Current Date

Search
Close this search box.
Search
Close this search box.

സമുദായത്തിലെ നവോഥാന വിരുദ്ധരെ ഒരുമിച്ചുകൂട്ടിയുളള പിണറായിയുടെ മുസ്‌ലിം കണ്‍വെന്‍ഷനുകള്‍

പിണറായി വിജയന്‍ ജമാഅത്തെ ഇസ്‌ലാമി എന്ന ഇസ്‌ലാമിക നവോഥാന ജനാധിപത്യ പ്രസ്ഥാനത്തിനെതിരെ പ്രസ്താവനയിറക്കുന്നതും ആ പ്രസ്താവനയില്‍ ഇന്നു പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നതോ ഒരു പുതുമയുമില്ലാത്ത കാര്യങ്ങളാണ്. പലതവണ സംഘടന മറുപടി പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ആവര്‍ത്തിക്കുക മാത്രമാണ് പിണറായി വിജയന്‍ മുഖ്യധാര മാസികയുടെ പ്രകാശന ചടങ്ങില്‍ ചെയ്തിട്ടുള്ളത്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്‌ലാമിയെ തെറിവിളിച്ചാല്‍ വോട്ടുകിട്ടുമെന്ന് ആരോ പിണറായി വിജയനെ ഉപദേശിച്ചുവെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. മുസ്‌ലിം കണ്‍വെന്‍ഷന്‍ നടത്തുമ്പോള്‍ ഉള്ള പരിക്ക് ജമാഅത്തെ ഇസ്‌ലാമിയെ തെറിവിളിച്ച് പരിഹരിക്കാം എന്നാണ് പാര്‍ട്ടിയും പിണറായിയും വിചാരിക്കുന്നതെങ്കില്‍ അത് ശരിയായ കണക്കുകൂട്ടല്‍ അല്ല എന്നാണ് പറയാനുള്ളത്.

ജമാഅത്തെ ഇസ്‌ലാമി ലക്ഷ്യം പോലെ തന്നെ മാര്‍ഗവും സംശുദ്ധമായിരിക്കണമെന്ന് വിശ്വസിക്കുന്ന ആത്മീയ രാഷ്ട്രീയ പ്രസ്ഥാനമാണ്. അതുകൊണ്ട് തന്നെ ലക്ഷ്യസാധ്യത്തിനു വേണ്ടി ആക്രമണങ്ങളഴിച്ചുവിടുകയോ നിയമം കയ്യിലെടുക്കുകയോ ചെയ്യുക എന്നത് ജമാഅത്തെ ഇസ്‌ലാമിയുടെ ശൈലിയല്ല. രാഷ്ട്രത്ത് എഴുപത് വര്‍ഷത്തോളം പ്രവര്‍ത്തിച്ചിട്ട് അത്തരത്തിലുള്ള ഒരു ആരോപണം പോലും കണ്ടുപിടിക്കാന്‍ പിണറായി വിജയന് സാധിക്കുകയില്ല. ജമാഅത്തെ ഇസ്‌ലാമി വ്യക്തി ജീവിതത്തിനപ്പുറം സാമൂഹിക ജീവിതത്തിലും ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്ന പ്രസ്ഥാനമാണ്. ഇസ്‌ലാം വര്‍ഗീയതക്കോ തീവ്രവാദത്തിനോ പ്രോല്‍സാഹന നല്‍കാത്തതുകൊണ്ട് തന്നെ  ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവര്‍ത്തനങ്ങളില്‍ ഒന്നില്‍ പോലും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളുടെ ലാഞ്ജന പോലും കണ്ടെത്താന്‍ കഴിയുകയില്ല.

പിണറായി വിജയന്‍ യഥാര്‍ഥത്തില്‍  കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരുപാട് സവിശേഷതകളെ പട്ടികപ്പെടുത്തി അത് ജമാഅത്തെ ഇസ്‌ലാമിയുടെ മേല്‍ ആരോപിക്കുകയാണ് ചെയ്തിട്ടുള്ളത്. ജമാഅത്തെ ഇസ്‌ലാമി വിട്ടുപോകുന്നവരെ കൊന്നുകളയാന്‍ പാര്‍ട്ടിനേതാക്കന്മാര്‍ പറഞ്ഞുവെന്നാണ് പിണറായി പ്രഭാഷണത്തില്‍ സൂചിപ്പിച്ച ഒരു കാര്യം. ജമാഅത്തെ ഇസ്‌ലാമി എഴുപതോളം വര്‍ഷമായി ഇന്ത്യയില്‍ പ്രവര്‍ത്തിച്ചുവരുന്നു. അത് വിട്ടുപോയ നിരവധി ആളുകള്‍ രാഷ്ട്രത്തിന്റെ നാനാഭാഗത്തുമുണ്ട്. അവരുടെ ഒരു രോമത്തിന് പോലും എന്തുസംഭവിച്ചു അല്ലെങ്കില്‍ സംഭവിച്ചില്ല എന്ന് അത് പരിശോധിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാക്കാവുന്നതാണ്. പക്ഷെ സി പി എം പോലുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടി വിട്ടുപോയവര്‍ക്ക്  എന്തുസംഭവിച്ചു എന്നതും നമ്മുടെ മുമ്പില്‍ വ്യക്തമാണ്.

