Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാം വ്യാപിച്ചത് വാളിന്റെ തണലിലോ?

യൂറോപിലെ മാര്‍പ്പാപ്പ ബെനഡിക്ട് പതിനാറാമന്‍ ഉള്‍പ്പെടെയുള്ള മതനേതാക്കള്‍ പ്രചരിപ്പിച്ചിട്ടുള്ള ഒന്നാണ് ലോകത്ത് ഇസ്‌ലാം വ്യാപിച്ചത് വാളുകൊണ്ട് മാത്രമാണെന്നുള്ളത്. സൈനിക ശക്തികൊണ്ടാണ് അതിന്റെ ആദര്‍ശത്തിന് ആളുകളെ കീഴ്‌പ്പെടുത്തിയതെന്നും, അതില്ലായിരുന്നുവെങ്കില്‍ ഹൃദയങ്ങള്‍ അതിന് മുമ്പില്‍ തുറക്കുകയോ മനസുകള്‍ അതിനെ തൃപ്തിപ്പെടുകയോ ചെയ്യില്ലായിരുന്നുവെന്നും, വാള്‍മുനയില്‍ നിര്‍ത്തി ഒന്നുകില്‍ ഇസ്‌ലാം തെരെഞ്ഞെടുക്കുക അല്ലെങ്കില്‍ മരിക്കുക എന്നുപറഞ്ഞ് നിര്‍ബന്ധിക്കുകയായിരുന്നുവെന്നാണ് അവര്‍ പറയുന്നത്.

‘വാളു കൊണ്ട് തന്റെ ആശയം പ്രചരിപ്പിക്കാന്‍ കല്‍പ്പിച്ചത് പോലുള്ള പൈശാചികവും മനുഷ്യത്വ രഹിതവുമായ എന്ത് പുതിയ കാര്യമാണ് മുഹമ്മദ് പുതുതായി കൊണ്ട് വന്നിട്ടുള്ളതെന്ന് നിങ്ങള്‍ കാണിച്ച് തരൂ’ ബൈസാന്റിയന്‍ ചക്രവര്‍ത്തിയിലേക്ക് ചേര്‍ത്ത് പറഞ്ഞ് ഈ ഉദ്ധരണിയാണ് പോപ്പ് ബെനഡിക്ട് പറഞ്ഞത്. ഇസ്‌ലാമിന്റെ അധ്യാപനങ്ങള്‍ മനസിലാക്കുന്ന ഒരാള്‍ക്ക് ഇത് കള്ളവും കെട്ടുകഥയുമാണെന്ന് മനസിലാക്കാന്‍ പ്രയാസമില്ല. ചരിത്രസംഭവങ്ങളും അതിനെ അംഗീകരിക്കുന്നില്ല. നിഷ്പക്ഷമതികളായ ഓറിയന്റലിസ്റ്റ് ചരിത്രകാരന്‍മാര്‍ പോലും അതിനെ നിഷേധിച്ചിട്ടുണ്ട്.

