Current Date

Search
Close this search box.
Search
Close this search box.

അതാഅ് ബിന്‍ അബീ റബാഹ്- ഭാഗം 2

രണ്ട് സവിശേഷ ഗുണങ്ങള്‍ കൊണ്ടായിരുന്നു അതാഅ് വിജ്ഞാനത്തില്‍ ഔന്നത്യം കരസ്ഥമാക്കിയത്. തന്റെ മനസ്സിന്റെ മേല്‍ നിയന്ത്രണം ഏര്‍പെടുത്താന്‍ അദ്ദേഹത്തിന് സാധിച്ചുവെന്നതായിരുന്നു ഒന്നാമത്തേത്. സമയത്തിന് മേലുള്ള നിയന്ത്രണമായിരുന്നു അടുത്തത്. കൂഫയിലെ പ്രമുഖ പണ്ഡിതനായിരുന്ന മുഹമ്മദ് ബിന്‍ സൂഖ അദ്ദേഹത്തെ സന്ദര്‍ശിച്ച ഒരു സംഘത്തോട് ഇപ്രകാരം പറഞ്ഞു. ‘എനിക്ക് ജീവിതത്തില്‍ പ്രയോജനപ്പെട്ട ഒരു കാര്യം നിങ്ങള്‍ക്ക് അറിയിച്ച് തരാം. അതാഅ് ബിന്‍ റബാഹ് ഒരു ദിവസം എന്നെ ഉപദേശിച്ചു. നമുക്ക് മുമ്പുള്ളവര്‍ അനാവശ്യ സംസാരങ്ങള്‍ വെറുക്കുന്നവരായിരുന്നു. അല്ലാഹുവിന്റെ വേദം, പ്രവാചക വചനം, നന്മ കല്‍പിക്കുക, തിന്മ വിരോധിക്കുക, അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന കര്‍മങ്ങള്‍ തുടങ്ങിയവയല്ലാത്ത എല്ലാ കാര്യവും അനാവശ്യമാണ്.
നമ്മുടെ കര്‍മരേഖകള്‍ തുറന്ന് പരിശോധിക്കുമ്പോള്‍ അവയില്‍ മിക്കതും ദീനുമായി ബന്ധമില്ലാത്തതാണെങ്കില്‍ എത്രയധികം ലജ്ജിക്കേണ്ടി വരും!
അതാഅ് ബിന്‍ റബാഹിന്റെ പാഠശാലയില്‍ നിന്നും ഒട്ടനവധി പേര്‍ വിജ്ഞാനം നുകര്‍ന്നു. പ്രഗല്‍ഭരായ പണ്ഡിതന്മാര്‍, പ്രൊഫഷണല്‍ ജോലിക്കാര്‍ തുടങ്ങിയവര്‍ അവരിലുണ്ടായിരുന്നു. ഇമാം അബൂ ഹനീഫ(റ) പറയുന്നു. ‘ഹജ്ജുമായി ബന്ധപ്പെട്ട അഞ്ച് കാര്യങ്ങല്‍ ഞാന്‍ ഒരു കൊമ്പ് വെപ്പുകാരനില്‍ നിന്നും പഠിക്കുകയുണ്ടായി. ഇഹ്‌റാമിലേക്ക് കടക്കുന്നതിന് മുമ്പ് ഞാന്‍ മുടി മുറിക്കാന്‍ ഉദ്ദേശിച്ചു. അവിടെയുണ്ടായിരുന്ന ബാര്‍ബറുടെ അടുത്ത് ചെന്നു. ഞാന്‍ അയാളോട് ചോദിച്ചു. ‘എന്റെ തല വടിക്കാന്‍ എത്ര രൂപ വേണ്ടി വരും?’ അയാള്‍ പറഞ്ഞു ‘അല്ലാഹു താങ്കളെ സന്മാര്‍ഗത്തിലാക്കട്ടെ. ആരാധനകളില്‍ നിബന്ധന പാടില്ല. താങ്കളിരിക്കുക. താങ്കള്‍ക്ക് കഴിയുന്ന കാശ് തന്നാല്‍ മതി’. അപ്പോള്‍ എനിക്ക് ലജ്ജ തോന്നി. ഞാന്‍ അദ്ദേഹത്തിന്റെ മുന്നിലിരുന്നു.
