Current Date

Search
Close this search box.
Search
Close this search box.

മൈസൂര്‍ വിവാഹം : ദുരിത ജീവിതങ്ങളുടെ നേര്‍സാക്ഷ്യം

നിലമ്പൂരില്‍ നിന്ന് നാടുകാണിചുരം വഴി മൈസൂരിലേക്ക് ഒരു ട്രാന്‍സ്‌പോര്‍ട്ട് ബസ്സ് കുതിച്ചു പായുകയാണ്. ശീത കാറ്റും, പക്ഷികളുടെ കള കള നാദവും ആവാഹിച്ച് കറുത്ത വളഞ്ഞൊട്ടിയ റോട്ടിലൂടെ ധൃതിയില്‍ പോകുന്ന ആ ട്രാന്‍സ്‌പോര്‍ട്ട് ബസ്സിന്റെ സൈഡ് സീറ്റില്‍ കറുത്ത പര്‍ദ്ദയണിഞ്ഞ്,കൂനിഞ്ഞ് ഒരു പെണ്‍കുട്ടി ഇരിക്കുന്നു. നഫീസത്ത് എന്ന ആ കൗമാരക്കാരിക്കപ്പുറത്ത് കറുത്ത താടിയിഴകളിലൂടെ വെള്ള കയറിയ ഒരു തടിച്ച മനുഷ്യനിരിക്കുന്നുണ്ട്. അതാണവളുടെ ഭര്‍ത്താവ്. മൈസൂരിലെ ഏതോ കൂഗ്രാമത്തില്‍ നിന്ന് നിലമ്പൂരിലേക്ക് കച്ചവടത്തിനായി വന്ന് തിരിച്ചു പോകുമ്പോള്‍ കൈക്കലാക്കിയതാണ് അയാള്‍ നഫീസത്തിനെ. ഭാരിച്ച പൊന്നും പണ്ടവും കൊടുക്കാന്‍ കഴിയാത്ത കുടുംബത്തിനു മുന്നില്‍ നഫീസത്തെന്ന പെണ്ണ് ചോദ്യചിഹ്നമായി നിന്നപ്പോള്‍, ഇതല്ലാതെ മറ്റൊരു മാര്‍ഗ്ഗം ആ കുടുംബത്തിനു മുന്നിലുണ്ടായിരുന്നില്ല. ഒരു വിവാഹത്തിന്റെ ഏറ്റവുമൊടുവില്‍ സ്വന്തം ഭര്‍ത്താവിന്റെ ഗൃഹത്തിലേക്കുള്ള ആ യാത്ര ചെന്നവസാനിച്ചത് മൈസൂരിലെ ഇടുങ്ങിയ ഗ്രാമത്തിലായിരുന്നു. അന്ന് നാടുകാണി ചുരം കടന്നു പോയ ആ ട്രാന്‍സ്‌പോര്‍ട്ട് ബസ്സ് പല കുറി മല കയറി ഇറങ്ങിയപ്പോള്‍ നഫീസത്തെന്ന ഇരുപതുക്കാരിക്ക് വീണ്ടുമൊരിക്കല്‍ കൂടി ചുരമിറങ്ങാന്‍ ഭാഗ്യമുണ്ടായില്ല. പിന്നീട് അവളെക്കുറിച്ച് വീട്ടുക്കാരും നാട്ടുക്കാരും അറിയുന്നത് ദിനപ്പത്രത്തിലെ ചരമകോളത്തിലെ മരണവാര്‍ത്താക്കുറിപ്പിലൂടെയായിരുന്നു. യാതനകള്‍ നിറഞ്ഞ പതിനഞ്ചു വര്‍ഷത്തെ ദാമ്പത്ത്യ ജീവിതത്തിനൊടുവില്‍ ജീവിതമവസാനിപ്പിക്കാന്‍ അവള്‍ തീരുമാനിക്കുകയായിരുന്നു.

