Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിംകള്‍ക്കുവേണ്ടിയുള്ള ശബ്‌ദം മതേതരത്വത്തിനു വേണ്ടിയുള്ള പോരാട്ടമാണ്‌

ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ്‌ തെഹല്‍കയുടെ ഒരു പത്രസമ്മേളനത്തിലേക്ക്‌ ചെറുപ്പക്കാരനായ ഒരു മുസ്‌ലിം കടന്നുവന്ന്‌ പത്രാധിപരായ തരുണ്‍ തേജ്‌പാലിനോട്‌ നന്ദിപൂര്‍വം പറഞ്ഞു: “സര്‍, നിങ്ങളുടെ പത്രപ്രവര്‍ത്തകരില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ എന്നോ തോക്കെടുത്തേനെ. നിങ്ങളുടെ പ്രവര്‍ത്തനം ഞങ്ങള്‍ക്ക്‌ പ്രതീക്ഷ നല്‌കുന്നു. ഞങ്ങളും ഈ രാജ്യക്കാരാണെന്ന്‌ വിശ്വസിക്കാന്‍ നിങ്ങള്‍ ഞങ്ങളെ സഹായിക്കുന്നു.”
സത്യം തെളിയിക്കുക എന്ന പത്രപ്രവര്‍ത്തകരുടെ ജീവിതാഭിലാഷം പൂവണിഞ്ഞ അപൂര്‍വ നിമിഷങ്ങളിലൊന്നായിരുന്നു അത്‌. ആ യുവാവിന്റെ പിതാവ്‌ -ബഹുമാന്യനായ ഒരു മൗലവി- അന്യായമായി ജയിലിലടയ്‌ക്കപ്പെട്ടിരിക്കുകയായിരുന്നു. അദ്ദേഹത്തെക്കുറിച്ച്‌ ഞങ്ങള്‍ കുറച്ചുനാള്‍ മുമ്പ്‌ എഴുതിയിരുന്നു. ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞ്‌ അദ്ദേഹം മോചിതനാവുകയും ചെയ്‌തു.
ആ ചെറുപ്പക്കാരന്‍ ആരായിരുന്നു എന്നത്‌ അപ്രസക്തമാണ്‌. നിസ്സാരമായ കുറ്റങ്ങളുടെ പേരിലോ തികച്ചും അന്യായമായോ ജയിലിലടയ്‌ക്കപ്പെട്ട്‌ ക്രൂരമായ പീഡനത്തിനിരയാവുന്ന നൂറുകണക്കിന്‌ നിരപരാധികളായ മുസ്‌ലിം ചെറുപ്പക്കാരുടെ കഥകള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ തെഹല്‍ക പ്രസിദ്ധീകരിച്ചിരുന്നു. `നൂറുകണക്കിന്‌ വിദ്യാര്‍ഥികള്‍ അന്യായമായി അറസ്റ്റു ചെയ്യപ്പെട്ടിട്ടുണ്ട്‌’ എന്ന്‌ പറയാന്‍ എളുപ്പമാണ്‌. എന്നാല്‍ ഓരോ അറസ്റ്റിനു പിന്നിലും മുന്‍ധാരണ, മനപ്പൂര്‍വമുള്ള ചതി, യാഥാര്‍ഥ്യം തെളിയിക്കാനുള്ള കഴിവില്ലായ്‌മ എന്നീ കാരണങ്ങളാണുള്ളത്‌.

