Views

19 ലക്ഷം പേര്‍ പുറത്തായ അസം പൗരത്വ പട്ടിക

14 വര്‍ഷങ്ങള്‍ക്കു ശേഷം ആള്‍ ആസാം സ്റ്റുഡന്റസ് യൂണിയനും (AASU) കേന്ദ്ര സര്‍ക്കാരും അസം സംസ്ഥാന സര്‍ക്കാരും തമ്മില്‍ ന്യൂഡല്‍ഹിയില്‍ വെച്ച് ത്രികക്ഷി കരാറിലേര്‍പ്പെട്ടു. 1951ലെ ദേശീയ പൗരത്വ പട്ടിക (NRC) പരിഷ്‌കരിക്കാനുള്ള കരാറായിരുന്നു അത്. 1971 മാര്‍ച്ച് 27നകം പട്ടിക പരിഷ്‌കരിക്കാനായിരുന്നു തീരുമാനം. ഇത്തരത്തില്‍ പുതുക്കിയ പൗരത്വ പട്ടികയാണ് 2019 ഓഗസ്റ്റ് 31ന് രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

3,11,21,004 ആളുകളാണ് അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്നാണ് ഓഗസ്റ്റ് 31ന് എന്‍.ആര്‍.സി സംസ്ഥാന കോര്‍ഡിനേറ്റര്‍ പുറത്തുവിട്ട വാര്‍ത്തകുറിപ്പില്‍ അറിയിച്ചത്. 3,30,27,661 പേരായിരുന്നു ആകെ അപേക്ഷകര്‍. ഇതിനകം ഉള്‍പ്പെടുത്തിയിട്ടുള്ള എല്ലാ വ്യക്തികളെയും കണക്കിലെടുത്തും എല്ലാ എതിര്‍പ്പുകളും പരാതികളും പരിശോധിച്ച് നടപടികള്‍ പൂര്‍ത്തിയാക്കിയാണ് അന്തിമ പട്ടിക തയാറാക്കിയതെന്നും പൗരന്മാരുടെ രജിസ്‌ട്രേഷനും ദേശീയ തിരിച്ചറിയല്‍ കാര്‍ഡും ഇതുമായി ബന്ധപ്പെട്ട 2003ലെ നിയമവും അടിസ്ഥാനമാക്കിയാണ് 3 കോടി 11 ലക്ഷം പേരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്നും രേഖകള്‍ ഹാജരാക്കുന്നതില്‍ പരാജയപ്പെട്ട 19 ലക്ഷത്തിലധികം പേരെയാണ് പട്ടികയില്‍ നിന്നും പുറത്താക്കിയതെന്നുമാണ് ഗുവാഹത്തിയിലെ എന്‍.ആര്‍.സി സംസ്ഥാന കോര്‍ഡിനേറ്റര്‍ പ്രതീക് ഹജേല പറഞ്ഞത്.
www.nrcassam.nic.in. എന്ന വെബ്‌സൈറ്റില്‍ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്.

2018 ജൂലൈ 30ന് പ്രസിദ്ധീകരിച്ച അന്തിമ കരട് പട്ടികയില്‍ നിന്ന് 40,07,007 അപേക്ഷകര്‍ പുറത്തായിരുന്നു. ഇതില്‍ 36,26,630 പേര്‍ അന്തിമ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ അപേക്ഷ സമര്‍പ്പിച്ചു. ഇതില്‍ 1,87,633 പേരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ പരാതി ലഭിച്ചു. ഇങ്ങിനെ 102462 പേരെ എന്‍.ആര്‍.സി അധികൃതര്‍ പട്ടികയില്‍ നിന്ന് പുറത്താക്കിക്കൊണ്ട് 2019 ജൂണ്‍ 26ന് മറ്റൊരു കരട് പട്ടിക പുറത്തിറക്കി. അങ്ങിനെ സമ്പൂര്‍ണ കരട് പട്ടികയില്‍ നിന്ന് ഒഴിവാക്കിയവരായി 41 ലക്ഷം പേരാണുണ്ടായിരുന്നത്.

പുറത്താക്കിയവരുടെ പേരുകള്‍ പട്ടികയിലുള്ളവരെ വിദേശികളായാണ് കണക്കാക്കിയത്. അല്ലെങ്കില്‍ ഉന്നത കോടതികളില്‍ പൗരത്വം തെളിയിക്കേണ്ടവരായിട്ട്. അവരുടെ പൗരത്വം ഇതോടെ സംശയത്തിന്റെ നിഴലിലായി. ഇവരുടെ കുടുംബാംഗങ്ങള്‍ അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നതാണ് മറ്റൊരു സംഗതി. ഓഗസ്റ്റ് 31ന് രാവിലെ 10 മണിക്കാണ് അസം എന്‍.ആര്‍.സി കോര്‍ഡിനേറ്റര്‍ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത്. ഈ പട്ടികയില്‍ പരാതിയുള്ളവര്‍ക്ക് ഫോറീനേര്‍സ് ട്രൈബ്യൂണലിന് മുമ്പാകെ അപ്പീല്‍ നല്‍കാമെന്നാണ് എന്‍.ആര്‍.സി പ്രസ് റിലീസിലൂടെ അറിയിച്ചത്.