മൈസൂര്‍ കല്ല്യാണത്തിന്റെ ഇരകളുടെ ജീവിതത്തിന്റെ ചോരപുരണ്ട ഒരധ്യായം മാത്രമായിരുന്നു അതെന്ന് പിന്നീട് പുറത്തുവന്ന വാര്‍ത്തകള്‍ നമുക്ക് വെളിവാക്കി തന്നു. ഇത്തിരിപ്പൊന്നും, ഇത്തിരിപ്പണവും മാത്രം മതി എന്ന വാക്കുമായി മൈസൂര്‍ മണവാളനും ദല്ലാളുമെത്തുമ്പോള്‍ മതാപിതാക്കള്‍ മറ്റൊന്നുമാലോചിക്കാറില്ലെന്നാണ് നേര്. ദാരിദ്യത്തിന്റെ അരക്ഷിതാവസ്ഥയില്‍ പെണ്ണിനെ കെട്ടിക്കാന്‍ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുന്നവര്‍ക്കിടയിലേക്ക് ദല്ലാളന്മാര്‍ തന്ത്രപ്പൂര്‍വ്വം കമ്മീഷന്‍ കാശിനു വേണ്ടി ഭര്‍ത്താക്കന്മാരെ ഇറക്കുമതി ചെയ്യുന്നു. പഠങ്ങളേറെ മുന്നിലുണ്ടായിട്ടും, മൈസൂരിലെ പേരറിയാത്ത ഗല്ലികളില്‍ ദുരിത ജീവിതം നയിക്കാന്‍ വിധിക്കപ്പെട്ടവരുടേയും, ഭര്‍തൃവീട്ടുകാര്‍ ചേര്‍ന്ന് തല്ലിച്ചതച്ച ദാമ്പത്ത്യജീവിതങ്ങളുടെയും കഥകള്‍ നേര്‍സാക്ഷ്യങ്ങളായി മുന്നിലുണ്ടായിട്ടു പോലും പെണ്‍മക്കളുടെ ദാമ്പത്ത്യ സ്വപ്‌നങ്ങള്‍ക്കുമുന്നില്‍ പലരും അതു മറക്കുന്നു.

ക്രൂര മര്‍ദ്ദനവും,  പട്ടിണിയും സഹിച്ച്,നരക യാതനകള്‍ അനുഭവിക്കുമ്പോഴും തങ്ങള്‍ക്കു നേരിടേണ്ടി വന്ന അനുഭവങ്ങള്‍ പുറം ലോകത്തേയോ, കുടുംബത്തേയോ അറിയിക്കാതെ, സുഖമാണെന്ന് മാത്രം പറഞ്ഞ് കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണീരു തുടച്ച് വേദനകളെ അവര്‍ സ്വയം കടിച്ചമര്‍ത്തുന്നു. മര്‍ദനങ്ങളുടെയും, അതിക്രമങ്ങളുടെയും ഏറ്റവുമൊടുവില്‍ ഒക്കത്തും, കൈവിരല്‍ തുമ്പിലും പറക്കമുറ്റാത്ത കുഞ്ഞുങ്ങളുമായി മര്‍ദമേറ്റ ശരീരവും മനസ്സുമായി സ്വന്തം വീട്ടില്‍ തിരിച്ചെത്തുന്നു. പ്രായപൂര്‍ത്തിയാകുന്നതോടെ മാതാപീതാക്കളുടെ മനസ്സില്‍ ആധിനിറച്ച ഇവര്‍ പിന്നീട് വീണ്ടും കുടുംബത്തിന് ബാധ്യതയായി മാറുന്നു. ഒരു വേള ഇതിനപ്പുറം കുന്നോളം പണ്ടവും, പണവും കൊടുത്ത് ആഢംബര വിവാഹങ്ങള്‍ തകര്‍ത്തുകൊണ്ടിരിക്കുന്നുണ്ടാവും.

നഫീസത്തിന്റെ കഥ ഒരാത്മഹത്യയോടെ അവസാനിച്ചെങ്കിലും പലര്‍ക്കും പറയാനുണ്ട് അവരുടെ ദുരിതം നിറഞ്ഞ ദാമ്പത്യാനുഭവങ്ങള്‍. പെരിന്തല്‍മണ്ണ ആലിപ്പറമ്പ് കക്കോട് വിട്ടില്‍ ഹലീമ, കണ്ണൂര്‍ ചെറുപുഴ കമ്പല്ലൂര്‍ വാഴവളപ്പില്‍ ആയിശ, ആകെയുണ്ടായിരുന്ന അഞ്ച് സെന്റ് ഭൂമിയും, വീടും പണയം വെച്ച് ഉണ്ടാക്കിയ 20 പവനും 55,000 രൂപയും സ്ത്രീധനമായി കൊടുത്ത് കെട്ടിച്ചയച്ച കദീജ. അങ്ങനെ നീളുന്നു മൈസൂര്‍ കല്ല്യാണങ്ങളില്‍ അകപ്പെട്ട നിര്‍ദ്ദരരായ സ്ത്രീകളുടെ പട്ടിക.

