Current Date

Search
Close this search box.
Search
Close this search box.

സയണിസത്തിന്റെ അന്ത്യം സ്ത്രീകളുടെ കൂടി ആവശ്യമാണ്

ഗസ്സക്കു നേരെ ഇസ്രയേല്‍ നടത്തുന്ന കിരാതമായ അക്രമണം ആരംഭിച്ചിട്ട് ആഴ്ച്ചകള്‍ പിന്നിട്ടിരിക്കെ, അക്രമത്തില്‍ ഇരകളായിക്കൊണ്ടിരിക്കുന്ന കുട്ടികളുടെയും സ്ത്രീകളുടെയും എണ്ണത്തില്‍ ‘ക്രമാധീതമായ വര്‍ധന’യാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കൂട്ടക്കൊലയില്‍ കൊല്ലപ്പെടാവുന്ന സ്ത്രീകളുടെയും കുട്ടികളുടെയും കണക്കെത്രയെന്ന ചോദ്യം സ്വാഭാവികമായും ഉയര്‍ന്നേക്കും. ഇസ്രയേല്‍ അക്രമണത്തില്‍ കൊല്ലപ്പെടുന്നവരില്‍ ഭൂരിപക്ഷവും മുതിര്‍ന്ന പുരുഷന്മാരാണ് എന്നത് കൊണ്ട് ഇസ്രയേല്‍ അക്രമണം ചെറുതാകുമോ? അക്രമണങ്ങളെ ലിംഗപരമായി വിശകലനം ചെയ്യേണ്ടത് അനിവാര്യമാണ്. എല്ലാ മരണവും വേദന ജനിപ്പിക്കുന്നതാണ് എന്നതിനാല്‍ കൊല്ലപ്പെടുന്നവരുടെ കണക്കുകളും അനുപാതവും ഒരിക്കലും സ്വീകാര്യമാകില്ല, എങ്കിലും മേല്‍ പറഞ്ഞ തരത്തിലുള്ള വിശകലനങ്ങള്‍ അക്രമങ്ങളെ വ്യത്യസ്ത തലത്തില്‍ മനസ്സിലാക്കാന്‍ ഉപകരിക്കും.

ഭരണകൂട അതിക്രമങ്ങള്‍ക്ക് എപ്പോഴും വംശ-ലിംഗ മുഖങ്ങളുണ്ടെന്ന് വിമണ്‍ ആന്‍ഡ് ട്രാന്‍സ് പീപ്പിള്‍ ഓഫ് കളര്‍ എഗൈന്‍സ്റ്റ് വയലന്‍സ് മനസ്സിലാക്കിയിട്ടുണ്ട്. അതിന്റെ ഏറ്റവും വ്യക്തമായ ഉദാഹരണം സയണിസമാണ്, മറ്റുള്ളവര്‍ക്കെല്ലാം മുകളില്‍ ഒരു മതവിഭാഗത്തിന്റെ ആധിപത്യം സ്ഥാപിക്കുന്നതിന് വേണ്ടി രൂപംകൊണ്ടിട്ടുള്ള തികച്ചും വംശീയമായ പ്രത്യശാസ്ത്രമാണത്. അവകാശങ്ങള്‍ കവര്‍ന്നെടുക്കപ്പെട്ട്, പാര്‍ശ്വവല്‍കൃതരായി അധിനിവിഷ്ഠ പ്രദേശത്ത് താമസിക്കുന്ന തദ്ദേശികളായ ജനതയെ ഭരണകൂടം എപ്പോഴും ഭീഷണി ഉയര്‍ത്തുന്ന ജനവിഭാഗമായിട്ടാണ് കാണാറുള്ളത്. തീര്‍ത്തും വംശീയവും ലിംഗപരവുമാണ് ഭരണകൂടത്തിന്റെ ഈ വീക്ഷണം.