ഇസ്‌ലാം സ്വീകരിക്കാന്‍ ഒരാളെ നിര്‍ബന്ധിക്കുന്നതിനെ ഇസ്‌ലാം വളരെ ഖണ്ഡിതമായി തന്നെ വിരോധിച്ചിട്ടുണ്ട്. അല്ലാഹു ഖുര്‍ആനിലൂടെയത് വ്യക്തമാക്കുന്നു. ‘മതകാര്യത്തില്‍ ഒരുവിധ ബലപ്രയോഗവുമില്ല. നന്മതിന്മകളുടെ വഴികള്‍ വ്യക്തമായും വേര്‍തിരിഞ്ഞുകഴിഞ്ഞിരിക്കുന്നു.’ (2:256)

മറ്റൊരിടത്ത് ഖുര്‍ആന്‍ ചോദിക്കുന്നു: ‘നിന്റെ നാഥന്‍ ഇച്ഛിച്ചിരുന്നെങ്കില്‍ ഭൂമിയിലുള്ളവരൊക്കെയും സത്യവിശ്വാസം സ്വീകരിക്കുമായിരുന്നു. എന്നിരിക്കെ ജനങ്ങള്‍ വിശ്വാസികളാകാന്‍ നീ അവരെ നിര്‍ബന്ധിക്കുകയോ?’ (10:99)
‘നിങ്ങള്‍ക്കത് ഇഷ്ടമില്ലാതിരിക്കെ നിങ്ങളതംഗീകരിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിക്കുകയോ?’ (11:28)
ഒന്നുകില്‍ ഇസ്‌ലാം അല്ലെങ്കില്‍ വാള്‍ ഇവയിലൊന്ന് തിരെഞ്ഞെടുക്കാന്‍ നിര്‍ബന്ധിച്ചു എന്നുള്ള ആരോപണവും കള്ളം തന്നെയാണ്. ഇസ്‌ലാമിക നിയമങ്ങളും ചരിത്ര സംഭവങ്ങളും അത് വ്യക്തമാക്കുന്നു. ഒരു വിഭാഗത്തിനെതിരെ യുദ്ധം ചെയ്യാനുറച്ചാല്‍ അവര്‍ക്ക് മുന്നില്‍ മൂന്ന് കാര്യങ്ങളായിരുന്നു മുസ്‌ലിംകള്‍ മുന്നോട്ട് വെച്ചിരുന്നത്. ഇസ്‌ലാം സ്വീകരിക്കല്‍, ജിസ്‌യ നല്‍കല്‍, യുദ്ധം എന്നീ മൂന്നുകാര്യങ്ങളായിരുന്നു അവ. യുദ്ധം ചെയ്യാന്‍ കഴിവുള്ളവരില്‍ നിന്ന് വാങ്ങിയിരുന്ന ചെറിയ സംഖ്യയായിരുന്നു ജിസ്‌യ എന്നത്. അത് സ്ത്രീകള്‍, കുട്ടികള്‍, വൃദ്ധര്‍, അന്ധര്‍, ദരിദ്രര്‍, ആശ്രമത്തില്‍ സന്യസിക്കുന്നവര്‍ തുടങ്ങിയവ വിഭാഗങ്ങളെയൊന്നും ജിസ്‌യയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ആളുകളുടെ കഴിവനുസരിച്ച് സംഖ്യയുടെ തോതിലും മാറ്റമുണ്ടായിരുന്നു. അത് വാങ്ങിയിരുന്നത് അവരെ സംരക്ഷിക്കുന്നതിനും അവര്‍ക്ക് വേണ്ടി പ്രതിരോധിക്കുന്നതിനും പകരമായിട്ടാണ്. സ്വന്തം ആദര്‍ശം ഉപേക്ഷിച്ച് ഇസ്‌ലാം സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍ ഭാരിച്ച ഒന്നായിരുന്നില്ല അത്.
ഇന്ന് നാം കാണുന്ന പല ഇസ്‌ലാമിക രാഷ്ട്രങ്ങളിലും ഇസ്‌ലാം എത്തിയത് മുസ്‌ലിം സൈന്യത്തിന്റെ പ്രവര്‍ത്തനത്തിലൂടെയല്ല. മറിച്ച് അവിടെയെത്തിയ കച്ചവടക്കാരും അല്ലാത്തവരുമായവരുടെ പെരുമാറ്റത്തിന്റെ സ്വാധീനത്തിലൂടെയായിരുന്നു. അവര്‍ പണ്ഡിതന്‍മാരോ പ്രഫഷണല്‍ പ്രബോധകരോ ആയിരുന്നില്ല. അവരുടെ വിശ്വാസത്തിലെ സത്യസന്ധതയും സല്‍സ്വഭാവവും ആളുകള്‍ക്ക് നന്മകാംക്ഷിക്കലുമെല്ലാം അവരുടെ സ്വഭാവമായിരുന്നു. ഈ മാതൃകകള്‍ കണ്ടാണ് അവര്‍ ഒറ്റക്കും കൂട്ടായും ഇസ്‌ലാമിലേക്ക് വന്നത്. ഇപ്രകാരമായിരുന്നു മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പീന്‍ പോലുള്ള നാടുകളില്‍ യമനിലെ ഹദറമൗത്ത് പോലുള്ള സ്ഥലങ്ങളില്‍ നിന്ന് വന്ന കച്ചവട സംഘങ്ങളിലൂടെയാണ് ഇസ്‌ലാം പ്രചരിച്ചത്.
