Current Date

Search
Close this search box.
Search
Close this search box.

ഇസ്ലാമോഫോബുകളുടെ പിച്ചും പേയും

ജിഹാദി ഭീകരതയെകുറിച്ച് എഴുതുമ്പോള്‍ എന്തുമാവാമെന്നാണ്. കള്ളസാക്ഷ്യങ്ങള്‍, അര്‍ധസത്യങ്ങള്‍, അനാവശ്യ പരാമര്‍ശങ്ങള്‍. എല്ലാം പേര് വെളിപ്പെടുത്താത്ത സ്രോതസ്സുകളില്‍ നിന്ന് ലഭിക്കുന്നതും. ഇസ്‌ലാം വിദ്വേഷം തലക്ക് പിടിച്ചവരുടെ പിച്ചും പേയും (islamo-babble) എന്നേ ഇതിനെ കുറിച്ച് പറയാനാവൂ. കഴിഞ്ഞാഴ്ച അബൂ ജന്‍ദല്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് വന്ന റിപ്പോര്‍ട്ടുകള്‍ ഈ ഇനത്തിലാണ് ചേര്‍ക്കേണ്ടത്. നമ്മുടെ ഒരു ദേശീയ പത്രത്തില്‍ ഇത് സംബന്ധമായി ഒരു മാസ്റ്റര്‍പീസ് വന്നിട്ടുണ്ട്. ലഷ്‌കറെ ത്വൈബ ഗ്രൂപ്പിന്റെ ഒരു ഭ്രാന്തന്‍ കോഡ് തങ്ങള്‍ ‘ഡീ കോഡ്’ ചെയ്തു എന്നാണതില്‍ അവകാശപ്പെടുന്നത്. ശ്വാസം പിടിച്ച് ഇരുന്നോളണം. കോഡ് എന്നതാണെന്ന് അറിയേണ്ടേ, അബൂ! അധിക ലഷ്‌കറെകാരനും തന്റെ പേരിനൊപ്പം അബു എന്ന അധികപേര് കൊണ്ട് നടക്കുന്നവരാണ്. അബൂ ജന്‍ദല്‍, അബൂഹംസ, അബൂ മുജാഹിദ് എന്നിങ്ങിനെ…ഭീകരതയുടെ ഈ വിശകലനത്തിന്റെ പേരുകള്‍ ചെന്നു നില്‍കുന്നത് സെപ്തംബര്‍ 11ന് ശേഷമുള്ള അമേരിക്കയിലാണ്. ഉമ്മ, കാഫിര്‍ പോലുള്ള വാക്കുകള്‍ ‘വിദഗ്ദര്‍’ നാല് പാടും ചീറ്റിയെറിയുകയാണ്. ഈ വാക്കുകള്‍ മാത്രയില്‍ താടി വളര്‍ത്തിയവനും തൊപ്പി ധരിച്ചവനും സ്വയം പൊട്ടിത്തെറിക്കാന്‍ ഒരുങ്ങി നില്‍ക്കുകയാണെന്ന പ്രതീതിയാണ് ഇവര്‍ ഉണ്ടാക്കുന്നത്.