തങ്ങളുടെ അധികാരം നിലനിര്‍ത്തുന്നതിന് വംശീയ ചിന്താഗതി വെച്ചുപുലര്‍ത്തുന്ന ജനത എപ്പോഴും അവലംബിക്കുക സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളെയാണ്. അതുകൊണ്ട് തന്നെ ഹമാസിന്റെ ഭാഗത്തു നിന്നുള്ള തിരിച്ചടി അവസാനിപ്പിക്കാന്‍ ‘പോരാളികളുടെ ഉമ്മമാരെയും ഭാര്യമാരെയും ബലാത്സംഗം ചെയ്യണമെന്ന’ ഇസ്രയേല്‍ ഇന്റലിജന്‍സ് ഓഫീസര്‍ മോര്‍ദേക്കായ് കെദറിന്റെ പ്രസ്താവന ഒട്ടും നടുക്കമുണ്ടാക്കുന്നില്ല. ഇസ്രയേലി നിയമനിര്‍മാണ സഭാ അംഗം അയലെത് ഷേക്കദും സമാനമായ പ്രസ്താവന നടത്തിയിരുന്നു. ഇസ്രയേല്‍ അക്രമണത്തില്‍ ഫലസ്തീന്‍ കുട്ടികളും അവരുടെ ഉമ്മമാരും കൊല്ലപ്പെടുന്നതിനെ ദൗര്‍ഭാഗ്യകരമെന്നും അവിചാരിതമെന്നും വിശേഷിപ്പിക്കുന്നതിന് പകരം, ഫലസ്തീന്‍ സ്ത്രീകള്‍ കൊല്ലപ്പെടേണ്ടവര്‍ തന്നെയാണെന്നും, കാരണം അവര്‍ ‘പാമ്പിന്‍ കുഞ്ഞുങ്ങളെ’യാണ് പ്രസവിക്കുന്നത് എന്നുമായിരുന്നു അവര്‍ അഭിപ്രായപ്പെട്ടത്.

ഇസ്രയേല്‍ രൂപപ്പെടുത്തിയിട്ടുള്ള ഒരു മനോഘടനയാണ് ഈ പ്രസ്താവനകള്‍ വെളിപ്പെടുത്തുന്നത്. ഗര്‍ഭിണികളായ ഫലസ്തീനീ സ്ത്രീകള്‍ക്ക് അടിസ്ഥാന ആവശ്യമായ വെള്ളവും മരുന്നുകളും നിഷേധിച്ചും, ആശുപത്രിയിലേക്കുള്ള വഴിയില്‍ സൈനിക ചെക്കു പോസ്റ്റുകളില്‍ ഗര്‍ഭണികളെ അന്യായമായി ദീര്‍ഘനേരം തടഞ്ഞുവെച്ച് പീഡിപ്പിച്ചും ഇസ്രയേല്‍ നടത്തുന്ന ആസൂത്രിതമായ അക്രമങ്ങള്‍ ഫലസ്തീനി സ്ത്രീകള്‍ക്കിടയില്‍ ഗര്‍ഭഛിദ്രം വര്‍ധിക്കുന്നതിന് കാരണമായിട്ടുണ്ട്. ഇത്തരം നിഷ്ഠൂര നടപടികളിലൂടെ ഫലസ്തീനികളുടെ ജീവിതാവകാശത്തെ തന്നെ നിഷേധിക്കുകയാണ് ഇസ്രയേല്‍. ഇപ്പോള്‍ ഗസ്സയില്‍ ഇസ്രയേല്‍ നടത്തിക്കൊണ്ടിരിക്കുന്ന അക്രമണങ്ങള്‍ നിരവധി ഫലസ്തീനികളുടെ ജീവനെടുക്കുക മാത്രമല്ല ചെയ്തിരിക്കുന്നത്, അതോടൊപ്പം ഫലസ്തീനീ വനിതകള്‍ക്കിടയില്‍ ഗര്‍ഭഛിദ്രത്തിന്റെയും, ചാപ്പിള്ളകളെ പ്രസവിക്കുന്നതിന്റെയും, കാലമെത്തുന്നതിന് മുമ്പുള്ള പ്രസവത്തിന്റെയും തോതും വര്‍ധിപ്പിച്ചിട്ടുണ്ട്. ജൂതര്‍ തന്നെയായ എത്യോപ്യന്‍-ഇസ്രയേല്‍ സ്ത്രീകളെയും നിര്‍ബന്ധിച്ചുള്ള ഗര്‍ഭനിരോധന കുത്തിവെപ്പിന് വിധേയമാക്കുന്നുണ്ട്. അഥവാ, സയണിസത്തിന് അന്ത്യം കുറിക്കേണ്ടത് സ്ത്രീകളുടെ ആവശ്യവും പ്രത്യുല്‍പാദന നീതിയുടെ വിഷയവുമാണ്.

