Current Date

Search
Close this search box.
Search
Close this search box.

ആരാധന പൊതു ശല്യമാകുമ്പോള്‍

k.jpg

മതം മനുഷ്യനും ദൈവവും തമ്മിലുള്ള സ്വകാര്യ ഇടപാടാണ് എന്ന് ചിലര്‍ പറയും. മതം ഒരു ജീവിത രീതി, മറ്റു ചിലര്‍ പറയും. മതം ദൈവം മനുഷ്യന് നല്‍കിയ മാര്‍ഗ ദര്‍ശനമാണ്. സ്വകാര്യ ജീവിതം പൊതുജീവിതം എന്നൊരു വേര്‍തിരിവ് ഇസ്ലാം ആഗ്രഹിക്കുന്നില്ല. കാരണം മനുഷ്യന്റെ എല്ലാ കര്‍മങ്ങളും ദൈവത്തിനു മുന്നില്‍ ചോദ്യം ചെയ്യപ്പെടും എന്ന വിശ്വാസം ആ നിലപാടിനെ സാധൂകരിക്കില്ല. മനുഷ്യന്റെ പൊതുജീവിതവും ആ വിചാരണയില്‍ വരും എന്നതിനാല്‍ ആ വേര്‍തിരിവ് ഇസ്ലാമിന് അന്യമാണ്. മതം ജനത്തിന് ആശ്വാസമാകണം എന്നത് ഉറപ്പുള്ള കാര്യമാണ്.  

പക്ഷെ ഇസ്ലാമില്‍ ബന്ധങ്ങളെ കുറിച്ച് പറയുമ്പോള്‍ മനുഷ്യനുമായുള്ള ബന്ധവും ദൈവവുമായുള്ള ബന്ധവുമുണ്ട്. രണ്ടും പരസ്പര പൂരകമാണ്. ആരാധന എന്നത് മനുഷ്യനും ദൈവവും തമ്മിലുള്ള കാര്യമാണ്. എല്ലാം കേള്‍ക്കുകയും അറിയുകയും ചെയ്യുന്ന ദൈവത്തിനു മുന്നിലാണ് മനുഷ്യന്‍ ആരാധനകള്‍ അര്‍പ്പിക്കുന്നത്. നമസ്‌കാരം, നോമ്പ്, ഹജ്ജ്,സകാത്ത് തുടങ്ങി നേര്‍ച്ചകള്‍, പ്രാര്‍ത്ഥനകള്‍, പ്രകീര്‍ത്തനങ്ങള്‍, സ്തുതികള്‍ മുതലായവയെല്ലാം ആരാധനയുടെ കീഴില്‍ വരുന്നു. ഇതെല്ലാം ദൈവവും മനുഷ്യനും തമ്മിലുള്ള ഇടപാടാണ്. ഇതെങ്ങിനെ ചെയ്യണം എന്നത് ഇസ്ലാം പഠിപ്പിച്ചു തന്നതാണ്. ജമാഅത്ത് നമസ്‌കാരങ്ങളില്‍ പതുക്കെയും ഉറക്കെയും പാരായണം ചെയ്യുന്ന നമസ്‌കാരങ്ങളുണ്ട്. ആരാധന കാര്യങ്ങളില്‍ പുറത്തു വരുന്ന ശബ്ദം രാത്രി നമസ്‌കാരങ്ങളിലെ ഉറക്കെയുള്ള പാരായണം മാത്രമാണ്. ദിക്‌റുകള്‍, സ്വലാത്തുകള്‍ എന്നിവ സ്വയം കേള്‍ക്കുന്നതിനപ്പുറം ശബ്ദം ഇസ്ലാം ആഗ്രഹിക്കുന്നില്ല. ഒച്ചയുണ്ടാക്കി ചെല്ലേണ്ട ഒന്നല്ല ദിക്‌റുകളും സ്വലാത്തുകളും.  ശബ്ദമുണ്ടാക്കി അല്ലാഹുവിനെ ഭയപ്പെടുത്തുക എന്നതാണ് നാമിന്നു കണ്ടു വരുന്ന രീതി.