വേദനയുടെയും തകര്‍ക്കപ്പെട്ട ജീവിതങ്ങളുടെയും കഥകളാണ്‌ അറസ്റ്റ്‌ ചെയ്യപ്പെട്ട ഓരോരുത്തരുടേതും. എളുപ്പമാണെന്നതുകൊണ്ടുതന്നെ, പേടിക്കാതെ പൊലീസുകാര്‍ നിഷ്‌കളങ്കമായ മുസ്‌ലിംകളെ ഇക്കഴിഞ്ഞ പതിറ്റാണ്ടില്‍ ഇന്ത്യയില്‍ ജയിലിലടച്ചിട്ടുണ്ട്‌. ഏതൊരു ഭീകരാക്രമണത്തിനും ശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ ഏതാനും മുസ്‌ലിംചെറുപ്പക്കാര്‍ അറസ്റ്റുചെയ്യപ്പെടുകയും അവരെ `മാസ്റ്റര്‍ മൈന്‍ഡുകള്‍’ (ബുദ്ധികേന്ദ്രങ്ങള്‍) എന്ന്‌ മീഡിയ പരിചയപ്പെടുത്തുകയും ചെയ്യുന്നു. പിന്നീടവര്‍ മുഖ്യധാരാ സമൂഹത്തിന്റെ മനസ്സില്‍ കുറ്റവാളികളാണ്‌. അറസ്റ്റുചെയ്യപ്പെട്ട മുസ്‌ലിംചെറുപ്പക്കാര്‍ കുറ്റവാളികളാണെന്ന്‌ തെളിയിക്കപ്പെട്ടില്ലെങ്കിലും ജനം അങ്ങനെ വിശ്വസിക്കുന്നു.
2001 മുതല്‍ പേടിപ്പിക്കുന്ന ഒരു വാക്യം ഇന്ത്യന്‍ മുഖ്യധാരാ സമൂഹത്തിന്റെ മനസ്സിലേക്ക്‌ നുഴഞ്ഞുകയറിയിട്ടുണ്ട്‌: എല്ലാ മുസ്‌ലിംകളും ഭീകരന്മാരാവണമെന്നില്ല, എന്നാല്‍ എല്ലാ ഭീകരന്മാരും മുസ്‌ലിംകളാണ്‌. യഥാര്‍ഥ പ്രതികളല്ല പിടിക്കപ്പെടുന്നത്‌ എന്നത്‌ പ്രശ്‌നമല്ല. ആര്‍ക്കും നേരാവശ്യമില്ല. സുരക്ഷ എന്ന മിഥ്യാബോധത്തിന്റെ മറവില്‍ `നടപടി എടുക്കുക’ എന്നത്‌ മാത്രമാണ്‌ എല്ലാവരുടെയും ആവശ്യം.
ഈ സത്യങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുക എന്നതും കടുപ്പമേറിയ ചോദ്യങ്ങള്‍ ചോദിക്കുക എന്നതും എളുപ്പമല്ല. ഇത്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്ന ഏതാനും മനുഷ്യാവകാശ സംഘടനകളെയും മാധ്യമ സംഘങ്ങളെയും `ദേശ വിരുദ്ധരെന്ന്‌’ പരിഹസിക്കുന്നു. അല്ലെങ്കില്‍ അപ്രായോഗിക ആശയങ്ങളുള്ള ലിബറലുകളെന്ന്‌ മുദ്രകുത്തുന്നു. ഇതിനിടയില്‍ പ്രധാന വസ്‌തുത നഷ്‌ടമാവുന്നു. ബോംബു വയ്‌ക്കുന്നവര്‍ ശിക്ഷിക്കപ്പെടരുതെന്ന്‌ ആരും വാദിക്കുന്നില്ല. ഞങ്ങളെപ്പോലുള്ളവര്‍ക്ക്‌ രണ്ട്‌ ലളിതമായ വാദങ്ങളാണ്‌ ഉയര്‍ത്താനുള്ളത്‌. ഒന്ന്‌, നീണ്ട അന്വേഷത്തിലൂടെ യഥാര്‍ഥ പ്രതികളെ പിടികൂടുക. എല്ലാം ഭരണഘടനാനുസൃതമായിരിക്കുക. അതാണ്‌ സുരക്ഷിതത്വത്തിലേക്കുള്ള ഏക മാര്‍ഗം. രണ്ട്‌, തെറ്റായ അറസ്റ്റുകളിലൂടെ നിരാശ പടര്‍ത്തി പ്രതികാരത്തിന്റെയും വിദ്വേഷത്തിന്റെയും പുതിയ പരമ്പരകള്‍ക്ക്‌ തുടക്കമിടാതിരിക്കുക.

രാജ്യസുരക്ഷയെക്കുറിച്ച്‌ ബുദ്ധിപൂര്‍വമായ തീരുമാനങ്ങളെടുക്കുന്നവര്‍ മനുഷ്യരുടെ നിരാശയുടെ ശക്തിയെ കുറച്ചുകാണുന്നു. ഒരു രാജ്യത്തെ നിയമവ്യവസ്ഥ നിങ്ങളോട്‌ നീതികാണിക്കുമെന്ന വിശ്വാസം നിങ്ങള്‍ക്ക്‌ നഷ്‌ടപ്പെടുമ്പോള്‍ അത്‌ അപകടകരമായ പ്രവര്‍ത്തനങ്ങള്‍ക്കു വഴിമരുന്നിടും. മനുഷ്യബന്ധങ്ങളെ ഊട്ടിയുറപ്പിക്കുന്ന നിയമങ്ങളില്‍ നിന്ന്‌ വിട്ടുനില്‌ക്കാന്‍ അത്‌ നിങ്ങളെ പ്രേരിപ്പിക്കും. ഒരു പൗരന്‍ എന്നതില്‍ നിന്നും പ്രശ്‌നമുണ്ടാക്കുന്നവന്‍ എന്ന അവസ്ഥയിലേക്ക്‌ നിരാശ നിങ്ങളെ നയിക്കും. ഇര എന്നതില്‍ നിന്നും വേട്ടയാടുന്നവന്‍ എന്ന അവസ്ഥയിലേക്കും. നിരാശ അപകടകാരിയായ ഒരു ആയുധമായി മാറാം.