ലൈഗിക അതിക്രമം അധിനിവേശ-കൊളോണിയല്‍ ശക്തികള്‍ പുതുതായി ആവിഷ്‌കരിച്ച തന്ത്രമൊന്നുമല്ല. പത്തൊമ്പതാം നൂറ്റാണ്ടില്‍ അള്‍ജീരിയന്‍ സ്ത്രീകളെ വിമോചിപ്പിക്കാനെന്ന പേരിലെത്തിയ ഫ്രഞ്ച് സൈന്യം ഗ്രാമങ്ങളിലും നഗരങ്ങളിലും ക്രൂരമായ പീഡനങ്ങളാണ് നടത്തിയത്. ഇരുണ്ട തൊലിയുള്ള പുരുഷന്മാരില്‍ നിന്നും അവരുടെ ഇരുണ്ട തൊലിയുള്ള സ്ത്രീകളെ രക്ഷപ്പെടുത്തുകയാണ് തങ്ങളെന്ന ചിന്താഗതിയാണ് വെള്ളക്കാരായ പട്ടാളക്കാര്‍ വെച്ചുപുലര്‍ത്തിയിരുന്നത്. ഫ്രഞ്ച് അധിനിവേശം അള്‍ജീരിയന്‍ വനിതകള്‍ക്ക് ഗുണകരമായിരുന്നില്ലെന്ന് മാത്രമല്ല, അവരുടെ ജീവിത സാഹചര്യങ്ങളെ തന്നെ അത് താറുമാറാക്കി. അഫ്ഗാന്‍ സ്ത്രീകളെ താലിബാന്റെ പീഡനത്തില്‍ നിന്നും മോചിപ്പിക്കുക എന്നായിരുന്ന ബുഷ് ഭരണകൂടം അഫ്ഗാന്‍ അധിനിവേശക്കാലത്ത് പറഞ്ഞുകൊണ്ടിരുന്നത്. അഫ്ഗാനിലും അള്‍ജീരിയയിലും മാത്രമല്ല, ഇറാനിലോ ഇറാഖിലോ ഫലസ്തീനിലോ യുദ്ധങ്ങള്‍ സ്ത്രീകളെയോ മറ്റേതെങ്കിലും ലിംഗ വിഭാഗത്തെയോ മോചിതരാക്കിയിട്ടില്ല. എന്നാല്‍ അവികസിത രാജ്യങ്ങളെയാകെ കൊളോണിയല്‍ ശക്തികള്‍ ഈ ന്യായം നിരത്തി തങ്ങളുടെ കാല്‍ക്കീഴിലാക്കുകയായിരുന്നു.