സൂഫി മാര്‍ഗങ്ങളിലൂടെ ഇസ്‌ലാം വ്യാപിച്ച വളരെയധികം നാടുകള്‍ ആഫ്രിക്കയിലുണ്ട്. മുസ്‌ലിങ്ങളുമായുള്ള ഇടപെടലുകളിലെ സ്വഭാവവും പെരുമാറ്റവും ചിന്തകളും സ്വാധീനിക്കുകയായിരുന്നു. സൈന്യം പ്രവേശിച്ചിട്ടുള്ള നാടുകളില്‍ തന്നെ എല്ലാ ഗ്രാമങ്ങളിലും പട്ടണങ്ങളിലും കടന്ന് കയറുകയായിരുന്നില്ല, തലസ്ഥാനത്തും അതിര്‍ത്തിയിലും മാത്രമായിരുന്നു.
ഇന്ത്യന്‍ ഉപഭൂഘണ്ഡത്തില്‍ തന്നെ വളരെ പരിമിതമായ വൃത്തത്തില്‍ മാത്രമായിരുന്നു മുസ്‌ലിം സൈന്യം പ്രവേശിച്ചത്. എന്നാല്‍ ഇന്ത്യന്‍ ഉപഭൂഘണ്ഡത്തില്‍ വളരെ വിശാലമായ രൂപത്തിലാണ് ഇസ്‌ലാം വ്യാപിച്ചത്. അതിന്റെ പ്രബോധനം അതിന്റെ തെക്കും വടക്കും പടിഞ്ഞാറും കിഴക്കുമെല്ലാം വ്യാപിച്ചു. അതിന്റെ ഫലമായിട്ട് രണ്ട് മുസ്‌ലിം രാഷ്ട്രങ്ങള്‍ പ്രദേശത്ത് രൂപപ്പെടുകയും ചെയ്തു. ഇന്തോനേഷ്യ കഴിഞ്ഞാല്‍ ഏറ്റവുമധികം മുസ്‌ലിങ്ങള്‍ അധിവസിക്കുന്നത് ഇന്ത്യയിലാണെന്നതും ശ്രദ്ധേയമായ കാര്യമാണ്.
വാള്‍ മനസുകളെ കീഴ്‌പ്പെടുത്തില്ല
ഇസ്‌ലാം വളരെ പെട്ടന്ന് വ്യാപിച്ചതിന് കാരണമായി ഓറിയന്റലിസ്റ്റുകള്‍ നിരത്തുന്ന പ്രധാന ന്യായമാണ് വാളുകൊണ്ട് പ്രചരിപ്പിച്ചുവെന്നത്. അതിന്‍രെ ശക്തിക്ക് മുമ്പില്‍ നിര്‍ബന്ധിതരായി ഇസ്‌ലാമിലേക്ക് വരികയായിരുന്നു അവര്‍ എന്നാണവരുടെ വാദം. എന്നാല്‍ ഇത്തരം വാദക്കാരോട് നമുക്ക് പറയാനുള്ളത്, വാളുകൊണ്ട് ഒരു നാട് ജയിച്ചടക്കാന്‍ കഴിഞ്ഞേക്കാം എന്നാല്‍ ഹൃദയങ്ങളെ കീഴ്‌പ്പെടുത്താന്‍ അതിന് ശക്തിയില്ല എന്നാണ്. ഹൃദയത്തിന്റെ പൂട്ടുകള്‍ തുറക്കുന്നതിനും ബുദ്ധിയെ തൃപ്തിപ്പെടുത്തുന്നതിനും മനുഷ്യമനസിനെ സ്വാധീനിക്കുന്നതിനും മറ്റു പ്രവര്‍ത്തനങ്ങളാണ് വേണ്ടത്. ഒരാളുടെ പിരടിയില്‍ വെക്കുന്ന വാള്‍ അത് പിടിച്ചിരിക്കുന്ന ആളിന്റെ ക്ഷണം സ്വീകരിക്കുന്നതിന് തടസ്സമായി മാറുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. തന്നെ നിന്ദിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്യുന്ന ഒന്നിനെ വെറുക്കുക എന്നതാണ് മനുഷ്യന്റെ പ്രകൃതം.