ഇതൊരു മുസ്്‌ലിം പത്രപ്രവര്‍ത്തകന്റെ പരിദേവനമല്ല. നേരത്തെ പറഞ്ഞ മാധ്യമപ്രവര്‍ത്തകരോടൊപ്പമുള്ള ഒരാളുടെ വാക്കുകളാണ്. മീഡിയാ കുതന്ത്രങ്ങളെ കുറിച്ച് നന്നായി അറിയുന്ന ഡെയ്‌ലി മിറര്‍ ലേഖകന്‍ ആദിതല മേനോന്റെ വാക്കുകള്‍. ജൂലൈ 2 ന് പ്രസിദ്ധീകരിച്ച ഈ കുറിപ്പില്‍ അന്വേഷണത്തിന്റെ പേരില്‍ എന്താണ് നടന്നുകൊണ്ടിരിക്കുന്നത് എന്നതിന്റെ പച്ചയായ ചിത്രമുണ്ട്.
മുസ്്‌ലിം വിദ്യാസമ്പന്നര്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും ഇതേ കുറിച്ച് നേരത്തെ അറിവുണ്ടെങ്കിലും അവര്‍ തങ്ങളുടെ പ്രതിഷേധം ഉറുദു പത്രങ്ങളില്‍ കോളമെഴുതി പ്രകടിപ്പിക്കാറാണ് പതിവ്. പിന്നീടാണ് പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ മാര്‍കണ്ഡേയ കട്ജു ഇതേ കുറിച്ച് പൊട്ടിത്തെറിച്ചതും. അതേ വികാരം ഇതാദ്യമായി ഒരു ഇംഗ്ലീഷ് പത്രപ്രവര്‍ത്തകന്‍ പങ്ക് വെക്കുന്നതും. തന്റെ സഹപ്രവര്‍ത്തകര്‍ എന്താണ് ചെയ്യുന്നതെന്നതിന്റെ ഒരേറ്റു പറച്ചിലാണിത്. മുഖ്യധാരാമീഡിയയുടെ അകത്ത് നിന്നുള്ള സാക്ഷ്യം. മനസ്സാക്ഷിയുടെ ശബ്ദമായി ഇതിനെ കാണാം.
ഇവിടെ എന്ത് കലാപമുണ്ടായാലും ആദ്യം മീഡിയ ചില മുസ്ലിം വ്യക്തികളുടെയും സംഘടനകളുടെയും പേര് പറയും. എന്നിട്ട് കള്ളങ്ങള്‍ മല പോലെ കുമിച്ച് കൂട്ടി ഒരു കഥ മെനയും. ടി.വിയിലെ പുരാണ സീരിയലുകളില്‍ മാത്രമേ ഇമ്മട്ടിലുള്ള ഒരു കഥ മെനയല്‍ നാം വേറെ കണുന്നുള്ളൂ.
ആദിതല മേനോനെ പോലെ മനസ്സാക്ഷിയുള്ള ചിലരെങ്കിലും ഇംഗ്ലീഷ് പത്രപ്രവര്‍ത്തനരംഗത്ത് ഉണ്ടെന്നത് ആശ്വാസകരമാണ്. പക്ഷെ, അദ്ദേഹവും അദ്ദേഹത്തെ പോലുള്ള മറ്റു പത്രപ്രവര്‍ത്തകരും മനസ്സിലാക്കേണ്ട ഒരു വസ്തുതയുണ്ട്. ജിഹാദീ ഭീകരത, ഇസ്്‌ലാമിക ഭീകരത പോലുള്ളവയൊന്നും അറബ് ലോകത്ത് നിലനില്‍ക്കുന്നില്ല. ഇതൊക്കെ ഇസ്്‌ലാമിനെയും മുസ്്‌ലിംകളെയും താറടിക്കാന്‍ വ്യാജറിപ്പോര്‍ട്ടുകള്‍ പടച്ച് വിടുന്നവര്‍ ഇറക്കുന്ന വേലകളാണ്. ആദിതല തന്നെ പറഞ്ഞത് പോലെ, ഈ കുപ്രചാരണങ്ങളുടെയെല്ലാം അടിവേര് കിടക്കുന്നത് അമേരിക്കയിലാണ്. അമേരിക്കല്‍ കാമ്പയിനിന്റെ ഭാഗമായെ ഇവിടുത്തെ സംഭവങ്ങളെയും കാണാനാകൂ.
റിപ്പോര്‍ട്ടില്‍ വരുന്ന അജ്ഞാത സ്രോതസ്സുകളെ കുറിച്ച് ഞങ്ങളെക്കാള്‍ കൂടുതല്‍ ആദിതലക്ക് തന്നെ അറിയാമാല്ലോ.
പോലീസിന്റെയും രഹസ്യാന്വേഷണ വിഭാഗങ്ങളെയും ഏജന്റുമാരല്ലാതെ മറ്റാരുമല്ല അവര്‍. ഇവരെല്ലാം ചേര്‍ന്നാണ് ഈ കാമ്പയിന്‍ മുന്നോട്ട് നയിക്കുന്നത്. ആദിതല മേനോനെ പോലുള്ള പത്രപ്രവര്‍ത്തകര്‍ ഈയൊരു ലൈനില്‍ അന്വേഷണം മുന്നോട്ട് കൊണ്ട് പോവുകയാണെങ്കില്‍ കണ്ണ് തുറപ്പിക്കുന്ന പല സത്യങ്ങളും അവര്‍ക്ക് മുമ്പില്‍ വെളിപ്പെടുമെന്ന് തീര്‍ച്ച. ലോകവ്യാപകമായി നടക്കുന്ന കുപ്രചാരണങ്ങളുടെ നിജസ്തിഥിയും അങ്ങനെ പുറത്ത് വരും. വിശ്വസിക്കാന്‍ കൊള്ളാത്ത പത്രപ്രവര്‍ത്തകരുടെ പിന്നാമ്പുറ കഥകളും ആദിതല പുറത്തുകൊണ്ടുവരുമെന്ന് തന്നെയാണ് നാം പ്രതീക്ഷിക്കുന്നത്
(ദഅ്‌വത്ത് ത്രൈദിനം 2012 ജൂലൈ 8)
വിവ. അഷ്‌റഫ് കീഴുപറമ്പ്‌

Related Articles