യുദ്ധത്തിന് ഇസ്രയേല്‍ ഇപ്പോള്‍ പുതിയ കപട ന്യായങ്ങള്‍ കൂടി നിരത്താന്‍ തുടങ്ങിയിട്ടുണ്ട്. ഇസ്രയേല്‍ ജനതക്കിടയില്‍ ‘സ്വവര്‍ഗ പ്രേമം’ കൂടുതലാണെന്നും ഫലസ്തീനിനേക്കാള്‍ സാംസ്‌കാരികമായി ഇസ്രയേല്‍ വളര്‍ന്നതായുമാണ് അവരുടെ പുതിയ ന്യായവാദങ്ങള്‍. ‘സ്വവര്‍ഗ പ്രേമ’ത്തിന്റെ കണക്ക് ഉയര്‍ത്തിക്കാട്ടി ഫലസ്തീനില്‍ തങ്ങള്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് വെള്ളപൂശാനാണ് ഇസ്രയേല്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കൂട്ടക്കൊലകള്‍ നടത്തുന്ന സൈനികരില്‍ ചിലര്‍ സ്വവര്‍ഗാനുരാഗികളാണെന്നത് കൊണ്ട് സൈന്യം സാംസ്‌കാരിക സമ്പന്നമാകുമോ? ഫലസ്തീനികളായ സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും, പുരുഷന്മാര്‍ക്കും മറ്റു ലിംഗ വിഭാഗങ്ങള്‍ക്കും അവരുടെ അടിസ്ഥാന അവകാശങ്ങളായ സ്വാതന്ത്ര്യവും സുരക്ഷയും ഭക്ഷണവും വീടും, ജീവതം തന്നെയും നിഷേധിക്കുന്നത് ഇസ്രയേലിന്റെ ഈ ‘നാഗരിക’ സൈനികര്‍ തന്നെയാണ്.

യുദ്ധം സമ്പൂര്‍ണാര്‍ഥത്തില്‍ പുരുഷാധിപത്യത്തില്‍ കീഴിലാണ്. ലൈംഗിക അതിക്രമമുള്‍പ്പെടെയുള്ള എല്ലാ അക്രമങ്ങളെയും അത് മഹത്വവല്‍ക്കരിക്കുന്നു. അക്രമണത്തിന് പരിശീലനം സിദ്ധിച്ച ഒരു സൈനികന് അവന്‍/അവള്‍ വീട്ടിലായിരിക്കുമ്പോള്‍ പോലും അക്രമത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ സാധിക്കില്ല. സൈന്യത്തില്‍ ചേരല്‍ ഇസ്രയേലീ പൗരന്മാര്‍ക്കെല്ലാം നിര്‍ബന്ധമാണെന്നത് കൊണ്ട് തന്നെ മുഴുവന്‍ ഇസ്രയേല്‍ സമൂഹവും ഇപ്രകാരം അക്രമത്തിന് പരിശീലനം കിട്ടിയവരാണ്.

നമ്മള്‍ നിരന്തരം പറയുകയും ആവര്‍ത്തിച്ചാവര്‍ത്തിച്ച് വിശകലനം നടത്തുകയും ചെയ്തത് പോലെ, ഫലസ്തീനികള്‍ക്ക് നേരെ ഇസ്രയേല്‍ അതിക്രമം ഇപ്പോള്‍ വര്‍ധിച്ചിരിക്കുന്നു. ഇസ്രയേലിനെതിരെ ഉപരോധവും ബഹിഷ്‌കരണവും ഏര്‍പ്പെടുത്തി ഫലസ്തീന്‍ ജനതക്കെതിരെ ഇസ്രയേല്‍ നടത്തുന്ന അതിക്രങ്ങള്‍ക്ക് തടയിടേണ്ടതുണ്ട്.

(അക്രമത്തിനെതിരായ സ്ത്രീ കൂട്ടായ്മയായ INCITE! യുടെ നേതാവായിരുന്നു നദാ എലിയ. 2010 ല്‍ ഇസ്രയേലിനെതിരെ INCITE! ബഹിഷ്‌കരണം പ്രഖ്യാപിച്ചിരുന്നു. ഇസ്രയേലിനെതിരെ അക്കാദമിക്-കള്‍ച്ചറല്‍ ബഹിഷ്‌കരണം വേണമെന്നാവശ്യപ്പെട്ട് പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ കൂട്ടായ്മയായ USACBI യില്‍ പ്രവര്‍ത്തിക്കുകയാണ് ഇപ്പോള്‍ നദാ എലിയ)

വിവ : ജലീസ് കോഡൂര്‍

Related Articles