യല്‍ പാചക പരിപാടികളും പ്രശ്‌നോത്തരികളും ഷോകളും പരസ്യങ്ങളും വരെ ഇന്ന് ചാനലുകള്‍ ഉള്‍പ്പെടുത്തുന്നു. പകല്‍ മുഴുവന്‍ നോമ്പ് നോല്‍ക്കുന്ന സ്ത്രീ-പുരുഷന്മാര്‍ രാത്രിയായാല്‍ ഇത്തരം ടി.വി ഷോകള്‍ക്ക് മുന്നിലാണ്. രാത്രിയേറെ വൈകിയും നീളുന്ന ഇത്തരം പരിപാടികള്‍ രാവിലെ സുബ്ഹി പോലും നഷ്ടപ്പെടുന്ന തരത്തിലേക്ക് മാറിക്കഴിഞ്ഞു. റമദാന്‍ എന്നത് ഇന്നൊരു മാര്‍ക്കറ്റിംഗ് ലേബലാണ്. വിപണിയില്‍ വളരെയേറെ മൂല്യമുള്ള ഒരു പരസ്യവാചകമാക്കി റമദാനിനെ വളര്‍ത്തിക്കൊണ്ടു വരുന്നതില്‍ റമദാനിന്റെ പുണ്യം തേടുന്ന വിശ്വാസികള്‍ക്കും വലിയ പങ്കുണ്ട്. റമദാനിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യം മനസ്സിലാക്കിയിട്ടുണ്ടെങ്കില്‍ ഇത്തരം ഭൗതിക ഭ്രമങ്ങള്‍ ഒരിക്കലും നമ്മെ പിടികൂടുകയില്ല. റമദാനിനെ വില്‍പ്പനച്ചരക്കാക്കുന്നതിന് കൂട്ടുനില്‍ക്കുന്നതിന് പകരം ആരാധനാകര്‍മങ്ങളിലൂടെ അല്ലാഹുവിലേക്ക് അടുക്കാനും വിശുദ്ധ ഖുര്‍ആനിന്റെ ആശയതലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനുമാണ് റമദാന്‍ ഉപയോഗപ്പെടുത്തേണ്ടത്.

വിവ: അനസ് പടന്ന

Related Articles