Current Date

Search
Close this search box.
Search
Close this search box.

ഇത്ര മധുരിക്കുമോ പ്രേമം..?

love-together.jpg

കൗമാര യൗവ്വനങ്ങളെ കാത്തിരിക്കുന്ന മധുവസന്തമാണ് പ്രേമം. ഒപ്പം അത് വമ്പിച്ചൊരു പരീക്ഷണവുമാകുന്നു. പ്രണയ വര്‍ണങ്ങളുടെ രുചി ഭേദങ്ങളും മധുരനൊമ്പരങ്ങളും ആസ്വദിക്കാത്തവര്‍ നന്നേ കുറവ്. ഒടുവില്‍ അതിന്റെ ചതിക്കുഴികളില്‍ വീഴാത്തവരും തുലോം തുഛം. ‘മധുരം പുരട്ടിയ വിഷമാണ് പ്രേമം’ എന്ന് പറയപ്പെട്ടിട്ടുണ്ട്. എന്തായാലും പോയ കാല പ്രണയങ്ങള്‍ക്ക് പൊതുവേ ഒരു മൂല്യബോധമുണ്ടായിരുന്നു. അവര്‍ ഒരിക്കലും ശരീരം സ്പര്‍ശിക്കുമായിരുന്നില്ല.
എം.ടിയുടെയും ബഷീറിന്റെയും വിശുദ്ധ കഥാപാത്രങ്ങളെ പോലെ ലജ്ജയാല്‍ നേര്‍ത്തൊട്ടിയവരായിരുന്നു അവര്‍. കത്ത് കൈമാറുമ്പോള്‍ പോലും ഒരക്ഷരം ഉരിയാടാനാവാതെ നിന്നു വിയര്‍ക്കുമായിരുന്നു കമിതാക്കള്‍.

ഇന്ന് പക്ഷെ പ്രണയം യാന്ത്രികമായി. പ്രണയം അഭിനയമായി. പ്രണയം വെറും തൊലിപ്പുറത്തായി. ‘ഭ്രമമാണ് പ്രണയം, വെറും ഭ്രമം, വാക്കിന്റെ വിരുതിനാല്‍ തീര്‍ക്കുന്ന സ്ഫടിക സൗധം’ എന്ന് മുരുകന്‍ കാട്ടാക്കട.

മനശാസ്ത്ര വിശാരദര്‍ പറയുന്നത് വിവാഹപൂര്‍വ്വ പ്രണയങ്ങള്‍ക്കും അതുവഴിയുള്ള വിവാഹങ്ങള്‍ക്കും ആയുസ്സില്ലായെന്നാണ്. 16-18 മാസങ്ങള്‍ക്കപ്പുറം അത്തരം പ്രണയം പൂര്‍ണാര്‍ത്ഥത്തില്‍ നിലനില്‍ക്കില്ലത്രെ. എന്നല്ല, പിന്നീട് ഗ്രാഫ് താഴേക്ക് വരും. പ്രത്യേകിച്ച് പെണ്‍കുട്ടിയെ നിരാശയും കുറ്റബോധവും കാര്‍ന്നുതിന്നും. സങ്കല്‍പവും യാഥാര്‍ത്ഥ്യവും ഏറ്റുമുട്ടുന്നതോടെ അവളുടെ ജീവിതം ഇരുളടയും. ഒളിച്ചോട്ടങ്ങളാണെങ്കില്‍ പിന്നെ പറയേണ്ടതില്ല. എന്നാല്‍ പ്രണയം അഭിനയിക്കുകയായിരുന്ന ബഹുഭൂരിപക്ഷം ആണ്‍കുട്ടികള്‍ക്കും യാതൊന്നും നഷ്ടപ്പെടാനില്ല. അതു കൊണ്ടു തന്നെ അവര്‍ക്ക് ദുഖമില്ല. വളരെ ‘കൂളാ’യിഅത്തരക്കാര്‍ മറ്റൊരു പെണ്ണിനെ തേടിപ്പോകും!

ഇസ്‌ലാം പ്രണയത്തിന് മഴവില്‍ സ്ഥാനം നല്‍കിയിട്ടുണ്ട്. അത് പക്ഷെ വിവാഹപൂര്‍വ്വ പ്രണയമല്ല; വിവാഹാനന്തര പ്രണയമാണ്. വൈവാഹിക ജീവിതത്തിന്റെ മധുരം’കരുണാര്‍ദ്രമായ പ്രണയ’ത്തിലാണെന്ന് (മവദ്ദത്തന്‍ വറഹ്മ) വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പഠനാര്‍ഹമായ ഒരു കാര്യം പ്രണയത്തെ അല്ലാഹു തന്റെ ദൃഷ്ടാന്തമായി എണ്ണിയിട്ടുണ്ടെന്നുള്ളതാണ് (ഖുര്‍ആന്‍: 30:21)

അതു കൊണ്ടു തന്നെ പ്രേമം അസ്ഥാനത്തും അസമയത്തും പാടില്ല. പ്രേമം ദാമ്പത്യ ജീവിതത്തിലാണ് നിറഞ്ഞു തുളുമ്പേണ്ടത്. അതല്ലാത്ത, വഴിവിട്ട പ്രേമം നാശഹേതുവായി പരിണമിക്കും. സംഭവലോകം അതിന് ശക്തമായ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നു.

Related Articles