1995 കള്‍ക്ക് ശേഷമാണ് മൈസൂര്‍ കല്ല്യണങ്ങള്‍ വ്യാപകമായി കണ്ടുതുടങ്ങിയത്. പ്രായമായ മക്കളെ കെട്ടിച്ചയക്കാന്‍ ഗതിയില്ലാത്ത മാതാപിതാക്കളെ ചൂഷണം ചെയ്താണ് ഓരോ മൈസൂര്‍ വിവാഹവും നടക്കുന്നത്. ഇത്തിരിപ്പൊന്നും, ഇത്തിരിപ്പണവും മതിയെന്നു പറഞ്ഞ് എത്തുന്നവരെ വിശ്വസിച്ച് ഇവര്‍ മക്കളെ കെട്ടിച്ചയക്കുന്നു. പിന്നീട് കൂടുതല്‍ പൊന്നും പണവും ആവശ്യപ്പെട്ട് മര്‍ദനം തുടങ്ങുന്നു. ഉണ്ടായിരുന്ന കിടപ്പാടം പോലും പണയപ്പെടുത്തി പൊന്നും പണ്ടവും നല്‍കിയാലും ആവശ്യങ്ങള്‍ കൂടിക്കൊണ്ടേയിരിക്കും.

വിവാഹ ദല്ലാളന്മാരാണ് മിക്ക മൈസൂര്‍ കല്ല്യാണങ്ങള്‍ക്കും വോദിയൊരുക്കുന്നത്. നിലവില്‍ ഭാര്യയും മക്കളുമുള്ളവരെ ‘സുഖമായി ജീവിക്കാനുള്ള വകയുണ്ടാക്കിതരാമെന്നു’പറഞ്ഞ് മയക്കി വരന്റ വേഷം കെട്ടിച്ച് നാട്ടിെലത്തിച്ച് വിവാഹ ചൂഷണത്തിന് വേദിയൊരുക്കുന്ന ദല്ലാളുമാര്‍ വരെയുണ്ട് ഇക്കൂട്ടത്തില്‍. പോക്കറ്റില്‍ വീഴുന്ന കമ്മീഷനിലാണ് ഇവരുടെ നോട്ടം. അതുകൊണ്ട് തന്നെ ആദ്യം തടവിലിട്ട് ശിക്ഷിക്ഷേണ്ടതും ഇവരെ തന്നെയാണ്.

മൈസൂര്‍ വിവാഹങ്ങള്‍ വ്യാപകമായതോടെ കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് അന്വേഷണം നടത്തി റിപ്പോര്‍ട്ടു നല്‍കാന്‍ വനിതാ കമ്മീഷനോട് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. അന്യസംസ്ഥാന വിവാഹങ്ങള്‍ സര്‍ക്കാര്‍ അറിയണം, ഇരു സംസ്ഥാനങ്ങളും കരാറില്‍ ഒപ്പുവെക്കണം, പള്ളിക്കമ്മറ്റികള്‍ക്കും ബന്ധപ്പെട്ട മതകാര്‍മികര്‍ക്കും മതിയായ ബോധവത്ക്കരണം നല്‍കണം, വിവാഹത്തിലൂടെ ചൂഷണത്തിനിരയായ പെണ്‍കുട്ടികള്‍ക്ക് നിയമസഹായം ലഭ്യമാക്കണം തൂടങ്ങീ 20-ലധികം നിര്‍ദ്ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ടാണ് വനിതാ കമ്മീഷന്‍ സമര്‍പ്പിച്ചത്. എന്നാല്‍ ഈ റിപ്പോര്‍ട്ടിന്മേല്‍ ഇതുവരെ ഒരു നടപടിയും സര്‍ക്കാര്‍ കൈകൊണ്ടിട്ടില്ല. തമിഴ്‌നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളോട് അതിര്‍ത്തി പങ്കിടുന്ന കോളനിയിലെ ഗ്രാമങ്ങളില്‍ ഇപ്പോഴും മൈസൂര്‍ വിവാഹങ്ങള്‍ നടക്കുന്നുണ്ടെന്നാണ് വിവരം. നിലമ്പൂര്‍ നഗരസഭ പോലുള്ള ചുരുക്കം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ മൈസൂര്‍ വിവാഹത്തിനെതിരെ രംഗത്ത് വന്നത് പ്രത്യാശ നല്‍കുന്നതാണെങ്കിലും, തുടര്‍ പ്രവര്‍ത്തനങ്ങളെ ആശ്രയിച്ചായിരിക്കും ഇവയുടെ പുരോഗതി. വിവാഹ മോചിതരായും,അല്ലാതെയും എത്തുന്ന പെണ്‍കുട്ടികള്‍ക്കും,മക്കള്‍ക്കും പുനരധിവാസം,വിദ്യഭ്യാസം തുടങ്ങിയവ ഇതില്‍ പരമ പ്രധാനമാണ്.ഇനിയൊരു പെണ്‍കുട്ടിക്കും ഇതുപോലൊരു ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍…..
കടപ്പാട്: കുടുംബമാധ്യമം

Related Articles