മുസ്‌ലിങ്ങള്‍ ജയിച്ചടക്കിയ പ്രദേശങ്ങളില്‍ വളരെയധികം കാലങ്ങള്‍ക്ക് ശേഷമാണ് ഇസ്‌ലാം വ്യാപിച്ചിട്ടുള്ളത്. ഇസ്‌ലാമിന്റെ വ്യാപന ചരിത്രം വിശദമായി പഠിക്കുന്ന ഒരാള്‍ക്ക് ഇക്കാര്യം വളരെയെളുപ്പം വ്യക്തമാകും. ജനങ്ങള്‍ക്കും പ്രബോധനത്തിനുമിടയിലെ തടസ്സം നീങ്ങാന്‍ സമയമെടുത്തു എന്നാണത് കാണിക്കുന്നത്. വാളിന്റെയും കുന്തത്തിന്റെയും ഇരമ്പലുകള്‍ നീങ്ങി സമാധാനപരമായ ഒരു അന്തരീക്ഷം വന്നപ്പോള്‍ മാത്രമാണവര്‍ മുസ്‌ലിങ്ങളിലേക്ക് അടുത്തതും മനസിലാക്കിയതും. മുസ്‌ലിങ്ങള്‍ക്ക് തങ്ങളുടെ സ്രഷ്ടാവിനോടും സ്വന്തത്തോടും സഹസൃഷ്ടികളോടുമുള്ള പെരുമാറ്റം അവര്‍ കാണുകയും അത്തരം ശ്രേഷ്ഠഗുണങ്ങള്‍ മുസ്‌ലിങ്ങള്‍ക്ക് പകര്‍ന്നു നല്‍കിയ ആദര്‍ശത്തോട് അവര്‍ അടുക്കുകയും ചെയ്തു.
ഈജിപ്തിന്റെ ചരിത്രത്തിലേക്ക് നമുക്ക് നോക്കാം. ഖലീഫ ഉമര്‍ ബിന്‍ ഖത്താബിന്റെ കാലത്താണ് ഈജിപ്ത് ജയിച്ചടക്കിയത്. പിന്നെയും വര്‍ഷങ്ങളോളം അവിടത്തുകാര്‍ അവര്‍ ഉണ്ടായിരുന്ന ക്രിസ്തുമതത്തില്‍ തന്നെ തുടരുകയായിരുന്നു. അവിടെ ഒറ്റയും തെറ്റയുമായിട്ടായിരുന്നു ആളുകള്‍ ഇസ്‌ലാമിലേക്ക് വന്നിരുന്നത്. അവിടത്തെ ഗവര്‍ണ്ണറായിരുന്ന അംറ് ബിന്‍ ആസ്വിന്റെ മകനെതിരെ പ്രതികാര നടപടി സ്വീകരിച്ച ഉമര്‍(റ) നീതിക്ക് ദൃക്‌സാക്ഷിയായിട്ട് പോലും പ്രസ്തുത ഖിബ്ത്വി വംശജന്‍ ഇസ്‌ലാം സ്വീകരിച്ചിരുന്നില്ല.
പ്രമുഖ ഗ്രന്ഥകാരനായ അബ്ബാസ് അഖാദ് അദ്ദേഹത്തിന്റെ പല രചനകളിലും ഈ വ്യാജാരോപണത്തെ വിമര്‍ശിക്കുന്നുണ്ട്. അദ്ദേഹം പറയുന്നു: ‘ഇസ്‌ലാം വാളിന്റെ മതമാണെന്നുള്ള പ്രചരണമുണ്ട്. സായുധ സമരം ഉള്‍പ്പെടെയുള്ള ജിഹാദ് നിര്‍ബന്ധമാക്കിയ മതമെന്ന അര്‍ത്ഥമാണ് അതുകൊണ്ടുദ്ദേശിക്കുന്നതെങ്കില്‍ അത് ശരി തന്നെ. എന്നാല്‍ ഇസ്‌ലാം പ്രചരിച്ചത് വാളുകൊണ്ടാണെന്നോ അല്ലെങ്കില്‍ ആളുകളെ തൃപ്തനാക്കുന്നതിന് പകരം യുദ്ധത്തെയാണ് സ്വീകരിച്ചിരിക്കുന്നുവെന്നോ പറയുന്നുവെങ്കില്‍ അത് തികഞ്ഞ പൊള്ളത്തരമാണ്.’