2018ലെ കരട് പട്ടിക പുറത്തുവിട്ട സമയത്ത് എന്‍.ആര്‍.സി അധികൃതര്‍ അന്തിമ പട്ടികയെക്കുറിച്ചുള്ള യാതൊരു വിവരവും മാധ്യമങ്ങള്‍ക്ക് നല്‍കിയിരുന്നില്ല. അന്നത്തെ കരട് പട്ടിക തന്നെ ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ബംഗ്ലാദേശില്‍ നിന്ന് കുടിയേറിപ്പാര്‍ത്തവരെന്ന് പറയപ്പെടുന്ന ഇവരുടെ ഇന്ത്യന്‍ പൗരത്വം നഷ്ടപ്പെട്ടതാണ് ഏറെ ചര്‍ച്ചക്ക് വഴിവെച്ചത്. തങ്ങളുടെ പൗരന്മാര്‍ ആരും അയല്‍ സംസ്ഥാനമായ ആസാമിലേക്ക് കടന്നതായി ബംഗ്ലാദേശും അംഗീകരിക്കുന്നുമില്ല. പട്ടിക പ്രസിദ്ധീകരിച്ചതിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതും വിവാദത്തിന് ആക്കം കൂട്ടി.

സുപ്രീം കോടതിയുടെ ഇടപെടല്‍

2009ല്‍ ഗുവാഹത്തി ആസ്ഥാനമായുള്ള അസാം പബ്ലിക് വര്‍ക്‌സ് എന്ന സിവില്‍ സൊസൈറ്റിയാണ് വിഷയം സുപ്രീം കോടതിയുടെ മുന്നിലെത്തിച്ചത്. തുടര്‍ന്ന് കോടതി അന്തിമ പൗരത്വ പട്ടിക പ്രസിദ്ധീകരിക്കാനുള്ള സമയപരിധി പ്രഖ്യാപിച്ചു. ബംഗ്ലാദേശില്‍ നിന്നും ഒരുപാട് പേര്‍ അനധികൃതമായി ആസാമിലേക്ക് കുടിയേറിയിട്ടുണ്ടെന്നും ഇവരെ തിരിച്ചയക്കാന്‍ നടപടി സ്വീകരിക്കണമെന്നുമാണ് ഈ സൊസൈറ്റി കോടതിയില്‍ നല്‍കിയ പരാതി. തുടര്‍ന്നാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അന്തിമ പട്ടിക പ്രസിദ്ധീകരിക്കാനുള്ള നടപടികള്‍ കൈകൊള്ളളണമെന്ന് ആവശ്യപ്പെട്ടത്.

1951ല്‍ സെന്‍സസ് കമ്മീഷണര്‍ ഓഫ് ഇന്ത്യ തയാറാക്കിയ പട്ടിക സംസ്ഥാനത്ത് നിലവിലുണ്ടായിരുന്നു. ഈ പട്ടികയിലെ വിവരങ്ങള്‍ ശേഖരിച്ചാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം 1952ലെ സെന്‍സസ് വിവരങ്ങള്‍ ശേഖരിച്ചത്. വിഭജനത്തിനു ശേഷം സംസ്ഥാനത്ത് സ്ഥിരതാമസമാക്കിയവരെ തെരഞ്ഞെടുക്കാനാണ് ഈ സെന്‍സസ് നടത്തിയത്.

സുപ്രീം കോടതിയിലെ രണ്ടംഗ ബെഞ്ചായ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി,ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍ എന്നിവര്‍ എന്‍.ആര്‍.സി പട്ടിക പരിഷ്‌കരണത്തിന് അംഗീകാരം നല്‍കുകയും ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ AASU,AAMSU എന്നീ വിദ്യാര്‍ത്ഥി യൂണിയനകളുമായി നിരന്തരം നടത്തിയ ചര്‍ച്ചക്കു ശേഷമായിരുന്നു ഇത്. തുടര്‍ന്ന് 2013ല്‍ എന്‍.ആര്‍.സി സംസ്ഥാന കോര്‍ഡിനേറ്ററായി പ്രതീക് ഹജേലയെ നിയമിച്ചു. ദൈനം ദിന ജോലികള്‍ക്കായി ആയിരക്കണക്കിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ഇതിനായി നിയമിച്ചു.

അന്നു മുതല്‍ നിരവധി അവസാന തീയതികള്‍ കടന്നു പോയി. ഇതിനിടെ സുപ്രീം കോടതി 2019 ജൂലൈ 31ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കാന്‍ ഉത്തരവിട്ടു. എന്നാല്‍ സംസ്ഥാനത്ത് വന്ന പ്രളയം മൂലം ഒരു മാസത്തേക്ക് നീട്ടിത്തരാന്‍ കോര്‍ഡിനേറ്റര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ഓഗസ്റ്റ് 31 വരെ സമയം നല്‍കിയത്. ഇതിനായി കൂടുതല്‍ സമയം നല്‍കേണ്ടതില്ലെന്ന തീരുമാനമായിരുന്നു സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ക്കുണ്ടായിരുന്നത്. ഇനി കേസില്‍ അടുത്ത വാദം കേള്‍ക്കല്‍ സെപ്റ്റംബര്‍ ഏഴിനാണ്.

അവലംബം: thewire.in
വിവ: സഹീര്‍ അഹ്മദ്‌

Facebook Comments
Related Articles
Show More
Close
Close