ഖിബ്‌ലയില്‍ നിന്നും തെറ്റിയാണ് ഞാനിരുന്നത്. അദ്ദേഹം ഖിബ്‌ലക്ക് നേരെയിരിക്കാന്‍ ആംഗ്യം കാണിച്ചു. ഞാനപ്രകാരം ചെയ്തു. അതോടെ എന്റെ ലജ്ജ വര്‍ദ്ധിച്ചു. ഞാന്‍ എന്റെ തലയുടെ ഇടത് ഭാഗമാണ് കാണിച്ചത്. അദ്ദേഹം പറഞ്ഞു ‘വലത് വശത്തേക്ക് തിരിക്കുക.’ ഞാനപ്രകാരം ചെയ്തു.
അദ്ദേഹം എന്റെ തല വടിക്കുവാന്‍ തുടങ്ങി. ഞാന്‍ ലജ്ജയോടെ മിണ്ടാതിരുന്നു. എനിക്ക് അത്ഭുതമാണ് തോന്നിയത്. അപ്പോള്‍ അയാള്‍ വീണ്ടുമെന്നോട് ചോദിച്ചു ‘താങ്കളെന്താണ് മിണ്ടാതിരിക്കുന്നത്? തക്ബീര്‍ ചൊല്ലുക.
എഴുന്നേല്‍ക്കുന്നത് വരെ ഞാന്‍ തക്ബീര്‍ ചൊല്ലി. ശേഷം പോകാന്‍ വേണ്ടി എഴുന്നേറ്റു. അയാള്‍ ചോദിച്ചു ‘താങ്കളെങ്ങോട്ടാണ് പോകുന്നത്?’ ഞാന്‍ എന്റെ വഴിക്ക് പോകുന്നുവെന്ന് മറുപടി കൊടുത്തു. ‘എന്നാല്‍ രണ്ട് റക്അത്ത് നമസ്‌കരിക്കുക. എന്നിട്ട് താങ്കള്‍ക്ക് പോകാം.’ ഞാന്‍ അപ്രകാരം ചെയ്തു. ‘ഇയാള്‍ ഇവിടെ കൊമ്പ് വെക്കാന്‍ നില്‍ക്കേണ്ടയാളല്ല’ ഞാന്‍ ആത്മഗതം ചെയ്തു. ഞാനയാളോട് ചോദിച്ചു ‘ഇവയെല്ലാം താങ്കള്‍ എവിടെ നിന്നാണ് പഠിച്ചത്?’ അദ്ദേഹം പറഞ്ഞു ‘അല്ലാഹുവാണ, അതാഅ് ബിന്‍ അബീ റബാഹ് അപ്രകാരം ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഞാന്‍ അദ്ദേഹത്തില്‍ നിന്നു പഠിച്ചു. ജനങ്ങള്‍ക്ക് അത് മുഖേന നിര്‍ദ്ദേശം നല്‍കുന്നു’.
ഭൗതിക വിഭവങ്ങള്‍ അതാഇന് മുന്നില്‍ വന്ന് വണങ്ങി നിന്നു. അദ്ദേഹമവയെ പുഛത്തോടെ അവഗണിച്ച് കളഞ്ഞു. അഞ്ച് ദിര്‍ഹം മാത്രം വിലയുള്ള വസ്ത്രമായിരുന്നു അദ്ദേഹം ജീവിത കാലം മുഴുവന്‍ ധരിച്ചിരുന്നത്.