ഭാഗ്യവശാല്‍ പതുക്കെയാണെങ്കിലും ഈ അപകടകരമായ അവസ്ഥ മാറിവരുന്നു. ഉറച്ച മനസ്സോടെയുള്ള പത്രപ്രവര്‍ത്തകരുടെ വെളിപ്പെടുത്തലുകള്‍ പ്രതിഫലനം സൃഷ്‌ടിച്ചുതുടങ്ങിയിരിക്കുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളില്‍ അതിപ്രധാനമായ ചില നടപടിക്രമങ്ങള്‍ ഉണ്ടായിരിക്കുന്നു. കഴിഞ്ഞ നവംബര്‍ ആദ്യത്തില്‍ പ്യൂപ്പ്‌ള്‍സ്‌ കാമ്പയിന്‍ എഗയ്‌ന്‍സ്റ്റ്‌ ദ പൊളിറ്റിക്‌സ്‌ ഓഫ്‌ ടെറര്‍ എന്ന പൗരസമിതിയുടെ കീഴില്‍ സി പി എം നേതാവ്‌ പ്രകാശ്‌ കാരാട്ട്‌ രാജ്യത്ത്‌ അനീതിക്കിരയായിട്ടുള്ള മുസ്‌ലിംകളുടെ ഒരു ലിസ്റ്റ്‌ ഇന്ത്യന്‍ പ്രസിഡന്റിനു കൈമാറുകയും അടിയന്തിര നടപടിയെടുക്കാന്‍ കേന്ദ്രത്തോട്‌ ആവശ്യപ്പെടുകയും ചെയ്‌തു. അതിവേഗ കോടതികള്‍ സ്ഥാപിക്കുക, അന്യായമായി ജയിലിലടയ്‌ക്കപ്പെട്ടവരുടെ പുനരധിവാസവും അവര്‍ക്കുള്ള നഷ്‌ടപരിഹാരവും, യു എ പി എ നിയമം പിന്‍വലിക്കല്‍ എന്നിവയായിരുന്നു പൗരസമിതിയുടെ ആവശ്യങ്ങള്‍. കാരാട്ട്‌ ഉള്‍പ്പെടുന്ന സംഘം പ്രസിഡന്റിനെ സന്ദര്‍ശിച്ചത്‌ `മുസ്‌ലിംകള്‍ക്ക്‌ നീതി’ എന്ന ആശയത്തെ പത്രങ്ങളുടെ മുന്‍പേജ്‌ വാര്‍ത്തയാക്കി.

ഇക്കൊല്ലം മാര്‍ച്ചില്‍ മറ്റൊരു അപ്രതീക്ഷിത സംഭവത്തില്‍, പൊലീസ്‌ ചോദ്യം ചെയ്‌തതിനാല്‍ അന്യായമായി ജോലിയില്‍ നിന്നും പിരിച്ചുവിടപ്പെട്ട ചെറുപ്പക്കാരനായ മുസ്‌ലിം എന്‍ജിനീയര്‍ റാഷിദ്‌ ഹുസൈന്‌ ഇരുപത്‌ ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‌കാന്‍ രാജസ്ഥാന്‍ ഹൈക്കോടതി ഇന്‍ഫോസിസിനോട്‌ ആവശ്യപ്പെട്ടിരിക്കുന്നു. ജീവിതവും സല്‍പേരും നശിപ്പിക്കപ്പെട്ടവര്‍ക്ക്‌ പ്രതീക്ഷ നല്‌കുന്ന ഒരു കീഴ്‌വഴക്കമാണിത്‌. പതിറ്റാണ്ടുകള്‍ ജയിലില്‍ കഴിയേണ്ടി വന്ന ചെറുപ്പക്കാര്‍ക്ക്‌ കുറ്റക്കാരല്ലെന്ന്‌ തെളിയിക്കപ്പെട്ട ശേഷവും ജോലിയോ വാടകവീടോ കിട്ടാതിരിക്കുന്നു. അവരുടെ കുടുംബങ്ങള്‍ ഒറ്റപ്പെടുത്തപ്പെടുന്നു. സഹോദരിമാരുടെ വിവാഹം നടക്കാതിരിക്കുന്നു.

ഒടുവിലായി, തെരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ടായിരിക്കാമെങ്കിലും, അതിപ്രധാന നടപടി -ഭീകരവാദക്കേസുകളിലെ മുസ്‌ലിം ഇരകളുടെ വിചാരണ നടത്താനായി അതിവേഗ കോടതികള്‍ സ്ഥാപിക്കുന്ന കാര്യം ഗവണ്‍മെന്റിന്റെ പരിഗണനയിലാണെന്ന്‌ ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ പാര്‍ലമെന്റംഗമായ മുഹമ്മദ്‌ അബീദിനെഴുതിയിരിക്കുന്നു. ഈ കത്ത്‌ മറന്നുപോകാതിരിക്കുക എന്നത്‌ തീര്‍ത്തും നിര്‍ണായകമാണ്‌. മുസ്‌ലിംകള്‍ക്കു നീതി ലഭിക്കാന്‍ വേണ്ടിയുള്ള പോരാട്ടം ന്യൂനപക്ഷങ്ങളോടുള്ള ഔദാര്യമല്ല. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നിലനില്‌പിനുവേണ്ടിയുള്ള ഒരടിസ്ഥാന പ്രവര്‍ത്തനമാണ്‌.
(തെഹല്‍ക്ക)
വിവ. സിദ്ദീഖ്‌ സി സൈനുദ്ദീന്‍

(കടപ്പാട് : ശബാബ് വാരിക)

Related Articles