പരിസര വാസികള്‍ക്ക് പലപ്പോഴും ഈ ആരാധനകള്‍ ഒരു ശല്യമാണ്. പല സ്ഥലങ്ങളിലും മൈക്കിലൂടെ വൈകുന്നേരങ്ങളില്‍ ഒഴുകി വരുന്ന ദിക്‌റിന്റെയും സ്വലാത്തിന്റെയും ശബ്ദം അസഹനീയമാണ്. പ്രവാചകന്‍ അനുചരന്മാരെ കൂടെയിരുത്തി  അങ്ങിനെ ഒരു ബഹളമയമായ ദിക്ര്‍ സ്വലാത് മാമാങ്കം നടത്തിയതായി നാം കണ്ടില്ല. ആ രീതി സഹാബത്തിന്റെ കാലത്തും കണ്ടില്ല. പുതിയ രീതിയില്‍ ദിക്‌റുകളും സ്വലാത്തുകളും കച്ചവടം ചെയ്യപ്പെടുന്നു എന്നതാണ് നാം കണ്ടു വരുന്നത്. ഇസ്ലാമിലെ ഒരു ആരാധനയുടെ പ്രതിഫലം പറയാനുള്ള അവകാശം പ്രവാചകന് മാത്രമാണ്. കാരണം അത് വഹ്‌യ് മുഖേന മാത്രം നടക്കേണ്ട ഒന്നാണ്. നോമ്പിനെ കുറിച്ച് ഖുര്‍ആന്‍ പറഞ്ഞത് ‘ നിങ്ങള്‍ സൂക്ഷ്മതയുള്ളവര്‍ ആയേക്കാം’ എന്നാണു. അതെ സമയം ചില പുതിയ ദിക്‌റുകളും സ്വലാത്തുകളും ഫലം നേരത്തെ പൂര്‍ണമായി പ്രഖ്യാപിക്കുന്നു. ആരാണ് അതിനുള്ള അവകാശം അവര്‍ക്കു നല്‍കിയത് എന്നറിയില്ല.

തടി ഇളകാതെ സമ്പാദിക്കാനുള്ള നല്ല വഴികളാണ് ഇന്ന് മതം. ആരാധനകള്‍ ഒരു സമ്പാദന രീതിയല്ല. ഇസ്ലാമിലെ ആരാധന ചിലവഴിക്കുക എന്നതാണ്. അതും അതിന്റെ അര്‍ഹര്‍ക്ക് നല്‍കണം എന്ന് മാത്രം. നമസ്‌കരിക്കുന്നവന്റെ അടുത്തിരുന്നു ഉറക്കെ ഖുര്‍ആന്‍ പരായണം ചെയ്യരുത് എന്നതാണ് മതം പറയുന്നത്. പള്ളിയില്‍ നമസ്‌കാരം നടക്കുമ്പോളാണ് പല ദിക്‌റുകളും സ്വലാത്തുകളും നടന്നു പോകുന്നതും.  മൈക്കിലൂടെ ചൊല്ലിയാല്‍ മാത്രമേ അള്ളാഹു കേള്‍ക്കൂ എന്നത് വികലമായ വിശ്വാസമാണ്. ജനത്തെ കേള്‍പ്പിക്കല്‍ സ്വലാത്തിന്റെയും ദിക്‌റിന്റെയും ഉദ്ദേശമല്ല തന്നെ. അപ്പോള്‍ ഇന്ന് നടക്കുന്ന ദിക്ര്‍ സ്വലാത് സദസ്സുകള്‍ എത്ര മാത്രം മതവുമായി അടുത്ത് നില്‍ക്കുന്നു എന്നത് പരിശോധിക്കണം. ആളുകള്‍ക്ക് ശല്യമുണ്ടാക്കുന്നു എന്നത് ഒന്നാമത്തെ കാര്യം. മറ്റൊന്ന് ഇസ്‌ലാമില്‍ നൂതന മാര്‍ഗങ്ങള്‍ കണ്ടെത്തുന്നു എന്നതും.

പണ്ടൊക്കെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വ്യക്തികളുടെ വിഷയമായിരുന്നു. ഇന്നത് സംഘടനകള്‍ ഏറ്റെടുത്തിരിക്കുന്നു. ജനത്തിനു ശരി തെറ്റുകള്‍ മനസ്സിലായി അവര്‍ പിറകോട്ടു പോയി. സംഘടനകള്‍ക്ക് അത് മനസ്സിലാവാഞ്ഞിട്ടല്ല. അതൊന്നും ഇല്ലെങ്കില്‍ പിന്നെ പിടിച്ചു നില്‍ക്കാന്‍ കഴിയില്ല എന്ന തിരിച്ചറിവാണ് പല അനാചാരങ്ങളും അന്ധവിശ്വാസങ്ങളും പൊടി തട്ടിയെടുക്കാന്‍ അവരെ നിബന്ധിക്കുന്നത്.

അങ്ങിനെയാണ് മതം ഒരു പൊതു ശല്യമായി മാറുന്നതും. ഒരു മതേതര രാജ്യത്തു മതം ആചരിക്കാന്‍ കൂടി നാം പഠിക്കണം. അല്ലെങ്കില്‍ മതം ഒരു പൊതു ശല്യമായി അടയാളപ്പെടുത്തും തീര്‍ച്ച.

പിന്‍കുറിപ്പ്:  പൊതു ശല്യം എന്നത് ഇസ്ലാമിന് മാത്രം ബാധകമല്ല. ആരാധനയുടെ പേരില്‍ ശബ്ദമുയര്‍ത്തുന്ന എല്ലാവര്‍ക്കും ഇത് ബാധകമാണ്.

 

Related Articles