പ്രമുഖ പാശ്ചാത്യന്‍ എഴുത്തുകാരനായ തോമസ് കാര്‍ലൈല്‍ തന്റെ ‘Heros and Her-worship’ എന്ന പുസ്തകത്തില്‍ ഈ വാദത്തെ ബുദ്ധിപരമായി തന്നെ കൈകാര്യം ചെയ്യുന്നുണ്ട്. അദ്ദേഹം മുഹമ്മദ് നബി(സ) ഒരു ഹീറോ ആയിട്ടാണ് കാണുന്നത്. അതിന്റെ ഉദ്ദേശ്യം അദ്ദേഹം വ്യക്തമാക്കുന്നു ‘തന്റെ പ്രബോധനത്തിന് ജനങ്ങളുത്തരം നല്‍കാന്‍ അദ്ദേഹം വാളിനെ ആശ്രയിച്ചു എന്നുള്ള ആരോപണം യുക്തിക്ക് നിരക്കാത്ത പരമാബദ്ധമാണ്. തന്റെ പ്രബോധനം സ്വീകരിക്കാത്തവരെ കൊല്ലുന്ന ഒരാള്‍ പ്രസിദ്ധനായി മാറുകയെന്നത് മനസിലാക്കാന്‍ കഴിയാത്ത കാര്യമാണ്.’
അഖാദ് പറയുന്നു: ഇസ്‌ലാമിക പ്രബോധനത്തിന്റെ ചരിത്രം യാഥാര്‍ത്ഥ്യം എന്താണെന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട്. മക്കയില്‍ ബഹുദൈവാരാധകരുടെ ദ്രോഹങ്ങള്‍ പ്രതിരോധിക്കാന്‍ കഴിയാത്ത ഘട്ടത്തില്‍ മുസ്‌ലിംകള്‍ പീഢനത്തിനും മര്‍ദ്ധനത്തിനും ഇരകളായിരുന്നു. അവര്‍ തങ്ങളുടെ വീടും നാടും വെടിയേണ്ടി വന്നു. എത്രത്തോളമെന്നാല്‍ അവര്‍ അബീസീനിയയിലേക്ക് പലായനം ചെയ്യേണ്ടി വന്നു.
മുസ്‌ലിംകള്‍ അബീസീനിയക്കാരുമായി യുദ്ധം ചെയ്യുകയല്ല ചെയ്തത് അവരുമായി സന്ധിയിലേര്‍പ്പെടുകായിരുന്നുവെന്നും അഖാദ് വ്യക്തമാക്കുന്നുണ്ട്. യുദ്ധം ചെയ്തത് റോം, പേര്‍ഷ്യ എന്നീ സാമ്രാജ്യങ്ങളോടായിരുന്നു. അവര്‍ മുസ്‌ലിങ്ങളെ അക്രമിച്ചു എന്ന കാരണത്താലായിരുന്നു അത്. നബി(സ) പ്രസ്തുത നാടുകളിലുള്ളവരോട് ശത്രുത പുലര്‍ത്തിയിരുന്നില്ല. മറിച്ച് അവിടത്തെ ഭരണാധികാരികളെയും ഉദ്യോഗസ്ഥരെയും വളരെ നല്ല രൂപത്തില്‍ പ്രബോധനം നടത്തുകയായിരുന്നു. പ്രസ്തുത പ്രബോധനത്തിന് ശേഷം അവരോട് യുദ്ധം ചെയ്യുകയല്ല ചെയതത്. ഇറാഖിലെയും ശാമിലെയും അറബ് ഗോത്രങ്ങളെ യുദ്ധത്തിലേക്ക് വലിച്ചിഴക്കുകയും മുസ്‌ലിങ്ങളുമായുള്ള യുദ്ധത്തിന് ഒരുക്കങ്ങള്‍ നടത്തുകയും ചെയ്തപ്പോള്‍ മാത്രമാണ് അവരോട് യുദ്ധം ചെയ്തിട്ടുള്ളത്.
വിവ: അഹ്മദ് നസീഫ് തിരുവമ്പാടി

Related Articles