ഖലീഫമാര്‍ അവരുടെ കൊട്ടാരത്തിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചു. അദ്ദേഹമത് നിരസിക്കുകയാണ് ചെയ്തത്. അവരുടെ ഭൗതികവിഭവങ്ങള്‍ തന്റെ പരലോകത്തെ ബാധിക്കുമെന്ന ആശങ്കയാലായിരുന്നു അത്. എന്നാല്‍ മുസ്‌ലിംകള്‍ക്ക് പ്രയോജപ്പെടുമെന്ന് കണ്ടാല്‍ അദ്ദേഹം അവര്‍ക്ക് വേണ്ടി ഭരണാധികാരികളെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. ഉസ്മാന്‍ ബിന്‍ അതാഅ് അല്‍ ഖുരാസാനി പറയുന്നു ‘ഞാന്‍ എന്റെ പിതാവിന്റെ കൂടെ ഹിശാം ബിന്‍ അബ്ദില്‍ മലികിന്റെ അടുത്തേക്ക് പുറപ്പെട്ടു. ദമസ്‌കസ് എത്താറായിരിക്കെ കഴുതപ്പുറത്ത് സഞ്ചരിക്കുന്ന ഒരു പടുവൃദ്ധനെ കണ്ടു. പരുപരുത്ത വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. ജുബ്ബ നുരുമ്പിത്തുടങ്ങിയിട്ടുണ്ട്. തലയില്‍ ഒട്ടി നില്‍ക്കുന്ന തൊപ്പിയുമുണ്ട്. രണ്ട് മരക്കഷ്ണങ്ങളിലാണ് അദ്ദേഹം കാല്‍വെച്ചിരിക്കുന്നത്.
ഇത് കണ്ട ഞാന്‍ ചിരിച്ച് പോയി. ഉപ്പയോട് ചോദിച്ചു ‘ ഇതാരാണ്?’
അദ്ദേഹം മിണ്ടരുതെന്ന് ആംഗ്യം കാണിച്ചു. ‘ഹിജാസിലെ പണ്ഡിതനായ അതാഅ് ബിന്‍ അബീറബാഹാണ് ഇത്.’
അദ്ദേഹം ഞങ്ങളുടെ അടുത്തെത്താറായപ്പോള്‍ പിതാവ് വാഹനപ്പുറത്ത് നിന്ന് താഴെയിറങ്ങി. അദ്ദേഹം കഴുതപ്പുറത്ത് നിന്നും ഇറങ്ങി. പര്‌സപരം ആശ്ലേഷിച്ചു. സുഖവിവരമന്വേഷിച്ചു.
ശേഷം അവര്‍ ഇരുവരും തങ്ങളുടെ വാഹനങ്ങളില്‍ കയറി ഹിശാം ബിന്‍ അബ്ദില്‍ മലികിന്റെ കൊട്ടാരത്തിലേക്ക് പുറപ്പെട്ടു. രണ്ട് പേരും രാജാവിനെ സന്ദര്‍ശിച്ച് മടങ്ങി വന്നു. ഞാന്‍ അവരെ കാത്ത് പുറത്തിരിക്കുകയായിരുന്നു. ഞാന്‍ പിതാവിനോട് ആകാംക്ഷയോടെ ചോദിച്ചു. ‘എന്തായിരുന്നു നിങ്ങളുടെ പരിപാടി?’
അദ്ദേഹം പറഞ്ഞു ‘അതാഅ് വാതിലില്‍ എത്തിയിരിക്കുന്നുവെന്നറിഞ്ഞ ഹിശാം പെട്ടന്ന് തന്നെ അനുമതി നല്‍കി. അദ്ദേഹത്തെ കണ്ടപ്പോള്‍ സ്വാഗതം ചെയ്തു അരികെ ഇരുത്തി. പരസ്പരം സ്പര്‍ശിക്കുമാറ് വളരെ അടുത്തായിരുന്നു അവരിരുവരും ഇരുന്നിരുന്നത്. സമൂഹത്തിലെ പ്രമാണിമാര്‍ അവിടെ ഉണ്ടായിരുന്നു. അതുവരെ സംസാരിക്കുകയായിരുന്ന അവര്‍ പൊടുന്നനെ നിശബ്ദരായി.