വിവിധ സമൂഹങ്ങള്‍ ഇടപഴകി കഴിയുന്നതിനോട് യോജിപ്പുള്ളവരല്ല എന്നതാണ് മറ്റൊരാരോപണം. ബഹുസ്വരതയെ കുറിച്ച് ഇത്ര വ്യക്തതയും കാഴ്ചപ്പാടുമുള്ള അതിന്റെ ആശയ മണ്ഡലത്തെ ഇത്രമേല്‍ വികസിപ്പിച്ച മറ്റേതെങ്കിലും സാമൂഹിക പ്രസ്ഥാനങ്ങള്‍ ഇന്ത്യയില്‍ തന്നെയുണ്ടോ എന്നത് സംശയകരമാണ്. ഇസ്‌ലാമിന്റെ തന്നെ  സവിശേഷത അതിനെ ആദര്‍ശമായി നിരാകരിക്കുന്നവരെയും അവരുടെ നിലനില്‍പിനെയും വളരെ ഭംഗിയായി ഉള്‍ക്കൊള്ളുന്നു എന്നതാണ്. അതുകൊണ്ട് തന്നെ ദൈവികാധ്യാപനങ്ങളും പ്രവാചക മാതൃകകളും പുതിയ കാലഘട്ടത്തില്‍ പകര്‍ത്താനും പ്രായോഗികമാക്കാനും ശ്രമിക്കുന്ന സാമൂഹിക പ്രസ്ഥാനത്തെ സംബന്ധിച്ചെടുത്തോളം  വര്‍ഗീയത, തീവ്രവാദം പോലുള്ള പാപങ്ങളും മതവിരുദ്ധ പ്രവര്‍ത്തനങ്ങളും അതിന്റെ ആലോചനയോ അജണ്ടയോ അതിന്റെ നാലയലത്ത് വരുന്ന കാര്യമോ അല്ല. മാത്രമല്ല അതിനെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല പ്രതിവിധിയായി ജമാഅത്തെ ഇസ്‌ലാമി മനസ്സിലാക്കുന്നത് ദൈവികവും പ്രവാചകപ്രോക്തവുമായ ഈ ആദര്‍ശത്തെയാണ്. ജമാഅത്തെ ഇസ്‌ലാമി സി പി എമ്മിനെ ഭീഷണിപ്പെടുത്തുകയാണെന്ന് പിണറായി വിജയന്‍ പറയുന്നുണ്ട്. കണ്ണൂര്‍ കണ്‍വെന്‍ഷനില്‍ പിണറായി നടത്തിയ പ്രസ്താവനക്കെതിരെ മാധ്യമത്തില്‍ വന്ന ഒരു ലേഖനം മാത്രമാണ് ജമാഅത്തെ ഇസ്‌ലാമിയുടെ ഭാഗത്ത് നിന്നുണ്ടായ പ്രസക്തമായ ഒരു പ്രതികരണം. ഒരൊറ്റ ലേഖനം തന്നെ പിണറായിക്ക് ഇത്രവലിയ ഭീഷണിയാകുന്നുണ്ടെങ്കില്‍ ജമാഅത്തെ ഇസ്‌ലാമി അതിന്റെ എല്ലാ സന്നാഹങ്ങളുമുപയോഗിച്ച് ഒരു മറുപ്രചരണത്തിന് പുറപ്പെട്ടാല്‍ സിപി എമ്മിന്റെ അവസ്ഥ എന്തായിരിക്കും.

കണ്ണൂര്‍ കണ്‍വെന്‍ഷനില്‍ നിന്ന് കോഴിക്കെട്ടെത്തുമ്പോള്‍ കാണുന്ന വ്യത്യാസം കണ്ണൂരില്‍ നമസ്‌കാരം ഉണ്ടായിരുന്നുവെങ്കില്‍ കോഴിക്കോട്ട് നമസ്‌കാരം ഉണ്ടായിരുന്നില്ല എന്നതാണ്. എന്തായാലും സി പി ഐ എമ്മിന്റെ മുസ്‌ലിം പ്രൊജക്ട് മതപരമായി നല്ല പുരോഗതിയിലാണെന്നാണ് വിലയിരുത്താന്‍ സാധിക്കുന്നത്.
മുസ്‌ലിം സമുദായം യഥാര്‍ഥത്തില്‍ അഭിമുഖീകരിക്കുന്ന ഭരണകൂട ഭീകരതയടക്കമുള്ള ഒരു വിഷയങ്ങളെയും അഭിമുഖീകരിക്കാതെ നവോഥാനത്തിന്റെ പഴംപുരാണങ്ങള്‍ പറഞ്ഞു സമുദായത്തെ കയ്യിലെടുക്കാന്‍ ഈ നവോഥാനത്തിന്റെ ഏറ്റവും വലിയ എതിരാളികളെ എല്ലാ നവോഥാന വിരുദ്ധതയോടൊപ്പം കൂട്ടി മുസ്‌ലിം സമുദായത്തിലെ നവോഥാന ശക്തികളെ എതിരിട്ട് സമുദായത്തെ ഒപ്പം കൂട്ടാം എന്നത് പിണറായി വിജയന്റെയും സി പി ഐ എമ്മിന്റെയും വ്യാമോഹം മാത്രമാണ്.

Related Articles