ഹിശാം ബിന്‍ അബ്ദില്‍ മലിക് അദ്ദേഹത്തോട് ചോദിച്ചു ‘എന്താണ് താങ്കളുടെ ആവശ്യം?’
‘മക്കാ-മദീനാ നിവാസികള്‍ക്ക് ഒരു വര്‍ഷത്തിനുള്ള ആഹാരവും മറ്റ് വസ്തുക്കളും നല്‍കിയാലും’
‘അതെ അപ്രകാരം ചെയ്യാം. മറ്റ് വല്ലതും ചെയ്യാനുണ്ടോ?’
‘അതെ, ഹിജാസിലും, നജ്ദിലുമുള്ളവര്‍ക്ക് അവരുടെ ദാനധര്‍മത്തിന്റെ ഓഹരി നല്‍കിയാലും’
ഇങ്ങനെ മുസ്‌ലിം ഉമ്മത്തിന്റെ ആവശ്യങ്ങള്‍ ചോദിച്ച് വാങ്ങിയ ശേഷം അദ്ദേഹം ഖലീഫയോട് പറഞ്ഞു ‘ താങ്കള്‍ സ്വന്തത്തിന്റെ കാര്യത്തില്‍ അല്ലാഹുവിനെ സൂക്ഷിക്കുക…ഏകനായാണ് താങ്കള്‍ സൃഷ്ടിക്കപ്പെട്ടത്. മരണപ്പെടുന്നതും, പുനര്‍ജീവിപ്പിക്കപ്പെടുന്നതും, വിചാരണ ചെയ്യപ്പെടുന്നതും അപ്രകാരം തന്നെയായിരിക്കും. ഈയിരിക്കുന്ന ആരും അവിടെ താങ്കളുടെ കൂടെ ഉണ്ടായിരിക്കില്ല.
ഇത് കേട്ട ഖലീഫ മുട്ടുകുത്തി നിലത്തിരുന്നു പൊട്ടിക്കരയാന്‍ തുടങ്ങി. ശേഷം അതാഅ് മടങ്ങിപ്പോന്നു. ഞാന്‍ കൂടെയും. അപ്പോഴുണ്ട് ഒരാള്‍ ഒരു ചെറിയ കിഴിയുമായി ഞങ്ങളുടെ പിന്നില്‍. അയാള്‍ അതാഇനോട് പറഞ്ഞു ‘ഇത് അമീറുല്‍ മുഅ്മിനീന്‍ താങ്കള്‍ക്ക് തന്നതാണ്’. ‘എനിക്കത് വേണ്ടതില്ല’ എന്താണെന്ന് പരിശോധിക്കുക പോലും ചെയ്യാതെ അതാഅ് മറുപടി പറഞ്ഞു. അദ്ദേഹം ഖലീഫയുടെ അടുക്കല്‍ പ്രവേശിച്ചാല്‍ തിരിച്ച് വരുന്നത് വരെ ഒരു തുള്ളി വെള്ളം പോലും കുടിക്കാറുണ്ടായിരുന്നില്ല.
നൂറ് വയസ്സിലധികം ജീവിക്കാനുള്ള തൗഫീഖ് അല്ലാഹു അദ്ദേഹത്തിന് ഏകി. വിജ്ഞാനവും കര്‍മവും കൊണ്ട് സജീവമായ ഒരു നൂറ്റാണ്ട്. എഴുപതോളം ഹജ്ജ് നിര്‍വഹിച്ച ഭക്തിനിര്‍ഭരമായ ജീവിതം. ഭൗതിക സുഖസൗകര്യങ്ങള്‍ക്ക് മുമ്പില്‍ കണ്ണടച്ച അദ്ദേഹത്തിന് പരലോകത്തിലേക്കുള്ള യാത്ര വളരെ സുഖകരമായിരുന്നു.

ആമിര്‍ ബിന്‍ അബ്ദില്ലാ തമീമി

വിവ : അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Related Articles